കടലിലും വനങ്ങളിലും പർവതങ്ങളിലും തെരഞ്ഞു, 10 വർഷം മുമ്പ് സുനാമിയിൽ കാണാതായ ഭാര്യയെ അന്വേഷിച്ച് ഒരാൾ

Published : Mar 15, 2021, 11:54 AM ISTUpdated : Mar 15, 2021, 11:56 AM IST
കടലിലും വനങ്ങളിലും പർവതങ്ങളിലും തെരഞ്ഞു, 10 വർഷം മുമ്പ് സുനാമിയിൽ കാണാതായ ഭാര്യയെ അന്വേഷിച്ച് ഒരാൾ

Synopsis

നഗരം ആ ദുരിതത്തിൽ നിന്ന് ഏറെക്കുറെ കരകയറിയെങ്കിലും, ആളുകളുടെ ഹൃദയത്തിനേറ്റ മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുമെന്ന് യാസുവോ പറഞ്ഞു. 

2011 -ൽ ജപ്പാനിലെ ഒനാഗാവ പട്ടണത്തിൽ ഉണ്ടായ വിനാശകരമായ സുനാമിയിൽ അനവധി പേരുടെ ജീവൻ പൊലിഞ്ഞു. നിരവധിപേരെ കാണാതായി. അക്കൂട്ടത്തിൽ 64 -കാരനായ യാസുവോ തകമാത്സുവിന് നഷ്ടമായത് തന്റെ പ്രിയപ്പെട്ട ഭാര്യ യൂക്കോയെയാണ്. ഈ സംഭവം നടന്നിട്ട് 10 വർഷം കഴിഞ്ഞു. എന്നിട്ടും പക്ഷേ ഓരോ ആഴ്ചയും ഓരോ നിമിഷവും അദ്ദേഹം തന്റെ പ്രിയതമയെ തിരയുന്നത് തുടരുകയാണ്. തന്റെ ഭാര്യയെ കണ്ടെത്താൻ സാധിക്കുമെന്ന് അദ്ദേഹം ഇന്നും ഉറച്ച് വിശ്വസിക്കുന്നു.  
 
“Are you ok? I want to go home” ഇതായിരുന്നു യൂക്കോ അവസാനമായി യാസുവോവിന് അയച്ച സന്ദേശം. പിന്നീട് അവൾ എവിടെപ്പോയെന്നും, എന്താണ് സംഭവിച്ചതെന്നും ആർക്കും അറിയില്ല. അന്നുമുതൽ അയാൾ അവളെ അന്വേഷിക്കുകയാണ്. തന്റെ അവസാന ശ്വാസം വരെ ആ തിരച്ചിൽ തുടരുമെന്ന് അദ്ദേഹം പറയുന്നു. ഭാര്യയുടെ തിരോധാനം അദ്ദേഹത്തെ വല്ലാതെ തളർത്തി. ദുഃഖിതനായ അദ്ദേഹം ഭാര്യയെ കരയിൽ മുഴുവൻ തിരഞ്ഞു. അവളെ അവസാനമായി കണ്ട കടൽ തീരത്ത് അയാൾ അവളെ തേടി അലഞ്ഞു. തുടർന്ന് ഒനാഗാവയുടെ കടൽത്തീരങ്ങളിൽ, അടുത്തുള്ള വനങ്ങളിൽ, പർവതങ്ങളിൽ എല്ലാം അദ്ദേഹം അവളെ അന്വേഷിച്ചു നടന്നു.

അവിടെല്ലാം തിരഞ്ഞിട്ടും കാണാതായപ്പോൾ കടലിൽ തിരച്ചിൽ നടത്താൻ അദ്ദേഹം തീരുമാനിച്ചു. ഒടുവിൽ ഭാര്യയുടെ തിരോധാനത്തിന് രണ്ട് വർഷത്തിന് ശേഷം, നീന്തൽ പഠിക്കാനായി അദ്ദേഹം ഒരു സ്ഥാപനത്തിൽ ചേർന്നു. ഒരു ദിവസം തന്റെ പ്രിയതമയെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയിൽ അദ്ദേഹം കടലിന്റെ ആഴങ്ങളിൽ ഊളിയിട്ടിറങ്ങി. കഴിഞ്ഞ ഏഴര വർഷമായി അദ്ദേഹം ആഴ്ചതോറും കടലിൽ മുങ്ങിതപ്പുകയാണ്. ഇതിനിടയിൽ അഞ്ഞൂറോളം പ്രാവശ്യം അദ്ദേഹം വെള്ളത്തിനടിയിൽ അന്വേഷണങ്ങൾ നടത്തി കഴിഞ്ഞു. "അവൾ ഇവിടെ എവിടെയെങ്കിലും ഉണ്ടാകുമെന്ന് എന്റെ മനസ്സ് പറയുന്നു" അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ, മാസത്തിലൊരിക്കൽ യാസുവോ പ്രാദേശിക അധികാരികളുമായി ചേർന്നു കടലിൽ തിരച്ചിലുകൾ നടത്തുന്നു. യൂക്കോയ്ക്ക് പുറമെ കാണാതായ രണ്ടായിരത്തിയഞ്ഞൂറോളം പേർക്ക് വേണ്ടി കൂടിയുള്ള തിരച്ചിലുകൾ ഇപ്പോഴും അവിടെ നടക്കുന്നുണ്ട്. അവരുടെ അവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.  

നഗരം ആ ദുരിതത്തിൽ നിന്ന് ഏറെക്കുറെ കരകയറിയെങ്കിലും, ആളുകളുടെ ഹൃദയത്തിനേറ്റ മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുമെന്ന് യാസുവോ പറഞ്ഞു. ഈ തിരച്ചിലിനിടയിൽ അദ്ദേഹം നിരവധി ആൽബങ്ങളും വസ്ത്രങ്ങളും മറ്റ് കൗതുക വസ്തുക്കളും കണ്ടെത്തി. എന്നാൽ ഇതുവരെ ഭാര്യയുടേതായ ഒന്നും തന്നെ അദ്ദേഹത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. “അവൾക്ക് ഇപ്പോഴും വീട്ടിലേക്ക് വരാൻ ആഗ്രഹമുണ്ടെന്ന് എനിക്ക് ഉറപ്പാണ്” അദ്ദേഹം പറഞ്ഞു. തന്റെ ശരീരം ചലിക്കുന്നിടത്തോളം കാലം ഭാര്യയെ തിരയുന്നത് തുടരുമെന്ന് യാസുവോ പറഞ്ഞു.

അന്ന് രാജ്യത്തിന്റെ വടക്കുകിഴക്കൻ തീരത്ത് 133 അടി ഉയരത്തിൽ വന്ന തിരമാലകളിൽ പെട്ടു ഫുകുഷിമ ഡൈ-ഇച്ചി ആണവ നിലയം തകർന്നു. ചെർണോബിലിനു ശേഷമുള്ള ഏറ്റവും വലിയ ആണവ ദുരന്തത്തിൽ 15,000 -ത്തിലധികം ആളുകൾ മരിക്കുകയും 230,000 -ത്തോളം പേർ ജീവനും കൊണ്ട് പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്തു. തിരമാലകൾ മണിക്കൂറിൽ 700 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച് 10 കിലോമീറ്ററോളം ദൂരം കരയിലേക്ക് വ്യാപിച്ചു. ദുരിതത്തിൽ 360 ബില്യൺ ഡോളർ നാശനഷ്ടമുണ്ടാക്കി. ഇത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ ഒരു ദുരന്തമായി കണക്കാക്കുന്നു.   

(ചിത്രത്തിന് കടപ്പാട്: Nam Nguyen)
  


 

PREV
click me!

Recommended Stories

10 വയസുകാരിയുടെ ഒറ്റയാള്‍ പ്രതിഷേധം, സ്കൂൾ യൂണിഫോമിൽ റോഡിൽ കുത്തിയിരുന്നത് 3 മണിക്കൂർ, ​ഗതാ​ഗതം സ്തംഭിച്ചു
മുറിയെടുത്തിട്ട് 2 വർഷം, ഹോട്ടൽ ജീവനക്കാർ പോലും കാണാറില്ല, പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച