Latest Videos

'എന്നെ അയാൾ ഒരു വേശ്യാലയത്തിന് വിറ്റു, ഇന്ന് ഞാൻ ചതിക്കപ്പെട്ട സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്നു' -അനുഭവം

By Web TeamFirst Published Jul 21, 2021, 12:06 PM IST
Highlights

ഇന്ന് ഞാന്‍ മനുഷ്യക്കടത്ത് ഇല്ലാതെയാക്കാനും അതിനെ അതീജിവിച്ചവരോടുള്ള സമൂഹത്തിന്‍റെ മനോഭാവം മാറ്റാനും വേണ്ടി പ്രവര്‍ത്തിക്കുന്നു. 

മനുഷ്യക്കടത്ത് രാജ്യം നേരിടുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ഇന്ത്യയിലെ പല ​ഗ്രാമങ്ങളിലും സ്ത്രീകൾ അറിയാതെ വേശ്യാലയങ്ങളിലെത്തപ്പെടുകയും ജീവിതം അവിടെ തീർന്നു പോവുകയും ചെയ്യുന്നുണ്ട്. പലരും അതിൽ നിന്നും രക്ഷപ്പെടുന്നുവെങ്കിലും ചിലരെങ്കിലും അവിടെ പെട്ടുപോകാറുണ്ട്. ഇത് അവിടെ എത്തിച്ചേർന്ന് രക്ഷപ്പെടാൻ സാധിച്ചൊരു പെൺകുട്ടിയുടെ അതിജീവന കഥയാണ്. ഇന്ന് അവൾ തന്നെ പോലെ ചതിക്കപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നു. 

നോർത്ത് 24 പർഗാനയിലെ ബസിർഹാറ്റ് മേഖലയിലാണ് ഞാൻ വളർന്നത്. എന്റെ കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടിയായിരുന്നു ഞാന്‍. ആ കരുതല്‍ അവര്‍ക്കെന്നോട് ഉണ്ടായിരുന്നു. എന്റെ ഏറ്റവും വലിയ ആഗ്രഹം വിദ്യാഭ്യാസം നേടുകയും ബിരുദം നേടുകയും ജീവിതത്തിൽ ശരിക്കും അർത്ഥവത്തായ എന്തെങ്കിലും ചെയ്യുകയുമായിരുന്നു. എന്നാലൊന്നും നടന്നില്ല. 

ആ സമയത്താണ് എന്‍റെ മൂത്ത സഹോദരിയുടെ വിവാഹം നടന്നത്. അതിനുശേഷം അവളുടെ ഭര്‍ത്താവിന്‍റെ ഒരു ബന്ധു ഇടയ്ക്കിടയ്ക്ക് ഞങ്ങളുടെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. നമ്മുടെ കുടുംബത്തിന്‍റെയെല്ലാം വിശ്വാസം അയാള്‍ നേടിയെടുത്തു. എന്‍റെ പഠനത്തിന് പണം നല്‍കാമെന്നും അത് കഴിഞ്ഞ് ജോലി നേടാന്‍ സഹായിക്കാം എന്നും അയാള്‍ പറഞ്ഞു. 

അങ്ങനെ അയാള്‍ക്കൊപ്പം പൂനെയിലേക്ക് എന്നെ അയക്കാന്‍ മാതാപിതാക്കള്‍ സമ്മതിച്ചു. എന്നാല്‍, അവിടെയെത്തിയ ഉടനെ അയാളെന്നെ ഒരു വേശ്യാലയത്തില്‍ വിറ്റു. ഒരുമാസത്തിനുശേഷമാണ് അവിടെ നിന്നും ഞാന്‍ രക്ഷപ്പെടുന്നത്. അതിനുശേഷം ഞാന്‍ നേരെ വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോഴേക്കും എല്ലാം മാറിമറിഞ്ഞിരുന്നു. 

എന്‍റെ കുടുംബവും അയല്‍ക്കാരും കൂടെ പഠിച്ചിരുന്നവരും എല്ലാം എന്നെ അകറ്റി നിര്‍ത്തി. സംഭവിച്ചതിനെല്ലാം പലരും കുറ്റപ്പെടുത്തിയത് എന്നെയാണ്. എന്നാല്‍, ഞാന്‍ തോറ്റ് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഞാന്‍ എന്‍റെ വീടിന് സമീപത്തുള്ള ഒരു എന്‍ജിഒ -യെ സമീപിച്ചു. അവരെന്നെ മാനസികമായി മെച്ചപ്പെടുത്താനും ആരോഗ്യകരമായ ഒരു ജീവിതം നയിക്കാനും സഹായിച്ചു. അവരുടെ ലീഡര്‍ഷിപ്പ് ആന്‍ഡ് സോഫ്റ്റ് സ്കില്‍സ് ട്രെയിനിംഗില്‍ ഞാന്‍ പങ്കെടുത്തു. പിന്നീട് ഞാന്‍ മനുഷ്യക്കടത്തിനെ അതിജീവിച്ചവരുടെ സംഘടനയില്‍ ചേര്‍ന്നു. 2016 -ല്‍ രൂപീകരിച്ച ഉത്ഥന്‍ എന്ന സംഘടനയായിരുന്നു അത്. 

ഇന്ന് ഞാന്‍ മനുഷ്യക്കടത്ത് ഇല്ലാതെയാക്കാനും അതിനെ അതീജിവിച്ചവരോടുള്ള സമൂഹത്തിന്‍റെ മനോഭാവം മാറ്റാനും വേണ്ടി പ്രവര്‍ത്തിക്കുന്നു. അവരെ വേദനകളിൽ നിന്നും പുറത്ത് കടക്കാൻ സഹായിക്കുക, അവർക്ക് വേണ്ട നിയമസഹായങ്ങളും മറ്റും കണ്ടെത്തി നൽകുക, ജീവിക്കാനുള്ള സഹായം നൽകുക തുടങ്ങിയവയൊക്കെ അതിൽ പെടുന്നു. 

എനിക്ക് സംഭവിച്ചതിൽ ഞാൻ കേസ് നൽകുകയും ചെയ്തു. നഷ്ടപരിഹാരത്തിന് അർഹതയുണ്ട് എന്നും ഞാൻ മനസിലാക്കി. എങ്ങനെയാണ് ഇവിടുത്തെ വ്യവസ്ഥകൾ മനുഷ്യക്കടത്തിന് വിധേയരാവേണ്ടി വന്ന സ്ത്രീകളോട് പെരുമാറുന്നതെന്ന് ഞാൻ മനസിലാക്കി. അതിൽ മാറ്റമുണ്ടാക്കാനും ഞാൻ പരിശ്രമിക്കുന്നു. ചെറുപ്പത്തിലേ ഉള്ള എന്റെ സ്വപ്നം, ജീവിതത്തിൽ അർത്ഥമുള്ളത് എന്തെങ്കിലും ചെയ്യുക എന്നത്. ആ സ്വപ്നം യാഥാർത്ഥ്യമായി. ഇന്ന് ഞാൻ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നു. 

click me!