
ജയിലിലായിരിക്കുമ്പോൾ ഒരിക്കലും ഒരു സാധാരണ ജീവിതം ആയിരിക്കില്ല ജീവിക്കുന്നത് അല്ലേ? ഇവിടെ കഴിയുന്നവരെ വിളിക്കുന്നത് തന്നെ തടവുപുള്ളികൾ എന്നാണ്. എന്നാൽ, പല രാജ്യങ്ങളിലും ഇപ്പോൾ പഴയ ജയിൽ സംവിധാനങ്ങൾ എന്നതിനും അപ്പുറം റീഹാബിലിറ്റേഷൻ സെന്ററുകളായി പ്രവർത്തിക്കുന്നുണ്ട്. തടവുകാരെ വിവിധ ജോലികൾ പരിശീലിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. എന്നാൽ, ഇപ്പോൾ ഇംഗ്ലണ്ടിലെ ഒരു ജയിലിന്റെ അകത്ത് സൂപ്പർ മാർക്കറ്റ് തന്നെ തുറന്നിരിക്കുകയാണ്.
സൂപ്പർ മാർക്കറ്റ് സൗകര്യമുള്ള യുകെയിലെ ആദ്യത്തെ ജയിലാവും ഇത്. തടവുകാരെ പുറത്തെ ജീവിതത്തിനായി സജ്ജമാക്കുക എന്നതിന് വേണ്ടിയാണത്രെ ഈ സൂപ്പർമാർക്കറ്റ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. തടവുകാർക്ക് ഷോപ്പിംഗ് നടത്താനും, ജോലികൾ ചെയ്ത് പഠിക്കാനും, പുതിയൊരു തുടക്കത്തിനും ഒക്കെ ഈ സൂപ്പർ മാർക്കറ്റ് ലക്ഷ്യമിടുന്നു. ഐസ്‌ലാൻഡിന്റെ പേരിലുള്ളതാണ് ഈ സ്റ്റോർ. കഴിഞ്ഞ മാസമാണ് സ്റ്റാഫോർഡ്‌ഷെയറിലെ ഫെതർസ്റ്റോണിൽ സ്ഥിതി ചെയ്യുന്ന എച്ച്എംപി ഓക്ക്‌വുഡിനുള്ളിൽ ഈ സൂപ്പർമാർക്കറ്റ് ആരംഭിച്ചിരിക്കുന്നത്.
ജയിലിൽ നല്ല പെരുമാറ്റം കാഴ്ച വയ്ക്കുന്നവർക്കാണ് ഇവിടെ നിന്നും സാധനങ്ങൾ വാങ്ങുന്നതിനുള്ള പണം ലഭിക്കുക. ഇത് വ്യാജ കറൻസി ആയിരിക്കും. ഇതുമായി ചെന്ന് സാധനങ്ങൾ വാങ്ങാം. ചിക്കാഗോ ടൗൺ പിസ്സാസ്, ബെൻ ആൻഡ് ജെറി ഐസ്ക്രീം തുടങ്ങിയ ബ്രാൻഡഡ് സാധനങ്ങൾ ഇവിടെ ലഭിക്കും. പുറത്ത് നിന്നുള്ളതിനേക്കാൾ പണം കുറവായിരിക്കും ഇവിടെ സാധനങ്ങൾക്ക്.
ജയിലിനകത്തെ വലിയൊരു വെയർഹൗസിനകത്താണ് ഈ സൂപ്പർമാർക്കറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് കൂടാതെ ഇവിടെ ഒരു കോഫി ഷോപ്പും പ്രവർത്തിക്കുന്നുണ്ട്. തടവുകാർ തന്നെയാണ് ഇവിടെ കോഫിയും മറ്റും ഉണ്ടാക്കുന്നത് അടക്കമുള്ള ജോലികൾ ചെയ്യുന്നത്.
ഒപ്പം ഒരു പഴം പച്ചക്കറി കടയും ജെപി സ്പോർട്സ് എന്ന പേരിൽ വിനോദത്തിനുള്ള സൗകര്യവും ജയിലിനകത്തുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ജയിലിന് പുറത്തിറങ്ങിയാൽ വീണ്ടും അക്രമങ്ങളിലേക്കും മറ്റും പോകാതെ സാധാരണ ജോലികൾ ചെയ്തുകൊണ്ട്, സാധാരണ ജീവിതം നയിക്കാൻ തടവുകാരെ സജ്ജമാക്കുക എന്നതാണ് ഇതിന്റെയെല്ലാം ലക്ഷ്യം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇംഗ്ലണ്ടിലെയും വെയിൽസിലെയും 15 സ്വകാര്യ ജയിലുകളിൽ ഒന്നാണ് എച്ച്എംപി ഓക്ക്വുഡ്. എച്ച്എംപി ചീഫ് ഇൻസ്പെക്ടർ ഓഫ് പ്രിസൺസ്, ചാർളി ടെയ്‌ലർ പറയുന്നത് താൻ സന്ദർശിച്ചതിൽ ഏറ്റവും മികച്ച ജയിലാണ് എച്ച്എംപി ഓക്ക്വുഡ് എന്നാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മയക്കുമരുന്നിന്റെയും അക്രമങ്ങളുടേയും പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച ജയിലായിരുന്നു ഇത്. ഇന്ന് ഇത്തരത്തിലുള്ള പദ്ധതികളുടെ പേരിൽ പ്രശംസിക്കപ്പെടുകയാണ് ഇതേ ജയിൽ.