അരനൂറ്റാണ്ടു മുമ്പ് പിടിച്ച തീ ഇനിയും അണഞ്ഞില്ല, നരകകവാടം ഇപ്പോള്‍ സെല്‍ഫി പോയിന്റ്!

Published : Dec 21, 2022, 06:04 PM ISTUpdated : Dec 21, 2022, 06:06 PM IST
അരനൂറ്റാണ്ടു മുമ്പ് പിടിച്ച തീ ഇനിയും അണഞ്ഞില്ല, നരകകവാടം ഇപ്പോള്‍ സെല്‍ഫി പോയിന്റ്!

Synopsis

ഈ ഗര്‍ത്തത്തിന് ഒരു ഭയാനക സ്വഭാവമാണ് ഉള്ളതെങ്കിലും ഇവിടേക്ക്,  ട്രെക്കിംഗ് ചെയ്യുന്നതിനും സെല്‍ഫി എടുക്കുന്നതിനും ആളുകള്‍ക്ക് അനുവാദം ഉണ്ട്.

മാനവരാശിയെ ആശയക്കുഴപ്പത്തില്‍ ആക്കുന്നതും ഇന്നും ഉത്തരം കണ്ടെത്താനാകാത്തതുമായ നിരവധി പ്രതിഭാസങ്ങള്‍ നമ്മുടെ ഈ ഭൂമിയില്‍ ഉണ്ട്. എന്തുകൊണ്ട് എന്ന ചോദ്യവുമായി ശാസ്ത്രലോകം നൂറ്റാണ്ടുകളായി അത്തരം പ്രതിഭാസങ്ങള്‍ക്ക് പിന്നാലെ പായുന്നുവെങ്കിലും അവയില്‍ പലതിനും ഉത്തരം ഇന്നോളം കണ്ടെത്താന്‍ ആയിട്ടില്ല. അത്തരത്തിലുള്ള ഒരു പ്രതിഭാസത്തിന്റെ കേന്ദ്രമാണ് തുര്‍ക്ക്മെനിസ്ഥാനിലെ കാരകം മരുഭൂമിയിലെ ദര്‍വാസ ഗ്രാമം. 

50 വര്‍ഷത്തിലേറെ മുമ്പ് തീപിടിച്ച് ഇന്നും അണയാത്ത അഗ്‌നിയുമായി ജ്വലിക്കുന്ന ഒരു ഗര്‍ത്തം ഈ ഗ്രാമത്തില്‍ ഉണ്ട്. 230 അടി വീതിയുള്ള ഈ ഗര്‍ത്തം ഔദ്യോഗികമായി ദര്‍വാസ വാതക ഗര്‍ത്തം എന്നാണ് അറിയപ്പെടുന്നത്. എങ്കിലും, നാട്ടുകാര്‍ ഇതിനെ 'നരകകവാടം' എന്നാണ് വിശേഷിപ്പിക്കുന്നത്. പേരില്‍ നരകമുണ്ടെങ്കിലും വിനോദ സഞ്ചാരികള്‍ സെല്‍ഫി എടുക്കാനും മറ്റുമായി ഇവിടെയത്തുക പതിവാണ്. 

തുര്‍ക്ക്‌മെന്‍ ഭൗമശാസ്ത്രജ്ഞനായ അനറ്റോലി ബുഷ്മാക്കിന്റെ അഭിപ്രായത്തില്‍, 1971-ല്‍ ആണ് സോവിയറ്റ് എഞ്ചിനീയര്‍മാര്‍ ഈ സ്ഥലം തിരിച്ചറിഞ്ഞത്.   ഇത് എണ്ണപ്പാടത്തിനുള്ള സ്ഥലമാണെന്നാണ് അവര്‍ ആദ്യം കരുതിയിരുന്നത്.  സൈറ്റിലെ ലഭ്യമായ എണ്ണയുടെ അളവ് വിലയിരുത്താന്‍ എഞ്ചിനീയര്‍മാര്‍ ഒരു ഡ്രില്ലിംഗ് റിഗും യന്ത്രസാമഗ്രികളും ഇവിടെ സജ്ജമാക്കി.  പ്രാഥമിക സര്‍വേയില്‍ പ്രകൃതിവാതക പോക്കറ്റ് കണ്ടെത്തിയതിന് തൊട്ടുപിന്നാലെ,  ഡ്രില്ലിംഗ് റിഗിന്  താഴെയുണ്ടായിരുന്ന നിലം ഒരു വലിയ ഗര്‍ത്തത്തിലേക്ക് ഇടിഞ്ഞുവീഴുകയും റിഗ് അതിനുള്ളില്‍ അകപ്പെടുകയും ചെയ്തു. അതിലൂടെ ഉണ്ടായ  വാതക ചോര്‍ച്ചയില്‍ വ്യാപകമായി വിഷപ്പുക അവിടെ പടര്‍ന്നു. മറ്റൊരു വഴിയും ഇല്ലാത്തതിനാല്‍  വലിയൊരു പാരിസ്ഥിതിക ദുരന്തം ഒഴിവാക്കാനായി അവര്‍  ആ ഗര്‍ത്തത്തിനുള്ളിലേക്ക് തീയിട്ടു, രണ്ടാഴ്ചയ്ക്കുള്ളില്‍ അത് കത്തി തീരുമെന്നാണ് കരുതിയതെങ്കിലും  തീ ഇപ്പോഴും ഇവിടെ അണയാതെ കത്തുകയാണ്.  കൂടാതെ, 'നരകകവാടത്തിന്റെ' മറുവശത്ത് സോവിയറ്റ് ഡ്രില്ലിംഗ് റിഗ് ഉണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

ഈ ഗര്‍ത്തത്തിന് ഒരു ഭയാനക സ്വഭാവമാണ് ഉള്ളതെങ്കിലും ഇവിടേക്ക്,  ട്രെക്കിംഗ് ചെയ്യുന്നതിനും സെല്‍ഫി എടുക്കുന്നതിനും ആളുകള്‍ക്ക് അനുവാദം ഉണ്ട്. ഇത്തരത്തില്‍ ഒരു ഗര്‍ത്തം രൂപപ്പെടുകയും ഇവിടേക്ക് കൂടുതല്‍ ആളുകള്‍ എത്തിച്ചേരുകയും ചെയ്തതോടെ സമീപത്തുള്ള മരുഭൂമിയും വളരെയധികം പ്രശസ്തി നേടിയിട്ടുണ്ട് കൂടാതെ ക്യാമ്പിംഗിനുള്ള ഒരു പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഇന്നിവിടം. 

അഷ്ഗാബത്ത് നഗരത്തില്‍ നിന്ന് ഏകദേശം 160 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന 'നരകകവാടങ്ങള്‍' ഒരുപക്ഷേ ഇനി മൂടപ്പെട്ടേക്കാം. കാരണം 2022 ജനുവരിയില്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ഡിമുഹമെഡോവ്, തീ അണയ്ക്കുന്നതും കുഴി ഒരു  അടയ്ക്കുന്നതും എങ്ങനെയെന്ന് ഗവേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്