
പലർക്കും കണക്കിനോട് പേടിയാണ്. ആ പേടിയും ഇഷ്ടമില്ലായ്മയും പലപ്പോഴും കണക്ക് പഠിപ്പിക്കുന്ന അധ്യാപകരോട് കാണിക്കുന്നവരും ഉണ്ട്. ഇവിടെ ഒരു അധ്യാപിക തന്നെ വിദ്യാർത്ഥികൾ എന്തിനാണ് GOAT എന്ന് വിളിക്കുന്നത് എന്നറിയാതെ അന്തം വിട്ടിരിക്കയാണ്. ഒടുവിൽ ഉത്തരം കിട്ടാത്ത ഗണിതാധ്യാപിക റെഡ്ഡിറ്റിൽ തന്റെ സംശയം ചോദിച്ചു.
എന്നാൽ, എന്തായിരിക്കും ഈ വാക്ക് വിളിക്കുന്നതിന് പിന്നിലെന്ന് തിരഞ്ഞുപോയ അധ്യാപികയ്ക്ക് തന്നെ സന്തോഷിപ്പിക്കുന്ന ഉത്തരമാണ് കിട്ടിയത്. അത് തന്നെ കളിയാക്കിയതായിരുന്നില്ല എന്നും തന്നെ പ്രശംസിക്കുകയായിരുന്നു കുട്ടികൾ ചെയ്തത് എന്നും അധ്യാപിക മനസിലാക്കി.
PuzzleBrain20 എന്ന യൂസർനെയിമിൽ നിന്നുമാണ് അധ്യാപിക റെഡ്ഡിറ്റിൽ, എന്തുകൊണ്ടാണ് എന്നെ എന്റെ വിദ്യാർത്ഥികൾ GOAT എന്ന് വിളിക്കുന്നത്? എന്ന് ചോദിക്കുകയായിരുന്നു. എന്നാൽ, ഉടനെ തന്നെ പലരും ആ സംശയം ദുരീകരിക്കാനെത്തി. എക്കാലത്തെയും മികച്ചത് എന്നായിരുന്നു അതിന്റെ അർത്ഥം - Greatest Of All Time.
കഴിഞ്ഞ വർഷം സ്ഥിരമായി തന്നെ വിദ്യാർത്ഥികൾ അങ്ങനെ വിളിക്കാറുണ്ടായിരുന്നു എന്നും അധ്യാപിക വ്യക്തമാക്കി. തനിക്ക് വിദ്യാർത്ഥികളുമായി വളരെ മികച്ച ബന്ധമാണ് ഉണ്ടായിരുന്നത്. അവരെല്ലാം വളരെ നല്ല കുട്ടികളുമായിരുന്നു. പിന്നെയും എന്തുകൊണ്ടാണ് കുട്ടികൾ തന്നെ തമാശയാക്കുന്നത് എന്ന് അധ്യാപികയ്ക്ക് സംശയമുണ്ടായിരുന്നു. എന്നാൽ, അപ്പോഴൊന്നും എന്താണ് കുട്ടികൾ ഈ വാക്ക് കൊണ്ട് അർത്ഥമാക്കുന്നത് എന്ന കാര്യത്തിൽ അധ്യാപികയ്ക്ക് പിടിയുണ്ടായിരുന്നില്ല.
ഏതായാലും ആളുകളെല്ലാം ഇതാണ് അതിന്റെ അർത്ഥമെന്ന് പറഞ്ഞതോടെ അധ്യാപികയ്ക്ക് സന്തോഷം അടക്കാനായില്ല. അവർ തന്റെ പോസ്റ്റ് എഡിറ്റ് ചെയ്തു. 'ദൈവമേ, ഇത്രയും കാലം അവരെന്നെ അഭിനന്ദിക്കുകയായിരുന്നോ, അതെനിക്ക് മനസിലായില്ലല്ലോ' എന്നാണ് അധ്യാപിക പറഞ്ഞത്.