Afghanistan : താലിബാന്‍ വീണ്ടും മലക്കം മറിഞ്ഞു, പെണ്‍കുട്ടികള്‍ തല്‍ക്കാലം പഠിക്കേണ്ടന്ന് തിട്ടൂരം

Published : Mar 23, 2022, 04:24 PM IST
  Afghanistan : താലിബാന്‍ വീണ്ടും മലക്കം മറിഞ്ഞു,  പെണ്‍കുട്ടികള്‍ തല്‍ക്കാലം പഠിക്കേണ്ടന്ന് തിട്ടൂരം

Synopsis

 യൂനിഫോം എന്തായിരിക്കണമെന്ന് തീരുമാനമായിട്ടില്ല എന്നു പറഞ്ഞാണ് പെണ്‍വിദ്യാഭ്യാസത്തെ താലിബാന്‍ വീണ്ടും പ്രതിസന്ധിയിലാക്കിയത്.   

അഫ്ഗാനിസ്താനില്‍ സ്ത്രീകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താലിബാന്‍ വീണ്ടും നിലപാട് മാറ്റി. മാര്‍ച്ച് 21-ന് അഫ്ഗാന്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് പെണ്‍കുട്ടികള്‍ക്കും കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കുമുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്ന് ജനുവരിയില്‍ ലോകത്തിന് ഉറപ്പുനല്‍കിയ താലിബാന്‍ ഇന്നലെ വീണ്ടും വാക്കുമാറ്റി. 21-ന് സ്‌കൂളുകള്‍ തുറന്നില്ല എന്നു മാത്രമല്ല, പെണ്‍കുട്ടികളുടെ സ്‌കൂള്‍ പ്രവേശനം തല്‍ക്കാലം മാറ്റിവെക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ  പുതിയ ഉത്തരവ്. യൂനിഫോം എന്തായിരിക്കണമെന്ന് തീരുമാനമായിട്ടില്ല എന്നു പറഞ്ഞാണ് പെണ്‍വിദ്യാഭ്യാസത്തെ താലിബാന്‍ വീണ്ടും പ്രതിസന്ധിയിലാക്കിയത്. 

മൂന്ന് മാസത്തിനുള്ളില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നായിരുന്നു ജനുവരി 17-ന് താലിബാന്‍ വ്യക്തമാക്കിയിരുന്നത്. തങ്ങള്‍ അധികാരത്തിലേത്തിയ ശേഷം സ്‌കൂളുകളില്‍ പോവാതായ പെണ്‍കുട്ടികള്‍ക്ക് മാര്‍ച്ച് അവസാനത്തോടെ സ്‌കൂളില്‍ പോകാനാവുമെന്നാണ് താലിബാന്‍ വക്താവ് വ്യക്തമാക്കിയത്. മാര്‍ച്ച് 21-ന്  പെണ്‍കുട്ടികള്‍ക്കും കോളജ് വിദ്യാര്‍ത്ഥിനികള്‍ക്കുമുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്നും കാബൂളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ താലിബാന്‍ വക്താവും സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ സബിഹുല്ലാ മുജാഹിദ് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിനുള്ള നടപടികള്‍ നടന്നുവരികയായിരുന്നു. നീണ്ട കാലത്തിനു ശേഷം വീണ്ടും സ്‌കൂളില്‍ പോവാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അഫ്ഗാന്‍ പെണ്‍കുട്ടികള്‍. അതിനിടെയാണ്, പുതിയ ഉത്തരവിറങ്ങിയത്. 

സ്‌കൂള്‍ യൂനിഫോമിന്റെ കാര്യം പറഞ്ഞാണ് ഇത്തവണ പെണ്‍കുട്ടികളുടെ സ്‌കൂള്‍ പ്രവേശന സാദ്ധ്യത താലിബാന്‍ ഇല്ലാതാക്കിയത്. ശരീഅത്ത് നിയമപ്രകാരമുള്ള, അഫ്ഗാന്‍ സംസ്‌കാരത്തെ മാനിക്കുന്ന യൂനിഫോമായിരിക്കണം വിദ്യാര്‍ത്ഥിനികള്‍ ധരിക്കേണ്ടതെന്നും അത് എന്തായിരിക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടിലെന്നുമാണ് താലിബാന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഇത് മുടന്തന്‍ ന്യായമാണെന്നും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിരോധിച്ച പഴയ നടപടി വീണ്ടും നടപ്പാക്കാനുള്ള ശ്രമമാണ് ഇതെന്നുമാണ് സ്ത്രീ സംഘടനകള്‍ പറയുന്നത്. 


20 വര്‍ഷങ്ങള്‍ക്കു മുമ്പ് അധികാരത്തിലേറിയ സമയത്ത് താലിബാന്‍ സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി, സഞ്ചാരസ്വാതന്ത്ര്യം എന്നിവ നിരോധിച്ചിരുന്നു. ഇത്തവണപെണ്‍കുട്ടികളുടെ വിദ്യാഭ്യാസം  ഔദ്യോഗികമായി  നിരോധിച്ചിട്ടില്ലെങ്കിലും താലിബാന്‍ അധികാരത്തിലേറിയ ശേഷം പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെല്ലാം അടച്ചുപൂട്ടിയിരുന്നു. സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രത്യേക മന്ത്രാലയം ആദ്യമേ അടച്ചുപൂട്ടിയ താലിബാന്‍ അതിനു പകരമായി മതകാര്യ മന്ത്രാലയം കൊണ്ടുവന്നു. ചില പ്രദേശങ്ങളില്‍ ഒഴികെ രാജ്യത്താകെയുള്ള സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ പഠിക്കാന്‍ പോവുന്നത് നിരോധിക്കുകയും ചെയ്തു. 

താലിബാന്‍ അധികാരത്തില്‍ വന്നതിനു ശേഷം, ഏഴാം തരത്തിനു മേലെയുള്ള പെണ്‍കുട്ടികള്‍ക്കാര്‍ക്കും തുടര്‍പഠനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നതിനെതിരെ സ്ത്രീ സംഘടനകളുടെ മുന്‍കൈയില്‍ നിരവധി പ്രക്ഷോഭങ്ങളും നടന്നിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയരുതെന്ന് ആഗോള സന്നദ്ധ സംഘടനകളും ലോകരാജ്യങ്ങളും താലിബാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ്, താലിബാന്‍ ഔദ്യോഗികമായി ജനുവരിയില്‍ പെണ്‍കുട്ടികള്‍ക്ക് അനുകൂലമായ പുതിയ നിലപാട് എടുത്തത്. 

എന്നാല്‍, താലിബാന്റെ ഈ നിലപാടു മാറ്റത്തെ നേരത്തെ തന്നെ സംശയത്തോടെയാണ് അഫ്ഗാനിലെ സ്ത്രീകള്‍ കണ്ടിരുന്നത്. ഇന്നേവരെ പറഞ്ഞ വാക്കുപാലിച്ച അനുഭവം അവരില്‍നിന്നുണ്ടായിട്ടില്ലെന്നും അതിനാല്‍, വാക്കിനപ്പുറം അവര്‍ പ്രവര്‍ത്തിച്ചു കാണിച്ചാല്‍ മാത്രമേ വിശ്വസിക്കാനാവൂ എന്നുമാണ് അഫ്ഗാന്‍ പെണ്‍കുട്ടികളില്‍ ചിലര്‍ അല്‍ ജസീറ ചാനലിനോട് അന്ന് പറഞ്ഞത്. സമാനമായ അഭി്രപായമാണ് സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രമുഖ അഫ്ഗാന്‍ ആക്ടിവിസ്റ്റ് ഫാത്തിമ രത്തേയും പങ്കുവെച്ചത്: 'സ്ത്രീകള്‍ പുറത്തിറങ്ങുന്നത് താലിബാന് കണ്ടുകൂടാ എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. അത് മാറാതെയാണ് സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ച് അവരിപ്പോള്‍ നല്‍കുന്ന ഉറപ്പുകള്‍. പുരുഷന്‍മാര്‍ ഒപ്പമില്ലാതെ സ്ത്രീകള്‍ പുറത്തുപോവരുതെന്നാണ് അവര്‍ ഈയടുത്ത് കൊണ്ടുവന്ന ഉത്തരവ്. പഠനാവശ്യത്തിനായി പോലും ഒറ്റയ്ക്ക് സ്ത്രീകള്‍ക്ക് പുറത്തുപോവാനാവില്ല. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസം നേടാന്‍ എത്ര പേര്‍ക്ക് കഴിയും? അതിനോടൊപ്പം പ്രധാനമാണ്, സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുള്ള അവകാശം നിഷേധിക്കുന്ന താലിബാന്‍ നയം. സ്ത്രീകള്‍ നേതൃപരമായ പദവികളില്‍ വരാന്‍ പാടില്ല എന്നാണ് അവരുടെ നിലപാട്. തൊഴിലോ മറ്റ് അവസരങ്ങളോ ഇല്ലാതെ, വിദ്യാഭ്യാസം ഉണ്ടായിട്ട് സ്ത്രീകള്‍ക്ക് എന്താണ് ഗുണം? താലിബാന്‍ കൊണ്ടുവരുന്ന വിദ്യാഭ്യാസ കരിക്കുലം എന്തായിരിക്കുമെന്ന ആശങ്കയും ഇതോടൊപ്പമുണ്ട്.''-ഫാത്തിമ രത്തേ പറയുന്നു.   

രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍നിന്നും രക്ഷതേടാനുള്ള വഴിയായാണ് ഗേള്‍സ് സ്‌കൂളുകള്‍ തുറക്കാനുള്ള താലിബാന്റെ നടപടി എന്നാണ് വിലയിരുത്തല്‍. താലിബാന്റെ വരവിനു മുമ്പ് ലോകരാജ്യങ്ങളുടെ സഹായത്തോടെ മുന്നോട്ടു പോയിരുന്ന സമ്പദ് വ്യവസ്ഥ ആയിരുന്നു അഫ്ഗാനിലേത്. താലിബാന്‍ വന്നതോടെ അന്താഷ്ട്ര സന്നദ്ധ സംഘടനകള്‍ അവരുടെ സഹായം പൂര്‍ണ്ണമായും പിന്‍വലിച്ചു. ഒപ്പം, അഫ്ഗാന്‍ റിസര്‍വ് ബാങ്കിന്റെ 10 ബില്യന്‍ വിദേശ കരുതല്‍ ധനം അമേരിക്ക മരവിപ്പിച്ചു. 

മറ്റു രാജ്യങ്ങളുമായി നയതന്ത്ര, വാണിജ്യ ബന്ധങ്ങള്‍ ഇല്ലാത്തതിനാല്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഒരു തരത്തിലും മുന്നോട്ടുപോവാനാവാത്ത സാഹചര്യമാണ്.  ഇതോടൊപ്പമാണ്, തീരാത്ത യുദ്ധത്തെ തുടര്‍ന്നുള്ള പ്രതിസന്ധികളും താലിബാന്‍ വന്നശേഷമുണ്ടായ സാമ്പത്തിക മാന്ദ്യവും വന്നത്. കാര്‍ഷിക നാശവും പ്രകൃതി ക്ഷോഭവുമെല്ലാം ചേര്‍ന്നുണ്ടായ ദാരിദ്ര്യവും പട്ടിണിയുമെല്ലാം ഈ അവസ്ഥയെ വഷളാക്കി. 

അക്ഷരാര്‍ത്ഥത്തില്‍ പെട്ടുപോയ താലിബാന്‍ ഇപ്പോള്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ സഹായത്തിനു കൈ നീട്ടുന്ന അവസ്ഥയിലാണ്. ലോകരാജ്യങ്ങളുടെ സഹായമില്ലെങ്കില്‍, ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യദുരന്തമായിരിക്കും അഫ്ഗാനിസ്താനില്‍ ഉണ്ടാവുക എന്ന് യു എന്നും ലോക ഭക്ഷ്യനിധിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഫ്ഗാനിലെ മനുഷ്യരെ സഹായിക്കാന്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് സഹായം അനുവദിക്കണമെന്നും യു എന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്, ഐ എം എഫും ലോകബാങ്കും അടക്കമുള്ള രാജ്യാന്തര സംഘടനകള്‍ നേരത്തെ പിടിച്ചുവെച്ച ചില സഹായങ്ങള്‍ അനുവദിക്കാന്‍ തയ്യാറായിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ലോകരാജ്യങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്ന വിധത്തില്‍ തങ്ങള്‍ മാറിയെന്ന് ബോധ്യപ്പെടുത്തുക മാത്രമാണ് താലിബാന് മുന്നിലുള്ള പോംവഴി. അതിന്റെ ഭാഗമായാണ്, സ്ത്രീകളുടെ വിദ്യാഭ്യാസ കാര്യത്തിലെ നയം മാറ്റമെന്നായിരുന്നു അന്ന് വിലയിരുത്തിയത്. 

ഇത് ശരിവെക്കുന്നതാണ് പുതിയ താലിബാന്‍ ഉത്തരവ്. പുതിയ ഉത്തരവ് ഇറങ്ങുന്നത് വരെ പെണ്‍കുട്ടികള്‍ വീട്ടില്‍ തന്നെ ഇരിക്കട്ടെ എന്നാണ് താലിബാന്‍ പറയുന്നത്. തങ്ങളുടെ ഭാവി ഇല്ലാതാക്കാനുള്ള ശ്രമമായാണ് അഫ്ഗാനിലെ പെണ്‍കുട്ടികള്‍ ഇത് കാണുന്നത്. അഫ്ഗാന്‍ ചാനലായ ടോലോ ന്യൂസ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ പുതിയ ഉത്തരവിന്റെ കാര്യമറിഞ്ഞ് കരയുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളുണ്ട്.  
 

PREV
Read more Articles on
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്