
വെറും മുപ്പത് രൂപയുമായാണ് 13 വയസുകാരൻ നാരായൺ ടി. പൂജാരി(Narayan Poojari) വർഷങ്ങൾക്ക് മുൻപ് സ്വപ്നങ്ങളുടെ നഗരമായ മുംബൈ(Mumbai)യിൽ കാലുകുത്തിയത്. പിന്നീടങ്ങോട്ട് കനൽ വഴികളിലൂടെയായിരുന്നു അവന്റെ യാത്ര. കാന്റീനിൽ പാത്രങ്ങൾ കഴുകുന്നതുൾപ്പെടെ നിരവധി ചെറിയ ജോലികൾ അവൻ ചെയ്തു. എന്നാൽ, വർഷങ്ങൾക്ക് ശേഷം ഇന്ന് മൂന്ന് നഗരങ്ങളിലായി 15 ശാഖകളുള്ള ഒരു വലിയ ഭക്ഷണശാലയുടെ ഉടമയാണ് അദ്ദേഹം. നാരായണിന്റെ കമ്പനിയായ ശിവ് സാഗർ(Shiv Sagar) ഫുഡ്‌സ് ആൻഡ് റിസോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വാർഷിക വിറ്റുവരവ് കോടികളാണ്. എങ്ങനെയാണ് ഒരു വെയ്റ്ററിൽ നിന്ന് ഹോട്ടൽ ഉടമയിലേയ്ക്ക് അദ്ദേഹം വളർന്നത്?
നാരായൺ ജനിച്ചത് കർണാടകയിലെ ഗുജ്ജാഡിയിലാണ്. ആറ് സഹോദരങ്ങളിൽ മൂത്തയാളായതിനാൽ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ അദ്ദേഹത്തിന്റെ ചുമലിലായിരുന്നു. എന്നാൽ, നാരായണന്റെ മനസ്സിൽ വലിയ സ്വപ്നങ്ങളായിരുന്നു ഉണ്ടായിരുന്നത്. അഞ്ചാം ക്ലാസ് വരെ പഠിച്ച അദ്ദേഹം 13 -ാം വയസ്സിലാണ് മുംബൈയിലെത്തിയത്. മുംബൈ എന്നും അദ്ദേഹത്തിന്റെ സ്വപ്നനഗരിയായിരുന്നു. 1980 ഏപ്രിലിൽ, മുത്തശ്ശി നൽകിയ 30 രൂപയുമായിട്ടാണ് അദ്ദേഹം മുംബൈയിലേക്കുള്ള വണ്ടി പിടിച്ചത്. ആദ്യം അദ്ദേഹം ബല്ലാർഡ് എസ്റ്റേറ്റിലെ ഒരു കാന്റീനിൽ ജോലി ചെയ്തു. പകൽ ജോലി ചെയ്ത, അദ്ദേഹം രാത്രി പഠനത്തിനായി മാറ്റിവച്ചു. പ്രതിമാസം 40 രൂപയായിരുന്നു അന്ന് അദ്ദേഹത്തിന്റെ ശമ്പളം. മിക്ക രാത്രികളിലും, അദ്ദേഹം പഠനത്തിന് ശേഷം കാന്റീനിൽ വെറും നിലത്താണ് ഉറങ്ങിയിരുന്നത്. നൈറ്റ് സ്‌കൂളിൽ ചേർന്ന് നാരായണൻ തന്റെ 10 -ാം ക്ലാസ്, 12 -ാം ക്ലാസ് പരീക്ഷകൾ പൂർത്തിയാക്കി.
അതിനിടയിൽ പിഡബ്ല്യുഡി ഓഫീസ് കാന്റീനിൽ ജോലിയ്ക്ക് ചേർന്നു. ഏകദേശം രണ്ട് വർഷത്തോളം അദ്ദേഹം അവിടെ തുടർന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ, 25,000 രൂപ മുതൽമുടക്കിൽ കഫ് പരേഡിൽ സ്വന്തമായി 20 സീറ്റുള്ള കാന്റീൻ ആരംഭിക്കാൻ അദ്ദേഹം ധൈര്യം കാട്ടി. കുറച്ച് വർഷം, അദ്ദേഹം ആ കാന്റീന് നടത്തിക്കൊണ്ടുപോയി. പിന്നീട് 1990 -ലാണ് അദ്ദേഹത്തിന്റെ ജീവിതം പുതിയ വഴിത്തിരിവിലേക്ക് മാറുന്നത്. ബാഗുഭായ് പട്ടേൽ എന്നയാൾ നാരായണനോട് തന്റെ ഐസ്ക്രീം ഷോപ്പ് നോക്കി നടത്താൻ ആവശ്യപ്പെട്ടു. അതിന്റെ പേര് ശിവ് സാഗർ എന്നായിരുന്നു. ലാഭത്തിന്റെ 25 ശതമാനം എടുത്ത് 75 ശതമാനം ബാഗുഭായിക്ക് നൽകാമെന്ന വ്യവസ്ഥയിൽ അദ്ദേഹം കട ഏറ്റെടുത്തു.
കട ആവശ്യത്തിന് വലുതായിരുന്നു. ഐസ് ക്രീമിനൊപ്പം പാവ്-ഭാജിയും കൂടി വിറ്റാൽ നല്ലതായിരിക്കുമെന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെ അത് ആരംഭിക്കുകയും, ആളുകൾ കൂടുതലായി കടയിൽ വരാൻ തുടങ്ങുകയും ചെയ്തു. താമസിയാതെ അതൊരു വലിയ വെജിറ്റേറിയൻ ഭക്ഷണശാലയായി വളർന്നു. അദ്ദേഹത്തിന്റെ ഉപഭോക്താക്കളിൽ ഭൂരിഭാഗവും ഗുജറാത്തികളായിരുന്നു. നേരത്തെ വെറും മൂന്ന് ലക്ഷം രൂപയായിരുന്നു വാർഷിക വിറ്റുവരവ്. എന്നാൽ നാരായൺ ബിസിനസ് ഏറ്റെടുത്ത ശേഷം ഒരു വർഷം കൊണ്ട് ഒരു കോടി രൂപയിലെത്തി. അദ്ദേഹത്തിന്റെ ജീവിതം പെട്ടെന്ന് തന്നെ മാറി മറിഞ്ഞു. തുടർന്ന്, പുതിയ ശാഖകൾ തുറക്കാൻ അദ്ദേഹം തീരുമാനിച്ചു.
1990 -നും 1994 -നും ഇടയിലുള്ള കാലഘട്ടത്തിൽ അദ്ദേഹം ശിവസാഗറിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി. പട്ടേലിന് ഇപ്പോഴും കമ്പനിയിൽ ഓഹരിയുണ്ടെങ്കിലും നാരായൺ അതിന്റെ ഏക ഉടമയായി. അന്നൊക്കെ ദിവസവും 16 മണിക്കൂറോളം അദ്ദേഹം അധ്വാനിച്ചിരുന്നു. ഇന്ന്, അദ്ദേഹത്തിന് മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും 16 ശാഖകളുണ്ട്. പ്രതിവർഷം കോടികളുടെ വിറ്റുവരവുള്ള, മുംബൈയിലെ ഏറ്റവും പ്രശസ്തമായ ഭക്ഷണശാലകളിൽ ഒന്നാണ് അത് ഇപ്പോൾ.