മക്കളെ ക്രൂരമായി ഉപദ്രവിക്കും, ആറില്‍ രണ്ടുപേരെയും കൊന്നുകളഞ്ഞു; ക്രൂരയായ ആ അമ്മയുടെ മനസിലെന്തായിരുന്നു

By Web TeamFirst Published Sep 7, 2020, 4:50 PM IST
Highlights

എന്നാല്‍, പിന്നീടൊരിക്കല്‍ സൂസനും തെരേസയും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി. അന്ന് അവര്‍ ഒരു ജോഡി കത്രിക ഉപയോഗിച്ച് മകളെ മുറിവേല്‍പ്പിച്ചു. അന്നും അവര്‍ അവള്‍ക്ക് ചികിത്സ നിഷേധിച്ചു. 

സ്വന്തം മക്കളെ അതിക്രൂരമായി ഉപദ്രവിക്കുകയും ആറുപേരില്‍ രണ്ടുപേരെ കൊന്നുകളയുകയും ചെയ്‍ത അമ്മയാണ് തെരേസ നോര്‍. കാലിഫോര്‍ണിയയില്‍ അതിനുള്ള തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ തെരേസ. ചോരയുറഞ്ഞുപോകുന്ന ക്രൂരതയുടെ കഥയാണ് തെരേസയുടേത്.

സ്വാനീ ഗേ, ജെയിംസ് ജിം ക്രോസ് എന്നിവരായിരുന്നു തെരേസയുടെ മാതാപിതാക്കള്‍. അമ്മയോടായിരുന്നു അവള്‍ക്ക് ഏറെ പ്രിയം. തന്‍റെ ചെറുപ്രായത്തില്‍ തന്നെ അമ്മ മരിച്ചത് അവള്‍ക്ക് വലിയ വിഷമമായി. പതിനാറാമത്തെ വയസ്സിലാണ് തെരേസയുടെ വിവാഹം കഴിയുന്നത്. ക്ലിഫോര്‍ഡ് ക്ലൈഡേ സാന്‍ഡേഴ്‍സ് എന്നായിരുന്നു ഭര്‍ത്താവിന്‍റെ പേര്. വിവാഹത്തോടെ അവള്‍ പഠനം നിര്‍ത്തി. പിറ്റേവര്‍ഷം തന്നെ അവള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്‍തു. ഭര്‍ത്താവും ഭാര്യയും തമ്മില്‍ കലഹം പതിവായിരുന്നു. ഒരിക്കല്‍ ഭര്‍ത്താവ് തന്‍റെ മുഖത്തിടിച്ചു എന്നും പറഞ്ഞ് തെരേസ പൊലീസ് സ്റ്റേഷനില്‍ പരാതിവരെ നല്‍കുകയുണ്ടായി. എന്നാല്‍, കേസ് എടുക്കേണ്ടെന്ന് അവള്‍ തന്നെ പറഞ്ഞതിനെ തുടര്‍ന്ന് അയാളെ വിട്ടയക്കുകയായിരുന്നു. 

പിന്നീട്, സാന്‍ഡേഴ്‍സിന്‍റെ പിറന്നാള്‍ ദിവസത്തിന്‍റെ പിറ്റേന്ന് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വലിയ കലഹം നടന്നു. അയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചു എന്നും പറഞ്ഞായിരുന്നു കലഹം. വഴക്കിനിടയില്‍ താന്‍ തെരേസയെ ഉപേക്ഷിച്ച് പോവുകയാണെന്നും ഇനി തനിക്ക് സഹിക്കാനാവില്ലെന്നും സാന്‍ഡേഴ്‍സ് അവളെ അറിയിച്ചു. ഇത് തെരേസയെ പ്രകോപിതയാക്കി. അവള്‍ അയാളെ പിറകില്‍നിന്നും വെടിവെച്ചു. 

സാന്‍ഡേഴ്‍സിന്‍റെ കൊലപാതകക്കുറ്റം ചുമത്തി തെരേസ അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍, സ്വയം പ്രതിരോധിക്കുന്നതിനിടയില്‍ സംഭവിച്ചുപോയത് എന്നായിരുന്നു തെരേസയുടെ വാദം. വിചാരണയുടെ സമയത്ത് അവള്‍ തന്‍റെ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്നു. ഭര്‍ത്താവ് മദ്യപിച്ച് വന്ന് തന്നെ ഉപദ്രവിച്ചുവെന്നും അതുകൊണ്ടാണ് തനിക്കങ്ങനെ ചെയ്യേണ്ടി വന്നത് എന്നുമായിരുന്നു തെരേസ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍, സാന്‍ഡേഴ്‍സിന്‍റെ ബന്ധുക്കളും എന്തിന് തെരേസയുടെ ചില ബന്ധുക്കള്‍ വരെ അയാള്‍ അങ്ങനെ ചെയ്യുന്നവനല്ലെന്ന് സാക്ഷ്യം പറയുകയുണ്ടായി. ഏതായാലും തെരേസയെ കോടതി വെറുതെ വിട്ടു. അധികം താമസിയാതെ അവള്‍ തന്‍റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി. 

ഷെയ്‍ല എന്നായിരുന്നു കുട്ടിയുടെ പേര്. കുട്ടി ജനിച്ചശേഷം തെരേസ നന്നായി മദ്യപിക്കാന്‍ തുടങ്ങി. അവിടെവച്ചാണ് അവള്‍ എസ്റ്റെല്ലെ ലീ തോണ്‍സ്ബെറി എന്നയാളെ കണ്ടുമുട്ടുന്നത്. അധികം വൈകാതെ അവര്‍ പ്രണയത്തിലായി. പിന്നീട് ഒരുമിച്ച് താമസിക്കാനും തുടങ്ങി. ആ സമയത്ത് നിരന്തരമായി അവള്‍ മക്കളെ അയാളെ ഏല്‍പ്പിച്ച് മദ്യപിക്കാന്‍ പുറത്തു പോകുന്നുണ്ടായിരുന്നു. അയാള്‍ അവളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ അവള്‍ തന്‍റെ അടുത്ത സുഹൃത്തുമായി പ്രണയത്തിലാണ് എന്ന് മനസിലാക്കിയ തോണ്‍സ്ബെറി ബന്ധമുപേക്ഷിച്ചു. പിന്നീട് തെരേസ റോബര്‍ട്ട് നോര്‍ എന്നയാളുമായി പ്രണയത്തിലായി. അധികം വൈകാതെ അവള്‍ ഗര്‍ഭിണിയാവുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്‍തു. 

തെരേസയുടെ മൂന്നാമത്തെ മകള്‍ സൂസന്‍ മര്‍ലിന്‍ നോര്‍ ജനിക്കുന്നത് 1966 -ലാണ്. പിന്നെയും അവര്‍ക്ക് മൂന്ന് കുട്ടികള്‍ കൂടി ജനിച്ചു. ഭര്‍ത്താവിന് മറ്റ് ബന്ധങ്ങളുണ്ടെന്ന് തെരേസ ആരോപിക്കാന്‍ തുടങ്ങിയതോടെ നോറുമായുള്ള ബന്ധവും കലഹത്തിലേക്കെത്തി. എന്നാല്‍, തെരേസയ്ക്ക് മറ്റാരുമായോ ബന്ധമുണ്ട് എന്ന് ആരോപിച്ച് അയാള്‍ അവളുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീടാണ് അവള്‍ ചെസ്റ്ററ്റര്‍ ഹാരിസ് എന്നയാളെ വിവാഹം കഴിക്കുന്നത്. എന്നാല്‍, തന്‍റെ മകള്‍ സൂസനുമായി അയാള്‍ കൂടുതല്‍ അടുക്കുന്നുവെന്ന തോന്നല്‍ തെരേസയില്‍ അസൂയയുണ്ടാക്കി. പിന്നീട്, അയാള്‍ സമ്മതത്തോടെയാണെങ്കിലും മറ്റ് സ്ത്രീകളുടെ നഗ്നചിത്രങ്ങളെടുക്കുന്നുവെന്നാരോപിച്ച് അവള്‍ അയാളുമായി ബന്ധമൊഴിഞ്ഞു. 

കുട്ടികളെ ഉപദ്രവിക്കുന്നു

തെരേസ കുട്ടികളെ മാനസികവും ശാരീരികവുമായി നിരന്തരം ഉപദ്രവിക്കുകയും ചീത്തവിളിക്കുകയും ചെയ്‍തിരുന്നു. നാലാമത്തെ വിവാഹബന്ധവും അവസാനിച്ചതോടെ അവളുടെ മദ്യപാനം കൂടുകയും തൂക്കം കൂടുകയും ദേഷ്യം വര്‍ധിക്കുകയുമെല്ലാം ചെയ്‍തു. അവള്‍ വീട്ടിലെ ഫോണ്‍ബന്ധം വിച്ഛേദിക്കുകയും കുട്ടികളെ പുറത്തുപോകുന്നതില്‍ നിന്നും മറ്റുള്ളവരുമായി സംസാരിക്കുന്നതില്‍ നിന്നും തടയുകയും ചെയ്‍തു. അവരെ സ്‍കൂളിലും അയച്ചിരുന്നില്ല. 

മര്‍ദ്ദിക്കുക, സിഗരറ്റ് വച്ച് പൊള്ളിക്കുക തുടങ്ങി ഒരുപാട് മാര്‍ഗങ്ങളിലൂടെ തെരേസ മക്കളെ ഉപദ്രവിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ഏറ്റവും ഇളയ മകളുടെ നെറ്റിയില്‍ പിസ്റ്റള്‍ വെച്ച് അവളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക വരെയുണ്ടായി. എന്നാല്‍, ഏറ്റവുമധികം പീഡനങ്ങളേറ്റുവാങ്ങേണ്ടി വന്നത് മൂത്ത കുട്ടികളായ സൂസനും ഷെയ്‍ലക്കുമായിരുന്നു. അവര്‍ വളരുന്തോറും, സുന്ദരികളാവുന്തോറും തനിക്ക് പ്രായം കൂടുന്നുവെന്നും മക്കള്‍ തന്നേക്കാള്‍ ആകര്‍ഷകമായി വരുന്നുവെന്നുമുള്ള ഭയവും ക്രോധവും തെരേസയെ വേട്ടയാടി. 

ഹാരിസ് തന്‍റെ മകള്‍ സൂസന്നയെ ഒരു മോശക്കാരിയാക്കി എന്നാരോപിച്ച് അവള്‍ നിരന്തരം സൂസനെ ഉപദ്രവിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ക്രൂരമര്‍ദ്ദനത്തിനിരയായതിനെ തുടര്‍ന്ന് സൂസന്‍ വീട്ടില്‍നിന്നും ഓടിപ്പോയി. എന്നാല്‍, പൊലീസ് അവളെ ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ എത്തിക്കുകയാണ് ചെയ്‍തത്. അവിടെവച്ച് അവള്‍ അമ്മ ഉപദ്രവിക്കുന്ന കാര്യം പറഞ്ഞുവെങ്കിലും ആരുമത് മുഖവിലയ്ക്കെടുത്തില്ല. മാത്രവുമല്ല, മകള്‍ക്കെന്തോ മാനസിക പ്രശ്‍നമുണ്ട് എന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും തെരേസയ്ക്ക് സാധിച്ചു. അങ്ങനെ സൂസനെ അമ്മയുടെ അടുത്തേക്ക് തന്നെ തിരിച്ചയച്ചു. ഓടിപ്പോയതിന്‍റെ കൂടിച്ചേര്‍ത്ത് സൂസനെ ഉപദ്രവിക്കുന്നത് ഇരിട്ടിക്കിരട്ടിയാക്കി മാറ്റി തെരേസ. ലെതറിന്‍റെ ഗ്ലൗസ് ധരിച്ചായിരുന്നു തെരേസ മകളെ ഉപദ്രവിച്ചത്. ഒപ്പം കട്ടിലിനോട് കെട്ടിയിട്ട് മറ്റ് മക്കളോട് അവള്‍ക്ക് പച്ചവെള്ളം പോലും കൊടുക്കരുത് എന്നും നിര്‍ദ്ദേശിച്ചു. 

സൂസന്‍ മരിക്കുന്നു

അതിനുശേഷം ഒരുദിവസം ദേഷ്യം വന്ന തെരേസ തന്‍റെ ഇളയ കുട്ടിയോട് സൂസന്‍റെ വയറ്റില്‍ വെടിവയ്ക്കാനാവശ്യപ്പെട്ടു. വേടിയേറ്റ മകളെ ഒരുതരത്തിലും ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ തെരേസ തയ്യാറായില്ല. ബാത്ത്ടബ്ബില്‍ അവളെ മരിക്കാന്‍ വിടുകയായിരുന്നു തെരേസ. പക്ഷേ, സൂസന്‍ മരിച്ചില്ല. അവസാനം തെരേസ തന്നെ അവളെ പരിചരിച്ചു. മറ്റ് മക്കളെയും അവളെ പരിചരിക്കാന്‍ അനുവദിച്ചു. അങ്ങനെ പ്രൊഫഷണല്‍ മെഡിക്കല്‍ സഹായങ്ങളൊന്നും ലഭിച്ചില്ലെങ്കിലും സൂസന്‍ പതിയെ ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരുന്നു. 

എന്നാല്‍, പിന്നീടൊരിക്കല്‍ സൂസനും തെരേസയും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി. അന്ന് അവര്‍ ഒരു ജോഡി കത്രിക ഉപയോഗിച്ച് മകളെ മുറിവേല്‍പ്പിച്ചു. അന്നും അവര്‍ അവള്‍ക്ക് ചികിത്സ നിഷേധിച്ചു. ഒടുവില്‍ സഹികെട്ട് സൂസന്‍ അലാസ്‍കയിലേക്ക് പോവാന്‍ തീരുമാനിച്ചു. തെരേസ ഒറ്റ കണ്ടീഷനുമേല്‍ സൂസന്‍റെ തീരുമാനം അംഗീകരിച്ചു. അവളുടെ ദേഹത്തെ ബുള്ളറ്റ് നീക്കം ചെയ്യാന്‍ അനുവദിക്കണം. ഇല്ലാത്തപക്ഷം സൂസന്‍ പുറത്തുപോയി താന്‍ ഉപദ്രവിക്കപ്പെടുന്നുവെന്ന് ആരോപിച്ചാല്‍ അത് തെളിയിക്കുന്ന ശക്തമായ തെളിവായി മാറും ബുള്ളറ്റ് എന്ന് തെരേസയ്ക്കറിയാമായിരുന്നു. ഏതായാലും സൂസനത് അംഗീകരിച്ചു. അവള്‍ക്ക് അവിടെനിന്നും രക്ഷപ്പെടണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

അങ്ങനെ ഏതൊക്കെയോ ഗുളികകളും മദ്യവും നല്‍കി ബോധം മറച്ച് അവര്‍ സൂസന്‍റെ ശരീരത്തിലെ ബുള്ളറ്റ് നീക്കം ചെയ്യാന്‍ ശ്രമിച്ചു. സൂസന്‍റെ ബോധം മറഞ്ഞപ്പോള്‍ തെരേസ തന്‍റെ 15 വയസുള്ള മകനോട് കത്തി ഉപയോഗിച്ച് സൂസന്‍റെ ശരീരത്തിലെ ബുള്ളറ്റ് നീക്കാന്‍ ആവശ്യപ്പെട്ടു. പിറ്റേദിവസം കടുത്തവേദനയുമായാണ് സൂസന്‍ എഴുന്നേറ്റത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവളുടെ അവസ്ഥ വളരെ മോശമായി. തെരേസ അവള്‍ക്ക് ആന്‍റിബയോട്ടിക്സും മറ്റും കൊടുത്തുവെങ്കിലും സൂസന്‍റെ അവസ്ഥ മോശമായി വന്നു. 

ഒടുവില്‍ തെരേസ സൂസന്‍റേതായ എല്ലാ വസ്‍തുക്കളും പാക്ക് ചെയ്‍തു. സൂസന്റെ കൈകളും കാലുകളും ബന്ധിച്ച് വായിൽ ടേപ്പ് വച്ചൊട്ടിച്ചശേഷം, മക്കളായ റോബർട്ടിനോടും വില്യമിനോടും സൂസനെ അവരുടെ കാറിൽ കയറ്റാൻ ആവശ്യപ്പെട്ടു. അവർ അവളെ ദൂരേക്ക് കൊണ്ടുപോയി. അവിടെ റോബർട്ടും വില്യമും റോഡിന്റെ അരികിൽ അവളുടെ സാധനങ്ങൾ അടങ്ങിയ ബാഗുകൾക്ക് മുകളിൽ അവളെയും എടുത്തുവച്ചു. തെരേസ സൂസനെയും ബാഗുകളെയും  തീയിട്ടു കത്തിച്ചു. സൂസന്‍റെ പാതിവെന്ത ശരീരം അടുത്ത ദിവസം കണ്ടെത്തി. പോസ്റ്റ്‌മോർട്ടത്തിൽ, കത്തിച്ചപ്പോൾപ്പോലും അവൾക്ക് ജീവനുണ്ടായിരുന്നുവെന്ന് കണ്ടെത്തി. അവശിഷ്ടങ്ങളുടെ അവസ്ഥ കാരണം ആളെ തിരിച്ചറിയാനായില്ല. സൂസനെ ജെയ്ൻ ഡോ # 4873/84 എന്ന് പൊലീസ് രേഖപ്പെടുത്തി. 

ഷെയ്‍ലയുടെ മരണം

സൂസന്‍ കൊല്ലപ്പെട്ടതോടെ ഷെയ്‍ലയായി തെരേസയുടെ അടുത്ത ലക്ഷ്യം. അവര്‍ അവളെ വേശ്യാവൃത്തിയിലേക്ക് നിര്‍ബന്ധിച്ച് ഇറക്കിവിട്ടു. തെരേസ ജോലിക്കൊന്നും പോവില്ലായിരുന്നു എന്നതിനാല്‍ത്തന്നെ കയ്യില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. തനിക്കും മക്കള്‍ക്കും കഴിയാനുള്ളത് കണ്ടെത്താനായി ഷെയ്‍ല ലൈംഗികത്തൊഴില്‍ ചെയ്തേ തീരൂവെന്ന് അവള്‍ വാശിപിടിച്ചു. ഒടുവില്‍ ഷെയ്‍ല അത് തന്നെ ചെയ്യേണ്ടി വന്നു. എന്നാല്‍, പണം കൊണ്ടുവരുന്ന ആളെന്ന നിലയില്‍ അവള്‍ക്ക് നേരെയുള്ള തെരേസയുടെ അതിക്രമം കുറഞ്ഞുവന്നു. പക്ഷേ, അതിനും അല്‍പായുസ്സായിരുന്നു. ഷെയ്‍ല ഗര്‍ഭിണിയായി എന്നും അവള്‍ക്ക് ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ ബാധിച്ചുവെന്നും, ടോയ്‍ലെറ്റ് സീറ്റുപയോഗിച്ചതിലൂടെ അത് തന്നിലേക്കും എത്തിയെന്നുമാരോപിച്ച് തെരേസ മകളെ അക്രമിച്ചു തുടങ്ങി. അവരവളെ വെന്‍റിലേഷന്‍ പോലുമില്ലാത്ത ഒരു മുറിയില്‍ അടച്ചിട്ടു. വാതില്‍ തുറക്കാനോ അവള്‍ക്ക് പച്ചവെള്ളം പോലും കൊടുക്കാനോ പാടില്ലെന്ന് തെരേസ മറ്റ് മക്കളോട് കര്‍ശനമായി നിര്‍ദ്ദേശിച്ചു. 

ഈ ശിക്ഷകള്‍ക്കൊരവസാനമുണ്ടാക്കാന്‍ താന്‍ ഗര്‍ഭിണിയാണ് എന്നും അസുഖമുണ്ട് എന്നും ഷെയ്‍ല സമ്മതിച്ചുകൊടുത്തു. എന്നാല്‍, ഷെയ്‍ല കള്ളം പറയുന്നുവെന്ന് പറഞ്ഞ് അവര്‍ അവളെ പുറത്ത് പോവാന്‍ സമ്മതിച്ചില്ല. മൂന്ന് ദിവസങ്ങള്‍ക്കുശേഷം പട്ടിണിയെയും ഡീഹൈഡ്രേഷനെയും തുടര്‍ന്ന് അവള്‍ മരണമടഞ്ഞു. അവിടെനിന്നും മൂന്നുദിവസം കൂടി കഴിഞ്ഞശേഷം അവള്‍ വീണ്ടും തന്‍റെ രണ്ട് മക്കളോട് അവളുടെ ശരീരം കത്തിച്ചുകളയാന്‍ ആവശ്യപ്പെട്ടു. അവര്‍ ആ ശരീരം ഒരു കാര്‍ഡോബോര്‍ഡ് ബോക്സിലാക്കി കൊണ്ടുക്കളഞ്ഞു. കുറച്ച് മണിക്കൂറുകള്‍ക്കുശേഷം തന്നെ മൃതദേഹം കണ്ടെത്തിയെങ്കിലും അതും തിരിച്ചറിയപ്പെടുകയുണ്ടായില്ല. പൊലീസ് അജ്ഞാത മൃതദേഹങ്ങള്‍ക്ക് നല്‍കുന്ന ജാനെ ഡോ #6607-85 എന്ന പേരിലും നമ്പറിലും ആ മൃതദേഹത്തെ രേഖപ്പെടുത്തി. 

എന്നാല്‍, ഷെയ്‍ലയുടെ ശരീരം അപ്പാര്‍ട്മെന്‍റില്‍ നിന്നും നീക്കം ചെയ്‍തുവെങ്കിലും ആ നാറ്റം മാറിയില്ല. അത് പുറത്തറിയുമെന്നും അതിലൂടെ താന്‍ കൊലക്കുറ്റത്തിന് അറസ്റ്റിലായേക്കാമെന്നും തെരേസ ഭയന്നു. അങ്ങനെ സാധനങ്ങളെല്ലാം വാരിക്കെട്ടി പുറത്തെത്തിച്ച ശേഷം മകള്‍ ടെറിയോട് വീടിന് തീയിടാനും തെരേസ ആവശ്യപ്പെട്ടു. ഒരു തെളിവും അവശേഷിക്കരുതെന്ന നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു അത്. അന്നുരാത്രി ടെറി ആ അപാര്‍ട്മെന്‍റിന് തീവെച്ചു. 

തീ പടരുന്നതിനുമുമ്പ് അയൽക്കാർ പൊലീസില്‍ റിപ്പോർട്ട് ചെയ്തതിനാൽ വീടിന് വലിയ നാശനഷ്ടമുണ്ടായില്ല. ഷെയ്‍ല മരിച്ച മുറിക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. കൊലപാതകക്കുറ്റം തെരേസയുടെമേല്‍ ചാര്‍ത്തപ്പെട്ടു. പൊലീസ് അവിടെനിന്നും തെളിവുകളും ശേഖരിച്ചു. എന്നാല്‍, തെരേസ ഒളിവിൽ പോയി. അവളുടെ 18 കഴിഞ്ഞ മക്കള്‍ അമ്മയുമായുള്ള ബന്ധം വിച്ഛേദിച്ചു. ഇളയ കുട്ടി, 16 വയസ്സുള്ള ടെറിയും അമ്മയുടെ പരിചരണത്തിൽ നിന്ന് രക്ഷപ്പെടുകയും ഷെയ്‍ലയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് നിയമപരമായി പ്രായപൂർത്തിയായ ഒരാളായി ആ സ്ഥലത്തുനിന്നും മാറുകയും ചെയ്‍തു. തെരേസയ്ക്കൊപ്പം തുടരുന്ന ഒരേയൊരു മകന്‍ റോബർട്ട് ജൂനിയർ ആയിരുന്നു, അന്ന് അവന് 19 വയസ്സായിരുന്നു. തെരേസ, റോബർട്ട് ജൂനിയർ എന്നിവർ ലാസ് വെഗാസിലേക്ക് മാറി അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ജീവിക്കാന്‍ തുടങ്ങി. 1991 നവംബറിൽ, ലാസ് വെഗാസ് ബാറിൽ കവർച്ചാശ്രമത്തിനിടെ ജൂനിയർ റോബർട്ട് നോർ അറസ്റ്റുചെയ്യപ്പെട്ടു. തുടര്‍ന്ന് അവന്‍ 16 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. അതോടെ തെരേസ അവിടെനിന്നും മുങ്ങി. 

അമ്മയില്‍ നിന്നും രക്ഷപ്പെട്ട ടെറി തന്‍റെ സഹോദരിമാരുടെ മരണത്തെക്കുറിച്ച് പൊലീസില്‍ വിവരം നല്‍കി. എന്നാല്‍, അതൊക്കെ ഭാവനയാണെന്ന് ആരോപിച്ച് പൊലീസ് അവളെ അവഗണിക്കുകയാണുണ്ടായത്. അവള്‍ കണ്ട ഒരു തെറാപ്പിസ്റ്റും നേരത്തെ അത് തന്നെയാണ് ചെയ്‍തിരുന്നത്. 1993 -ല്‍ ടെറി 'അമേരിക്കാസ് മോസ്റ്റ് വാണ്ടഡ്' എന്ന ടെലവിഷന്‍ പ്രോഗ്രാം നടത്തുന്നവരുമായി ബന്ധപ്പെട്ടു. അവര്‍ അവളോട് ഡിറ്റക്ടീവിനെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ അവളെ ഗൗരവമായിക്കേട്ടു. അന്വേഷണവും ആരംഭിച്ചു. ജാനെ ഡോ എന്ന പേരില്‍ രേഖപ്പെടുത്തപ്പെട്ട രണ്ട് മരണങ്ങളിലേക്ക് അവരുടെ ശ്രദ്ധയെത്തി. ടെറിയുടെ വിശദമായ വിവരണം കേട്ടപ്പോള്‍ അവള്‍ പറയുന്നത് സത്യമാണ് എന്ന് അവര്‍ക്കെല്ലാം മനസിലായി. നവംബര്‍ നാലിന് തെരേസയുടെ മകന്‍ വില്ല്യം അറസ്റ്റ് ചെയ്യപ്പെട്ടു. റോബര്‍ട്ട് ജൂനിയര്‍ തടവ് അനുഭവിക്കെത്തന്നെ അവന്‍റെ മേലും സഹോദരിമാരുടെ കൊലപാതകക്കുറ്റം ചുമത്തപ്പെട്ടു. 1993 -ല്‍ തെരേസയും അറസ്റ്റ് ചെയ്യപ്പെട്ടു. ആ സമയത്ത് ഒരുവീട്ടില്‍ പരിചാരികയായി കള്ളപ്പേരില്‍ കഴിയുകയായിരുന്നു തെരേസ. തെരേസയ്ക്കുമേല്‍ രണ്ട് കൊലപാതക്കുറ്റവും ചാര്‍ത്തപ്പെട്ടു. ആദ്യമെല്ലാം കുറ്റം ചെയ്‍തിട്ടില്ലെന്ന് ആവര്‍ത്തിച്ചുവെങ്കിലും കുറ്റം ഒടുവില്‍ തെളിയിക്കപ്പെട്ടു. 

തെരേസയുടെ മകള്‍ ടെറി വിവാഹിതയായി. രണ്ടാം ഭര്‍ത്താവിന്‍റെ കൂടെ അമ്മ താമസിച്ചിരുന്നതിന്‍റെ കുറച്ച് മാത്രം അകലെയായിട്ടായിരുന്നു അവളും താമസിച്ചിരുന്നത്. എന്നാല്‍, അവര്‍ ഇരുവരും പരസ്‍പരം അറിഞ്ഞിരുന്നില്ല. നാല്‍പത്തിയൊന്നാമത്തെ വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ടെറി മരണപ്പെട്ടു. 

തെരേസ ഇപ്പോഴും മക്കളുടെ കൊലപാതകത്തില്‍ ശിക്ഷ അനുഭവിക്കുകയാണ്. 

click me!