യുവതി അറിയാതെ വീട്ടിൽ രഹസ്യമായി പാർത്ത് അപരിചിതൻ!

Published : Jun 15, 2022, 12:11 PM IST
യുവതി അറിയാതെ വീട്ടിൽ രഹസ്യമായി പാർത്ത് അപരിചിതൻ!

Synopsis

നോക്കിയപ്പോൾ, ഒരു കിടപ്പുമുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി അവൾ കണ്ടെത്തി. എന്നാൽ, അന്നവിടെ അവളല്ലാതെ ആരും തന്നെ ഉണ്ടായിരുന്നില്ല. അവൾക്ക് എന്ത് ചെയ്യണമെന്ന് ഒരു രൂപവും കിട്ടിയില്ല. പേടിച്ച് അവൾ ലിവിംഗ് റൂമിൽ വന്നിരുന്നു.

അപരിചിതനായ ഒരാൾ നിങ്ങളുടെ വീട്ടിൽ ദിവസങ്ങളോളം രഹസ്യമായി താമസിച്ചെന്നിരിക്കട്ടെ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? നമ്മെ ഏറ്റവും അസ്വസ്ഥമാക്കുന്ന കാര്യങ്ങളിലൊന്നായിരിക്കും അത്, അല്ലെ? താനറിയാതെ ഒരു പുരുഷൻ തന്റെ അപ്പാർട്ട്മെന്റിൽ ഒരു ദിവസം മുഴുവൻ ചിലവഴിച്ചുവെന്ന് ഒരു സ്ത്രീ അടുത്തിടെ ടിക് ടോക്കിൽ വെളിപ്പെടുത്തി. അവളുടെ ഈ വീഡിയോ ഇപ്പോൾ വൈറലാണ്. യുവതിയുടെ പേര് ഡെകാരാഹ്. യുഎസിലെ അരിസോണയിലെ ടക്‌സണിലാണ് അവരുടെ ഫ്ലാറ്റ്. 

അവൾ താമസിക്കുന്ന കെട്ടിടത്തിൽ ഇടക്കിടെ വീടില്ലാത്ത ഒരാൾ കയറി ഇറങ്ങിയിരുന്നു. ഒരു ദിവസം അവൾക്ക് ഒരു മെയിൽ ലഭിച്ചു. അവളുടെ ബ്ലോക്കിൽ അയാൾ വീണ്ടും കയറിയിട്ടുണ്ടെന്നും, ശ്രദ്ധിക്കണമെന്നും പറഞ്ഞുകൊണ്ട് അപ്പാർട്ട്മെന്റ് മാനേജ്മെന്റ് അയച്ച മെയിലായിരുന്നു അത്. അവർ ആളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും, പൊലീസ് വഴിയേ വരുന്നുണ്ടെന്നും മെയിലിൽ എഴുതിയിരുന്നു. എന്നാൽ ഇത് ആദ്യത്തെ സംഭവമായിരുന്നില്ല. അതുകൊണ്ട് തന്നെ അവൾക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. അവൾ പതിവ് പോലെ കെട്ടിടത്തിലുള്ള ജിമ്മിൽ പോയി. എന്നാൽ വാതിൽ പൂട്ടാതെയായിരുന്നു അവൾ ജിമ്മിൽ പോയത്. മൂന്ന് റൂംമേറ്റ്‌സിനൊപ്പമാണ് അവൾ അവിടെ താമസിച്ചിരുന്നത്. അവൾ ഇല്ലെങ്കിലും മറ്റാരെങ്കിലും എപ്പോഴും വീട്ടിൽ കാണും. അതുകൊണ്ട് തന്നെ പുറത്ത് പോകുമ്പോൾ വീട് പൂട്ടാറില്ല. പിന്നീട് തനിക്ക് അതൊരു ശീലമായി മാറിയെന്നും അവൾ പറയുന്നു.

അവൾ ജിമ്മിൽ നിന്ന് വീട്ടിലെത്തി ബാക്കിയുള്ള ജോലികൾ ചെയ്തു കൊണ്ടിരുന്നു. മണിക്കൂറുകൾക്ക് ശേഷം, അവൾ തന്റെ ഇമെയിൽ വീണ്ടും പരിശോധിച്ചു. അയാളെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും, അതുകൊണ്ട് വാതിലുകൾ ലോക്ക് ചെയ്യാൻ മറക്കരുതെന്നും പറഞ്ഞുള്ള ഒരു മെയിലായിരുന്നു അത്. ജിമ്മിൽ പോയപ്പോൾ വാതിൽ പൂട്ടിയിരുന്നില്ലെന്ന് അപ്പോഴാണ് അവൾക്ക് ഓർമ്മ വന്നത്. അപ്പാർട്ട്മെന്റിലെ നാല് കിടപ്പുമുറികളും നാല് ബാത്ത്റൂമുകളും പരിശോധിക്കാൻ അവൾ തീരുമാനിച്ചു.

നോക്കിയപ്പോൾ, ഒരു കിടപ്പുമുറി അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതായി അവൾ കണ്ടെത്തി. എന്നാൽ, അന്നവിടെ അവളല്ലാതെ ആരും തന്നെ ഉണ്ടായിരുന്നില്ല. അവൾക്ക് എന്ത് ചെയ്യണമെന്ന് ഒരു രൂപവും കിട്ടിയില്ല. പേടിച്ച് അവൾ ലിവിംഗ് റൂമിൽ വന്നിരുന്നു. ആ സമയം പൂട്ടിയ കിടപ്പുമുറിയിൽ ഒരാൾ കൂർക്കം വലിക്കുന്നത് അവൾ കേട്ടു. ഒടുവിൽ, കിടപ്പുമുറിയുടെ വാതിലിന്റെ പിടി അനങ്ങുന്നത് അവൾ കണ്ടു. ഭയത്താൽ അവൾ തളർന്നു. സഹായത്തിനായി അവൾ അവളുടെ സുഹൃത്തുക്കൾക്ക് സന്ദേശമയയ്‌ക്കാൻ തുടങ്ങി. അടുത്ത വീട്ടിൽ താമസിക്കുന്ന അവളുടെ സുഹൃത്ത് അവളോട് വീട്ടിൽ നിന്ന് പെട്ടെന്ന് തന്നെ പുറത്തേയ്ക്ക് ഇറങ്ങാൻ പറഞ്ഞു.

'ഇവിടെ ആരെങ്കിലും ഉണ്ടെങ്കിൽ, ഉടൻ പുറത്തിറങ്ങണമെന്ന്' ഉറക്കെ വിളിച്ചു പറഞ്ഞ ശേഷം അവൾ പുറത്തേയ്ക്ക് ഓടി. തുടർന്ന് അവൾ താഴെ അവളുടെ സുഹൃത്തിന് വേണ്ടി കാത്ത് നിന്നു. രണ്ടു മിനിറ്റിനുള്ളിൽ സുഹൃത്ത് ലോബിയിൽ എത്തി. ഇരുവരും കൂടി അവളുടെ വീട്ടിൽ ചെന്ന് നോക്കാൻ തന്നെ തീരുമാനിച്ചു. മുകളിലേക്ക് ലിഫ്റ്റിൽ കയറാൻ തുടങ്ങുമ്പോൾ, വീടില്ലാത്ത ആ മനുഷ്യൻ ലിഫ്റ്റിൽ നിന്ന് ഇറങ്ങുന്നത് അവർ കണ്ടു. മൂന്ന് മാസത്തേയ്ക്ക് കൂടി അവൾ വാടക കൊടുത്തിട്ടുണ്ട്. എന്നാൽ സംഭവത്തിന് ശേഷം ആ വീട് വിടാൻ നിർബന്ധിക്കുകയാണ് തന്റെ മാതാപിതാക്കളെന്ന് അവൾ പറഞ്ഞു.  

PREV
click me!

Recommended Stories

യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?