286 ദിവസങ്ങൾ കടലിനുള്ളിൽ സൂര്യനെ കാണാതെ, ക്യാപ്റ്റൻ പറയുന്നു വീട്ടിലിരിപ്പുകാലം എങ്ങനെ കൊണ്ടുപോവും?

By Web TeamFirst Published Apr 2, 2020, 11:52 AM IST
Highlights

നിങ്ങള്‍ക്ക് വീടിന് പുറത്ത് പോകാവുന്നിടത്തോളം പോകാം. അതായത് സ്വന്തം തോട്ടത്തിൽ ചെല്ലാം. സൂര്യോദയം കാണാം. ശുദ്ധമായ വായു ശ്വസിക്കാം. ഞങ്ങള്‍ സബ്മറൈനിലുള്ളവര്‍ക്ക് അതുപോലും സാധ്യമാകുന്നത് വല്ലപ്പോഴുമാണ്. 

ഈ ലോക്ക് ഡൗൺ കാലം എന്തൊക്കെ പറഞ്ഞാലും നമ്മിൽ ചിലർക്ക് നൽകുന്ന ആധിയും വ്യാധിയും ചെറുതല്ല. കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാൻ ഇപ്പോൾ ഇതല്ലാതെ വേറൊരു മാർ​​ഗവുമില്ല. അതുകൊണ്ട് തന്നെ എന്തൊക്കെ സംഘർഷങ്ങളുണ്ടായാലും വീട്ടിലിരിക്കുക എന്നതേ മാർ​ഗമുള്ളൂ. ആ വീട്ടിലിരിപ്പ് കാലത്തെ എങ്ങനെ അനായാസമാക്കാം എന്നതേ നിലവിൽ ചിന്തിക്കാനുള്ളൂ. ഏതായാലും ഇന്നും നാളെയുമല്ലെങ്കിലും കുറച്ച് ദിവസം കഴിയുമ്പോൾ ഈ ലോക്ക് ഡൗൺ കാലം കഴിഞ്ഞുപോകും എന്ന് നമുക്കുറപ്പാണ്. എന്നാൽ, കാലങ്ങൾ ഒറ്റപ്പെട്ട് കഴിയേണ്ടി വരുന്ന ചിലരുണ്ട്. അതിൽ പെട്ടവരാണ് സബ്മറൈനിലുള്ളവർ. ഇവിടെ 2008 മുതൽ 2011 വരെ ന്യൂക്ലിയർ സബ്മറൈൻ ക്യാപ്റ്റനായിരുന്ന റയാൻ വീട്ടിലിരിപ്പുകാലത്തെ അതിജീവിക്കാൻ ചില ടിപ്സുകൾ പങ്കുവെക്കുകയാണ്. തുടർച്ചയായ 286 ദിവസം സൂര്യനെ കാണാതെ കടലിൽ കഴിഞ്ഞൊരാളാണ് അദ്ദേഹം. ഇതാണ് അദ്ദേഹത്തിന് പറയാനുള്ളത്... (ബിബിസി പ്രസിദ്ധീകരിച്ചത്)

എന്‍റെ പേര് റയാന്‍ റാംസേ, HMS ടര്‍ബുലന്‍റ്, ന്യൂക്ലിയര്‍ സബ്മറൈന്‍ ക്യാപ്റ്റനായിരുന്നു. 84 മീറ്റർ സ്റ്റീൽ ട്യൂബിൽ 130 പേരെയും കൊണ്ടാണ് ഞങ്ങൾ പോകുന്നത്. അതിനകത്ത് വളരെ കുറച്ച് സ്ഥലം മാത്രമാണുള്ളത്. പുറംലോകം അധികം കാണാത്ത ഞങ്ങളുടേത് ഒരു പ്രത്യേക ദിനചര്യയായിരിക്കും. ഇപ്പോള്‍ നിങ്ങളുടേതും. അതിനോട് നിങ്ങള്‍ പൊരുത്തപ്പെടണമെന്നാണ് എനിക്ക് പറയാനുള്ളത്... ഈ അടച്ചുപൂട്ടിയുള്ള ജീവിതം ശരിയായി മുന്നോട്ട് പോകണമെങ്കില്‍ ചില ദിനചര്യകൾ ശീലിക്കേണ്ടതായി വരും. അവയിൽ പ്രധാനം ഇതൊക്കെയാണ്, 

1. ഈ വീട്ടിലിരിപ്പ് തുടർന്നുപോകും. ദിവസങ്ങള്‍ ആഴ്ചകളാകും, ആഴ്ചകൾ മാസങ്ങളുമാകും... അതെത്ര നീണ്ടുപോകുമെന്ന് എനിക്കറിയില്ല. പക്ഷേ, നിങ്ങള്‍ അതുമായി യോജിച്ചുപോയേ തീരൂ. അതിനോട് മാനസികമായി പൊരുത്തപ്പെടുക എന്നതാണ് ആദ്യത്തെ കാര്യം. 

2. രണ്ടാമത് പറയാൻ പോകുന്ന കാര്യം നിങ്ങൾക്ക് വളരെ അസ്വാഭാവികമായിത്തോന്നാം. പക്ഷേ, അത് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ഒന്നാണ്. ശുചിത്വം പാലിക്കുക, ക്ലീനിംഗ് നടത്തുക എന്നതാണത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും നിങ്ങള്‍ തന്നെ സ്വയം ഉറപ്പാക്കേണ്ടതുണ്ട്. (വീട്ടിലിരിക്കുകയാണെന്ന് കരുതി കുളിക്കാതെയും മറ്റും ഇരിക്കരുതെന്ന് സാരം.)

3. നിങ്ങള്‍ നിങ്ങള്‍ക്കായി കുറച്ച് ഡൗണ്‍ടൈം നല്‍കുക. ഒരുപാട് വാര്‍ത്തകള്‍, ഒരുപാട് വിവരങ്ങള്‍ ഒക്കെ നിങ്ങള്‍ക്ക് ചുറ്റും വ്യാപിക്കുന്നുണ്ടാകും. അതില്‍ പലതും നമുക്ക് ആവശ്യമില്ലാത്തതാവും. അവയില്‍നിന്നും അകന്ന് നില്‍ക്കുക എന്നതാണ് അടുത്തതായി ചെയ്യാനുള്ളത്. അതില്‍നിന്നും മാറിനില്‍ക്കുന്നത് നമ്മുടെ ആങ്സൈറ്റിയും ടെൻഷനും കുറക്കുന്നതിന് സഹായിക്കും. 

4. അവസാനത്തേതും വളരെ പ്രധാനപ്പെട്ടതുമായ സംഗതിയാണ് കമ്മ്യൂണിക്കേഷന്‍ അഥവാ ആശയവിനിമയം. നിങ്ങള്‍ നിങ്ങളുടെ വീട്ടിലുള്ളവരുമായി സംസാരിക്കണം. ഇനിയഥവാ നിങ്ങള്‍ തനിച്ചാണെങ്കില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ ഫോണില്‍ വിളിക്കണം. സോഷ്യലൈസ് ചെയ്യുക എന്നത് വളരെ പ്രധാനമാണ്. കപ്പലിൽ കഴിഞ്ഞിരുന്ന ഞങ്ങൾക്കും സോഷ്യലൈസ് ചെയ്യുക എന്നത് വളരെ പ്രധാനമാണ്. 

നിങ്ങള്‍ക്ക് വീടിന് പുറത്ത് പോകാവുന്നിടത്തോളം പോകാം. അതായത് സ്വന്തം തോട്ടത്തിൽ ചെല്ലാം. സൂര്യോദയം കാണാം. ശുദ്ധമായ വായു ശ്വസിക്കാം. ഞങ്ങള്‍ സബ്മറൈനിലുള്ളവര്‍ക്ക് അതുപോലും സാധ്യമാകുന്നത് വല്ലപ്പോഴുമാണ്. ഇതിനെല്ലാമിടയിലും പൊസിറ്റീവായിരിക്കാനാണ് നാം ശ്രമിക്കുന്നത്. അതിനായി കുറച്ച് നല്ല മനുഷ്യരുണ്ടാവും കൂടെ. അതിലൂടെ നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് നാം ശ്രമിക്കുന്നത്. 

ഇതാണ് റയാൻ പങ്കുവെക്കുന്ന ടിപ്സ്. ഇങ്ങനെയൊക്കെത്തന്നെയേ നമുക്കും മുന്നോട്ട് പോകാനാവൂ. ഇന്ന് നാം പുറത്തിറങ്ങാതെയിരുന്നാൽ നാളെ നമ്മുടെ പുലരികളും ദിവസങ്ങളും പഴയതുപോലെയാവും. നമുക്ക് നമ്മുടെ ദിനങ്ങൾ തിരികെ കിട്ടും. ഒപ്പം നമ്മുടെ സഹജീവികളോട് കാണിക്കുന്ന ഏറ്റവും വലിയ കടമ കൂടിയാണിത്. 

(ചിത്രം: പ്രതീകാത്മകം)

click me!