
വളരെ മനോഹരങ്ങളായ അനേകം വീഡിയോകൾ നാം സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടാവും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്നത്. ബെംഗളൂരുിൽ നിന്നും പകർത്തിയിരിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് സദീവ് സിങ് എന്ന യൂസറാണ്.
വെറുപ്പിനും വിദ്വേഷത്തിനും നെഗറ്റീവ് വാർത്തകൾക്കും പഞ്ഞമില്ലാത്ത സോഷ്യൽ മീഡിയയിൽ അതിമനോഹരങ്ങളായ ചില വീഡിയോകളും ഷെയർ ചെയ്യപ്പെടാറുണ്ട് എന്നതിന് ഉദാഹരണം കൂടിയാണ് ഈ വീഡിയോ.
ദില്ലിയിൽ നിന്നുള്ള ഇൻഫ്ലുവൻസറും സ്റ്റാർട്ടപ്പ് ഫൗണ്ടറുമാണ് സദീവ്. ബെംഗളൂരുവിലെ ഏതെങ്കിലും വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം കഴിക്കുക എന്നതായിരുന്നു സദീവിന്റെ തീരുമാനം. അത് എങ്ങനെയാണ് സാധിച്ചെടുത്തത് എന്ന് കാണിക്കുന്നതാണ് യുവാവിന്റെ വീഡിയോ. എന്നാൽ, സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും, പരസ്പര ബഹുമാനത്തിന്റെയും ഒക്കെ കാഴ്ചകൾ കൂടി തുറക്കുന്നതാണ് ഈ വീഡിയോ എന്ന് പറയേണ്ടിവരും.
വീഡിയോയിൽ ആദ്യം തന്നെ യുവാവ് ഒരു വീടിന്റെ മുറ്റത്ത് നിൽക്കുന്ന സ്ത്രീയോട് തന്നെ ‘ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ക്ഷണിക്കാമോ’ എന്ന് ചോദിക്കുന്നതാണ് കാണുന്നത്. സ്ത്രീ ‘ഒന്ന് ചോദിക്കട്ടെ’ എന്ന് പറഞ്ഞ ശേഷം അകത്തേക്ക് പോകുന്നു. പിന്നീട് സദീവിനെയും കൂടെയുള്ള യുവതിയേയും ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ക്ഷണിക്കുന്നതാണ് കാണുന്നത്.
ഇരുവരും അകത്തേക്ക് കയറുന്നു. വളരെ സ്നേഹത്തോടെയാണ് ഇരുവർക്കും വീട്ടുകാർ ഭക്ഷണം വിളമ്പുന്നത്. വീട്ടിലുള്ള മുതിർന്നയാൾ ഒരു മ്യുസീഷനാണ് എന്നും വീഡിയോയിൽ പറയുന്നത് കാണാം. ഒടുവിൽ ഏറെ സ്നേഹത്തോടെ, സന്തോഷത്തോടെ ഭക്ഷണം കഴിച്ചശേഷം വീട്ടുകാരുടെ കാലിൽ തൊട്ട് വന്ദിച്ചാണ് അവർ മടങ്ങുന്നത്. ബെംഗളൂരുവിലുള്ള ആളുകൾ വളരെ നല്ലവരാണ് എന്ന് സദീവ് പറയുന്നുണ്ട്.
വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. കർണാടകയിലെ ‘റാഗി മുദ്ദ’യാണ് അവർ വിളമ്പിയത് എന്ന് പലരും കമന്റ് നൽകി. ശരിക്കും സ്നേഹമുള്ള ആളുകളെന്നും എത്ര മനോഹരമായ വീഡിയോയാണ് ഇത് എന്നും ഒരുപാടുപേർ പറഞ്ഞിട്ടുണ്ട്.