
ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ ശേഷിയുള്ളവരാണ് അധ്യാപകർ. ക്ലാസ് മുറിയുടെ പരിമിതികളിൽ ഒതുങ്ങാതെ നമ്മുടെ ജീവിതം രൂപപ്പെടുത്തുന്നതിൽ അധ്യാപകർ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നു. അക്കാദമിക് പാഠങ്ങൾക്കപ്പുറം, ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ ആവശ്യമായ ജ്ഞാനം അവർ പകർന്നു നൽകുന്നു. അതുകൊണ്ടുതന്നെ എല്ലാ വ്യക്തികളുടെ ജീവിതത്തിലും എക്കാലവും ഓർത്തിരിക്കാൻ ഒരു അധ്യാപകനെങ്കിലും ഉണ്ടാകും. അത്തരത്തിൽ ഹൃദയത്തിൽ എന്നെന്നും നിലനിൽക്കുന്ന അധ്യാപകരോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പലപ്പോഴും പലർക്കും അവസരം കിട്ടി എന്ന് വരില്ല. എന്നാൽ തൻറെ പ്രിയപ്പെട്ട അധ്യാപകനോടുള്ള സ്നേഹം കയ്യിൽ ടാറ്റൂ ചെയ്ത് കാണിച്ചു കൊടുത്തിരിക്കുകയാണ് ഒലിവിയ കരിയ എന്ന യുവതി.
ഹൈസ്കൂൾ പഠനകാലത്ത് തന്റെ മെന്ററായിരുന്നു അധ്യാപകനെ തേടിയാണ് ഒലീവിയ വർഷങ്ങൾക്കുശേഷം എത്തിയത്. പഠനകാലത്ത് തന്നെ പ്രചോദിപ്പിക്കാൻ ആയി അധ്യാപകൻ കുറിച്ച വാക്കുകളാണ് ഒലീവിയ തന്റെ കയ്യിൽ പതിപ്പിച്ചത്. ഒലീവിയയും അവളുടെ പ്രിയപ്പെട്ട മെന്ററും തമ്മിൽ കണ്ടുമുട്ടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ഒലീവിയയും അധ്യാപകനും തമ്മിൽ കാണുന്നതും സൗഹൃദം പുതുക്കുന്നതും ആണ് വീഡിയോയുടെ ആദ്യ ഭാഗങ്ങളിൽ. തുടർന്ന് മറച്ചു വെച്ചിരുന്ന തൻറെ കൈ ഒലീവിയ അധ്യാപകനെ കാണിക്കുന്നു. ആദ്യം അദ്ദേഹത്തിന് എന്താണെന്ന് മനസ്സിലായില്ലെങ്കിലും അവൾ കയ്യിലെഴുതിയ വാചകം കണ്ട് അദ്ദേഹത്തിൻറെ കണ്ണുകൾ നിറയുന്നു. വർഷങ്ങൾക്കു മുമ്പ് ഒലീവിയയുടെ ഹൈസ്കൂൾ ബിരുദദാന വേളയിൽ അവൾക്ക് നൽകിയ ഒരു അഭിനന്ദനക്കത്തിൽ അദ്ദേഹം എഴുതിയ അതേ വരികൾ തന്നെയായിരുന്നു അവൾ കയ്യിൽ ടാറ്റു ചെയ്തിരുന്നത്. ആ വാചകങ്ങൾ തിരിച്ചറിഞ്ഞ അദ്ദേഹം വികാരഭരിതനാവുകയും തന്റെ പ്രിയപ്പെട്ട ശിഷ്യയെ ചേർത്തുപിടിക്കുകയും ചെയ്യുന്നു.
ടാറ്റൂ എന്താണെന്ന് അറിയണ്ടേ? "XXIX നിങ്ങളുടെ സാന്നിധ്യം പ്രാധാന്യമർഹിക്കുന്നു." ഇതായിരുന്നു ആ വാചകം. XXIX എന്നത് തന്റെ ക്ലാസ് റൂം നമ്പർ ആയിരുന്നു എന്ന് ഒലീവിയ tiktok വീഡിയോയിൽ വിശദീകരിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകളാണ് തങ്ങളുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടും പ്രിയപ്പെട്ട അധ്യാപകരെ ഓർത്തുകൊണ്ടും കമന്റ് സെക്ഷനിൽ നിറഞ്ഞത്.