
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളോടുള്ള പ്രതിഷേധം അതിരുവിട്ടു. അമേരിക്കയിലെ അലാസ്ക സർവകലാശാലയിലെ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്ന ചിത്രങ്ങൾ വലിച്ചുകീറുകയും അവ തിന്നുകയും ചെയ്ത ബിരുദ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രഹാം ഗ്രേഞ്ചർ എന്ന വിദ്യാർത്ഥിയാണ് ഈ വിചിത്ര പ്രതിഷേധം നടത്തിയത്.
സർവകലാശാലയിലെ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിരുന്ന 160 ചിത്രങ്ങളിൽ 57 എണ്ണമാണ് ഗ്രേഞ്ചർ നശിപ്പിച്ചത്. ചുവരിൽ നിന്നും ചിത്രങ്ങൾ വലിച്ചുകീറിയ ഇയാൾ അവ വായിലിട്ട് ചവച്ചരയ്ക്കുകയായിരുന്നു. കലാരംഗത്തെ എഐ കടന്നുകയറ്റത്തിനെതിരെയുള്ള 'കുരിശുയുദ്ധം' എന്നാണ് ഉദ്യോഗസ്ഥർ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ഇയാൾക്കെതിരെ അലാസ്ക നിയമപ്രകാരം അഞ്ചാം ഡിഗ്രി ക്രിമിനൽ കുറ്റങ്ങൾ ചുമത്തി.
യൂണിവേഴ്സിറ്റിയിലെ ഫിലിം ആൻഡ് പെർഫോമിംഗ് ആർട്സ് വിദ്യാർത്ഥിയായ ഗ്രേഞ്ചർ, ചിത്രകലയിൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ ശക്തമായി എതിർക്കുന്നയാളാണ്. ഈ സാങ്കേതികവിദ്യ മനുഷ്യന്‍റെ സർഗ്ഗാത്മകതയെ നശിപ്പിക്കുന്നു എന്ന നിലപാടാണ് ഇയാളെ ഇത്തരമൊരു പ്രവർത്തിക്ക് പ്രേരിപ്പിച്ചത്. ഏകദേശം 220 ഡോളറിന്‍റെ നാശനഷ്ടങ്ങൾ ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ക്യാമ്പസ് സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രേഞ്ചറെ സംഭവസ്ഥലത്ത് നിന്ന് തന്നെ പിടികൂടി.
എംഎഫ്എ വിദ്യാർത്ഥിയായ നിക്ക് ഡയറിന്‍റെ ചിത്രങ്ങളാണ് ഇയാൾ നശിപ്പിച്ചത്. "ഷാഡോ സെർച്ചിംഗ്: ചാറ്റ് ജിപിടി സൈക്കോസിസ്" (Shadow Searching: ChatGPT psychosis) എന്ന പേരിൽ എഐ സാങ്കേതികവിദ്യയുമായുള്ള മനുഷ്യന്‍റെ മാനസികമായ ഇടപഴകലുകളെ ആസ്പദമാക്കിയുള്ളതായിരുന്നു നിക്ക് ഡയറിന്റെ പ്രദർശനം. എഐ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം കലയുടെ തനിമ നശിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു ഗ്രേഞ്ചറുടെ പ്രതിഷേധം. എന്നാൽ, എഐയും മനുഷ്യനും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെയും അത് സൃഷ്ടിക്കുന്ന മാനസിക ആഘാതങ്ങളെയും പര്യവേക്ഷണം ചെയ്യാനാണ് താൻ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചതെന്ന് നിക്ക് ഡയർ വ്യക്തമാക്കി. 2017 മുതൽ താൻ കലയിൽ എഐ ഉപയോഗിക്കുന്നുണ്ടെന്ന് നിക്ക് വ്യക്തമാക്കി.