അഫ്​ഗാനിസ്ഥാനിൽ കറുപ്പ് നിരോധിച്ച് താലിബാൻ, വിളവെടുപ്പ് തുടർന്നാൽ വിളകൾ കത്തിക്കുമെന്നും മുന്നറിയിപ്പ്

Published : Apr 04, 2022, 10:20 AM IST
അഫ്​ഗാനിസ്ഥാനിൽ കറുപ്പ് നിരോധിച്ച് താലിബാൻ, വിളവെടുപ്പ് തുടർന്നാൽ വിളകൾ കത്തിക്കുമെന്നും മുന്നറിയിപ്പ്

Synopsis

താലിബാൻ കറുപ്പ് കൃഷി നിരോധിക്കുമെന്ന അഭ്യൂഹം പരന്നതോടെ കഴിഞ്ഞ ആഴ്‌ചകളിൽ പോപ്പിയുടെ വില ഇതിനകം ഇരട്ടിയിലധികം വർധിച്ചതായി പേര് വെളിപ്പെടുത്താത്ത ഹെൽമണ്ടിലെ ഒരു കർഷകൻ റോയിട്ടേഴ്സിനോട് പറഞ്ഞു. 

അഫ്ഗാനിസ്ഥാൻ(Afghanistan) ഭരിക്കുന്ന താലിബാൻ(Taliban) ഞായറാഴ്ച മുതൽ രാജ്യത്ത് കറുപ്പ്(opium) കൃഷി നിരോധിച്ചു. ഇത് കൂടാതെ, മറ്റ് മയക്കുമരുന്നുകളു(narcotics)ടെ ഉത്പാദനം, ഉപയോഗം, ഗതാഗതം എന്നിവയും താലിബാൻ നിരോധിച്ചതായി പറയുന്നു. രാജ്യത്തുടനീളമുള്ള കർഷകർ കറുപ്പ് വിളവെടുക്കാൻ തുടങ്ങിയ സമയത്താണ് താലിബാൻ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. വിളവെടുപ്പ് തുടർന്നാൽ കർഷകരുടെ വിളകൾ കത്തിക്കുമെന്നും നിയമം ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. അഫ്ഗാനിസ്ഥാൻ ഒരു വലിയ സാമ്പത്തിക തകർച്ചയെ നേരിടുന്ന ഈ സമയത്ത് കറുപ്പ് കൃഷി നിരോധിക്കുന്നത് ദരിദ്രരായ കർഷകരെ കൂടുതൽ ദുരിതത്തിലാക്കുമെന്ന ആശങ്ക അതോടെ രാജ്യത്ത് ഉയർന്നിരിക്കയാണ്.  

കാബൂളിൽ നടന്ന വാർത്താ സമ്മേളനത്തിൽ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദാണ് ഈ പ്രഖ്യാപനം നടത്തിയത്. മയക്കുമരുന്ന് ഉൽപ്പാദനം, ഹെറോയിൻ, ഹാഷിഷ്, മദ്യം എന്നിവയുടെ ഗതാഗതം, വ്യാപാരം, കയറ്റുമതി, ഇറക്കുമതി എന്നിവയും ഉത്തരവിൽ നിരോധിച്ചു. 1990 -കളുടെ അവസാനത്തിൽ താലിബാൻ ഭരണത്തിൽ കയറിയ സമയത്തും കറുപ്പ് കൃഷി നിരോധിച്ചിരുന്നു. അക്കാലത്ത്, നിരോധനം രണ്ട് വർഷത്തിനുള്ളിൽ രാജ്യവ്യാപകമായി നടപ്പാക്കി. യുഎൻ പറയുന്നതനുസരിച്ച്, പോപ്പി ഉൽപാദനം ഇല്ലാതാക്കാൻ ഈ നീക്കം വളരെ സഹായകമായി.  

എന്നാൽ, 2001-ൽ താലിബാൻ പുറത്തായതിന് ശേഷം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും കർഷകർ വീണ്ടും കറുപ്പ് കൃഷിയിലേക്ക് മടങ്ങി. ദശലക്ഷക്കണക്കിന് ചെറുകിട കർഷകരുടെയും ദിവസക്കൂലിക്കാരുടെയും പ്രധാന വരുമാനമാർഗമാണ് കറുപ്പ്. ഇതുവഴി അവർക്ക് പ്രതിമാസം 300 ഡോളറിലധികം സമ്പാദിക്കാൻ കഴിയുമായിരുന്നു. അന്താരാഷ്ട്ര സമൂഹം ഇതിനെ പ്രതിരോധിക്കാൻ കഴിഞ്ഞ 20 വർഷമായി പരിശ്രമിക്കുന്നുവെങ്കിലും, ഇന്നും ലോകത്തിലെ ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമായി തുടരുകയാണ് അഫ്ഗാനിസ്ഥാൻ. 2021-ൽ, താലിബാൻ ഏറ്റെടുക്കുന്നതിന് മുമ്പ്, അഫ്ഗാനിസ്ഥാൻ 6,000 ടണ്ണിലധികം കറുപ്പാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇതിൽ നിന്ന് 320 ടൺ ശുദ്ധമായ ഹെറോയിൻ ലഭിക്കുമെന്നാണ് യുഎൻ ഡ്രഗ്‌സ് ആൻഡ് ക്രൈം ഓഫീസ് പറയുന്നത്.  

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗോതമ്പ് പോലെയുള്ള നിയമപരമായ വിളകളേക്കാൾ വേഗത്തിൽ ഉയർന്ന ആദായം നൽകുന്ന നിയമവിരുദ്ധമായ വിളകൾ കൃഷി ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്നു. അടുത്ത വർഷത്തെ കറുപ്പ് വിളവെടുപ്പിൽ നിന്നുള്ള ആദായം നൽകാമെന്ന് വ്യവസ്ഥയിലാണ് അഫ്ഗാനിസ്ഥാനിലെ ദരിദ്രരായ ആളുകൾ, മാവ്, പഞ്ചസാര, പാചക എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നത്.  

താലിബാൻ കറുപ്പ് കൃഷി നിരോധിക്കുമെന്ന അഭ്യൂഹം പരന്നതോടെ കഴിഞ്ഞ ആഴ്‌ചകളിൽ പോപ്പിയുടെ വില ഇതിനകം ഇരട്ടിയിലധികം വർധിച്ചതായി പേര് വെളിപ്പെടുത്താത്ത ഹെൽമണ്ടിലെ ഒരു കർഷകൻ റോയിട്ടേഴ്സിനോട് പറഞ്ഞു. കുടുംബത്തെ പോറ്റാൻ കറുപ്പ് തനിക്ക് കൃഷി ചെയ്‌തേ പറ്റുവെന്നും, മറ്റ് വിളകൾ ലാഭകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, അഫ്ഗാനിസ്ഥാന്റെ വലിയ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണ്. ഏകദേശം 23 ദശലക്ഷം ആളുകൾ കടുത്ത ഭക്ഷ്യക്ഷാമത്തെ നേരിടുന്നു. കറുപ്പ് നിരോധനത്തിലൂടെ പൂർണമായും പട്ടിണിയിലാകാൻ പോകുന്ന കർഷകരെ താലിബാൻ എങ്ങനെ സാമ്പത്തികമായി തുണക്കുമെന്നത് വ്യക്തമല്ല.  

PREV
Read more Articles on
click me!

Recommended Stories

നാലാമതും ഗർഭിണിയായ ഭാര്യയോട് ബിസിനസ് ടൂറെന്ന് പറഞ്ഞു, വെള്ളപ്പൊക്കത്തിൽപ്പെട്ടു; അന്വേഷിച്ചപ്പോൾ കാമുകിയുടെ കൂടെ ഹോട്ടലിൽ
'വെറുപ്പ് സഹായിക്കില്ല'; സ്വന്തം രാജ്യത്തെ കുറിച്ച് നെഗറ്റിവിറ്റി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യക്കാരോട് ഫ്രഞ്ച് യുവതിയുടെ ഉപദേശം