'16 -ാമത്തെ വയസിൽ ബന്ധുവാണ് എന്നെ മുംബൈയിൽ വിറ്റുകളഞ്ഞത്' - യുവതിയുടെ ഞെട്ടിക്കുന്ന അനുഭവം

By Web TeamFirst Published Apr 1, 2021, 11:04 AM IST
Highlights

24 മണിക്കൂറിനുള്ളില്‍ ഞാന്‍ മുംബൈയിലെത്തി. എന്നാല്‍, അയാളെന്നെ ഒരു വേശ്യാലയത്തിലേക്ക് വിറ്റു. എന്താണ് സംഭവിച്ചതെന്നും എപ്പോഴാണ് എല്ലാം തലകീഴ്മേല്‍ മറിഞ്ഞതെന്നും എനിക്ക് മനസിലായില്ല.

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം വെറും കെട്ടുകഥകളാണ് എന്ന് പറയാറുണ്ട്. അങ്ങനെ ഒരു യുവതിയുടെ അനുഭവമാണിത്. മനുഷ്യക്കടത്ത് സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ വിപത്താണ്. പല ഇന്ത്യൻ സംസ്ഥാനങ്ങളിലും ദരിദ്രരായ പല പെൺകുട്ടികളും മനുഷ്യക്കടത്തിന് ഇരകളാവുകയും ന​ഗരങ്ങളിൽ വിൽക്കപ്പെടുകയും ചെയ്യുന്നുണ്ട്. ചിലർ അതിൽ നിന്നും രക്ഷപ്പെടും, ചിലർ കാലാകാലങ്ങളോളം അവിടെ തന്നെ കുടുങ്ങിപ്പോവും. ഇത് ബന്ധുവിൻ ചതിക്കപ്പെട്ട് പതിനാറാമത്തെ വയസിൽ വേശ്യാലയത്തിലേക്ക് വിൽക്കപ്പെടുകയും ലൈം​ഗിക തൊഴിലാളിയായി ജീവിക്കുകയും ചെയ്യേണ്ടി വന്ന ഒരു പെൺകുട്ടിയുടെ അനുഭവമാണ്. 

ഞാന്‍ കുട്ടിയായിരിക്കുമ്പോൾ തന്നെ എന്‍റെ അമ്മ മരിച്ചിരുന്നു. അച്ഛന്‍ പിന്നീട് വേറെ വിവാഹം കഴിച്ചു. ആ ദിവസത്തെ കുറിച്ച് ഞാനിന്നും വ്യക്തമായി ഓര്‍ക്കുന്നുണ്ട് -അതേ, എന്നെ തട്ടിക്കൊണ്ടുപോയ ആ ദിവസത്തെ കുറിച്ച്. ആ ദിവസം എന്‍റെ രണ്ടാനമ്മയുമായി ഒരു വലിയ വഴക്ക് കഴിഞ്ഞിരിക്കുകയായിരുന്നു ഞാന്‍. എനിക്ക് ദേഷ്യവും നിരാശയും സഹിക്കാനായിരുന്നില്ല. അങ്ങനെ ഞാൻ അടുത്തുള്ള ഒരു അമ്പലത്തിലേക്ക് പോയി. അവിടെ മനസിന് അല്‍പം സമാധാനം കിട്ടുമെന്ന് കരുതിയാണ് അങ്ങോട്ട് പോയത്. എനിക്ക് സ്വന്തമായി എന്തെങ്കിലും വരുമാനമുണ്ടായിരുന്നു എങ്കില്‍ കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമായിരുന്നേനെ എന്നെല്ലാം അവിടെയിരുന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഒരാള്‍ എന്‍റെ അടുത്തേക്ക് വന്നത്. ഞാനയാളെ തിരിച്ചറിഞ്ഞു. അയാളെന്‍റെ കുടുംബത്തില്‍ തന്നെ ഉള്ള ആളായിരുന്നു -എന്‍റെ ജിജു (brother-in-law).

എല്ലാ സങ്കടങ്ങളും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിന് എന്നെ മനസിലായതു പോലെ തോന്നി. മുംബൈയിലേക്ക് പോകൂവെന്ന് അയാളെന്നെ ഉപദേശിച്ചു. അത് സ്വപ്‍നങ്ങളുടെ നഗരമാണ്. അവിടെ എത്തിയാല്‍ എന്തെങ്കിലും ഒരു ജോലി കണ്ടെത്താന്‍ അയാളെന്നെ സഹായിക്കാം എന്നും പറഞ്ഞു. അതാകുമ്പോള്‍ എനിക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമല്ലോ. രണ്ടാനമ്മയുടെ വഴക്കും കേള്‍ക്കണ്ട. അങ്ങനെ ഞാന്‍ അയാളോടൊപ്പം പോകാമെന്ന് സമ്മതിച്ചു. ഇനി താമസിക്കണ്ട, ഇപ്പോള്‍ തന്നെ മുംബൈയിലേക്ക് പോകാമെന്നും അയാള്‍ പറഞ്ഞു. അങ്ങനെ പശ്ചിമ ബംഗാളിലെ മന്ദിര്‍ ബസാര്‍, മതുരാപ്പൂരില്‍ നിന്നും ഞാന്‍ ട്രെയിന്‍ കയറി. ആ തീയതി ഇന്നും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. 2019 ജൂണ്‍ 22 -ന് ആയിരുന്നു അത്. എനിക്കന്ന് 16 വയസ് മാത്രമായിരുന്നു പ്രായം. 

24 മണിക്കൂറിനുള്ളില്‍ ഞാന്‍ മുംബൈയിലെത്തി. എന്നാല്‍, അയാളെന്നെ ഒരു വേശ്യാലയത്തിലേക്ക് വിറ്റു. എന്താണ് സംഭവിച്ചതെന്നും എപ്പോഴാണ് എല്ലാം തലകീഴ്മേല്‍ മറിഞ്ഞതെന്നും എനിക്ക് മനസിലായില്ല. ഒറ്റക്കാര്യം മാത്രം എനിക്ക് മനസിലായി, പണത്തിന് വേണ്ടി അയാളെന്നെ വിറ്റുകളഞ്ഞു. അടുത്ത ഏഴ് മാസം ഭൂമിയിലെ നരകമെന്താണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവിടെയെത്തുന്ന ആളുകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെട്ടു. 

എന്നാല്‍, 2020 ജനുവരിയില്‍ അവിടെ മുംബൈ പൊലീസിന്‍റെ ഒരു റെയ്‍ഡ് നടന്നു. അവിടെ നിന്നും ഞാൻ രക്ഷപ്പെട്ടു. മുംബൈയിലെ റെസ്ക്യൂ ഫൗണ്ടേഷന്റെ അഭയകേന്ദ്രത്തിലേക്ക് എന്നെ അയച്ചു. മനുഷ്യക്കടത്ത് തടയുന്നതിനായി ഇന്ത്യയിലുടനീളമുള്ള മറ്റ് എൻ‌ജി‌ഒകളുമായി സഹകച്ച് പ്രവർത്തിക്കുന്ന പശ്ചിമ ബംഗാളിലെ എൻ‌ജി‌ഒ ഗോരൺബോസ് ഗ്രാം ബികാഷ് കേന്ദ്ര (ജി‌ജി‌ബി‌കെ) എന്നെ രക്ഷിക്കുന്നതിന് മുന്‍കയ്യെടുത്തു. എനിക്കൊരു വീട് കണ്ടെത്തണമെന്ന് അവര്‍ക്കുണ്ടായി. അവിടെ എനിക്ക് വേണ്ട എല്ലാത്തരം മാനസിക പിന്തുണയും കിട്ടുന്നുണ്ട് എന്ന് ഉറപ്പ് വരുത്താനും അവര്‍ ശ്രമിച്ചു. എന്റെ പേര്, വിലാസം, മാതാപിതാക്കളുടെ പേര്, മറ്റ് വിശദാംശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു അന്വേഷണ റിപ്പോർട്ട് ജി‌ജി‌ബി‌കെ, മുംബൈ കോടതിക്ക് അയച്ചു. ഇത് സമർപ്പിച്ചുകഴിഞ്ഞപ്പോള്‍, മുംബൈയിലെ ശിശുക്ഷേമ സമിതി ബംഗാളിലെ ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ടു, എന്നെ തിരികെ ബംഗാളിലേക്ക് കൊണ്ടുവന്നു, അവിടെ ഞാൻ ഒരു അഭയകേന്ദ്രത്തിൽ താമസിക്കാൻ തുടങ്ങി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 363, 365, 366 എ, 370, 372, 373, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള സെക്ഷൻ 6 എന്നിവ പ്രകാരം ലോക്കൽ പൊലീസ് സ്റ്റേഷനിൽ എന്‍റെ കേസ് ഫയൽ ചെയ്തു. എനിക്കും കുടുംബത്തിനും ജിജിബികെ കൗൺസിലിംഗും മാനസിക പിന്തുണയും നൽകി. ഞാൻ വിശദമായ വൈദ്യപരിശോധന നടത്തിയെന്നും എനിക്ക് ചികിത്സ നൽകിയിട്ടുണ്ടെന്നും അവർ ഉറപ്പുവരുത്തി. എഫ്ഐആർ സമർപ്പിച്ച് 10 ദിവസത്തിനുള്ളിൽ, പൊലീസ് അന്തർസംസ്ഥാന അന്വേഷണം ആരംഭിച്ചു, ഈ കേസ് ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റിലേക്ക് (എഎച്ച്ടിയു) കൈമാറുന്നതിനായി ഒരു കത്ത് ഡയമണ്ട് ഹാർബർ സ്റ്റേഷൻ പൊലീസ് സൂപ്രണ്ടിന് അയച്ചു. ഇതിന്റെ ഫലമായി 2021 ജനുവരി 11 -ന് മുംബൈയിൽ നിന്നും രണ്ട് പേരെയും പിന്നീട് മൂന്നാമനെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ജി‌ജി‌ബി‌കെയിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരുമായും എന്നോടും പൊലീസ് നിരന്തരം ബന്ധപ്പെട്ടു. പ്രതികളെ ബംഗാളിലേക്ക് കൊണ്ടുവന്ന് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. അന്തർസംസ്ഥാന അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നതിനായി സാമൂഹ്യ പ്രവർത്തകരും കുടുംബവും റെസ്ക്യൂ ഫൗണ്ടേഷനും മുംബൈയിലെ ഇൻവെസ്റ്റിഗേഷൻ ഓഫീസറുമായും സംസാരിച്ചു. പശ്ചിമ ബംഗാൾ സിഐഡിയുടെ എഎച്ച്ടിയു അന്വേഷണം തുടരുകയാണ്.

ഈ കഥ എന്തുകൊണ്ടാണ് ഞാന്‍ നിങ്ങളോട് പങ്ക് വയ്ക്കുന്നതെന്നാല്‍, ഈ സംവിധാനം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറയാനായിട്ടാണ്. ആന്‍റി ഹ്യുമന്‍ ട്രാഫിക്കിംഗ് യൂണിറ്റുകള്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഇടപെടുന്നുണ്ട്. എങ്ങനെയാണ് ഇത്തരം കേസുകള്‍ അന്വേഷിക്കേണ്ടത് എന്നും നടപടി സ്വീകരിക്കേണ്ടത് എന്നും പരിശീലനം സിദ്ധിച്ചവരാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. പകർച്ചവ്യാധിയുടെ ഫലമായി നിരവധി ആളുകൾ തൊഴിൽ നഷ്ടവും സാമ്പത്തിക ഞെരുക്കവും നേരിടുന്നു. ഇത് അവരെ മനുഷ്യക്കടത്തിന് കൂടുതൽ ഇരയാക്കുന്നു. അതിനാൽ, എഎച്ച്ടിയു -മാരുടെ പ്രവര്‍ത്തനത്തെ കുറിച്ച് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. അവരുടെ പ്രവര്‍ത്തനത്തിനായി നിര്‍ഭയ ഫണ്ടടക്കം വലിയ തുകയും അനുവദിച്ചിട്ടുണ്ട്. 

അവര്‍ രാജ്യത്ത് മനുഷ്യക്കടത്തിനിരയാകുന്നവരെ കണ്ടെത്തുകയും മാനസികമായും അല്ലാതെയുമുള്ള എല്ലാ പിന്തുണകളും നല്‍കുകയും ചെയ്യുന്നു. അതിനായി താഴെത്തലം മുതല്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. അവരെങ്ങനെയാണ് എന്‍റെ കൈ ചേര്‍ത്തുപിടിച്ചത് എന്ന്, എനിക്ക് മാനസിക പിന്തുണയും കുടുംബത്തിന് കരുത്തും നല്‍കിയത് എന്നതിനെ കുറിച്ച് പറയാനും ഞാന്‍ ആഗ്രഹിക്കുന്നു. അനുഭവത്തില്‍ നിന്നുമുണ്ടായ മാനസികത്തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ അവരാണ് എന്നെ സഹായിച്ചത്. 

കേസുമായി ഇനിയും എനിക്ക് മുന്നോട്ട് പോവാനുണ്ട്. എഎച്ച്ടിയു സജീവമായി അതില്‍ ഇടപെടുന്നുണ്ട്. എന്നെ കടത്തിക്കൊണ്ടുപോയവര്‍ കസ്റ്റഡിയിലാണ്. എന്‍റെ മുറിവുണക്കാന്‍ സഹായിച്ച എല്ലാ മനുഷ്യരോടും എനിക്ക് നന്ദിയുണ്ട്. ഇനിയുമെനിക്ക് ഒരുപാട് പോരാടാനുണ്ട്. 

(ചിത്രങ്ങൾ പ്രതീകാത്മകം)

click me!