സ്വതന്ത്ര ഭാരതത്തിൽ തൂക്കിലേറ്റപ്പെടാൻ പോകുന്ന ആദ്യത്തെ സ്ത്രീ, തന്റെ കുടുംബത്തിലെ ഏഴുപേരെ കോടാലിക്ക് വെട്ടിക്കൊല്ലാൻ കൂട്ടുനിന്ന ശബ്നം അലി?

By Web TeamFirst Published Jan 25, 2020, 9:24 AM IST
Highlights

ഡബിൾ എംഎക്കാരിയാണ് ശബ്നം. സലീമോ സാമ്പത്തികമായും വിദ്യാഭ്യാസപരമായും അവരെക്കാൾ താഴേക്കിടയിലുളള ഒരാളും. അതായിരുന്നു അവരുടെ കുടുംബക്കാരുടെ എതിർപ്പിനുള്ള കാരണം. ഇംഗ്ലീഷിലും ജ്യോഗ്രഫിയിലും ബിരുദാനന്തര ബിരുദം കഴിഞ്ഞ് ബിഎഡും എടുത്ത് സ്‌കൂളിൽ ടീച്ചറായി ജോലിചെയ്യുകയായിരുന്നു ശബ്നം. 

മൊറാദാബാദ് ജയിലിലെ വനിതകളുടെ സെല്ലിന്റെ മൂലയിലിരുന്നുകൊണ്ട് ഒരു യുവതി തന്റെ വെടിപ്പുള്ള കയ്യക്ഷരത്തിൽ പേജുകൾ കുനുകുനാ എഴുതി നിറക്കുകയാണ്. അതൊരു കത്തായിരുന്നു. ആ കത്ത് യുവതിയുടെ പത്തുവയസ്സുള്ള മകനുവേണ്ടിയുള്ളതാണ്. രണ്ടോ മൂന്നോ ദിവസത്തിൽ ഒരിക്കൽ ആ യുവതി തന്റെ മകന് കത്തെഴുതാറുണ്ട്. അതിൽ അവന്റെ ഭാവിജീവിതത്തെപ്പറ്റിയുള്ള ഉത്കണ്ഠകളാണ്. ഇനിയങ്ങോട്ടുള്ള ജീവിതം അമ്മയില്ലാതെ കഴിച്ചുകൂട്ടേണ്ടി വന്നേക്കാവുന്ന ഒരു മകനുള്ള നിർദേശങ്ങളാണ്. " നന്നായി പഠിക്കണം, മൂത്തവർ പറയുന്നത് കേൾക്കണം, അധികം താമസിയാതെ തന്നെ അമ്മ മോനെക്കാണാൻ വരും. അതുവരെ മോൻ സ്വന്തം കാര്യം തന്നെ നോക്കണം." എന്നാണ് യുവതിയുടെ ഒരു കത്ത് അവസാനിക്കുന്നത്. അവസാനത്തെ ആ വാക്കുമാത്രം സത്യമല്ല. ഇനി അധികനാൾ ആ യുവതി ജീവനോടുണ്ടാവില്ല. അവർക്ക് ഒരിക്കലും തന്റെ മകനെ ഇനി കാണാൻ സാധിച്ചുകൊള്ളണമെന്നില്ല. കാരണം, കഴിഞ്ഞ പതിനൊന്നു വർഷമായി വധശിക്ഷ കാത്തുകിടക്കുന്ന ഒരു കൊലപാതകിയാണ് ആ യുവതി, പേര് ശബ്നം അലി.

പത്തുവർഷമായി ശബ്നം തടവറയ്ക്കുള്ളിലാണ്. എട്ടുമാസം മാത്രം പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞടക്കം, സ്വന്തം കുടുംബത്തിലെ ഏഴംഗങ്ങളെ പച്ചയ്ക്ക് കൊന്നുകളഞ്ഞ കേസിലെ കൂട്ടുപ്രതിയാണ് അവർ. എല്ലാം അറിഞ്ഞുകൊണ്ട് കൊലയ്ക്ക് കൂട്ടുനിന്നു അവർ, അതിനുള്ള ഗൂഢാലോചന നടത്തി, വേണ്ട സഹായങ്ങൾ ചെയ്തു. 2008 -ലാണ് ഈ കൊലകൾ നടക്കുന്നത്. ഏപ്രിൽ 14 -ന് രാത്രിയിൽ നടന്ന ഈ കൂട്ടക്കൊല, ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലെ അമ്രോഹയ്ക്കടുത്തുള്ള ബാവൻഖേരി ഗ്രാമത്തെ ആകെ പിടിച്ചുലച്ചു. കാമുകനായ സലീമിനൊത്ത് ആ ബന്ധത്തിന് എതിരുനിന്ന തന്റെ കുടുംബത്തിലെ സകലരെയും കോടാലികൊണ്ട് അരിഞ്ഞുതള്ളുമ്പോൾ ഏഴുമാസം ഗർഭിണിയായിരുന്നു ശബ്നം. തന്റെ കാമുകന്‍ ഒരു കോടാലിയുമായി കടന്നുവന്ന് ആ ഏഴുപേരെയും ഒന്നൊന്നായി കൊത്തിയരിയാൻ വേണ്ടി ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി അവരെ മയക്കിക്കിടത്തിയത് ശബ്‌നമായിരുന്നു. അതിനു പിന്നിൽ പ്രവർത്തിച്ച ചേതോ വികാരം എന്തായിരുന്നു? ഈ ബന്ധം ഒരിക്കലും സാക്ഷാത്കരിക്കാൻ അനുവദിക്കില്ല എന്ന ശബ്നത്തിന്റെ വീട്ടുകാരുടെ ശാഠ്യം. ആ വീട്ടിൽ, അന്ന് കൊല്ലപ്പെട്ടത് ശബ്നത്തിന്റെ അച്ഛൻ ഷൗക്കത് അലി,  അമ്മ ഹാഷ്മി, മൂത്ത ജ്യേഷ്ഠൻ അനീസ്, ഭാര്യ  അന്‍‌ജും, ഇളയ സഹോദരൻ റാഷിദ്, കസിൻ സഹോദരി റാബിയ, അനീസിന്റെ പത്തുമാസം പ്രായമുള്ള മകൻ അർഷ് എന്നിവരാണ് അതിക്രൂരമായി ആക്രമിക്കപ്പെട്ടു കൊലചെയ്യപ്പെട്ടത്.

ഡബിൾ എംഎക്കാരിയാണ് ശബ്നം. സലീമോ സാമ്പത്തികമായും വിദ്യാഭ്യാസപരമായും അവരെക്കാൾ താഴേക്കിടയിലുളള ഒരാളും. അതായിരുന്നു അവരുടെ കുടുംബക്കാരുടെ എതിർപ്പിനുള്ള കാരണം. ഇംഗ്ലീഷിലും ജ്യോഗ്രഫിയിലും ബിരുദാനന്തര ബിരുദം കഴിഞ്ഞ് ബിഎഡും എടുത്ത് സ്‌കൂളിൽ ടീച്ചറായി ജോലിചെയ്യുകയായിരുന്നു ശബ്നം. അവരുടെ വീട്ടുകാർ ധനികരായ 'സൈഫി' മുസ്ലീങ്ങളായിരുന്നു. എന്നാൽ, സലീമോ ആറാം ക്‌ളാസിൽ പഠിപ്പുനിർത്തി സ്‌കൂൾ വിട്ട, പത്താൻ ജാതിയിൽ പെട്ട, ഒരു തടിമിൽ തൊഴിലാളിയും. ഈ കൊലപാതകങ്ങൾ, ബാവൻഖേരിയെ ഞെട്ടിച്ചുകളഞ്ഞിട്ട് പത്തുവർഷമായി എങ്കിലും അവരുടെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. അതിനുശേഷം, ആ ഗ്രാമത്തിൽ ആരും തന്നെ സ്വന്തം പെൺകുഞ്ഞുങ്ങൾക്ക് ശബ്നം എന്ന് പേരിട്ടിട്ടില്ല. അങ്ങനെ ഒരു പേര് കൊടുക്കാൻ പോലും അവിടത്തെ ജനങ്ങൾക്ക് ഭയമാണെന്ന് ശബ്നത്തിന്റെ അയൽവാസിയായ ഇന്തസാർ അലി ടൈംസ് ഓഫ് ഇന്ത്യ പത്രത്തോട് പറഞ്ഞു.

 

പന്ത്രണ്ടേക്കർ കൃഷിയിടമുണ്ടായിരുന്നു ശബ്നത്തിന്റെ കുടുംബത്തിന്. തഹാർപൂർ ഇന്റർമീഡിയറ്റ്  കോളേജിലെ ചിത്രകലാധ്യാപകനായിരുന്നു ശബ്നത്തിന്റെ അച്ഛൻ ഷൗക്കത് അലി. അച്ഛന്റെ ചിത്രകലയിലുള്ള കഴിവ് ശബ്‌നത്തിനും അതുപോലെ പകർന്നു കിട്ടിയിരുന്നു. ഗ്രാമത്തിലെ ഒരു സ്‌കൂളിൽ പഠിപ്പിച്ചിരുന്ന ശബ്‌നത്തിനെ അവരുടെ വിദ്യാർത്ഥികൾക്കൊക്കെ ഏറെ ഇഷ്ടമായിരുന്നു. അവർക്കാർക്കും തന്നെ തങ്ങളുടെ ടീച്ചർ ഇങ്ങനെ ഒരു പ്രവൃത്തിയിൽ പങ്കാളിയായി എന്നത് വിശ്വസിക്കാനാകുന്നില്ല. ടീച്ചർക്ക് ഇങ്ങനെ ഒരു ബന്ധമുള്ളതും, അതിനെ കുടുംബം എതിർത്തതും ഒക്കെ നാട്ടിൽ പാട്ടായ കാര്യങ്ങളാണ്. എന്നാൽ, അത് ഇങ്ങനെ ഒരു കൂട്ടക്കൊലയിൽ ചെന്ന് പര്യവസാനിച്ചുകളയും എന്ന് ആരും ധരിച്ചിരുന്നില്ല.

തുടക്കത്തിൽ ശബ്നം കൂട്ടക്കൊലയിൽ തനിക്ക് യാതൊരു പങ്കുമില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. വീട്ടിനുള്ളിലേക്ക് കടന്നുവന്ന കൊള്ളക്കാർ വീട്ടിലെ അംഗങ്ങളെ ഒന്നൊന്നായി കോടാലിക്ക് വെട്ടി കൊന്നുകളയുകയായിരുന്നു എന്നാണ് അവർ പൊലീസിന് നൽകിയ മൊഴി. താൻ ആ നേരത്ത് കുളിമുറിക്കുള്ളിൽ ആയിരുന്നതുകൊണ്ട് രക്ഷപ്പെട്ടതാണ് എന്നും. എന്നാൽ പൊലീസ് നടത്തിയ പഴുതടച്ചുള്ള അന്വേഷണത്തിൽ ശബ്നത്തിന്റെ അവകാശവാദങ്ങളുടെ ചെമ്പുതെളിഞ്ഞു. കൊലപാതകം നടന്ന ദിവസം ശബ്നം സലീമിനോട് 40 -50 തവണ ഫോണിൽ ബന്ധപ്പെട്ടു എന്ന കണ്ടെത്തലാണ് പൊലീസിന് ആദ്യം സംശയം ഉണർത്തിയത്. അവസാന വിളി വന്നത് അർദ്ധ രാത്രി 1.45 -നും.  ആ വിളി പൂർത്തിയാക്കി ഏതാനും മിനിറ്റുകൾക്കുള്ളിലാണ് അവർ വീടിന്റെ ബാൽക്കണിയിൽ വന്നു നിലവിളിച്ച് ഒച്ചയുണ്ടാക്കി അയല്പക്കക്കാരെ ഉണർത്തുന്നതും വിവരം നാട്ടുകാർ അറിയുന്നതും. അതിൽ എന്തോ പന്തികേട് പൊലീസ് മണത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ അവരുടെ സംശയം ഇരട്ടിച്ചു. കാരണം പോസ്റ്റുമോർട്ടത്തിൽ, കഴുത്തിൽ കോടാലികൊണ്ടുള്ള വെട്ടേറ്റു മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുതന്നെ മരിച്ച ഏഴുപേരുടെയും ശരീരത്തിലേക്ക് മയക്കുമരുന്ന് കടന്നുചെന്നിട്ടുണ്ട് എന്നായിരുന്നു റിപ്പോർട്ട്. അവരുടെ ആമാശയങ്ങളിൽ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി. വീട്ടിനുള്ളിൽ നിന്ന് ബയോപോസ് എന്നൊരു മയക്കുമരുന്ന് ഗുളികയുടെ പത്തു കാലി സ്ട്രിപ്പുകൾ കണ്ടെത്തിയതോടെ പൊലീസിന് ഒരു കാര്യം വ്യക്തമായി ആരോ അവർക്ക് ഭക്ഷണത്തിൽ കലർത്തി മയക്കുമരുന്ന് നൽകിയ ശേഷമാണ് അവരെ കൊന്നിരിക്കുന്നത്.

അത് ആ വീട്ടിനുള്ളിലേക്ക് പ്രവേശനമുള്ള, ആ വീടിനെപ്പറ്റി കൃത്യമായ ധാരണയുള്ള ആരോ തന്നെ ആയേ തരമുള്ളൂ എന്ന് പൊലീസിന് മനസിലായി. രണ്ടാമത്തെ കാര്യം, കൊല്ലപ്പെട്ടവരുടെ ശരീരത്തിലൊക്കെയും, കഴുത്തിൽ കോടാലികൊണ്ട് വെട്ടേറ്റുണ്ടായ മുറിവൊഴിച്ചാൽ യാതൊരു മുറിവുമുണ്ടായിരുന്നില്ല. പിടിവലിയുടെയോ ബലപ്രയോഗത്തിന്റെയോ ഒരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. അതോടെ, കള്ളന്മാർ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയതാണ് എന്ന ശബ്നത്തിന്റെ വാദം പൊളിഞ്ഞു. കാരണം, അങ്ങനെ ഒരു ആക്രമണം ഉണ്ടായാൽ മുറിവുകൾ കഴുത്തിൽ മാത്രമല്ല ഉണ്ടാവുക. സലീമിന്റെ കാര്യത്തിൽ ശബ്‌നവുമായി കുടുംബങ്ങൾ കലഹിച്ചിരുന്നതിനാലാണ് ആദ്യഘട്ടത്തിൽ തന്നെ അന്വേഷണം അവർക്കെതിരെ തിരിഞ്ഞത്. സലീമിന്റെയും ശബ്‌നത്തിന്റെയും ചോരക്കറ പുരണ്ട വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്തതോടെ കേസ് തെളിഞ്ഞു. ആക്രമണത്തിന് ശേഷം ഒരു കുളത്തിൽ കൊണ്ടെറിഞ്ഞ കോടാലിയും പൊലീസ് സലീമിനെക്കൊണ്ട് തിരിച്ചെടുപ്പിച്ചു. ഇരുവരുടെയും കോൾ റെക്കോർഡുകൾ കൂടിയായപ്പോൾ കേസ് ബലപ്പെട്ടു.

 

കോടതിയിൽ വിചാരണ തുടങ്ങിയതോടെ കമിതാക്കൾ രണ്ടുപേരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു. മജിസ്‌ട്രേറ്റിനുമുന്നിൽ നൽകിയ മൊഴിയിൽ ശബ്നം പറഞ്ഞത് മട്ടുപ്പാവ് വഴി വീട്ടിനുള്ളിലേക്ക് കടന്നുവന്ന സലിം താൻ ഉറങ്ങിക്കിടക്കെ കുടുംബാംഗങ്ങളെ കൊല്ലുകയായിരുന്നു എന്നാണ്. എന്നാൽ, സലിം പറഞ്ഞത് ശബ്നം വിളിച്ചിട്ടാണ് താൻ വന്നത് എന്നും. എന്തായാലും, മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയത്, സലീമിന്റെ മൊഴിക്ക് സാധുതയേറ്റി. എന്തായാലും വിചാരണക്ക് ശേഷം കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചു.

ഇപ്പോൾ അവർ ജയിലിലാണ്. ഏതുനിമിഷവും കടന്നുവന്നേക്കാവുന്ന തന്റെ അന്ത്യദിനവും കാത്ത്. അപ്പീൽ കോടതികൾക്ക് ശേഷം ഇപ്പോൾ സുപ്രീം കോടതിയും അവരുടെ അപ്പീൽ തള്ളി. അവർ പ്രസിഡന്റിന് ദയാ ഹർജി സമർപ്പിച്ചതും തള്ളിയിരിക്കുകയാണ്. ഇപ്പോൾ സുപ്രീം കോടതിയിൽ അവസാന റിവ്യൂ പെറ്റിഷനുമായി നീങ്ങിയിരിക്കുകയാണ് ശബ്നത്തിന്റെ വക്കീൽ.  ചെയ്തിരിക്കുന്ന കൃത്യത്തിന്റെ ഗൗരവം പരിഗണിച്ചാൽ റിവ്യൂ പെട്ടീഷനിലും അനുകൂലമായ വിധിവരാനുള്ള സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ, സ്വതന്ത്രഭാരതത്തിന്റെ നീതിന്യായ ചരിത്രത്തിൽ കഴുവേറ്റപ്പെടുന്ന ആദ്യത്തെ സ്ത്രീ കുറ്റവാളിയായിരിക്കും ശബ്നം അലി.

ശബ്നം അലി തന്റെ കാമുകൻ സലീമിനൊപ്പം ചേർന്ന് സ്വന്തം കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കിയപ്പോൾ അവരുടെ വയറ്റിൽ ഏഴുമാസം മാത്രം പ്രായമുണ്ടായിരുന്ന മകന് ഇന്ന് പത്തുവയസ്സാണ് പ്രായം. പത്രപ്രവർത്തകരായ ദമ്പതികളാണ്  അവനെ ദത്തെടുത്തിരിക്കുന്നത്. ഈ കഥകളെപ്പറ്റി ഒന്നും ഓർമ്മിപ്പിക്കാതെ അവനെ ഈ ലോകത്തിൽ ഇന്നും അവശേഷിക്കുന്ന നന്മകളുടെ ഗുണപാഠങ്ങളും പകർന്നു നൽകിക്കൊണ്ട് ശുഭാപ്‌തിവിശ്വാസത്തോടെ വളർത്തി വലുതാക്കുകയാണ് അവർ.  

click me!