
വീതികുറഞ്ഞ റോഡുകളും വാഹന ബാഹുല്യവും മൂലം ഇന്ത്യയിൽ വാഹനാപകടങ്ങൾ പതിവാണ്. ഇതിനിടെയാണ് മൃഗങ്ങൾ റോഡിലേക്ക് പാഞ്ഞ് കയറി സൃഷ്ടിക്കുന്ന അപകടങ്ങൾ. ഇന്ന് രാവിലെ കോയമ്പത്തൂർ നഗരത്തിൽ സമാനമായൊരു അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാവിലെ മക്കളെയും സ്കൂട്ടിയിലിരുത്തി സ്കൂളിലേക്ക് പോവുകയായിരുന്ന ഒരു സ്ത്രീയുടെ മുന്നിലേക്ക് കുതിരകൾ പാഞ്ഞ് കയറിയതാണ് അപകടത്തിന് കാരണം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
കോയമ്പത്തൂരിലെ വെള്ളക്കിണരു പിരുവിനടുത്തുള്ള മേട്ടുപ്പാളയം റോഡിലുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളെയും കൊണ്ട് സ്കൂളിലേക്ക് പോവുകയായിരുന്ന ഒരു സ്കൂട്ടി മറിയുകയും വാഹനം ഓടിച്ചിരുന്ന സ്ത്രീ അടക്കം മൂന്ന് പേര്‍ക്കും സാരമായ പരിക്കേൽക്കുകയും ചെയ്തു. റോഡിലേക്ക് പാഞ്ഞു കയറിയ കുതിരകളിലൊന്ന് ഇരു ചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ സമീപത്തുണ്ടായിരുന്നവരെത്തി മൂന്ന് പേരെയും സഹായിച്ചു. സ്ത്രീ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും യൂണിഫോം ധരിച്ചിരുന്ന വിദ്യാർത്ഥികൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല.
അതേസമയം കോയമ്പത്തൂരിൽ അലഞ്ഞ് തിരിയുന്ന കുതിരകളുടെ എണ്ണം വർദ്ധിച്ച് വരുന്നത് ആശങ്ക സൃഷ്ടിച്ചു. ഇക്കാര്യത്തിൽ എത്രയും വേഗം അധികൃതർ നടപടിയെടുക്കണമെന്നും നെറ്റിസെന്‍സ് ആവശ്യപ്പെട്ടു. കേയമ്പത്തൂരും പരിസരപ്രദേശങ്ങളിലും കുതിരകളുടെ എണ്ണം കൂടുകയാണെന്നും ഇവ യാത്രക്കാർക്കും മറ്റുള്ളവർക്കും ഒരു സ്ഥിരം ശല്യമായി മാറുകയാണെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു. സമൂഹ മാധ്യമ ഉപയോക്താക്കളും റോഡിലേക്ക് ഇറങ്ങുന്ന മൃഗങ്ങളെ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളാൻ പ്രദേശിക ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു.