വളര്‍ത്തമ്മയുടെ വേദന കണ്ടു; ശിവ, തടാകത്തിന്‍റെ ആഴങ്ങളിലേക്ക് എടുത്തുചാടിത്തുടങ്ങി...

By Web TeamFirst Published May 16, 2019, 3:17 PM IST
Highlights

കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി ആയിരത്തിലേറെ മൃതശരീരങ്ങളാണ് ശിവ ആ തടാകത്തിന്‍റെ ആഴങ്ങളില്‍ നിന്നും കണ്ടെടുത്തത്. ജീവിതമവസാനിപ്പിക്കാനിറങ്ങിയ നൂറോളം പേരെ രക്ഷിച്ചെടുക്കുകയും ചെയ്തു.

ഹൈദ്രാബാദിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്ന്, ഹുസ്സൈന്‍ സാഗര്‍ ലേക്ക്.. പക്ഷെ, ആ മനോഹാരിതയ്ക്കും അപ്പുറം ഹുസ്സൈന്‍ സാഗര്‍ ലേക്കിന് വേറൊരു പേരില്‍ കൂടി പ്രശസ്തിയുണ്ട്, അത് ആത്മഹത്യയുടെ പേരിലാണ്..

എത്രയോ പേര്‍ ആ വിഭ്രമം ജനിപ്പിക്കുന്ന ആഴങ്ങളിലേക്ക് സ്വയം വലിച്ചെറിയുകയും ജീവിതം ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. വര്‍ഷവും നൂറുകണക്കിന് ആത്മഹത്യാശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്.. അത് തടയുക, ആത്മഹത്യ ചെയ്തവരുടെ മൃതദേഹങ്ങള്‍ ആ ആഴങ്ങളില്‍ നിന്നും വലിച്ചെടുക്കുക ഇവയെല്ലാം പൊലീസിനേയും രക്ഷാസംഘങ്ങളേയും എപ്പോഴും വലച്ചിരുന്നു. അവിടേക്കാണ് ശിവ എന്ന യുവാവിന്‍റെ വരവ്.. 

കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി ആയിരത്തിലേറെ മൃതശരീരങ്ങളാണ് ശിവ ആ തടാകത്തിന്‍റെ ആഴങ്ങളില്‍ നിന്നും കണ്ടെടുത്തത്. ജീവിതമവസാനിപ്പിക്കാനിറങ്ങിയ നൂറോളം പേരെ രക്ഷിച്ചെടുക്കുകയും ചെയ്തു.

എങ്ങനെയാണ് ശിവയുടെ ജീവിതം ഇതാകുന്നത്?
ശിവ കുട്ടിയായിരിക്കുമ്പോള്‍ അച്ഛനും അമ്മയും അവനെ ഒരു ഹോസ്റ്റലിലാക്കി. ഒരു ദിവസം സ്കൂളില്‍ നിന്നും ഹോസ്റ്റലിലെത്തിയപ്പോള്‍ ശിവ കാണുന്നത്, അവിടെ എന്തൊക്കെയോ മന്ത്രവാദ ക്രിയകള്‍ നടക്കുന്നതാണ്. ഭയന്നുപോയ ശിവ അവിടെനിന്നും ഇറങ്ങി ഓടി.. പക്ഷെ, കുറേദൂരം ഓടിയപ്പോള്‍ തിരികെ ഹോസ്റ്റലിലേക്കോ വീട്ടിലേക്കോ ഉള്ള വഴി അവന്‍ മറന്നുപോയി. അവര്‍ക്കാര്‍ക്കും അവനെ കണ്ടെത്താനുമായില്ല. ഒരു ഷോപ്പിങ്ങ് സെന്‍ററിന് മുന്നിലെത്തിയ ശിവ യാചിച്ചാണ് ജീവിച്ചു തുടങ്ങിയത്. 

ആ തെരുവില്‍ വെച്ച് മറ്റൊന്നു കൂടി സംഭവിച്ചു.. ശിവ ഒരു സ്ത്രീയെ കണ്ടുമുട്ടി.. അവര്‍ അവന് വളര്‍ത്തമ്മയായി. അവനെ സ്വന്തം മോനെപ്പോലെ നോക്കി അവര്‍.. അവരൊരിക്കലും അവരുടെ സ്വന്തം മക്കളില്‍ നിന്നും ശിവയെ മാറ്റിനിര്‍ത്തിയില്ല. സ്വന്തം അമ്മ തന്നിരുന്ന അതേ സ്നേഹവും കരുതലും തന്നെ വളര്‍ത്തമ്മയില്‍ നിന്നും ശിവയ്ക്ക് കിട്ടി.. 

അങ്ങനെ, അവിടെ ആ അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ജീവിക്കവേയാണ് അത് സംഭവിച്ചത്. ഒരു സഹോദരന്‍റെ മരണം.. തടാകത്തിലേക്ക് എടുത്ത് ചാടിയ ഒരാളെ രക്ഷിക്കാനിറങ്ങിയതാണ് ശിവയുടെ സഹോദരന്‍. പക്ഷെ, ജീവന്‍ നഷ്ടമായി. അതോടെ അമ്മ വിഷാദത്തിലായി. അപ്പോഴാണ് മരിച്ചവരുടെ പ്രിയപ്പെട്ടവര്‍ അനുഭവിക്കുന്ന വേദനകളെ കുറിച്ച് ഒക്കെ ശിവയും മനസ്സിലാക്കുന്നത്. പ്രത്യേകിച്ചും ശരീരം കിട്ടാത്തവരുടെ ബന്ധുക്കള്‍.. അങ്ങനെ, ഇനിയൊരാളും ഹുസ്സൈന്‍ സാഗര്‍ ലേക്കിലേക്ക് സ്വന്തം കണ്‍മുന്നില്‍ നിന്ന് എടുത്തുചാടി ജീവനവസാനിപ്പിക്കില്ലെന്ന് ശിവ തീരുമാനിച്ചു.

അങ്ങനെയാണ് ശിവ പുതിയ ജീവിതം തുടങ്ങുന്നത്. പതിയെ പതിയെ ശിവ പൊലീസുകാര്‍ക്കൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായിത്തുടങ്ങി. പൊലീസുകാര്‍ തന്നെ ശിവയെ വിളിച്ചു തുടങ്ങി. മൃതശരീരങ്ങള്‍ കരയ്ക്കെത്തിക്കാന്‍, ആത്മഹത്യക്ക് ശ്രമിക്കുന്നവരെ തിരികെ ജീവിതത്തിലേക്ക് നടത്താന്‍. ശിവ അതിന് യാതൊരു തരത്തിലുള്ള പ്രതിഫലവും ആവശ്യപ്പെട്ടിരുന്നില്ല. പക്ഷെ, തടാകത്തിന്‍റെ ആഴങ്ങളിലേക്ക് എടുത്തുചാടുന്നതിന്‍റെ ബുദ്ധിമുട്ട് അറിയാവുന്ന പൊലീസ് ശിവയ്ക്ക് ചെറിയ ഒരു പ്രതിഫലം നല്‍കുന്നു. 

പ്രതിഫലം ആഗ്രഹിച്ചിട്ടല്ല താനിത് ചെയ്യുന്നത്. അവരുടെ ബന്ധുക്കളെ ഓര്‍ത്താണ് എന്നാണ് ശിവ പറയുന്നത്. മാത്രമല്ല, ആരും ഏറ്റെടുക്കാനില്ലാത്ത ശവശരീരങ്ങള്‍ ദഹിപ്പിക്കുന്നതും പലപ്പോഴും ശിവ തന്നെയാണ്. അതിനുള്ള പ്രതിഫലം ദൈവം തനിക്ക് തരുമെന്നാണ് ശിവ വിശ്വസിക്കുന്നത്. 

തന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ തടാകത്തില്‍ നിന്ന് 107 പേരെ രക്ഷിച്ചിട്ടുണ്ട്. അതില്‍ രണ്ടുപേര്‍ പിന്നീട് വന്ന് നന്ദി പറഞ്ഞിട്ടുണ്ട് എന്നാണ് ശിവ പറയുന്നത്. ജീവിക്കാനുള്ള വക കണ്ടെത്താന്‍, ഗണേഷ ചതുര്‍ത്ഥിയുടെ ഭാഗമായി ഒഴുക്കുന്ന വിഗ്രഹങ്ങളില്‍ നിന്നും ഇരുമ്പയിര് വേര്‍തിരിച്ചെടുക്കുകയാണ് ശിവ. വലിയ പൈസയൊന്നും ഇതില്‍ നിന്നും കിട്ടില്ല. പക്ഷെ, തന്‍റെ അമ്മയേയും സഹോദരങ്ങളേയും നോക്കാന്‍ തനിക്കിത് മതി എന്നാണ് ശിവ പറയുന്നത്. 
 

click me!