ഈശ്വര ചന്ദ്ര വിദ്യാസാഗറിനെ ആർക്കാണ് പേടി..?

By Web TeamFirst Published May 15, 2019, 5:40 PM IST
Highlights

ബംഗാളി  വിദ്യാഭ്യാസ സമ്പ്രദായത്തെ വിദ്യാസാഗർ സമൂലം പരിഷ്കരിച്ചു. പ്രത്യേകിച്ചും ഭാഷാധ്യായനം അദ്ദേഹം വളരെ ശാസ്ത്രീയമായ രീതിയിലേക്ക് മാറ്റി. അദ്ദേഹം ഭാഷാ അധ്യാപനത്തിനായി എഴുതിയ 'ബോർണോ പോരിചയ്' ( വർണ്ണ പരിചയം) എന്ന  ഗ്രന്ഥം ഇന്നും വിദ്യാലയങ്ങളിൽ ഉപയോഗിക്കപ്പെടുന്നു. 

ഇന്നലെ കൽക്കട്ടയിൽ അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപിയുടെ ഒരു തെരഞ്ഞെടുപ്പ് റാലി നടന്നു. അതിനിടയിലൂടെ  തൃണമൂൽ കോൺഗ്രസിന്റെ  വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ കോൺഗ്രസ്സ് ഛാത്ര പരിഷദ് നടത്തിയ ശക്തിപ്രകടനം, റാലിയിൽ പങ്കെടുത്ത  ബിജെപിക്കാരെ പ്രകോപിപ്പിച്ചു. പിള്ളേരെ തല്ലാൻ ഓടിച്ച കൂട്ടത്തിൽ അവർ ശങ്കർ ഘോഷ് ലൈനിലുള്ള ഈശ്വര ചന്ദ്ര വിദ്യാസാഗർ കോളേജിലേക്കും ഇരച്ചു കേറി. അവിടെ കണ്ണിൽ കണ്ടതെല്ലാം തച്ചു തകർത്തു. അവർ അടിച്ചുതകർത്ത വിലപിടിപ്പുള്ള വസ്തുക്കളുടെ കൂട്ടത്തിൽ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ ഒരു പുരാതനമായ പ്രതിമയും വരും. 

ആരാണ് ഈ ഈശ്വര ചന്ദ്ര വിദ്യാസാഗർ..? 
ഇങ്ങനെയൊരു സംഭവം നടന്നതുകൊണ്ട് ഇന്നുവരെ അങ്ങനെയൊരു പേരുപോലും കേട്ടിട്ടില്ലാത്ത പലരും ഈ  ചോദ്യം ചോദിക്കുകയും, അദ്ദേഹത്തെപ്പറ്റി മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്‌തു എന്നുള്ളതാണ്. ഇന്ത്യയുടെ സാംസ്‌കാരിക രാഷ്ട്രീയ ചരിത്രത്തിൽ അത്രയെളുപ്പം വിസ്മരിക്കാവുന്ന ഒരു നാമമല്ല ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റേത്. 

അദ്ദേഹത്തെപ്പറ്റിയുള്ള ചില പ്രസക്തമായ കാര്യങ്ങൾ..
1820 സെപ്തംബർ 26 -ന് അന്നത്തെ അവിഭക്ത ബംഗാളിലെ അതി ദരിദ്രമായ ഒരു ബ്രാഹ്മണകുടുംബത്തിലാണ് ഈശ്വർചന്ദ്ര ബൊന്ദോപാദ്ധായ്  ജനിച്ചത്. തെരുവുവിളക്കുകൾക്കു ചുവട്ടിലെ ഇത്തിരിവെട്ടത്തിലാണ് അദ്ദേഹം പഠിച്ചത്. ഒരു പാട്ടവിളക്കു പോലും അദ്ദേഹത്തിന്റെ അച്ഛനമ്മമാർക്ക് താങ്ങാനാവില്ലായിരുന്നു. ജന്മത്തിലുണ്ടായിരുന്ന ദാരിദ്ര്യം എന്തായാലും ധിഷണാകൊണ്ട് ദൈവം പരിഹരിച്ചിരുന്നു. ഗ്രാമത്തിലെ പാഠശാലയിൽ നിന്നും സംസ്കൃതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ശേഷം, അച്ഛന്റെയൊപ്പം ഈശ്വർചന്ദ്ര  കൽക്കട്ടയ്ക്ക് പുറപ്പെട്ടു.  യാത്രാ മദ്ധ്യേ കണ്ട മൈൽക്കുറ്റികളിൽ നിന്നും  ഈശ്വർചന്ദ്ര  കൽക്കട്ടയെത്തും മുമ്പേ റോമൻ അക്കങ്ങൾ കാണാപ്പാഠമാക്കിയിരുന്നു. 

കൽക്കട്ടയിൽ വെച്ച് വേദാന്തം, വ്യാകരണം, സാഹിത്യം, ഭാഷ, സ്‌മൃതി തുടങ്ങി ഒരു വിധം സംസ്കൃത പാഠങ്ങളൊക്കെ അദ്ദേഹം പഠിച്ചെടുത്തു. 1839 -ൽ നടന്ന ഒരു സംസ്കൃതം പരീക്ഷയിലാണ് അദ്ദേഹത്തിന് 'അറിവിന്റെ വൻകടൽ' എന്ന അർത്ഥത്തിൽ 'വിദ്യാസാഗർ' എന്ന ബഹുമതി നൽകുന്നത്. അക്കൊല്ലം നിയമപഠനം പൂർത്തിയാക്കിയ വിദ്യാസാഗർ 1841 -ൽ തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ഫോർട്ട് വില്യം കോളേജിലെ സംസ്കൃത വിഭാഗത്തിന്റെ തലവനായി ജോലിയിൽ പ്രവേശിക്കുന്നു. 

ബംഗാളി  വിദ്യാഭ്യാസ സമ്പ്രദായത്തെ വിദ്യാസാഗർ സമൂലം പരിഷ്കരിച്ചു. പ്രത്യേകിച്ചും ഭാഷാധ്യായനം അദ്ദേഹം വളരെ ശാസ്ത്രീയമായ രീതിയിലേക്ക് മാറ്റി. അദ്ദേഹം ഭാഷാ അധ്യാപനത്തിനായി എഴുതിയ 'ബോർണോ പോരിചയ്' ( വർണ്ണ പരിചയം) എന്ന  ഗ്രന്ഥം ഇന്നും വിദ്യാലയങ്ങളിൽ ഉപയോഗിക്കപ്പെടുന്നു. 

പെൺകുട്ടികൾക്കായി അദ്ദേഹം രാംഗോപാൽ ഘോഷ്, മദൻ മോഹൻ തർക്കളങ്കർ  എന്നിവരോടൊപ്പം ചേർന്ന് പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ നിരവധി സ്‌കൂളുകൾ തുടങ്ങി. സ്ത്രീകൾ ഉന്നത വിദ്യാഭ്യാസമാര്‍ജിക്കുന്നതിനെ സമൂഹം അതിശക്തമായി  എതിർത്തിരുന്ന ഒരു കാലമായിരുന്നു എന്നോർക്കണം. ജാതി, മത, ലിംഗ പരിഗണനയ്ക്ക് അതീതമായി എല്ലാവര്ക്കും വിദ്യാഭ്യാസത്തിനുള്ള അവസരം കിട്ടണം എന്നായിരുന്നു വിദ്യാസാഗറിന്റെ ചിന്ത. കീഴ്‌ജാതിക്കാർക്ക് സംസ്കൃതം അഭ്യസിക്കാനുള്ള സൗകര്യങ്ങളും അദ്ദേഹം തന്റെ സ്‌കൂളുകളിൽ ഒരുക്കി. 

1856 -ലെ വിധവാ പുനർ വിവാഹ നിയമം അദ്ദേഹത്തിന്റെ ഉത്സാഹത്തിൽ നിലവിൽ വന്ന ഒരു നിയമമാണ്. അത് അക്കാലങ്ങളിൽ അകാലത്തിൽ വിധവകളാവുന്ന സ്ത്രീകളുടെ ജീവിതം ഭർതൃവീടുകളുടെ അകത്തളങ്ങളിലെ ഇരുട്ടിൽ ഒതുങ്ങിപ്പോവാതെ കാത്തു. 1891 -ൽ തന്റെ എഴുപതാം വയസ്സിൽ ഈശ്വര ചന്ദ്ര വിദ്യാസാഗർ എന്ന  വിജ്ഞാന ദീപകം അണഞ്ഞപ്പോൾ മഹാകവി രബീന്ദ്രനാഥ ടാഗോർ പറഞ്ഞത് ഇപ്രകാരമായിരുന്നു.. " നാലുകോടി ബംഗാളികളെ സൃഷ്‌ടിച്ച നേരം കൊണ്ട് ദൈവം  ഭൂമിയിലേക്ക് പറഞ്ഞുവിട്ട ഒരേയൊരു മനുഷ്യൻ, ഇതാ.." 

click me!