തബ്‌ലീഗ് ജമാ‌അത്ത്, കേന്ദ്രം, ദില്ലി സർക്കാർ - നിസാമുദ്ദീൻ 'കൊറോണാ ഹോട്ട്സ്പോട്ട്' ആയതിന്റെ ഉത്തരവാദി ആരാണ്?

By Web TeamFirst Published Apr 2, 2020, 6:45 AM IST
Highlights

തുടക്കത്തിലുണ്ടായ ആശയക്കുഴപ്പങ്ങൾക്കും, വിവേചനബുദ്ധിക്കുറവിനും ശേഷം നിസാമുദ്ദിൻ മർക്കസ് വിഷയത്തിൽ ഉണ്ടായിട്ടുള്ളതെല്ലാം തികഞ്ഞ അനാസ്ഥകളും കാലതാമസങ്ങളുമാണ്. 

ദില്ലിയിലെ നിസാമുദ്ദിൻ എന്ന സ്ഥലത്ത് മാർച്ച് രണ്ടാം വാരത്തിൽ നടന്ന തബ്‌ലീഗ് ജമാ‌അത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇപ്പോൾ ദില്ലി പൊലീസ് അതുമായി ബന്ധപ്പെട്ട് ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. തബ്‌ലീഗ് ജമാ‌അത്തിന്റെ ഉന്നതാധികാരി മൗലാനാ മുഹമ്മദ് സാദിനെ ഇപ്പോൾ പൊലീസ് തിരയുകയാണ്. 36 മണിക്കൂർ നീണ്ടുനിന്ന അത്യന്തം ദുഷ്കരമായ ഒരു റെസ്ക്യൂ ഓപ്പറേഷനിലൂടെ നിസാമുദ്ദിൻ മർകസിൽ നിന്ന് 2361 പേരെ നീക്കി എന്നും അവരിൽ കൊവിഡ് 19 ലക്ഷണങ്ങൾ കാണിച്ച 617 പേരെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ദില്ലി സർക്കാരിന്റെ ഭാഗത്തുനിന്ന് മാർച്ച് 16 -ന് തന്നെ ഉത്തരവുണ്ടായിട്ടും, വേണ്ട നടപടികൾ സ്വീകരിക്കാതിരുന്ന നിസാമുദ്ദീൻ മർക്കസ് പ്രതിനിധികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി നേതാവ് ആതിഷി മാർലേന ട്വീറ്റ് ചെയ്തു. 

Strong action should be taken against the administrators of the Nizamuddin Markaz who organised a 3-day religious gathering, with 1000s of people from 13th-15th March, when Delhi Govt orders had expressely forbidden gatherings or more than 200 persons on 13th March itself pic.twitter.com/n0f1rLE5Xx

— Atishi (@AtishiAAP)

 

രാജ്യത്ത് കൊറോണാ വൈറസ് സംക്രമിതരുടെ എണ്ണത്തിൽ ഒരൊറ്റരാത്രികൊണ്ടുണ്ടായ വൻ കുതിപ്പിനുത്തരവാദികൾ തബ്‌ലീഗ് ജമാ‌അത്തും അവർ മാർച്ച് രണ്ടാം വാരത്തിൽ സംഘടിപ്പിച്ച സമ്മേളനവുമാണ് എന്ന് കേന്ദ്ര ആരോഗ്യവകുപ്പ് ഒരു പ്രസ് ബ്രീഫിംഗിലൂടെ പറഞ്ഞുകഴിഞ്ഞു. കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞത്, കൊവിഡ് ബാധിതരുടെ എണ്ണത്തിൽ പെട്ടെന്നുണ്ടായ വർദ്ധനവിന് കാരണമായത്, ജമാഅത്തിൽ നിന്ന് പുറപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയ തബ്‌ലീഗുകാരാണ് എന്നും, അതിന്റെ മുഴുവൻ ട്രെൻഡ് ഇനി വരും ദിവസങ്ങളിലാകും ചിലപ്പോൾ വെളിപ്പെടാനിരിക്കുന്നത് എന്നുമാണ്. 

ഈ ഒരൊറ്റ സംഭവം നിമിത്തം രാജ്യത്തെ 20 സംസ്ഥാനങ്ങളിലും,ചില കേന്ദ്രഭരണപ്രദേശങ്ങളിലും ഒറ്റയടിക്ക് കൊറോണാസംക്രമണത്തിന്റെ സാധ്യത വർധിച്ചിട്ടുണ്ട്. തെലങ്കാന, തമിഴ്‍നാട്, ദില്ലി എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവുമധികം ഈ ഭീഷണിക്ക് ഇരയായതായി ഇപ്പോൾ വെളിപ്പെടുന്നത്. എന്നാൽ, അത് തത്കാലത്തെ ആശ്വാസം മാത്രമാണ് എന്നും, കേരളം അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾ അവിടെ നിന്ന് ഈ തബ്‌ലീഗ് ജമാഅത്ത് മർക്കസിലേക്ക് പരിപാടിയിൽ സംബന്ധിക്കാൻ വന്ന ആളുകളെ ട്രേസ് ചെയ്ത്, അവരെ മുഴുവൻ കൊറോണാ വൈറസ് പരിശോധനക്ക് വിധേയരാക്കിയാൽ ഇപ്പോഴുള്ള കണക്കിൽ ഒരുപക്ഷെ വലിയ വ്യതിയാനം ഉണ്ടാകാം എന്നും വിദഗ്ധർ പറയുന്നു. ഇങ്ങനെ മർക്കസുമായി ബന്ധപ്പെട്ടിട്ടുള്ളവരെ കണ്ടെത്തിയാൽ മാത്രമാണ് അവരിൽ എത്ര പേർക്ക് കൊറോണ ബാധ ഉണ്ടായിട്ടുണ്ട് എന്നറിയാൻ സാധിക്കുക.

 

 

വന്നുപോയിട്ടുള്ളവരെ മുഴുവൻ ഹോം ക്വാറന്റൈൻ ആക്കണം. അവരിൽ തന്നെ ലക്ഷണവശാൽ,  സംക്രമണം ഉണ്ടായി എന്ന് സംശയമുള്ള സകലരെയും ഐസൊലേഷനിൽ പാർപ്പിക്കണം. അവരുടെ സാമ്പിളുകൾ ടെസ്റ്റിംഗിന് അയക്കണം. അതിൽ സ്ഥിരീകരണമുണ്ടാകുന്ന മുറയ്ക്ക് ഓരോരുത്തരുടെയായി റൂട്ട് മാപ്പുകൾ ഉണ്ടാക്കി അവരുടെ കോൺടാക്റ്റ് ട്രേസിങ് നടത്തി, വീണ്ടും ഇതുതന്നെ ആവർത്തിക്കണം. രാജ്യത്ത് കൊവിഡ് 19 പടർന്നുപിടിച്ചതുകൊണ്ട് അല്ലെങ്കിൽ തന്നെ ക്ഷീണിതരായിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പണി എത്രയോ ഇരട്ടിയായി കൂടിയിരിക്കുകയാണ്, ഈ ഒരൊറ്റ സംഭവം കാരണം.

ആർക്ക് എവിടെയാണ് പിഴച്ചത്?

ചൈനയിൽ ആദ്യത്തെ കോവിഡ് 19 രോഗബാധയുണ്ടാകുന്നത് 2019 ഡിസംബറിലാണ്. തുടക്കത്തിൽ കാര്യമായ നിഷേധങ്ങൾക്കും മറച്ചുവെക്കലുകൾക്കും ശേഷം അവർ ഇങ്ങനെയൊരു പകർച്ചവ്യാധിയുണ്ട് എന്ന് ലോകത്തോട് വിളിച്ചു പറയുന്നത് ആഴ്ചകൾ വൈകി മാത്രമാണ്. അതിനിടെ ജനുവരി 13 -ന് തായ്‌ലൻഡിൽ, ചൈനക്ക് പുറത്തുള്ള ആദ്യ കേസ് വരുന്നു. ജനുവരി 25 അടുപ്പിച്ച് മലേഷ്യയിൽ ചില കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കേസ്, ചൈനയിൽ നിന്ന് ഇന്ത്യയിലേക്കെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥിക്ക് സ്ഥിരീകരിക്കപ്പെടുന്നത്, ജനുവരി 30 നാണ്. ഇന്തോനേഷ്യയിലേക്ക് രോഗമെത്തുന്നത് പിന്നെയും ആഴ്ചകൾക്കു ശേഷം മാത്രമാണ്. ജനുവരിയിൽ ചൈനയിലെ കേസുകൾ വർധിച്ചപ്പോൾ തന്നെ WHO കൊവിഡിനെ ഒരു  ആഗോള ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചതാണ്. ആ സാഹചര്യത്തിൽ പതിനായിരക്കണക്കിന് പേർ ഒത്തുകൂടുന്ന തരത്തിലുള്ള ഒരു സമ്മേളനം നടത്തുന്നതിൽ നിന്ന് തബ്‌ലീഗ് ജമാഅത്ത് ആരും ആവശ്യപ്പെടാതെ തന്നെ വിട്ടുനിൽക്കേണ്ടതായിരുന്നു എന്നതിൽ സംശയമില്ല. 

 

 

എന്നാൽ, തങ്ങൾക്ക് പ്രകടമായ ഒരു നിർദേശം കിട്ടിയ ആ നിമിഷം, അതായത് രാജ്യവ്യാപകമായി '21 ദിവസത്തെ സമ്പൂർണ്ണ ലോക്ക് ഡൗൺ' എന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോഡി മാർച്ച് 23 -ന് പകൽ നടത്തിയപ്പോൾ തന്നെ സകല പരിപാടികളും റദ്ദാക്കി തങ്ങൾ അതിനോട് സഹകരിച്ചിട്ടുണ്ട് എന്നാണ് തബ്‌ലീഗ് ജമാഅത്ത് അധികൃതർ പറയുന്നത്. വന്നുപോകാൻ പറ്റാത്ത വിധം സംസ്ഥാനങ്ങളുടെ അതിർത്തികൾ അടച്ചത് കാരണമാണ് തങ്ങൾക്ക് മർകസിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിക്കാൻ ഇതുവരെ സാധിക്കാതിരുന്നത് എന്നും അവർ പറയുന്നു. ഇങ്ങനെ തങ്ങളുടെ മർകസിൽ ഒഴിഞ്ഞു പോകാൻ പറ്റാതെ നൂറുകണക്കിന് പേർ കുടുങ്ങിക്കിടപ്പുണ്ട് എന്ന വസ്തുത ദില്ലി എസ്ഡിഎം, പൊലീസ് അധികാരികൾ എന്നിവർക്ക് യഥാസമയം രേഖാമൂലം തന്നെ കൈമാറിയിരുന്നു എന്നും ജമാഅത്ത് പ്രതിനിധികൾ പറഞ്ഞു. 

എന്നാൽ ആഭ്യന്തര വകുപ്പിൽ (MHA) നിന്നുള്ള വിശദീകരണം ഇങ്ങനെയാണ്. മാർച്ച് 21 വരെയും 824 വിദേശി തബ്‌ലീഗ് ജമാഅത്ത് പ്രവർത്തകർ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചു പോരുന്നുണ്ടായിരുന്നു ഇതിൽ 216 പേർ ദില്ലി നിസാമുദ്ദീൻ മർകസിൽ തന്നെയാണ് താമസിച്ചിരുന്നത്. ബാക്കിയുള്ളവർ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ചെന്ന് തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തിപ്പോരുകയായിരുന്നു. ഈ 216 വിദേശികൾക്ക് പുറമെ, രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുവന്നുചേർന്നിട്ടുള്ള 1500 തദ്ദേശീയ തബ്‌ലീഗ് ജമാഅത്തികളും അപ്പോൾ മർകസിൽ സന്നിഹിതരായിരുന്നു. 

ഈ അവസരത്തിൽ ഉയരുന്ന ചോദ്യമിതാണ്. ഇത്രയും കാര്യങ്ങൾ പൊലീസിന് അറിവുണ്ടായിരുന്നു. ദില്ലി സർക്കാരിന് അറിവുണ്ടായിരുന്നു. കേന്ദ്രത്തിന് അറിവുണ്ടായിരുന്നു. തബ്‌ലീഗ് ജമാഅത്തിന് സ്വാഭാവികമായും അറിവുണ്ടായിരുന്നു. എന്നിട്ടും സംഗതി കൈവിട്ടുപോയത് ആരുടെ പിടിപ്പുകേടുകൊണ്ടാണ്? ആരാണ് ഇവിടെ കുറ്റകരമായ രീതിയിൽ അനാസ്ഥ കാണിച്ചത്? ആരാണ് ഈ വിഷയത്തിൽ നിയമനടപടികൾ നേരിട്ട് ശിക്ഷിക്കപ്പെടാൻ വരെ അർഹരായിട്ടുള്ളത്? 

അത് അത്ര എളുപ്പത്തിൽ ഉത്തരം കണ്ടെത്താവുന്ന ഒരു ചോദ്യമല്ല. എന്നാൽ, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തി വേണ്ട നടപടികൾ വൈകിയ ഈ വേളയിലെങ്കിലും ചെയ്തു തീർക്കാനല്ല ഇപ്പോഴും ശ്രമങ്ങൾ നടക്കുന്നത്. രാജ്യത്തെ ആവേശിച്ച മഹാമാരിയെ ഈ പേരും പറഞ്ഞ് വർഗീയവത്കരിച്ച് പരസ്പരം വിഷം വമിപ്പിക്കാനാണ് പലരും ശ്രമിക്കുന്നത് എന്നത് നിർഭാഗ്യകരമാണ്. കൊറോണാ കാലത്ത് കാര്യങ്ങളെ ഗൗരവത്തോടെ കണ്ട് ആളുകൾ കൂടുന്ന പരിപാടികൾ റദ്ദാക്കി രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുന്നതിൽ തബ്‌ലീഗ് ജമാഅത്ത് പരാജയപ്പെട്ടു എന്ന് വളരെ അധികാരികതയോടെ പല കേന്ദ്രങ്ങളിൽ നിന്നും വിമർശനമുയരുമ്പോൾ ഒപ്പം പരാമർശിക്കപ്പെടേണ്ട ഒരു കാര്യം, ആ സമയത്ത് അങ്ങനെ ചെയ്ത ഒരേയൊരു കൂട്ടർ അവർ മാത്രമായിരുന്നില്ല എന്നതാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുന്ന ഒരു വലിയ സംഘടനയാണ് തബ്‌ലീഗ് ജമാഅത്ത്. അവരുടെ ഹെഡ് ക്വാർട്ടേഴ്‌സ് ആണ് ദില്ലി നിസാമുദ്ദിനിലുള്ള ഈ മർക്കസ്. അവിടം സാധാരണഗതിക്ക് വർഷത്തിൽ 365 ദിവസവും വളണ്ടിയർമാർ വന്നുപോയ്ക്കൊണ്ടിരിക്കുന്ന ഇടമാണ്.

പ്രബോധനപ്രര്യടനങ്ങൾക്കായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് നിരന്തരം യാത്രചെയ്യുന്ന നിരവധി സന്നദ്ധപ്രവർത്തകർ ജമാഅത്തിനുണ്ട്. ഈ സന്ദർശനങ്ങൾ വളരെ കേന്ദ്രീകൃതമായ രീതിയിൽ,  നേരത്തെ തന്നെ പ്ലാൻ ചെയ്യപ്പെടുന്നതാണ്. ഇതിനുള്ള ടിക്കറ്റുകൾ നേരത്തെകൂട്ടി ബുക്ക് ചെയ്യപ്പെടുന്നതാണ്. പുറത്തുനിന്നു നോക്കുന്നവരെ സംബന്ധിച്ചിടത്തോളം മർക്കസ് ഏതൊരു ദിവസവും 8000 പേരെയെങ്കിലും വളരെ ലാഘവത്തോടെ പാർപ്പിക്കാവുന്ന, അവർക്ക് വേണ്ട ഭക്ഷണം, താമസം, മറ്റുസൗകര്യങ്ങൾ എന്നിവ കാമ്പസിനുള്ളിൽ തന്നെ നിഷ്പ്രയാസം നൽകാൻ സാധിക്കുന്ന ഒരു വലിയ 'ഹോസ്റ്റൽ' ആണ്. 


നടപടികളുടെ നാൾവഴികൾ ഇങ്ങനെ

ലോകത്തിന്റെ പലഭാഗങ്ങളിൽ നടക്കുന്ന കൊവിഡ് 19 വ്യാപനവും, ഇന്ത്യയിലെ ഒറ്റപ്പെട്ട കേസുകളും നിമിത്തം, മാർച്ച് ആദ്യവാരം മുതൽക്കു തന്നെ കേന്ദ്രം പല നിർദേശങ്ങളും പുറപ്പെടുവിച്ചു കൊണ്ടിരുന്നു, രാജ്യത്തിലെ ജനങ്ങളോട് പൊതുവിൽ പല അഭ്യർത്ഥനകളും നടത്തിക്കൊണ്ടിരുന്നു എങ്കിലും വിദേശത്തുനിന്ന് വന്നിറങ്ങുന്ന യാത്രക്കാർക്കുമേൽ, വിശിഷ്യാ വിദേശ പൗരന്മാർക്കുമേൽ ഒന്നടങ്കമായി ഒരു നിയന്ത്രണം ആദ്യമായി ഏർപ്പെടുത്തുന്നത് മാർച്ച് 15 -നാണ്. മാർച്ച് 13 -ന് ഇതുസംബന്ധിച്ച സന്ദേശം ആരോഗ്യവകുപ്പിൽ നിന്നുണ്ടാവുയി. പിന്നാലെ, മാർച്ച് 15 -ന് രാജ്യത്തേക്ക് വരുന്ന എല്ലാ വിദേശികളുടെയും വിസകൾ റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം വരികയും ചെയ്തു. അന്ന് രാജ്യത്ത് ആകെ കൊവിഡ് 19 ബാധിതരുടെ എണ്ണം 81. അപ്പോഴും രാജ്യം ഇന്നത്തെ കണക്കിനുള്ള പരിഭ്രാന്തമായ അവസ്ഥയിലേക്ക് പോയിട്ടുണ്ടായിരുന്നില്ല. 

മാർച്ച് 16 -ന് സംസ്ഥാനത്തെ സകല പൊതുപരിപാടികളും നിരോധിച്ചുകൊണ്ട് ദില്ലി ഗവൺമെന്റിന്റെ ഉത്തരവിറങ്ങുന്നു. അതിൽ 50 പേരിൽ കൂടുതൽ സംബന്ധിക്കുന്ന മതപരിപാടികളും ഉൾപ്പെടുന്നു. മർകസിൽ അപ്പോഴും ആയിരത്തിലധികം പേർ ഒന്നിച്ചുണ്ടായിരുന്നു. ഇതേപ്പറ്റി മർക്കസ് അധികാരികളുടെ വിശദീകരണം ഇങ്ങനെ. "മതപരമായ ചടങ്ങുകൾക്കാണ്  ദില്ലി സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഹോസ്റ്റലിൽ 50 -ൽ കൂടുതൽ പേർ താമസിച്ചുകൂടാ എന്നൊരു പരാമർശം ആ ഉത്തരവിലെങ്ങും ഉണ്ടായിരുന്നില്ല. അതുകൊണ്ട് നേരത്തെ കൂട്ടി ഉണ്ടായിരുന്ന ടിക്കറ്റ് ബുക്കിങ്ങുകൾക്ക് അനുസൃതമായി അപ്പോഴും മർക്കസിൽ തബ്‌ലീഗ് ജമാഅത്ത് പ്രതിനിധികൾ വരികയും പോവുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു." 

 

 

അതിനു ശേഷമാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട്, മാർച്ച് 19 -ന് രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് മാർച്ച് 22 -ന് ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന 'ജനതാ കര്‍ഫ്യൂ' എന്ന ആശയത്തെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. പക്ഷെ അപ്പോഴേക്കും ചില അപകടകരമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങിക്കഴിഞ്ഞിരുന്നു. മാർച്ച് 16 -ന് ഹൈദരാബാദിൽ തബ്‌ലീഗ് ജമാഅത്തുമായി ബന്ധമുള്ള, 10 ഇന്തോനേഷ്യൻ പ്രതിനിധികൾ, കടുത്ത ശ്വാസതടസ്സമുൾപ്പെടെയുള്ള ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അതിൽ എട്ടുപേർക്ക് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു. മാർച്ച് 21 -ന് രണ്ടു തായ് പൗരന്മാർക്ക് കൊവിഡ് 19 സ്ഥിരീകരിക്കപ്പെടുന്നു. 

അതോടെ ഇതിൽ ഒരു വൻവ്യാപനത്തിന് സാധ്യതയുള്ളതായി കേന്ദ്രത്തിന് ബോധ്യപ്പെടുന്നു. അവർ പ്രസ്തുത ആശങ്ക സംസ്ഥാനങ്ങൾക്ക് കൈമാറി, അവരോട് അവിടങ്ങളിൽ നിന്നൊക്കെ മർകസിൽ വന്നുപോയിട്ടുള്ളവരെ കണ്ടെത്തി അവരെ പരിശോധനയ്ക്കും, തുടർ നടപടികൾക്കും വിധേയരാക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ, വളരെ സംശയാസ്പദമായ ഒരു വസ്തുത, ഈ വിവരം കേന്ദ്ര ആരോഗ്യവകുപ്പിൽ നിന്ന് സംസ്ഥാനങ്ങൾക്ക് വന്ന മാർച്ച് 21 മുതൽ മാർച്ച് 28 വരെയുള്ള ഒരാഴ്ചക്കാലം, കേന്ദ്രമോ, ദില്ലി സർക്കാരോ ഒന്നും തന്നെ ഈ മർക്കസിലുള്ളവരെ ക്വാറന്റൈനിലേക്ക് മാറ്റാനോ അവരെ മുഴുവൻ പരിശോധിപ്പിക്കാനോ ഒന്നും ശ്രമിച്ചില്ല. പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂ പ്രഖ്യാപനം തൊട്ടുതന്നെ യാത്രാ സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്നതും, മാർച്ച് 23 പ്രഭാതം മുതൽ ദില്ലിയുടെ അതിർത്തികൾ അടച്ചതും കാരണം തങ്ങൾക്ക് മർകസിൽ ഉള്ളവരെ എങ്ങോട്ടും പറഞ്ഞയക്കാൻ സാധിക്കാത്ത സാഹചര്യമാണ് എന്ന് തബ്‌ലീഗ് ജമാഅത്ത് അധികൃതർ രേഖാമൂലം അറിയിച്ചിട്ടും അടുത്ത അഞ്ചു ദിവസം ഒരു നടപടിയും കേന്ദ്രത്തിൽ നിന്നോ ദില്ലി സർക്കാരിന്റെ ഭാഗത്തു നിന്നോ ഉണ്ടായില്ല.

 

 

മാർച്ച് 23 -നുതന്നെ തബ്‌ലീഗ് ജമാഅത്ത് പ്രതിനിധികൾ നിസാമുദ്ദീൻ സ്റ്റേഷനിൽ ചെന്ന് കാര്യം പറഞ്ഞെങ്കിലും, രണ്ടുദിവസം നടത്തിച്ച ശേഷം പൊലീസ് 'ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിനു മാത്രമേ വേണ്ട വാഹനങ്ങൾ ഏർപ്പാടാക്കി നൽകാൻ സാധിക്കൂ' എന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു എന്ന് തബ്‌ലീഗ് ജമാഅത്ത് അധികൃതർ പറയുന്നു. മജിസ്‌ട്രേറ്റ് മാർക്കസിലുള്ളവരുടെ ലിസ്റ്റ് ആവശ്യപ്പെട്ടപ്പോൾ അത് നൽകി എന്നും, എന്നാൽ അദ്ദേഹം പിന്നീട് യാത്രാനുമതി നിഷേധിക്കുകയാണുണ്ടായത് എന്നാണ് തബ്‌ലീഗ് ജമാഅത്ത് പ്രതിനിധികൾ പറയുന്നത്. എന്തായാലും, പിന്നെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ നടപടി മാർച്ച് 31 -ന് 1897 -ലെ എപ്പിഡെമിക് ആക്റ്റ് പ്രകാരം തബ്‌ലീഗ് ജമാഅത്തിന് നേരെ കേസെടുക്കുക എന്നതാണ്. 

അനാസ്ഥ കാണിച്ചിട്ടുള്ളത് തബ്‌ലീഗ് ജമാഅത്ത് മാത്രമാണോ?

ഇങ്ങനെ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സാഹചര്യം ഉണ്ടാക്കിയ രാജ്യത്തെ ഒരേയൊരു സ്ഥാപനം തബ്‌ലീഗ് ജമാഅത്ത് ആണോ എന്ന് ചോദിച്ചാൽ അല്ല എന്നാവും ഉത്തരം. ഇങ്ങനെ ഒരു പ്രവൃത്തിയിൽ ഏർപ്പെട്ട രാജ്യത്തിന്റെ ആരോഗ്യ സുരക്ഷ അവർ മനഃപൂർവം അപകടത്തിൽ ആക്കിയതാണ് എന്നുള്ള ചിലരുടെ ആരോപണം മുഖവിലക്കെടുത്താൽ, ആ കാലയളവിൽ അങ്ങനെ പ്രവർത്തിച്ചത് തബ്‌ലീഗ് ജമാഅത്തുകാർ മാത്രമല്ല. ഉദാ. തിരുപ്പതി ക്ഷേത്രം അധികൃതർ, തങ്ങളുടെ ഭക്തജനത്തിരക്ക് പതിവിലും കർശനമായി നിയന്ത്രിക്കാൻ തീരുമാനിച്ചുകൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിക്കുന്നത് മാർച്ച് 17 -നാണ്.

ഉത്തർ പ്രദേശിൽ ആയിരക്കണക്കിനുപേരുടെ സാന്നിധ്യത്തിൽ നടത്താനിരുന്ന 'രാമനവമി മേള'യെപ്പറ്റി മാർച്ച് 18 -ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പൊതുപ്രസ്താവന " മാർച്ച് 25 മുതൽ ഏപ്രിൽ 2 വരെ നടത്താൻ തീരുമാനിച്ചിട്ടുള്ള രാമനവമി മേള മുൻ നിശ്ചയപ്രകാരം തന്നെ നടക്കും." എന്നാണ്. " മേളയ്ക്ക് വന്നെത്തുന്ന ഭക്തരെ ശ്രീരാമഭഗവാൻ കൊറോണാ വൈറസിൽ നിന്ന് കാത്തുരക്ഷിക്കും " എന്ന് പറഞ്ഞത് ആചാര്യ പരമഹംസ് ആണ്. എന്നാൽ, അങ്ങനെ പറഞ്ഞതിന്റെ അടുത്ത ദിവസം തന്നെ നരേന്ദ്ര മോഡി ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും യോഗി ആദിത്യനാഥ് അടക്കമുള്ളവർ പ്രധാനമന്ത്രിയുടെ ലൈൻ പിന്തുടർന്ന് രാമനവമി ആഘോഷങ്ങൾ ഒഴിവാക്കണം എന്നുള്ള നയത്തിലേക്ക് മാറുകയും ചെയ്തു. ഇതേ യോഗി ആദിത്യനാഥ് തന്നെ, മാർച്ച് 24 -ന് ലോക്ക് ഡൗൺ പ്രാബല്യത്തിലിരിക്കെ അതിന്റെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ഡസൻ കണക്കിന് പേർ പങ്കെടുത്ത മതചടങ്ങിൽ സംബന്ധിച്ചിരുന്നു. 

നടന്നത് കുറ്റകരമായ അനാസ്ഥകളുടെ പരമ്പര

 വാസ്തവത്തിൽ, തുടക്കത്തിലുണ്ടായ ആശയക്കുഴപ്പങ്ങൾക്കും, വിവേചനബുദ്ധിക്കുറവിനും ശേഷം നിസാമുദ്ദിൻ മർക്കസ് വിഷയത്തിൽ ഉണ്ടായിട്ടുള്ളതെല്ലാം തികഞ്ഞ അനാസ്ഥകളും കാലതാമസങ്ങളുമാണ്. മാർച്ച് 16 -ന് അമ്പതുപേരിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നത് വിലക്കിക്കൊണ്ടുള്ള ദില്ലി സർക്കാരിന്റെ ഉത്തരവിറങ്ങിയിട്ടും, അതിനെ ബഹുമാനിക്കാൻ തബ്‌ലീഗ് ജമാഅത്തിന്റെ നിസാമുദ്ദീനിലെ മർക്കസ് തയ്യാറായില്ല.'ഹോസ്റ്റലുകൾ' എന്ന് പേരെടുത്ത് ഉത്തരവിൽ പറഞ്ഞില്ല എന്ന സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങി ആയിരക്കണക്കിനു പേരെ അവർ മർകസിൽ ഒന്നിച്ചു പാർപ്പിച്ചപ്പോഴും ഒരു നടപടിയുമെടുക്കാൻ ദില്ലി സക്കാരോ, കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ തയ്യാറായില്ല. രാജ്യത്തെ മറ്റെല്ലാ ഹോസ്റ്റലുകളും അടപ്പിച്ചപ്പോഴും ദില്ലി സർക്കാരിന്റെ മൂക്കിന് ചുവടെയുണ്ടായിരുന്ന മർകസിൽ ആയിരക്കണക്കിനുപേർ വരികയും പോവുകയും ഒക്കെ ചെയ്തു. ആരും ഒരു നടപടിയുമെടുത്തില്ല.

അടുത്ത ദിവസം ആദ്യ സെറ്റ് തബ്‌ലീഗ് ജമാഅത്തുകാർ, അതും വിദേശപൗരന്മാർ, ഹൈദരാബാദിൽ കൊവിഡ് 19 പോസിറ്റീവ് ആയപ്പോഴും, അവർ മാർച്ച് 8-10 ദില്ലി മർകസിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു എന്ന വിവരം അന്നുതന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിഞ്ഞിട്ടും, അതേപ്പറ്റിയുള്ള മുന്നറിയിപ്പ് സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്രത്തിന് നാല് വിലപ്പെട്ട ദിവസങ്ങളുടെ താമസമുണ്ടായി. ആ വിവരം മാർച്ച് 17 -നുതന്നെ ബന്ധപ്പെട്ട മറ്റുസംസ്ഥാനങ്ങൾക്ക് ഔദ്യോഗികമായി കൈമാറിയിരുന്നെങ്കിൽ, ആ ദിവസങ്ങളിൽ നടന്ന സംക്രമണങ്ങൾ ഒഴിവാക്കാമായിരുന്നു. മാർച്ച് 23 -ന് തബ്‌ലീഗ് ജമാഅത്ത് പ്രതിനിധികൾ ദില്ലി നിസാമുദ്ദിൻ പൊലീസ് സ്റ്റേഷനിൽ നേരിട്ടുചെന്ന് രേഖാമൂലം കാര്യങ്ങൾ അറിയിച്ചിട്ടും, ആദ്യത്തെ പൊലീസ് നടപടി ഉണ്ടാകാൻ അഞ്ചു ദിവസത്തെ കാലതാമസമുണ്ടായി. മർകസിൽ താമസിച്ചവരെ ക്വാറന്റൈൻ ചെയ്യുന്നതും അവർക്ക് കൊവിഡ് പരിശോധന നടത്തുന്നതും മാർച്ച് 29 -ന് മാത്രമാണ്. അവിടെയുമുണ്ടായി ചുരുങ്ങിയത് അഞ്ചു ദിവസത്തെ താമസം. ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പൊതുജനത്തിനും മാധ്യമങ്ങൾക്കും പങ്കുവെക്കാൻ താമസിച്ചതും സംക്രമണസാധ്യത വർധിപ്പിച്ചു. 

വർഗീയമായി ഇതിനെ കാണേണ്ടതില്ല 

നമ്മുടെ രാജ്യം കൊവിഡ് 19  പോലെ ഒരു മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ടി ഒറ്റക്കെട്ടായി പോരാടിക്കൊണ്ടിരിക്കുന്ന ദിവസങ്ങളാണ് ഇപ്പോൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. സ്വന്തം നഷ്ടം വകവെക്കാതെ, പൊതുജനാരോഗ്യം മുന്നിൽ കണ്ടുകൊണ്ട്, സർക്കാരും, വ്യാപാരസ്ഥാപനങ്ങളും, വ്യക്തികളും ഒക്കെ ഒന്നിച്ചുനിന്നുകൊണ്ട് ശക്തമായ പോരാട്ടം നടത്തുമ്പോൾ, അതിൽ ഭിന്നിപ്പുണ്ടാക്കുന്ന വർഗീയ ആരോപണങ്ങൾക്ക് ഇടമില്ല. വീഴ്ചകൾ ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്നത് സമയനുസൃതമായി പരിശോധിക്കപ്പെടണം. ആ വീഴ്ചകൾക്ക് നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടെങ്കിൽ, അതൊക്കെ നേരിടാൻ ബന്ധപ്പെട്ടവർ ബാധ്യസ്ഥരാണ്. വീഴ്ചകൾ വരുത്തിയത് തബ്‌ലീഗ് ജമാഅത്ത് പ്രതിനിധികളാണെങ്കിലും, ദില്ലി സർക്കാർ ആണെങ്കിലും, ഇനി കേന്ദ്രം തന്നെ ആണെന്നുണ്ടെങ്കിൽ പോലും. 

 

Delhi Police release a video of its warning to senior members of Markaz, Nizamuddin to vacate Markaz & follow lockdown guidelines, on 23rd March 2020. pic.twitter.com/2evZR6OcmB

— ANI (@ANI)

 

click me!