കോളേജ് വിദ്യാർത്ഥികൾ അപരിചിതരെ ഫോണിൽ വിളിച്ച് സംസാരിക്കണം; വേറിട്ട അസൈൻമെന്റുമായി സർവകലാശാല

Published : Oct 26, 2026, 01:08 PM IST
woman with phone

Synopsis

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും, പരസ്യവുമായി ബന്ധപ്പെട്ട കോളുകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അപരിചിതമായ നമ്പറുകളിൽ നിന്നുള്ള കോളുകൾ ഭൂരിഭാഗം ആളുകളും എടുക്കാറില്ല.

വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വളർത്താനും കമ്മ്യൂണിക്കേഷൻ സ്കില്ലുകൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വേറിട്ടൊരു അസൈൻമെന്റുമായി ചൈനയിലെ നാഞ്ചിംഗ് സർവകലാശാല. അപരിചിതരായ ആളുകളെ ഫോണിൽ വിളിച്ച് അഭിമുഖം നടത്തുക എന്ന അസൈൻമെന്റാണ് പ്രൊഫസർ വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്നത്.

മുൻ ടെലിവിഷൻ പ്രൊഡ്യൂസറും ഡയറക്ടറുമായ ഷു കൈ 2015 -ൽ ആരംഭിച്ച 'ഓറൽ എക്സ്പ്രഷൻ' എന്ന കോഴ്സിന്റെ ഭാഗമായാണ് ഈ അസൈൻമെന്റ്. ക്യാമ്പസിൽ ഏറെ പ്രിയമാണ് ഈ കോഴ്സ്. എങ്കിലും അപരിചിതരെ വിളിക്കുക എന്നത് പല വിദ്യാർത്ഥികൾക്കും വലിയ ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും, പരസ്യവുമായി ബന്ധപ്പെട്ട കോളുകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അപരിചിതമായ നമ്പറുകളിൽ നിന്നുള്ള കോളുകൾ ഭൂരിഭാഗം ആളുകളും എടുക്കാറില്ല. അതുകൊണ്ടുതന്നെ അസൈൻമെന്റ് പൂർത്തിയാക്കാൻ വിദ്യാർത്ഥികൾക്ക് ചില്ലറ പ്രയാസമൊന്നുമല്ല.

ഹോങ് യിമിംഗ് എന്ന വിദ്യാർത്ഥി 30-ലധികം ആളുകളെ ഫോണിൽ വിളിച്ചെങ്കിലും അഞ്ചുപേർ മാത്രമാണ് കോൾ എടുത്തത്. ഇതിൽ മൂന്നുപേർ ഉടൻതന്നെ ഫോൺ കട്ട് ചെയ്തു. ഒരാൾ തട്ടിപ്പുകാരനാണ് വിളിക്കുന്നതെന്ന് സംശയിച്ച് സംസാരിക്കാൻ കൂട്ടാക്കിയില്ല. എന്നാൽ, അഞ്ചാമത്തെയാൾ അഭിമുഖത്തിന് തയ്യാറായി. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ഇയാൾ കരിയർ ഉപദേശങ്ങൾ നൽകാനും ഒഴിവുസമയ വിശേഷങ്ങളും വളർത്തുമൃഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിദ്യാർത്ഥിയുമായി പങ്കുവെക്കാനും തയ്യാറായി.

മറ്റു ചില വിദ്യാർത്ഥികൾ തങ്ങളുടെ കൂട്ടുകാരെയോ ബന്ധുക്കളെയോ അപരിചിതരെന്ന വ്യാജേന അഭിമുഖം ചെയ്തു. മറ്റുചിലർ സോഷ്യൽ മീഡിയ വഴി അഭിമുഖത്തിന് തയ്യാറുള്ളവരെ കണ്ടെത്തി. കോണി എന്ന വിദ്യാർത്ഥിനി സോഷ്യൽ മീഡിയ വഴി ശ്രമിച്ചെങ്കിലും പിന്നീട് നേരിട്ട് അപരിചിതരെ വിളിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ തട്ടിപ്പുകാരിയാണെന്ന് സംശയിക്കപ്പെട്ടെങ്കിലും ഒടുവിൽ മറ്റൊരു വിദ്യാർത്ഥിയെ കണ്ടെത്തി അവർ അഭിമുഖം പൂർത്തിയാക്കി.

എന്തുകൊണ്ട് ഈ അസൈൻമെന്റ്?

'കൂടുതൽ പ്രവൃത്തികൾ ചെയ്യുക, സംസാരം കുറയ്ക്കുക' എന്ന പരമ്പരാഗത ചൈനീസ് ചിന്താഗതി ആളുകളെ വിനയമുള്ളവരാക്കുമെങ്കിലും, വ്യക്തിഗതമായ വളർച്ചയ്ക്കും ആശയവിനിമയത്തിനും ഇത് തടസ്സമാകുന്നുണ്ടെന്ന് പ്രൊഫസർ ഷു കൈ ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാനും, അർഹിക്കുന്ന പ്രാധാന്യത്തോടെ അവരെ കാണാനും വിദ്യാർത്ഥികളെ പഠിപ്പിക്കുകയാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

യുവതലമുറയിലെ പലരും തങ്ങൾ 'ഇൻട്രോവേർട്ടുകൾ' ആണെന്നോ 'സോഷ്യൽ ഫോബിയ' ഉള്ളവരാണെന്നോ പറയാറുണ്ട്. എന്നാൽ ഇവർക്ക് സംസാരിക്കാനുള്ള അവസരങ്ങൾ ലഭിക്കാത്തതാണ് യഥാർത്ഥ പ്രശ്നമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എങ്കിലും, ഈ കഠിനമായ അസൈൻമെന്റ് കാരണം ചില വിദ്യാർത്ഥികൾ കോഴ്സ് ഉപേക്ഷിച്ചു പോയിട്ടുണ്ട്. അതേസമയം, പൂർത്തിയാക്കിയവർ പ്രൊഫസറോട് ഈ അസൈൻമെന്റ് തുടരണമെന്ന് അഭ്യർത്ഥിച്ചു. സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപകനുള്ള 'മൈ ഫേവറിറ്റ് ടീച്ചർ', 'ടീച്ചർ ഓഫ് കരിസ്മ' തുടങ്ങിയ ബഹുമതികളും പ്രൊഫസർ ഷു കൈക്ക് ലഭിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

രണ്ട് റാക്കൂൺ കുഞ്ഞുങ്ങളുടെ വേർപാടിന്റെ വേദനയിൽ തുടങ്ങി; 800 -ലധികം റാക്കൂണുകൾക്ക് പുതുജീവനേകി ദമ്പതികൾ
റെയിൽവേ സ്റ്റേഷന് പുറത്ത് മൊത്തം പുല്ല് വളർന്നു, തിന്നുതീർക്കാൻ ആടുകളെയെത്തിച്ച് അധികൃതർ