
വടക്കൻ അഫ്ഗാനിസ്ഥാനി(Afghanistan)ലെ സ്ത്രീകൾ ഇനിമുതൽ പൊതുകുളിമുറികൾ ഉപയോഗിക്കേണ്ട എന്ന് താലിബാൻ. ബാത്ത്ഹൗസുകൾ(Bathhouses) അല്ലെങ്കിൽ ഹമാമു(Hammams)കൾ ഉപയോഗിക്കുന്നത് ഇവിടെ ഒരു പുരാതന പാരമ്പര്യമാണ്. ചൂടുവെള്ളം, നീരാവി എന്നിവയുപയോഗിച്ച് കുളിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഇവിടെ ലഭ്യമാകുന്നത്. ഇത് രാജ്യത്തിന്റെ കഠിനമായ തണുപ്പുള്ള ശൈത്യകാലത്ത് ചൂടുള്ള വെള്ളത്തില്‍ കുളിക്കാനുള്ള അവസരമാണ്. ചില കുടുംബങ്ങൾക്ക് അങ്ങനെ ചൂടുവെള്ളത്തിൽ കുളിക്കാനുള്ള ഏക ആശ്രയം കൂടിയാണ് ഈ ഹമാമുകൾ.
ഇസ്ലാമിക നിയമപ്രകാരം ആചാരപരമായ ശുചീകരണത്തിനും ശുദ്ധീകരണത്തിനുമായി ബാത്ത്ഹൗസുകൾ പതിവായി ഉപയോഗിക്കുന്ന സ്ത്രീകൾക്ക് ഈ തീരുമാനത്തില്‍ അമര്‍ഷമുണ്ട്. താലിബാൻ പിടി മുറുക്കുന്നതിന്റെയും തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ലംഘിക്കുന്നതിന്റെയും മറ്റൊരു ഉദാഹരണമാണിതെന്ന് അവര്‍ പറയുന്നു എന്ന് ദ ഗാര്‍ഡിയന്‍ എഴുതുന്നു. നിരോധനം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് അവർ ഭയപ്പെടുന്നു.
തിങ്കളാഴ്‌ച, താലിബാൻ മന്ത്രാലയത്തിന്റെ പ്രവിശ്യാ ശാഖയിൽ നിന്നുള്ള സർദാർ മുഹമ്മദാണ് ഹെയ്ദാരി, ബാൽഖ്, ഹെറാത്ത് പ്രവിശ്യകളിൽ സ്‌ത്രീകളെ ബാത്ത്‌ഹൗസുകളിൽ നിന്ന് വിലക്കുമെന്ന് അറിയിച്ചത്. എന്നിരുന്നാലും, മറ്റൊരു താലിബാൻ കമാൻഡർ, തീരുമാനത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ഗാർഡിയനോട് പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ പുതിയ നേതാക്കൾ ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കാതെ 'വലിയ പോരാട്ടങ്ങളിൽ' ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അയാള്‍ കൂട്ടിച്ചേർത്തു.
ഓഗസ്റ്റിൽ താലിബാൻ ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാൻ കടുത്ത മാനുഷിക പ്രതിസന്ധിയിലകപ്പെടുകയായിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണി നേരിടുന്നു. തണുപ്പുള്ള മാസങ്ങളിൽ ചൂടാക്കാനുള്ള വിറകും കൽക്കരിയും വാങ്ങാൻ മിക്കവർക്കും കഴിയാതെ വരുന്നു. ഭൂരിഭാഗം വീടുകളിലും നേരിട്ട് വെള്ളം ലഭ്യമല്ല, പകരം പൊതു പമ്പുകളെയോ വാട്ടർ ട്രക്കുകളെയോ ആശ്രയിക്കേണ്ടി വരികയാണ്.
97% അഫ്ഗാനികളും വർഷത്തിന്റെ മധ്യത്തോടെ ദാരിദ്ര്യരേഖയ്ക്ക് താഴെയായിരിക്കുമെന്ന് യുഎൻ പ്രവചിക്കുന്നു. ഹമാമിലേക്കുള്ള 40 അഫ്ഗാനി (ഏകദേശം 30 പൈസ) പ്രവേശന ഫീസ് പോലും കണ്ടെത്താൻ പ്രയാസമാണ്. എന്നിരുന്നാലും പല സ്ത്രീകളും അവിടേക്ക് ചെല്ലാന്‍ ശ്രമിക്കുന്നു. വടക്ക്-പടിഞ്ഞാറൻ നഗരമായ ഹെറാത്തിലെ ഇത്തരം ചില കുളിമുറികൾ ഇതിനകം തന്നെ അടച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിസ്ഥാനിലെ വിഷൻസ് ഫോർ ചിൽഡ്രൻ എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷനിൽ നിന്നുള്ള വിനസ് അസീസി പറയുന്നത്, ഹെറാത്തിലെയും മസാർ-ഇ-ഷരീഫിലെയും മിക്ക വീടുകളിലും വലിയ അളവിൽ വെള്ളം ചൂടാക്കാനുള്ള ശേഷിയോ സൗകര്യമോ ഇല്ലായിരുന്നു എന്നാണ്.
"അതുകൊണ്ടാണ് ആളുകൾ ശൈത്യകാലത്ത് ഹമാമുകളെ ആശ്രയിക്കുന്നത്" അവർ കൂട്ടിച്ചേർത്തു. "ആർത്തവത്തിനും പ്രസവത്തിനും ലൈംഗിക ബന്ധത്തിനും ശേഷം ഇസ്ലാമിന് മതപരമായ ശുദ്ധീകരണം ആവശ്യമാണ്, പലരും ബാത്ത്ഹൗസുകൾ സന്ദർശിക്കുന്നു. ഹമാമിൽ സ്ത്രീകൾ അവരുടെ ശുദ്ധീകരണ പ്രാർത്ഥനാ ചടങ്ങുകൾ നടത്തുന്നത് ഞാൻ പതിവായി കണ്ടിട്ടുണ്ട്" എന്നും അവര്‍ പറഞ്ഞു.
ഹെറാത്തിൽ താമസിക്കുന്ന 26 -കാരിയായ ലിന ഇബ്രാഹിമി പറഞ്ഞു: “ഞങ്ങൾക്ക് ഒരു ചെറിയ വീടാണുള്ളത്. അവിടെ ചൂടായ വെള്ളം കിട്ടുന്ന കുളിമുറിക്കൊന്നും സൗകര്യമില്ല. അതുകൊണ്ടാണ് ഞാൻ ഹമാമിൽ പോയിരുന്നത്. മറ്റ് കുടുംബങ്ങൾക്ക് കുളിക്കാനുള്ള സൗകര്യം തീരെ ഇല്ലായിരിക്കാം. കൂടാതെ ശുചീകരണത്തിനായി പൊതുകുളിമുറികളെ പൂർണ്ണമായും ആശ്രയിക്കുന്നവരായിരിക്കാം അവര്‍. ഈ അവസരവും ഇപ്പോള്‍ അവര്‍ക്ക് ഇല്ലാതായിരിക്കുന്നു.
താലിബാന്റെ 1996-2001 ഭരണകാലത്ത് പൊതുഹമാമുകൾ ഉപയോഗിക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കുണ്ടായിരുന്നു. പുരാതന ബാത്ത്ഹൗസുകളിൽ പലതും വർഷങ്ങളോളം അവഗണിക്കപ്പെടുകയും 2001 -ലെ യുഎസ് നേതൃത്വത്തിലുള്ള അധിനിവേശത്തിനു ശേഷം പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.