ഇത് ഭിന്നശേഷിക്കാരായ കുട്ടികൾ നടത്തുന്ന രാജ്യത്തെ ആദ്യത്തെ സൂപ്പർമാർക്കറ്റ്...

Published : Apr 13, 2022, 12:56 PM IST
ഇത് ഭിന്നശേഷിക്കാരായ കുട്ടികൾ നടത്തുന്ന രാജ്യത്തെ ആദ്യത്തെ സൂപ്പർമാർക്കറ്റ്...

Synopsis

ഉർജ സ്കൂളിലെ കുട്ടികളിൽ ഓട്ടിസം, ഡൗൺ സിൻഡ്രോം, പഠന വൈകല്യങ്ങൾ തുടങ്ങിയവ ബാധിച്ച കുട്ടികളാണുള്ളത്. ഇവരിൽ 15 ഓളം പേർക്ക് ഇപ്പോൾ സൂപ്പർമാർക്കറ്റിലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ പരിശീലനം ലഭിച്ചു കഴിഞ്ഞു. 

2019 -ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 7.8 ശതമാനം കുട്ടികളും ഏതെങ്കിലും തരത്തിൽ ഭിന്നശേഷിക്കാരാണ്. ഇത് ഔദ്യോഗിക കണക്കുകളാണെങ്കിലും, ഈ രംഗത്ത് പ്രവർത്തിക്കുന്ന എൻ‌ജി‌ഒകളും പ്രവർത്തകരും പറയുന്നത് യഥാർത്ഥ സംഖ്യ അതിലും വളരെ കൂടുതലാണ് എന്നാണ്. സമൂഹം അവരെ പലപ്പോഴും തുല്യരായി കാണാൻ ശ്രമിക്കാറില്ല. പലപ്പോഴും അവർക്ക് അപമാനവും, അവഗണയും നേരിടേണ്ടി വരാറുണ്ട്. ആളുകളിലെ അവബോധമില്ലായ്മ കാരണം സ്കൂളിൽ പോകാനോ, മറ്റ് കുട്ടികൾക്കൊപ്പമിരുന്ന് പഠിക്കാനോ, ജോലി ചെയ്യാനോ ഒന്നിനും അവർക്ക് പലപ്പോഴും അവസരം ലഭിക്കാറില്ല.  

അഞ്ച് വയസ്സ് പ്രായമുള്ള ഇത്തരത്തിലുള്ള 75 ശതമാനം കുട്ടികളും, 5-19 വയസ്സിനിടയിലുള്ള നാലിലൊന്ന് കുട്ടികളും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പോകുന്നില്ല എന്നാണ് 2019 -ലെ "സ്റ്റേറ്റ് ഓഫ് ദ എജ്യുക്കേഷൻ റിപ്പോർട്ട് ഫോർ ഇന്ത്യ: ചിൽഡ്രൻ വിത്ത് ഡിസെബിലിറ്റീസ്" പ്രസ്താവിക്കുന്നത്. എന്നാൽ, അവരുടെ ജീവിതം മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ രാജ്യത്തുണ്ട്. മുംബൈ ആസ്ഥാനമായുള്ള ഊർജ സ്പെഷ്യൽ സ്കൂൾ ഈ രംഗത്ത് പ്രവർത്തിക്കുന്ന നിരവധി സംഘടനകളിൽ ഒന്നാണ്. അവർ ഭിന്നശേഷിയുള്ള കുട്ടികളെ സമൂഹവുമായി ഒന്നിപ്പിക്കാൻ പരിശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി അവർ ഈ മാസം ആദ്യം, മുംബൈയിൽ ഭിന്നശേഷിയുള്ള കുട്ടികൾ നടത്തുന്ന രാജ്യത്തെ ആദ്യത്തെ സൂപ്പർമാർക്കറ്റ് തുറന്നു.  

ഉർജ സ്‌പെഷ്യൽ സ്‌കൂൾ നടത്തുന്ന ദമ്പതികളായ ഡോ. മിഹിർ പരേഖും, പൂജാ പരേഖുമാണ് ഈ ആശയത്തിന് പിന്നിൽ. ചൈൽഡ് സൈക്കോളജിസ്റ്റും സ്പെഷ്യൽ എഡ്യൂക്കേറ്ററുമാണ് ഡോ. മിഹിർ പരേഖ്. ഉർജ സൂപ്പർമാർക്കറ്റ് പൊതുജനങ്ങൾക്കായി തുറന്നിട്ട് ഇപ്പോൾ മൂന്നാഴ്ചയിലേറെയായി. സ്റ്റോർ നടത്തുന്നതിനായി കുട്ടികൾക്ക് ഇപ്പോഴും പരിശീലനം നൽകി വരികയാണ്.  ഈ ആശയം വളരെ മുൻപ് തന്നെ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നതാണെങ്കിലും, മഹാമാരി കാരണം സൂപ്പർമാർക്കറ്റ്  തുടങ്ങുന്നത് വൈകി. "ഞങ്ങളുടെ സ്കൂൾ ആക്ടിവിറ്റിയുടെ  ഭാഗമാണ് ഉർജ സൂപ്പർമാർക്കറ്റ്. ഞങ്ങൾ കുട്ടികൾക്കായി ഒരു തൊഴിൽ പരിശീലന പരിപാടിയും നടത്തുന്നു. കുട്ടികൾ അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയാൽ പിന്നെ എന്ത് ചെയ്യുമെന്നതിനുള്ള ഒരു മറുപടിയാണ് ഇത്. ഇതിന്റെ ഭാഗമായി ഞങ്ങൾ അവർക്ക് ഷോപ്പ് മാനേജ്മെന്റ്, പാചകം, ബേക്കിംഗ്, ഓഫീസ് മാനേജ്മെന്റ്, കമ്പ്യൂട്ടർ വിജ്ഞാനം എന്നിവയിൽ പരിശീലനം നൽകുന്നു" ഡോ. പരേഖ് വിശദീകരിച്ചു.  

ഉർജ സ്കൂളിലെ കുട്ടികളിൽ ഓട്ടിസം, ഡൗൺ സിൻഡ്രോം, പഠന വൈകല്യങ്ങൾ തുടങ്ങിയവ ബാധിച്ച കുട്ടികളാണുള്ളത്. ഇവരിൽ 15 ഓളം പേർക്ക് ഇപ്പോൾ സൂപ്പർമാർക്കറ്റിലെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ പരിശീലനം ലഭിച്ചു കഴിഞ്ഞു. ഒരു തെറാപ്പിസ്റ്റോ സ്റ്റോർ മാനേജരോ അവരെ സഹായിക്കാനുണ്ടാകും. സൂപ്പർമാർക്കറ്റിൽ കൂടുതലും പ്രാദേശികമായി ഉണ്ടാക്കിയ ഉത്പന്നങ്ങൾ, ഓർഗാനിക് ഉൽപ്പന്നങ്ങൾ, സമ്മാന ഇനങ്ങൾ എന്നിവയാണുള്ളത്.  "ഇത് സ്വന്തം കഴിവുകൾ തിരിച്ചറിയാനും, സ്വതന്ത്രരാകാനും, സമൂഹത്തിന് സംഭാവനകൾ നൽകാനും അവരെ സഹായിക്കുമെന്ന് ഞാൻ കരുതുന്നു" അദ്ദേഹം പറഞ്ഞു.

 

(ചിത്രം പ്രതീകാത്മകം)

PREV
Read more Articles on
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!