
ലൈവ് സ്ട്രീമിംഗ് ലോകത്തേക്ക് ഇനിയില്ലെന്ന് അഞ്ച് വർഷമായി സോഷ്യൽ മീഡിയയിൽ സജീവമായ, 15 മില്ല്യൺ ഫോളോവർമാരുള്ള ദമ്പതികൾ. ചൈനീസ് സോഷ്യൽ മീഡിയയിൽ വർഷങ്ങളായി സജീവമായ ദമ്പതികളാണ് ഒടുവിൽ സോഷ്യൽ മീഡിയയിൽ നിന്നുമുള്ള പിന്മാറ്റത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. ചൈനയിലെ സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചകളാണ് ഉണ്ടാക്കിയത്.
@caihongfufu എന്ന ഓൺലൈൻ ഹാൻഡിലിലാണ് ദമ്പതികൾ അറിയപ്പെടുന്നത്. 1,000-ത്തിലധികം ലൈവ്-സ്ട്രീമിംഗ് സെഷനുകൾക്ക് ശേഷമുള്ള അമിതമായ ക്ഷീണത്തിന് പിന്നാലെയാണത്രെ ലൈവ്- സ്ട്രീമിംഗ് ഉപേക്ഷിക്കാനുള്ള തീരുമാനം ഇവർ എടുത്തത്. ദമ്പതികൾ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതായിട്ടാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
ലൈവ് സ്ട്രീമുകൾ പലപ്പോഴും എട്ട് മണിക്കൂർ വരെ നീണ്ട് നിൽക്കും. ആ കഠിനമായ ഷെഡ്യൂളുകൾ തന്റെ ആരോഗ്യത്തെയും കുടുംബജീവിതത്തെയും ഒരുപോലെ ബാധിച്ചുവെന്നാണ് സൺ കൈഹോങ് പറയുന്നത്. തന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാൻ തനിക്ക് നേരം കിട്ടിയില്ലെന്നും അവർ പറയുന്നു.
എട്ട് മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന തുടർച്ചയായ ലൈവ് സ്ട്രീമുകളുടെ കഠിനമായ ഷെഡ്യൂൾ തന്റെ ആരോഗ്യത്തെയും കുടുംബജീവിതത്തെയും ഒരുപോലെ ബാധിച്ചതായി ഭാര്യ സൺ കൈഹോങ് പറഞ്ഞു. -എന്റെ കുടുംബത്തെ കൂടെ നിർത്താൻ എനിക്ക് സമയമില്ലായിരുന്നു, എന്റെ വോക്കൽ കോഡുകൾക്ക് തകരാറ് സംഭവിച്ചിട്ടും ചികിത്സിക്കാൻ പോലും സമയമില്ലായിരുന്നു- എന്നും അവൾ പറയുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ അവർക്ക് നാല് മക്കളുണ്ടായി. ആ സമയം പോലും താൻ വിശ്രമിച്ചില്ല എന്നും ജോലി ചെയ്യാതിരുന്നില്ല എന്നും അവൾ പറയുന്നു. ഇപ്പോൾ 35 -ാമത്തെ വയസ്സിൽ ലൈവ് സ്ട്രീമിംഗിന് ഇടവേള നൽകാനും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും ആണത്രെ അവളുടെ തീരുമാനം.
പുതിയ ലൈവ് സ്ട്രീമുകൾ ഷെഡ്യൂൾ ചെയ്യുന്നത് നിർത്താൻ തന്റെ ടീമിന് നിർദ്ദേശം നൽകിയതായി സൺ പറഞ്ഞു. തന്റെ 32 വയസ്സുള്ള ഭർത്താവ് ഗുവോ ബിന്നിനൊപ്പം വിശ്രമിക്കാനും ജീവിതം ആസ്വദിക്കാനുമാണത്രെ ഇനി അവളുടെ പ്ലാൻ.
സോഷ്യൽ മീഡിയയിൽ സജീവമാവുന്നതിന് മുമ്പ് ഇൻഷുറൻസ് സെയിൽസിലായിരുന്നു ദമ്പതികൾ ജോലി ചെയ്തിരുന്നത്. 2020 -ലാണ് അവർ തങ്ങളുടെ പ്രണയകഥ ഓൺലൈനിൽ പങ്കുവെച്ചത്. പിന്നാലെ ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായി. ഒരു വർഷത്തിനുള്ളിൽ 3 മില്ല്യൺ ഫോളോവേഴ്‌സായി. പിന്നാലെ ഓൺലൈൻ ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു.
2022 -ൽ പുറത്തിറങ്ങിയ ഒരു വീഡിയോയിൽ, ഒറ്റദിവസം കൊണ്ട് 230 ദശലക്ഷം യുവാൻ (266.88 കോടിയുടെ) വിൽപ്പന നടത്തിയതായും, ദിവസേന 4 ദശലക്ഷം യുവാൻ (4.6 കോടിയിലധികം) വരുമാനം നേടിയതായും അവർ വെളിപ്പെടുത്തിയിരുന്നു.