സൈനിക കേന്ദ്രത്തില്‍ പരിശീലനം ലഭിച്ച പട്ടിപ്പട വരുന്നു; ചീറ്റകളെ തൊട്ടാല്‍ പണി കിട്ടും!

Published : Sep 28, 2022, 07:11 PM IST
 സൈനിക കേന്ദ്രത്തില്‍ പരിശീലനം ലഭിച്ച പട്ടിപ്പട വരുന്നു; ചീറ്റകളെ തൊട്ടാല്‍ പണി കിട്ടും!

Synopsis

സൈനിക പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് പ്രത്യേക പരിശീലനം സിദ്ധിച്ച നായകളുടെ പടയാണ് ചീറ്റകളെ താമസിപ്പിച്ചിരിക്കുന്ന മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ വിന്യസിപ്പിക്കുന്നത്. 

ഏഴ് പതിറ്റാണ്ടുകളുടെ ഇടവേളക്ക് ശേഷം ഇന്ത്യയില്‍ എത്തിയ ചീറ്റപ്പുലികളുടെ സംരക്ഷണത്തിനായി സൈനിക കേന്ദ്രങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ച സൂപ്പര്‍ സ്‌നിഫര്‍ നായകളുടെ കിടിലന്‍ പട ഇറങ്ങുന്നു. സൈനിക പരിശീലന കേന്ദ്രങ്ങളില്‍ നിന്ന് പ്രത്യേക പരിശീലനം സിദ്ധിച്ച നായകളുടെ പടയാണ് ചീറ്റകളെ താമസിപ്പിച്ചിരിക്കുന്ന മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ വിന്യസിപ്പിക്കുന്നത്. വേട്ടക്കാരുടെ ആക്രമണങ്ങളില്‍നിന്നും ചീറ്റകളെ സംരക്ഷിക്കുക, മറ്റു വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ ചെറുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ നായപ്പടയ്ക്കുള്ളത്. 

പുതിയ നാടുമായും കാലാവസ്ഥയുമായും പൊരുത്തപ്പെട്ടു വരുന്ന എട്ട് ചീറ്റപ്പുലികള്‍ക്ക് നിലവില്‍ രണ്ട് ആനകളുടെ കാവലുണ്ട്. സത്പുര കടുവ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് എത്തിച്ച ലക്ഷ്മിയും സിദ്ധാന്തുമാണ്, കുനോ  ദേശീയ പാര്‍ക്കിലെ മറ്റ് മൃഗങ്ങള്‍ ഇവയെ ആക്രമിക്കുന്നതില്‍നിന്നും സംരക്ഷണം നല്‍കാന്‍ വിന്യസിപ്പിക്കപ്പെട്ടത്. അതിനുപിന്നാലെയാണ്, ചീറ്റകളുടെ സംരക്ഷണത്തിനായി നായകളുടെ സൈന്യം ഇറങ്ങുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ നായപ്പടയിലെ പ്രധാനി ഇലു എന്ന് വിളിക്കപ്പെടുന്ന ജര്‍മന്‍ ഷെപ്പേര്‍ഡ് ആണ്. അഞ്ചു മാസം പ്രായമുള്ള ഈ നായയ്ക്ക് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സസിന്റെ നാഷനല്‍ ട്രെയിനിംഗ് സെന്ററിലാണ് ഗംഭീരമായ പരിശീലനം നല്‍കുന്നത്. വന്യജീവി രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രാഫിക്, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് എന്നിവയിലെ വിദഗ്ധരുടെ സഹായത്തോടെയാണ് പരിശീലനം നടക്കുന്നത്. അടുത്ത ഏഴ് മാസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി ഇത് പുറത്തിറങ്ങും. 

മൂന്ന് മാസം പ്രാഥമിക പാഠങ്ങളും അടുത്ത നാലു മാസം പ്രത്യേക പരിശീലനവുമാണ് ഇതിനു നല്‍കുകയെന്ന്  ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഫോഴ്‌സ് ട്രെയിനിംഗ് സെന്ററിലെ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഈശ്വര്‍ സിംഗ് ദുഹാന്‍ പറഞ്ഞു. നായാട്ടുകാരില്‍നിന്നും ചീറ്റകളെ സംരക്ഷിക്കുന്നതിനായി ഇവയെ കുനോ നാഷനല്‍ പാര്‍ക്കിനു ചേര്‍ന്ന് വിന്യസിപ്പിക്കും. വിവിധ വന്യ മൃഗങ്ങളുടെ മണംപിടിച്ച് യഥാസമയം ഇടപെടുന്നതിനുള്ള പരിശീലനം കിട്ടിയ മറ്റു പട്ടിപ്പടയും ഫോറസ്റ്റ് ഗാര്‍ഡുമാരും സഹായത്തിനുണ്ടാവും.  

ഏഴ് പതിറ്റാണ്ടുകളായി ചീറ്റപ്പുലികളില്ലാത്ത ഇന്ത്യയിലേക്ക് നമീബിയയില്‍നിന്നാണ് എട്ടു ചീറ്റപ്പുലികളെ കൊണ്ടുവന്നത്.  അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ ചീറ്റകളുമാണ് സംഘത്തിലുള്ളത്. അതിഗംഭീര ഓട്ടക്കാരാണ് ചീറ്റപ്പുലികള്‍. മണിക്കൂറില്‍ 80 മുതല്‍ 128 കിലോമീറ്റര്‍ വരെയാണ് ഇവയുടെ വേഗത. ഏറ്റവും വേഗത്തില്‍ പായുമ്പോള്‍ ഓരോ കാല്‍ കവച്ചു വെക്കുമ്പോഴും ചീറ്റ ഏഴ് മീറ്റര്‍ കടക്കുന്നു. ഒരു സെക്കന്‍ഡില്‍ ചീറ്റ മൂന്ന് പ്രാവശ്യം കാലുകള്‍ മുന്നോട്ടായുന്നു.  മെലിഞ്ഞ് നീണ്ട കാലുകളും വലിപ്പം കുറഞ്ഞ ശരീരവും നീണ്ട വാലുമെല്ലാം കൂടിയാണ് ചീറ്റയെ വേഗരാജാക്കന്‍മാര്‍ ആക്കുന്നത്. 
 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!