
പരീക്ഷയിൽ ജയിക്കുക / തോൽക്കുക എന്നതൊക്കെ ജീവിതത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവുകളായിട്ടാണ് എല്ലാവരും കാണുന്നത്. കുട്ടികളെ പരമാവധി മാർക്ക് വാങ്ങാൻ നിർബന്ധിക്കുന്ന അനേകം മാതാപിതാക്കൾ നമുക്ക് ചുറ്റുമുണ്ട്. മാർക്ക് കുറഞ്ഞാൽ അവരെ മാനസികമായി തളർത്തുന്ന പെരുമാറ്റമാവും മിക്കവരുടേയും മാതാപിതാക്കൾ കാണിക്കുക. എന്നാൽ, അതിനിടയിൽ വേറിട്ട ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
കർണാടകയിലെ ബാഗൽകോട്ടിലുള്ള ബസവേശ്വര്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അഭിഷേക് ചോളചഗുഡ്ഡ. അടുത്തിടെയാണ് അവന്റെ എസ് എസ് എൽ സി ബോർഡ് പരീക്ഷയുടെ ഫലം വന്നത്. അതിൽ ആറ് വിഷയങ്ങളിലും അവൻ പരാജയപ്പെടുകയും ചെയ്തു. 625 -ൽ 200 മാര്‍ക്ക്, അതായത് 32 ശതമാനം മാത്രമാണ് അവൻ നേടിയത്.
ഇത്തരം ഒരു അവസ്ഥയിൽ മിക്കവാറും മാതാപിതാക്കളും ആകെ പരിഭ്രാന്തരാവും, നിരാശരാവും, ദേഷ്യപ്പെടും. എന്നാൽ, അഭിഷേകിന്റെ മാതാപിതാക്കൾ ഇതൊന്നും ചെയ്തില്ല. പകരം ഇതും ആഘോഷിക്കാനാണ് അവന്റെ കുടുംബം തീരുമാനിച്ചത്. അവർ അതിനായി ഒരു കേക്ക് വരെ തയ്യാറാക്കി. അതിൽ 32 % എന്നും എഴുതിയിരുന്നു.
വൈറലായ വീഡിയോയിൽ, അഭിഷേക് തന്റെ കുടുംബത്തോടൊപ്പം കേക്ക് മുറിക്കുന്നതും മധുരപലഹാരങ്ങൾ പങ്ക് വയ്ക്കുന്നതും കാണാം. അതേസമയം അവന്റെ മാതാപിതാക്കളും സഹോദരിയും മുത്തശ്ശിയും മറ്റ് ബന്ധുക്കളും എല്ലാം അവനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അവന് ചുറ്റും നിൽക്കുന്നതും വീഡിയോയിൽ കാണാം.
അഭിഷേകിന്റെ അച്ഛനായ യല്ലപ്പ ചോളച്ചഗുഡ്ഡ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറാണ്. അദ്ദേഹം പിടിഐയോട് പറഞ്ഞത്, 'അഭിഷേക് ഈ പരീക്ഷയിൽ 32 % വാങ്ങി. ഈ നമ്പറാണ് കേക്കിൽ ഡിസൈൻ ചെയ്തത്. അഭിഷേക് കേക്ക് മുറിച്ചപ്പോൾ, ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും അവന് മധുരം നൽകി. അടുത്ത തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവനെ ഞങ്ങൾ എല്ലാവരും പ്രോത്സാഹിപ്പിക്കുകയും ചെയ്തു' എന്നാണ്.
അതേസമയം പരാജയപ്പെട്ടതിന്റെ ഗൗരവത്തെ കുറിച്ച് അറിയാമെന്നും അദ്ദേഹം പറയുന്നു. അവൻ കഷ്ടപ്പെട്ട് പഠിച്ചിരുന്നു. പക്ഷേ, അത് വേണ്ടത്ര മാർക്കിൽ പ്രതിഫലിച്ചില്ല. ഈ ആഘോഷം അടുത്ത തവണ നല്ല മാർക്ക് വാങ്ങാനുള്ള ആത്മവിശ്വാസം അവന് നൽകുമെന്നാണ് അദ്ദേഹം പറയുന്നത്. അടുത്ത തവണ താൻ മികച്ച മാർക്കോടെ വിജയിക്കുമെന്ന് അഭിഷേകും പറയുന്നു.
സോഷ്യൽ മീഡിയയിൽ നിരവധിപ്പേരാണ് ഈ കുടുംബത്തെ അഭിനന്ദിച്ചത്.