നിസാമുദ്ദിൻ മർക്കസ് : കൊറോണ വൈറസിന്റെ പേരിൽ ചർച്ചയിലേക്ക് വന്ന 'തബ്‌ലീഗ് ജമാഅത്ത്' എന്താണ് ?

By Web TeamFirst Published Apr 1, 2020, 4:42 PM IST
Highlights

മർക്കസ് എന്നാൽ കേന്ദ്രം. തബ്‌ലീഗ് എന്നാൽ  മതപ്രചാരണം. ജമാഅത്ത് എന്നാൽ സമൂഹം. ഈ മൂന്നു വാക്കുകളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്നത്. 

'മർക്കസ്' എന്നാൽ കേന്ദ്രം. 'തബ്‌ലീഗ്' എന്നാൽ  മതപ്രചാരണം. 'ജമാഅത്ത്' എന്നാൽ സമൂഹം. ഈ മൂന്നു വാക്കുകളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്നത്. ദില്ലിയിലെ നിസാമുദ്ദീൻ എന്ന പ്രദേശവും ഈ ദിവസങ്ങളിൽ പതിവായി ചർച്ചയിലേക്ക് കടന്നുവരുന്നുണ്ട്. മാർച്ച് മാസത്തിൽ നിസാമുദ്ദീൻ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന തബ്‌ലീഗ് ജമാഅത്തിന്റെ മർക്കസിൽ വെച്ച് ഒരു വലിയ മതസമ്മേളനം നടന്നു. അതിൽ ആയിരക്കണക്കിന് പേർ വന്നു. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുമാത്രമല്ല, വിദേശത്തുനിന്നും ഡെലിഗേറ്റുകൾ വന്നിറങ്ങി. അവർ ഒന്നിച്ച് മൂന്നുദിവസം മതപ്രബോധനം നടത്തി. സമ്മേളനത്തിൽ പങ്കെടുത്ത പലരും പലവഴി പിരിഞ്ഞുപോയി. മിക്കവാറും പേർ വന്നത് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടകം, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്നായിരുന്നു. 

തബ്‌ലീഗ് ജമാഅത്തിന്റെ മർക്കസിൽ ഇത്തരത്തിൽ മാത്രപ്രഭാഷണങ്ങൾ നടത്തപ്പെടുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. എന്നാൽ, ഇത്തവണ ഈ പരിപാടി നാട്ടിൽ കൊറോണാ വൈറസ് പടർന്നുപിടിച്ചുകൊണ്ടിരുന്ന സമയത്തായിപ്പോയി എന്നുമാത്രം. ഇതെപ്പറ്റി തബ്‌ലീഗ്  ജമാഅത്ത് പ്രതിനിധികൾ പറയുന്നത്, പ്രധാനമന്ത്രി ജനതാ കര്‍‌‌‌ഫ്യൂ എന്ന ആശയം മുന്നോട്ടുവെച്ച അന്നുതൊട്ട് യാതൊരു വിധത്തിലുള്ള മതപരിപാടികളും തങ്ങൾ പ്ലാൻ ചെയ്തിട്ടില്ല എന്നാണ്. എന്നാൽ, അതിന്റെ തൊട്ടടുത്ത ദിവസം തൊട്ടുതന്നെ രാജ്യം സമ്പൂർണ്ണ ലോക്ക് ടൗണിലേക്ക് പോയതുകൊണ്ട് മർക്കസിൽ വന്ന നൂറുകണക്കിന് പേർക്ക് തിരികെ പോകാൻ സാധിക്കാതിരുന്നതാണ്. എന്നാൽ, ഇങ്ങനെ നിരവധി പേർ മർക്കസിൽ ഉണ്ടെന്നറിഞ്ഞെത്തിയ പൊലീസ് അവരെ മർക്കസിൽ നിന്ന് പുറത്തെത്തിച്ചു. അവരെ കൊറോണാ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കി. അവരിൽ 24 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടു. ഇതോടെ ഒറ്റയടിക്കാണ് ഇന്ത്യയിലെ കൊവിഡ് ബാധയുടെ എണ്ണത്തിൽ ഒറ്റയടിക്ക് വർദ്ധനവുണ്ടായത്. 

 

കോവിഡ് 19 സംക്രമണം : ദില്ലി നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊറോണബാധിച്ചത് എങ്ങനെ?

 

എന്താണ് ഈ തബ്‌ലീഗ് ജമാഅത്ത് ?

തബ്‌ലീഗ് ജമാഅത്തിന്റെ ജന്മം 1926-27 കാലഘട്ടത്തിലാണ് സംഭവിക്കുന്നത്. ഇത് ഹനഫി തത്വസംഹിതകളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ദയൂബന്ദ് വേരുകളുള്ള ഒരു പ്രബോധനപ്രസ്ഥാനമാണ്. ഈ സുന്നി ഇസ്ലാമിക മതപ്രചരണപ്രസ്ഥാനത്തിന്റെ സ്ഥാപകൻ മൗലാനാ മുഹമ്മദ് ഇല്യാസ് എന്നുപേരായ ഒരു മതപണ്ഡിതനാണ്. ഇസ്ലാമിന്റെ പരമ്പരാഗതമായ സുന്നി ചിന്താധാരയിൽ നിന്ന് വ്യതിചലിച്ചുപോയ മിയോ മുസ്ലിമുകളെ തിരികെ സുന്നിപാതയിലേക്ക് തന്നെ കൊണ്ടുവരാൻ വേണ്ടിയാണ് മൗലാനയുടെ നേതൃത്വത്തിൽ ഇങ്ങനെ ഒരു പ്രബോധനപരിപാടി  ആദ്യമായി ആസൂത്രണം ചെയ്യപ്പെടുന്നത്. അറുപതുകളിൽ സഹാറൻപൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു കൊണ്ടിരുന്ന മൗലാന തന്റെ ചില ശിഷ്യന്മാരെ പരിശീലിപ്പിച്ച്   ദില്ലിയ്ക്കടുത്തുള്ള മേവാത്തിലേക്ക് മതപ്രചാരണത്തിനായി പറഞ്ഞയക്കുന്നു. അവിടെ അവർ തബ്‌ലീഗ് ജമാഅത്ത് എന്ന പേരിൽ മദ്രസകളുടെയും പള്ളികളുടെയും ഒരു ശൃംഖല തന്നെ കെട്ടിപ്പടുക്കുന്ന. പ്രദേശവാസികൾക്ക് ഇസ്ലാമികമതപഠനം നടത്താനുള്ള സൗകര്യം നൽകിക്കൊണ്ടാണ് അദ്ദേഹം പ്രബോധനപ്രവർത്തനം തുടങ്ങുന്നത്. 

 

 

 ബംഗ്ളാദേശിലാണ് തബ്‌ലീഗ് ജമാഅത്തിന്റെ ഏറ്റവും വലിയ കാര്യപരിപാടി നടക്കുന്നത്. പാകിസ്താനിലും ഒരു വാർഷിക പരിപാടി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള പരിപാടികളിൽ ലക്ഷക്കണക്കിന് മുസ്ലിംകളാണ് ലോകമെമ്പാടുമായി പങ്കുചേരാറുള്ളത്. തബ്‌ലീഗ് ജമാഅത്ത് എന്ന വാക്കിന്റെയർത്ഥം മതത്തിന്റെ സാരാംശം ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടുന്ന പ്രബോധനം നടത്തുന്നവരുടെ സംഘം എന്നാണ്. സാധാരണക്കാരായ മുസ്ലിംകളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് അവരിൽ വിശ്വാസം ഊട്ടിയുറപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതാണ് ഇവരുടെ പ്രഖ്യാപിതലക്‌ഷ്യം. വിശ്വാസം പ്രവൃത്തികളിലും, വസ്ത്രധാരണത്തിലും, വ്യക്തിപരമായ ഇടപെടലുകളിലും ഒക്കെ പ്രകടമാകണം എന്നതാണ് തബ്‌ലീഗ് ജമാഅത്ത് പറയുന്നത്. 

തബ്‌ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ 

മേവാത്തിൽ സ്ഥാപിതമായ ശേഷം ഇത് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രചരിച്ചുകൊണ്ടിരുന്നു. ജമാഅത്തിന്റെ ആദ്യത്തെ വൻ സമ്മേളനം നടക്കുന്നത് 1941 -ലാണ്. അന്ന് അതിൽ പങ്കെടുത്തത് 25,000 പേരോളമായിരുന്നു. നാല്പതുകളിൽ  പ്രവർത്തനം ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. എന്നാൽ അമ്പതുകൾക്ക് ശേഷം അത് ലോകത്തെമ്പാടുമായി വ്യാപിച്ചു. ഇന്നിത് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും പ്രവർത്തനമുള്ള ഒരു മത സംഘടനയാണ്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, അമേരിക്ക, ബ്രിട്ടൻ, ഇന്തോനേഷ്യ, സിംഗപ്പൂർ, മലേഷ്യ തുടങ്ങി 140  രാജ്യങ്ങളിൽ തബ്‌ലീഗ് ജമാഅത്തിന് ഇന്ന് ശാഖകളുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക നഗരങ്ങളിലും ഇവരുടെ മർക്കസുകൾ അഥവാ കേന്ദ്രങ്ങളുണ്ട്. ഈ കേന്ദ്രങ്ങളിൽ വർഷത്തിൽ 365 ദിവസവും മതപഠനത്തിനുള്ള കോഴ്‌സുകൾ നടക്കാറുണ്ട്. അതിൽ പങ്കുചേരാൻ ആളുകൾ വന്നുചേരാറുമുണ്ട്.  

 

 

ജമാഅത്തിന്റെ പ്രബോധനം എങ്ങനെ?

തബ്‌ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ ആറ് ആദർശങ്ങളിൽ അധിഷ്ഠിതമാണ്. ഒന്ന്, കലിമ : ഇസ്ലാമികവിശ്വാസം അംഗീകരിക്കുന്നതിനുള്ള പ്രതിജ്ഞാവാചകങ്ങളാണ് കലിമകൾ. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും, മുഹമ്മദ് നബി അദ്ദേഹത്തിന്റെ പ്രവാചകനാണ് എന്നുമൊക്കെയുള്ള ഈ പ്രതിജ്ഞാ വാചകങ്ങൾ മുടങ്ങാതെ പാരായണം ചെയ്യുക. രണ്ട്, സ്വലാത്ത് : അഞ്ച് നേരം മുടങ്ങാതെ നിസ്കരിക്കുക. മൂന്ന്, ഇൽമും ദിക്‌റും- ഇസ്ലാമിക മതഗ്രന്ഥങ്ങളുടെ അധ്യയനം നടത്തി അവയിൽ ജ്ഞാനം നേടുക. ദൈവത്തെ സ്മരിക്കുക, അത് ഇമാം നടത്തുന്ന പ്രഭാഷണങ്ങളിലൂടെയും മറ്റും സാധിക്കുന്നു. നാല്, ഇക്‌റാം-എ-മുസ്ലിം - മുസ്ലിം സഹോദരങ്ങളെ ബഹുമാനിക്കുക, അഞ്ച്, ഇഖ്‌ലാഖ്-എ-നിയ്യത്ത് - പ്രവൃത്തികളിൽ നേരും നെറിയും കാത്തു സൂക്ഷിക്കുക, ആറ്, ദഅ്‌വത്ത് -ഓ-തബ്‌ലീഗ് : അതായത് മതം പ്രചരിപ്പിക്കുക, അതിനായി പ്രബോധനത്തിൽ ഏർപ്പെടുക. 

തബ്‌ലീഗ് പ്രവർത്തനങ്ങളിൽ നടക്കുന്നതെന്താണ്?

ജമാഅത്ത് രാവിലെ മുതൽ ആരംഭിക്കും. തുടങ്ങുമ്പോൾ തന്നെ ഉള്ള ആളുകളെ ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിക്കും. എട്ടോ പത്തോ പേരടങ്ങുന്ന സംഘങ്ങൾ. ഇങ്ങനെ തിരിക്കുക അവിടത്തെ മുതിർന്നവരുടെ ചുമതലയാണ്. ഇവരെ എന്നിട്ട് ഓരോ സ്ഥലങ്ങൾ കണ്ടെത്തി അവിടേക്ക് പ്രബോധനത്തിനായി പറഞ്ഞയക്കും. വൈകുന്നേരം വരെ നാട്ടിൽ നടക്കുന്ന പ്രബോധനങ്ങൾക്ക് ശേഷം തിരികെ വന്ന് മൂന്നിനും അഞ്ചിനുമിടയിൽ മർക്കസിൽ ഇസ്ലാമിലെ നവാതിഥികൾക്കായുള്ള മതപാഠങ്ങളും അവരുടെ വിശ്വാസം അടിവരയിട്ടുറപ്പിക്കുന്നതിലേക്കായുള്ള പ്രബോധനങ്ങളുമാണ്. മതത്തെയും വിശ്വാസത്തെയും സംബന്ധിച്ച ചർച്ചകളും സംവാദങ്ങളും ഇതിന്റെ ഭാഗമായി നടത്തപ്പെടുന്നതാണ്. ചോദ്യോത്തര സെഷനുകളിൽ സംശയനിവൃത്തിക്കും അവസരമുണ്ടാകും. സൂര്യൻ അസ്തമിച്ചു കഴിഞ്ഞുള്ള കുറച്ചു സമയം ഖുർആൻ പാരായണത്തിനായാണ് ചെലവിടുക. പ്രവാചകന്റെ ജീവിതചര്യയെക്കുറിച്ചുള്ള പ്രഭാഷണങ്ങളും വിശദീകരണങ്ങളും ഉണ്ടാകാറുണ്ട്. 

 

അമീർ എന്ന കൂട്ടത്തിൽ മുതിർന്ന ഒരു പണ്ഡിതനാകും ഈ സംഘടനയുടെ തലപ്പത്തു വരിക. കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് അമീർ ആയിരിക്കും. ശൂറ എന്നറിയപ്പെടുന്ന സമിതിയെ നയിക്കുന്നത് അദ്ദേഹമാണ്. മൗലാനാ ഇനാമുൾ ഹസൻ ഖണ്‍‌ഡ്‌ലവിഎന്ന മൂന്നാമത്തെ അമീർ മരിച്ച ശേഷം പിന്നീട് അമീർ ഉണ്ടായിട്ടില്ല. ആലിമി ശൂറ എന്ന അന്താരാഷ്ട്ര ഉപദേശക സമിതിയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലും ഉള്ള പോലെ ഒരു മർക്കസ് അഥവാ കേന്ദ്രമാണ് ദില്ലിയിലെ നിസാമുദ്ദീനിലെയും. ഇന്ന് അതിന്റെ തലപ്പത്ത്,  മൗലാനാ മുഹമ്മദ് ഇല്യാസിന്റെ ചെറുമകനായ മൗലാനാ സാദ് ഖണ്‍‌ഡ്‌ലവിയാണ്. 

click me!