രക്ഷിക്കാനിറക്കിയ 'ചെകുത്താന്‍'മാര്‍ ഒരു ദ്വീപിന് കൊടുത്ത പണി!

By Web TeamFirst Published Jun 22, 2021, 1:07 PM IST
Highlights

ടാസ്‌മെയിനിയന്‍ ചെകുത്താന്‍മാരെ മരിയ ദ്വീപിലേക്ക് കൊണ്ടുപോവുന്നതിന് ഒരു വര്‍ഷം മുമ്പു തന്നെ ശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മെല്‍ബണ്‍: വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ്വ ജീവിജനുസ്സിനെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌രിച്ച പദ്ധതി മറ്റൊരു ജീവിവിഭാഗത്തിന്റെ നാശത്തിനു കാരണമായി. ഓസ്‌ട്രേലിയയിലാണ് വംശനാശഭീഷണി നേരിടുന്നതിനെ തുടര്‍ന്ന് വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ പുനരധിവസിപ്പിച്ച ജീവികള്‍ അവിടെ ഉള്ള മറ്റൊരു വിഭാഗം ജീവികളെ തുടച്ചുമാറ്റിയത്.  ഓസ്ട്രലിയന്‍ സംസ്ഥാനമായ ടാസ്‌മെയിനിയയിലുള്ള മരിയ ദ്വീപ് നാഷനല്‍ പാര്‍ക്കിലാണ് കംഗാരു വിഭാഗത്തില്‍പെട്ട ടാസ്മാനിയന്‍ ചെകുത്താന്‍ (Tasmanian devil) ജീവികളെ ഒമ്പതു വര്‍ഷം മുമ്പ് വന്‍തോതില്‍ ഇറക്കിയത്. ഇവ പെന്‍ഗ്വിന്‍ ഇനത്തില്‍പെട്ട കുഞ്ഞുകടല്‍പ്പക്ഷികളെയാണ് വന്‍തോതില്‍ തിന്നൊടുക്കിയത്. 

 

 

അതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ടാസ്‌മെയിനിയന്‍ ചെകുത്താന്‍മാര്‍ ഓസ്ട്രലിയന്‍ ഉപഭൂഖണ്ഡത്തില്‍ കാണപ്പെടുന്ന ആദിമ സസ്തനി വിഭാഗമാണ്. മുഖത്തു ബാധിക്കുന്ന പ്രത്യേക തരം കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ഇവയ്ക്ക് അതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു.  വംശനാശം സംഭവിക്കുന്ന ജീവികളുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട 'ചെകുത്താന്‍'മാരെ രക്ഷപ്പെടുത്തുന്നതിനായി ഓസ്‌ട്രേലിയന്‍ സര്‍ക്കാറും ടാസ്‌മെയിനിയന്‍ സര്‍ക്കാറും സംയുക്തമായാണ് സേവ് ദ ടാസ്‌മെയിനിയന്‍ ഡെവിള്‍ പദ്ധതി (STDP) ആരംഭിച്ചത്. തുടര്‍ന്നാണ് 2012-ല്‍ ഇവയെ മരിയ ദ്വീപിലേക്ക് മാറ്റിയത്. കപ്പലിലേറി ദ്വീപിലേക്ക് വന്ന ചെകുത്താന്‍മാര്‍ വംശനാശത്തെ അതിജീവിച്ചു. എന്നാല്‍, ദ്വീപിലെ കുഞ്ഞുപക്ഷികള്‍ അതിനു വലിയ വില കൊടുക്കേണ്ടിവന്നു. 

 

 

മാംസഭുക്കുകളായ ഈ ജീവികള്‍ കാരണം, ഇവിടത്തെ കുഞ്ഞുപെന്‍ഗ്വിനുകള്‍ വംശനാശത്തിലേക്ക് അടുക്കുകയാണ് എന്നാണ് കണ്ടെത്തല്‍. പെന്‍ഗ്വിന്‍ ഇനത്തില്‍പെട്ട ഏറ്റവും ചെറിയ പക്ഷികളാണിത്. ഒമ്പതു വര്‍ഷം കൊണ്ട് മൂവായിരം കുഞ്ഞുപെന്‍ഗ്വിനുകളാണ് ദ്വീപിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍നിന്നും അപ്രത്യക്ഷമായത്. ചെകുത്താന്‍മാരെ ഇവിടെനിന്നു മാറ്റുകയാണ് ഇതിനു പ്രതിവിധി എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 

ടാസ്‌മെയിനിയന്‍ ചെകുത്താന്‍മാരെ മാറ്റിപ്പാര്‍പ്പിച്ചത് മരിയ ദ്വീപിലെ പക്ഷി ഇനങ്ങള്‍ക്ക് ഗുരുതരമായ ദുരന്തമാണ് ഉണ്ടാക്കിയതെന്ന് 'ബേഡ്‌ലൈഫ് ടാസ്‌മെയിനിയ' എന്ന സന്നദ്ധ സംഘടന പറയുന്നു. 2012-ല്‍ മൂവായിരം കുഞ്ഞുപെന്‍ഗ്വിനുകള്‍ ഉണ്ടായിരുന്ന മരിയദ്വീപില്‍ ഇപ്പോള്‍ അവ നാമാവശേഷമായി എന്ന് സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ച് സംഘടന വിശദീകരിക്കുന്നു. 

 

 

ടാസ്‌മെയിനിയന്‍ ചെകുത്താന്‍മാരെ മരിയ ദ്വീപിലേക്ക് കൊണ്ടുപോവുന്നതിന് ഒരു വര്‍ഷം മുമ്പു തന്നെ ശാസ്ത്രജ്ഞര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെകുത്താന്‍മാരെ മാറ്റുന്നത് ദ്വീപിലെ കുഞ്ഞുപെന്‍ഗ്വിന്‍ അടക്കമുള്ള പക്ഷിവിഭാഗങ്ങളെ സാരമായി ബാധിക്കാനിടയുണ്ട് എന്നായിരുന്നു 2011-ല്‍ ടാസ്‌മെയിനിയന്‍ പരിസ്ഥിതി വകുപ്പ് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍, ഇത് പരിഗണിക്കാതെയാണ് സര്‍ക്കാര്‍ പുനരധിവാസത്തിന് തുനിഞ്ഞത്.  ടാസ്‌മെയിനിയയും ഓസ്‌ട്രേലിയയും തമ്മിലുള്ള രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു അത്. ടാസ്‌മെയിനിയന്‍ ചെകുത്താന്‍മാര്‍ ഒരിനം കടല്‍പ്പക്ഷികളെ ഉന്‍മൂലനം ചെയ്‌തെന്നു വ്യക്തമാക്കുന്ന പഠനം കഴിഞ്ഞ വര്‍ഷം ബയോളജിക്കല്‍ കണ്‍സര്‍വേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിനു പിന്നാലെയാണ്, മരിയ ദ്വീപിലെ അനുഭവം പുറത്തുവന്നത്. 

ഇവയെ ദ്വീപില്‍നിന്നു മാറ്റണമെന്നാണ് ബേഡ്‌ലൈഫ് ടാസ്‌മെയിനിയ ആവശ്യപ്പെടുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷത്തെ സംരക്ഷണ നടപടികളെ തുടര്‍ന്ന് ടാസ്‌മെയിനിയന്‍ ചെകുത്താന്‍മാരുടെ വംശവര്‍ദ്ധന ഉണ്ടായതായും ഇവിടെനിന്നും മാറ്റുന്നത് ഇനി അവയെ സാരമായി ബാധിക്കാനിടയില്ല എന്നുമാണ് സംഘടനയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. 

എന്നാല്‍, മരിയ ദ്വീപില്‍ നിലവിലെ അവസ്ഥ തുടരുമെന്നാണ് ടാസ്‌മെയിനിയന്‍ സര്‍ക്കാര്‍ ബിബിസിയോട് പറഞ്ഞത്. ശാസ്ത്രീയ അറിവുകളുടെ അനുഭവത്തില്‍ തീരുമാനം പുന:പരിശോധിക്കുന്നതുവരെ ചെകുത്താന്‍മാരുടെ പുനരധിവാസ പദ്ധതി തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

click me!