ഏകാന്തതയുടെ സങ്കടക്കടലിൽ അവൻ ഒറ്റയ്ക്കാണ്, ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട തിമിം​ഗലത്തിന്റെ വേദനാജനകമായ കഥ!

By Web TeamFirst Published Nov 2, 2021, 11:28 AM IST
Highlights

വടക്കൻ പസഫിക്കിലാണ് അവന്റെ താമസം. അവന്റെ ഈ വിചിത്രമായ ശബ്ദം ഗവേഷകരുടെയും മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ നേടി. അവനെ ചുറ്റിപ്പറ്റി നിരവധി ചർച്ചകൾ ഇന്ന് നടക്കുന്നു.

നിങ്ങളുടെ ശബ്ദം മറ്റുള്ളവർക്ക് കേൾക്കാൻ സാധിക്കാതെ വന്നാൽ, എന്താകും നിങ്ങളുടെ അവസ്ഥ? എത്ര ഒച്ചയിട്ടിട്ടും, കരഞ്ഞ് വിളിച്ചിട്ടും ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. ഈ ലോകത്ത് നിങ്ങൾ വല്ലാതെ ഒറ്റപ്പെടും, അല്ലേ?  എത്ര ഭയാനകമാകും ആ അവസ്ഥ. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കടലിൽ ഇതുപോലെ തീർത്തും ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരു തിമിംഗലമുണ്ട്. അതിനെ വിളിക്കുന്നത് തന്നെ 'ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട തിമിംഗലം'(the loneliest whale) എന്നാണ്. അത് പുറപ്പെടുവിക്കുന്ന ശബ്ദം മറ്റ് തിമിംഗലങ്ങളിൽ നിന്ന് വ്യത്യസ്‍തമാണ്. അതുകൊണ്ട് തന്നെ ഇതിനെ മറ്റുള്ളവർ തിരിച്ചറിയുന്നില്ല എന്നതാണ് ഈ ഏകാന്തതയ്ക്ക് കാരണം.  

വേണ്ടെന്ന് വച്ചിട്ടല്ല, മറിച്ച് കൂട്ടുകാർക്ക് അവനെ തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. ആശയവിനിമയം നടത്താനുള്ള കഴിവില്ലായ്മ കാരണം കൂട്ടുകാരിൽ നിന്ന് അവൻ ഒറ്റപ്പെട്ടു. സാധാരണയായി തിമിംഗലങ്ങൾ 15 മുതൽ 25 ഹെർട്സ് വരെ ആവൃത്തിയുള്ള ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. എന്നാൽ ഈ തിമിംഗലം 52-ഹെർട്സ് ആവൃത്തിയുള്ള ശബ്ദമാണ് ഉണ്ടാകുന്നത്. ഏറ്റവും ഉയർന്ന ആവൃത്തിയുള്ള ഈ സവിശേഷ ശബ്ദം, മറ്റ് തിമിംഗലങ്ങൾക്ക് മനസിലാക്കാൻ കഴിയില്ലെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. തിമിംഗലങ്ങൾ സാമൂഹിക ജീവികളാണ്. ഒറ്റപ്പെട്ട് കഴിയുകയെന്നത് അവയ്ക്ക് ദുഃസ്സഹമാണ്. ആരും അവനോട് കൂട്ടുകൂടുന്നില്ലെന്ന് പറയുമ്പോൾ, വർഷങ്ങളായി അവൻ ഈ ഒറ്റപ്പെടലുമായി പോരാടുന്നുവെന്ന് വ്യക്തമാണ്.  

ശീതയുദ്ധ കാലത്താണ് 52 -ഹെർട്സ് തിമിംഗലത്തിന്റെ കഥ ആരംഭിക്കുന്നത്. 1989 -ൽ യുഎസ് നാവികസേനയാണ് ആദ്യമായി ഇതിന്റെ ശബ്ദം തിരിച്ചറിഞ്ഞത്. 52 ഹെർട്സ് തിമിംഗലത്തിന്റെ ശബ്ദം സാധാരണ തിമിംഗലത്തിന്റെ ഇരട്ടിയിലധികം ആവൃത്തിയുള്ളതാണ്. വാസ്‌തവത്തിൽ, ഇത് കേട്ട സാങ്കേതിക വിദഗ്ധർ അന്തർവാഹിനിയുടെ ശബ്‍ദമാണ് ഇതെന്നാണ് ആദ്യം കരുതിയത്. പിന്നീട് ശീതയുദ്ധശേഷം, തിമിംഗല ഗവേഷകനായ വില്യം വാട്ട്കിൻസ് ഈ അതുല്യമായ ശബ്ദം കേൾക്കാനിടയായി. ഇതുവരെ കേട്ടിട്ടുള്ള തിമിംഗലങ്ങളുടെ ശബ്ദത്തിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു അത്. നിരവധി പഠനങ്ങൾക്കൊടുവിൽ ഇത് ഒരു തിമിംഗലത്തിന്റേത് തന്നെയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതോടെ അവൻ 52 ഹെർട്സ് തിമിംഗലം എന്ന് അറിയപ്പെടാൻ തുടങ്ങി.

വടക്കൻ പസഫിക്കിലാണ് അവന്റെ താമസം. അവന്റെ ഈ വിചിത്രമായ ശബ്ദം ഗവേഷകരുടെയും മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ നേടി. അവനെ ചുറ്റിപ്പറ്റി നിരവധി ചർച്ചകൾ ഇന്ന് നടക്കുന്നു. സംഗീതജ്ഞരും ചലച്ചിത്രകാരന്മാരും എഴുത്തുകാരും അവനെ അടിസ്ഥാനമാക്കി സൃഷ്ടികൾ നടത്തുന്നു. ലോകപ്രശസ്ത കൊറിയൻ സംഗീത ബാൻഡ് BTS 2015 -ൽ Whalien 52 എന്ന പേരിൽ ഒരു ഗാനം പോലും പുറത്തിറക്കിയിരുന്നു. ഈ വർഷം, The Loneliest Whale: The Search for 52 എന്ന പേരിൽ ഒരു ഡോക്യുമെന്ററി പുറത്തിറങ്ങി. ഇത്രയൊക്കെ പ്രശസ്തനായിട്ടും പക്ഷേ ഏകാന്തതയുടെ ആ സങ്കടക്കടലിൽ ഇന്നും അവൻ ഒറ്റക്കാണ്. 

click me!