'ടീച്ചറാണ് ടീച്ചറേ ടീച്ചര്‍...' കുട്ടികളുടെ ഭാവി തന്നെ മാറ്റിയ ഒരധ്യാപിക; സ്കൂളിലെത്തുന്നത് 3.4 കിലോമീറ്റര്‍ നടന്നും തോണി കയറിയും

Published : Apr 04, 2019, 01:12 PM IST
'ടീച്ചറാണ് ടീച്ചറേ ടീച്ചര്‍...' കുട്ടികളുടെ ഭാവി തന്നെ മാറ്റിയ ഒരധ്യാപിക; സ്കൂളിലെത്തുന്നത് 3.4 കിലോമീറ്റര്‍ നടന്നും തോണി കയറിയും

Synopsis

സൈക്കിള്‍ മാത്രം പോകുന്ന വഴിയിലൂടെ 3.5 കിലോമീറ്റര്‍ യാത്ര. അതും കാട്ടിനു നടുവിലൂടെ.. അതുകഴിഞ്ഞ് തോണിയില്‍ പുഴ കടക്കണം. സ്കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ അവളെ കാത്തിരിക്കുന്നത് കാണുമ്പോള്‍ അവള്‍ യാത്രയിലനുഭവിച്ച ബുദ്ധിമുട്ടുകള്‍ മറക്കും. 

അവര്‍ ചെറുപ്പത്തില്‍ ആഗ്രഹിച്ചിരുന്നത് ഒരു ഡോക്ടറാകാനായിരുന്നു. പക്ഷെ, അങ്ങനെ ആയിരുന്നുവെങ്കില്‍ മഹാരാഷ്ട്രയിലെ ഗാഡ് ചിറോളിയിലുള്ള ഗൗതമിനേയും ലക്ഷ്മിയേയും പോലെ നൂറു കണക്കിന് വിദ്യാര്‍ത്ഥികളുടെ ജീവിതം ഇങ്ങനെയാവില്ലായിരുന്നു.

ആരാണ് ഷൈലജ? 

മുംബൈയില്‍ നിന്നും 972 കിലോമീറ്റര്‍ ദൂരെയുള്ള അല്ലപ്പള്ളി എന്ന ഗ്രാമത്തിലാണ് ഷൈലജ ഗൊരേക്കര്‍ ജനിച്ചത്. അച്ഛന്‍ മാലുജി, അമ്മ ശാന്ത ഗൊരേക്കര്‍. രണ്ട് സഹോദരിമാര്‍. അച്ഛന്‍ മുളക് വിറ്റിട്ടാണ് മക്കളെ നോക്കിയിരുന്നത്. ചെറുപ്പം മുതലേ ഡോക്ടറാകണം എന്ന ആഗ്രഹമായിരുന്നു ഷൈലജയുടെ മനസ്സില്‍. ഒരുപാട് കഷ്ടപ്പെട്ട് പഠിച്ച് ഒരു മെഡിക്കല്‍ കോളേജില്‍ സീറ്റും ഒപ്പിച്ചു. പക്ഷെ, അവളുടെ അച്ഛന് രണ്ട് പെണ്‍കുട്ടികളെ കൂടി പഠിപ്പിക്കാനുണ്ടായിരുന്നത് കൊണ്ട് അവള്‍ക്ക് തന്‍റെ മെഡിക്കല്‍ സ്വപ്നങ്ങളുപേക്ഷിക്കേണ്ടി വന്നു. 

ജാതിഭേദമില്ലാതെ അവിടെ വിദ്യാര്‍ത്ഥികള്‍ പഠിച്ചു

അങ്ങനെ, 1998 -ലാണ് ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളില്‍ അധ്യാപികയായി ഷൈലജ പ്രവേശിക്കുന്നത്. പക്ഷെ, സ്കൂളിലെ സ്ഥിതി അവരെ ഞെട്ടിച്ചു. അത്രയധികം ജാതി വ്യവസ്ഥ നിലനില്‍ക്കുന്ന ഇടമായിരുന്നു അത്. സ്കൂള്‍ അസംബ്ലി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ എല്ലാ വിദ്യാര്‍ത്ഥികളും ഒരുമിച്ച് നില്‍ക്കുന്നതാണ് ഓര്‍മ്മ വരിക. എന്നാല്‍, ഈ സ്കൂളില്‍ അങ്ങനെയായിരുന്നില്ല. നാല് വരികളിലായാണ് പ്രിന്‍സിപ്പള്‍ വിദ്യാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്. അതും ജാതിയുടെ അടിസ്ഥാനത്തില്‍. ഒന്നാമത്തെ വരിയില്‍ ഏറ്റവും ഉയര്‍ന്നതെന്ന് പറയപ്പെടുന്ന ജാതിയിലുള്ളവര്‍, പിന്നീട് അടുത്ത ജാതി എന്നിങ്ങനെയായിരുന്നു അത്. 

ഇത് മാറ്റിയെടുക്കാന്‍ തന്നെ ഷൈലജ തീരുമാനിച്ചു. അവര്‍ കുട്ടികളെ വിളിച്ച് ക്ലാസിന്‍റെ അടിസ്ഥാനത്തില്‍ വരി നിന്നാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചു. ഒരു സമുദായത്തിലെയും ആരും ഇതിനെതിരെ ഒന്നും മിണ്ടിയില്ല. അടുത്തതായി ഷൈലജ ശ്രദ്ധ നല്‍കിയത് ഉയര്‍ന്ന ക്ലാസുകളിലേക്ക് പോകാതെ കുട്ടികള്‍ പഠനം നിര്‍ത്തുന്നതിനെതിരെയാണ്. അവര്‍ അപ്പര്‍ പ്രൈമറി സ്കൂളിലെ അധ്യാപകരോട് സംസാരിക്കുകയും പ്രൈമറി ക്ലാസുകളില്‍ നിന്ന് വിജയിക്കുന്ന കുട്ടികളെ അപ്പര്‍ പ്രൈമറിയില്‍ പ്രവേശിപ്പിക്കുന്നതിനെ കുറിച്ചും സംസാരിച്ചു. അങ്ങനെ ജാതിഭേദമില്ലാതെ അവിടെ വിദ്യാര്‍ത്ഥികള്‍ പഠിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 

അങ്ങനെ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഷൈലജയ്ക്ക് ആ സ്കൂളില‍ നിന്നും ട്രാന്‍സ്ഫറായി. ഓരോ കുട്ടികളും അവരുടെ മാതാപിതാക്കളും ആ വാര്‍ത്ത് കേട്ട് ഒരുപാട് വിഷമിച്ചു. പോകരുതെന്ന് പറഞ്ഞു. പക്ഷെ, ഷൈലജ അല്ലപ്പള്ളി ജില്ലാ പരിഷത്ത് പ്രൈമറി ഗേള്‍സ് സ്കൂളിലേക്ക് പോയി. ഷൈലജയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ കാര്യങ്ങളിലും അല്ലാത്ത കലാ-കായിക മേഖലയിലും കഴിവ് തെളിയിച്ചു. 

പക്ഷെ, നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2011 -ല്‍ ഷൈലജ വീണ്ടും ട്രാന്‍സ്ഫറായി. ചേര്‍പ്പള്ളി ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിലേക്ക്. അവിടെയാകട്ടെ ഉച്ച ഭക്ഷണം കഴിഞ്ഞാല്‍ ക്ലാസില്‍ കുട്ടികളുണ്ടാവില്ല. എല്ലാവരും നേരെ വീട്ടിലേക്ക് പോകും. ഇത് മാറ്റിയെടുക്കാനായി ഷൈലജയുടെ ശ്രമം. അവര്‍ ഒരു വടിയുമായി ഗേറ്റിനടുത്ത് ചെന്ന് നിന്നു തുടങ്ങി. ഒറ്റക്കുട്ടി പോലും സ്കൂള്‍ സമയം കഴിയാതെ വീട്ടിലേക്ക് പോവാതിരിക്കാനായി. പെട്ടെന്ന് തന്നെ ഇതിന് ഫലം കണ്ടു. ക്ലാസുകള്‍ കൃത്യമായി നടന്നു തുടങ്ങി. ഷൈലജയിലൂടെ കുട്ടികള്‍ വായനയിലും താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങി. 

ഹെഡ്മാസ്റ്റര്‍ പറയുന്നത് സ്കൂളിലെ ഈ മാറ്റങ്ങള്‍ക്കെല്ലാം കാരണം ഷൈലജയാണ്. അവര്‍ക്ക് സാധിക്കാത്തതായി ഒന്നുമില്ല എന്നാണ്. 

സ്കൂളിലെത്തണമെങ്കില്‍ ഒരുപാട് സഞ്ചരിക്കണം

സ്കൂളിലെ വിദ്യാര്‍ത്ഥികളെല്ലാം ആഴത്തില്‍ അവളെ സ്നേഹിച്ചു. ഗൗതം എന്ന വിദ്യാര്‍ത്ഥി എഴുതി, 'ഷൈല മാഡത്തെ ജീവിതത്തില്‍ ഞാനൊരിക്കലും മറക്കില്ല.' ഗൗതം വരുന്നത് വളരെ പാവപ്പെട്ട ഒരു കുടുംബത്തില്‍ നിന്നാണ്. അവന് കലയിലുള്ള കഴിവിനെ കണ്ടെത്തിയത് ഷൈലജയാണ്. അവളവന് വരക്കാനുള്ള മെറ്റീരിയലുകള്‍ വാങ്ങി നല്‍കി. ഇങ്ങനെ ഓരോ വിദ്യാര്‍ത്ഥികളിലും മറഞ്ഞിരിക്കുന്ന കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചു. 

പക്ഷെ, 2017 -ല്‍ അവരുടെ പ്രിയപ്പെട്ട അധ്യാപികയ്ക്ക് വീണ്ടും സ്ഥലംമാറ്റമായി. ഭമ്രഗാഡിലുള്ള ഒരു സ്കൂളായിരുന്നു അത്. അതൊരു സാധാരണ സ്കൂളായിരുന്നില്ല എന്നത് തന്നെയായിരുന്നു അവളെ അങ്ങോട്ട് ആകര്‍ഷിച്ചത്. സ്കൂളിലെത്തണമെങ്കില്‍ ഒരുപാട് സഞ്ചരിക്കണം. തോണി കേറി വേണം അവിടെയെത്താന്‍.. ആദ്യ ദിവസം തോണിയില്‍ കയറിയതോടെ അവള്‍ക്ക് ഭയമായി. നീന്തല്‍ പോലുമറിയില്ല. തീരുമാനം മാറ്റേണ്ടി വരുമോ എന്നു പോലും ചിന്തിച്ചു. പക്ഷെ, ഗൊല്ലഗുഡ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളിലേക്കുള്ള ഷൈലജയുടെ യാത്ര അവിടെ ആരംഭിച്ചു. 

കാടും പുഴയും കടന്ന്.. 

സൈക്കിള്‍ മാത്രം പോകുന്ന വഴിയിലൂടെ 3.5 കിലോമീറ്റര്‍ യാത്ര. അതും കാട്ടിനു നടുവിലൂടെ.. അതുകഴിഞ്ഞ് തോണിയില്‍ പുഴ കടക്കണം. സ്കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ അവളെ കാത്തിരിക്കുന്നത് കാണുമ്പോള്‍ അവള്‍ യാത്രയിലനുഭവിച്ച ബുദ്ധിമുട്ടുകള്‍ മറക്കും. ആ സ്കൂളിലെ ഒരേയൊരു അധ്യാപികയും അവളായിരുന്നു. മാത്രവുമല്ല, ആ കുട്ടികള്‍ക്ക് ആകെ അറിയാവുന്നത് അവരുടെ പ്രാദേശികമായ ഭാഷ മാത്രമായിരുന്നു. പക്ഷെ, കുറച്ച് നാളുകള്‍ കൊണ്ട് ഷൈലജ ആ ഭാഷ പഠിച്ചെടുത്തു. മറാത്തി കുട്ടികളെയും പഠിപ്പിച്ചു. 

അങ്ങനെ, ആ സ്കൂളും ഷൈലജ മികച്ചതാക്കി എടുത്തു

ആ സ്കൂളിന്‍റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത സ്ഥലത്താണ് കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞി പോലും തയ്യാറാക്കിയിരുന്നത്. മൂന്ന് ദിവസം കൊണ്ട് ഷൈലജയുടെ നേതൃത്വത്തില്‍ അത് വൃത്തിയാക്കപ്പെട്ടു. ഉച്ചഭക്ഷണം നന്നായി കിട്ടാന്‍ തുടങ്ങിയതോടെ കൂടുതല്‍ കുട്ടികള്‍ സ്കൂളിലെത്തി തുടങ്ങി. ഇന്‍ഡിപെന്‍ഡന്‍സ് ഡേയ്ക്ക് ആ സ്കൂള്‍ മുഴുവന്‍ ഷൈലജയുടെ നേതൃത്വത്തില്‍ അലങ്കരിക്കപ്പെട്ടു. സ്കൂളിന്‍റെ ചരിത്രത്തിലാദ്യമായിരുന്നു ഇത്. സര്‍വേ ഓഫീസര്‍ സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന് തൃപ്തി തോന്നി. അദ്ദേഹം അവളെ അഭിനന്ദിച്ചു.. അങ്ങനെ, ആ സ്കൂളും ഷൈലജ മികച്ചതാക്കി എടുത്തു. അതിനിടയില്‍ അവര്‍ തന്‍റെ യാത്രാക്ലേശം മറന്നു.

ഇത്രയും സ്കൂളുകളുടേയും വിദ്യാര്‍ത്ഥികളുടെയും ഭാവി തന്നെ മികച്ചതാക്കിയ ഷൈലജയോട് അതിന്‍റെ രഹസ്യമെന്താണ് എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, 'എന്ത് ചെയ്യുമ്പോഴും ഹൃദയം കൊണ്ട് ചെയ്യുക..'

PREV
click me!

Recommended Stories

വായിലേക്ക് വീണ ഇല തുപ്പിക്കളഞ്ഞ 86 -കാരന് യുകെയിൽ 30,000 രൂപ പിഴ!
ഡ്രൈവറില്ലാതെ ഓടുന്ന കാറിൽ പ്രസവിച്ച് യുവതി, റോബോ ടാക്സിയിൽ തന്നെ ആശുപത്രിയിലേക്ക്