പതിനൊന്നാം വയസിൽ ഉറങ്ങാൻ കിടന്നു, ഉണർന്നത് 21 -ാമത്തെ വയസിൽ

By Web TeamFirst Published Apr 8, 2022, 2:35 PM IST
Highlights

പിന്നീട് അവളെ കുറിച്ച് ലോകം അറിയുകയും കാണാനെത്തുകയും ചെയ്തു. അവളെ സന്ദർശിക്കുന്നതിന് ആളുകൾ പണവും നൽകി. അവൾ 'സ്ലീപ്പിംഗ് ഗേൾ' എന്ന് അറിയപ്പെട്ട് തുടങ്ങി. അവളുടെ മുടിനാരുകൾ കിട്ടാൻ പോലും ആളുകൾ പണം കൊടുത്തു. 

ഉറക്കം വളരെ പ്രധാനപ്പെട്ട ഒരു സം​ഗതി തന്നെയാണ് ജീവിതത്തിൽ. ഉറക്കത്തിന്റെ താളം തെറ്റിയാൽ ജീവിതം തന്നെ താളം തെറ്റും. അത് മാനസികവും ശാരീരികവും ആയി പല പ്രശ്നങ്ങളും ഉണ്ടാക്കും. നല്ല ഉറക്കം ആരോ​ഗ്യമുള്ള ജീവിതത്തിന് വളരെ പ്രധാനമാണ്. ഉറങ്ങാനാവുന്നവർ ഭാ​ഗ്യം ചെയ്തവർ എന്ന് വരെ പറയാറുണ്ട്. വർഷങ്ങളോളം ഉറങ്ങി ഒരു ദിവസം ഉറക്കമെഴുന്നേൽക്കുന്ന പലരുടെയും കഥ നാം കേട്ടിട്ടുണ്ട്. എന്നാൽ ഇത് യഥാർത്ഥ ജീവിതത്തിൽ അങ്ങനെ സംഭവിച്ച ഒരാളെ കുറിച്ചാണ്. 

പത്തൊൻപതാം നൂറ്റാണ്ടിലാണ്. എലൻ സാഡ്‌ലർ(Ellen Sadler) എന്ന 11 വയസ്സുള്ള ഒരു ബ്രിട്ടീഷ് പെൺകുട്ടി പതിവ് പോലെ ആ ദിവസവും ഉറങ്ങാൻ കിടന്നു. എന്നാൽ, അവൾ ഉണർന്നത് ഒന്നും രണ്ടും ദിവസമോ മാസമോ വർഷമോ കഴിഞ്ഞല്ല. അവളുടെ 21 -ാമത്തെ വയസിലാണ്. ആലോചിച്ച് നോക്കണം ആ ഒമ്പത് വർഷം കൊണ്ട് അവൾക്ക് ചുറ്റും ഒട്ടേറെ മാറ്റങ്ങളുണ്ടായി. 

'സ്ലീപ്പിംഗ് സിക്ക്‌നെസ്' എന്നറിയപ്പെടുന്ന ട്രിപനോസോമിയാസിസ് ബാധിച്ച ആദ്യത്തെ ആളായിരിക്കണം ഒരുപക്ഷെ എലൻ. എലന്റെ ഈ അപൂർവമായ അവസ്ഥ അറിഞ്ഞ ലോകം ഞെട്ടി. 

'ഹിസ്റ്ററി ഓഫ് യെസ്റ്റർഡേ' പറയുന്നതനുസരിച്ച്, 1859 മെയ് 15 -ന് 12 കുട്ടികളുള്ള ഒരു വലിയ കുടുംബത്തിലാണ് എലൻ ജനിച്ചത്. അവൾ പത്താമത്തെ കുട്ടിയായിരുന്നു. ഓക്‌സ്‌ഫോർഡിനും ബക്കിംഗ്ഹാംഷെയറിനുമിടയിൽ ടർവിൽ എന്നറിയപ്പെടുന്ന ഒരു ചെറിയ ബ്രിട്ടീഷ് ഗ്രാമത്തിലായിരുന്നു അവളുടെ കുടുംബം ജീവിച്ചിരുന്നത്. അവളുടെ അച്ഛൻ ഒരു കർഷകനായിരുന്നു. അവളുടെ ചെറുപ്പത്തിൽ തന്നെ ഒരു അപകടത്തെ തുടർന്ന് അദ്ദേഹം മരിച്ചു. അവളുടെ അമ്മ ഒരു ഫാക്ടറി തൊഴിലാളിയെ വീണ്ടും വിവാഹം കഴിച്ചു.

1871 -ൽ, എലനും അവളുടെ സഹോദരങ്ങളും എല്ലാവരും രാത്രി ഉറങ്ങാൻ പോയതാണ്. എന്നാൽ, പിറ്റേന്ന് രാവിലെ അവൾ മാത്രം എഴുന്നേറ്റില്ല എന്നതാണ് വ്യത്യാസം. അവളെ അവർ ഉറക്കെ വിളിച്ചുനോക്കി, കുലുക്കി നോക്കി, തള്ളിനോക്കി. പക്ഷേ, ഒന്നും ഫലിച്ചില്ല. അങ്ങനെ അവൾ ദിവസങ്ങളോളം ഉറങ്ങാൻ തുടങ്ങി.  

എന്നാൽ, പിന്നീട് അവളെ കുറിച്ച് ലോകം അറിയുകയും കാണാനെത്തുകയും ചെയ്തു. അവളെ സന്ദർശിക്കുന്നതിന് ആളുകൾ പണവും നൽകി. അവൾ 'സ്ലീപ്പിംഗ് ഗേൾ'(sleeping girl) എന്ന് അറിയപ്പെട്ട് തുടങ്ങി. അവളുടെ മുടിനാരുകൾ കിട്ടാൻ പോലും ആളുകൾ പണം കൊടുത്തു. ലോകത്തിന്റെ പല ഭാ​ഗത്ത് നിന്നും ആരോ​ഗ്യരം​ഗത്തെ വിദ​ഗ്ദ്ധരും എലനയെ സന്ദർശിച്ചു. പക്ഷേ, അവർക്ക് പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. 

ഇത്രയും കാലം അവൾ എങ്ങനെ ജീവിച്ചിരുന്നു എന്ന് ആളുകൾ അത്ഭുതപ്പെട്ടു. എലന്റെ അമ്മ ഓട്‌സും പാലും വീഞ്ഞും നൽകാൻ ഒരു ചെറിയ ടീപോട്ട് ആണ് ഉപയോ​ഗിച്ചത്. ഉറങ്ങുന്ന ഒരാൾക്ക് ഭക്ഷണം നൽകുന്നത് വളരെ ബുദ്ധിമുട്ടാണ്. എലന്റെ താടിയെല്ലുകളിൽ ഒന്ന് അനങ്ങാതായപ്പോൾ അത് കൂടുതൽ ബുദ്ധിമുട്ടായി. അപ്പോൾ അമ്മ അവളുടെ പല്ലിന്റെ ചെറിയ വിടവിലൂടെ അവൾക്ക് ഭക്ഷണം കൊടുക്കും. സങ്കടകരമെന്നു പറയട്ടെ, എലൻ ഉണരും മുമ്പേ അവളുടെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു.

അവളുടെ അമ്മ മരിച്ച് അഞ്ച് മാസം കഴിഞ്ഞപ്പോൾ എലൻ ഉറക്കമുണർന്നു. ഒരുപാട് നേരമെടുത്താണ് അവൾക്ക് ഈ ലോകത്തെയും തന്നെത്തന്നെയും മനസിലാക്കാൻ സാധിച്ചത്. കാരണം മാനസികമായി അവൾക്ക് അപ്പോഴും 11 വയസായിരുന്നു. പിന്നീട്, അവൾ വിവാഹിതയും ആറ് കുട്ടികളുടെ അമ്മയുമായി. 1910 -ലാണ് എലന മരിക്കുന്നത്. മരണകാരണം വ്യക്തമല്ല. 

click me!