Afghanistan : ഇനിയെന്തിന് വോട്ടെന്ന് താലിബാന്‍, തെരഞ്ഞെടുപ്പ് കമീഷന്‍ പിരിച്ചുവിട്ടു!

Web Desk   | Asianet News
Published : Dec 26, 2021, 04:06 PM ISTUpdated : Dec 26, 2021, 05:25 PM IST
Afghanistan : ഇനിയെന്തിന് വോട്ടെന്ന് താലിബാന്‍, തെരഞ്ഞെടുപ്പ് കമീഷന്‍ പിരിച്ചുവിട്ടു!

Synopsis

തങ്ങള്‍ ഈ മണ്ണില്‍ ഉള്ളിടത്തോളം കാലം ഈ കമ്മീഷനുകള്‍ നിലനില്‍ക്കേണ്ട ഒരാവശ്യവുമില്ലെന്നാണ് താലിബാന്‍ ഉപവക്താവ് ബിലാല്‍ കരിമി ശനിയാഴ്ച പറഞ്ഞത്. ഇനി എപ്പോഴെങ്കിലും ആവശ്യം തോന്നുകയാണെങ്കില്‍, അപ്പോള്‍ നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

അഫ്ഗാന്‍ മണ്ണില്‍ ജനാധിപത്യ മൂല്യങ്ങളെ വേരോടെ പിഴുതെറിഞ്ഞു കൊണ്ടായിരുന്നു താലിബാന്റെ രണ്ടാം വരവ്. നേതാക്കളെ തിരഞ്ഞെടുക്കുന്നതും, സര്‍ക്കാര്‍ രൂപീകരിക്കുന്നതും എല്ലാം അവര്‍ തന്നെയായ സ്ഥിതിയ്ക്ക് ഇനി ഇപ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് താലിബാന്‍ ചിന്തിച്ചിരിക്കണം. അതുകൊണ്ട്, ഇപ്പോള്‍ അഫ്ഗാനിസ്ഥാന്റെ തിരഞ്ഞെടുപ്പ് കമ്മീഷനെ താലിബാന്‍ പിരിച്ചുവിട്ടിരിക്കയാണ്. അത് കൂടാതെ, സംസ്ഥാന സമാധാന മന്ത്രാലയം, പാര്‍ലമെന്ററി കാര്യ മന്ത്രാലയം, തെരഞ്ഞെടുപ്പു പരാതി കമ്മീഷന്‍ എന്നിവയും അവര്‍ പിരിച്ചുവിട്ടു.

തങ്ങള്‍ ഈ മണ്ണില്‍ ഉള്ളിടത്തോളം കാലം ഈ കമ്മീഷനുകള്‍ നിലനില്‍ക്കേണ്ട ഒരാവശ്യവുമില്ലെന്നാണ് താലിബാന്‍ ഉപവക്താവ് ബിലാല്‍ കരിമി ശനിയാഴ്ച പറഞ്ഞത്. ഇനി എപ്പോഴെങ്കിലും ആവശ്യം തോന്നുകയാണെങ്കില്‍, അപ്പോള്‍ നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

2006 -ലാണ് അഫ്ഗാനില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപം കൊള്ളുന്നത്. കമ്മീഷന്റെ വെബ്സൈറ്റ് അനുസരിച്ച്, പ്രസിഡന്‍ഷ്യല്‍ ഉള്‍പ്പെടെ എല്ലാത്തരം തിരഞ്ഞെടുപ്പുകളും നിയന്ത്രിക്കാനും മേല്‍നോട്ടം വഹിക്കാനും അവര്‍ക്ക് അധികാരമുണ്ട്. യു എസ് അധിനിവേശ സമയത്ത് വോട്ടെടുപ്പിന് മേല്‍നോട്ടം വഹിച്ചത് ഈ കമ്മിഷനായിരുന്നു. എന്നാല്‍, അന്ന്, തിരഞ്ഞെടുപ്പ് കമ്മീഷനിലെ നിരവധി ഉദ്യോഗസ്ഥരെ തീവ്രവാദ ഗ്രൂപ്പുകള്‍ കൊന്നൊടുക്കുകയുണ്ടായി.          

ഇപ്പോള്‍ പാര്‍ലമെന്ററി കാര്യ മന്ത്രാലയത്തില്‍ 403 ജീവനക്കാരും സംസ്ഥാന സമാധാന മന്ത്രാലയത്തില്‍ 38 ജീവനക്കാരും ഇലക്ഷന്‍ കമ്മീഷനില്‍ 1021 ജീവനക്കാരുമുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പിരിച്ച് വിട്ട സ്ഥാപനങ്ങളിലെ ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റാനാണ് താലിബാന്റെ തീരുമാനം. അവരുടെ കഴിവിന്റെ അടിസ്ഥാനത്തില്‍ അവരെ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമിക്കുമെന്ന് ബിലാല്‍ പറഞ്ഞു. 

താലിബാന്‍ അധികാരത്തില്‍ വന്നയുടനെ വനിതാകാര്യ മന്ത്രാലയം അടച്ചു പൂട്ടുകയുണ്ടായി. പകരം മതകാര്യങ്ങള്‍ നടപ്പാക്കുന്ന ഒരു മന്ത്രാലയം അവിടെ സ്ഥാപിച്ചു.  സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റമായി ഇതിനെ വിമര്‍ശനമുയര്‍ന്നിരുന്നു. 

1990-കളില്‍ താലിബാന്‍ അധികാരത്തിലിരുന്ന ആദ്യ ഘട്ടത്തില്‍ മതപരമായ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയതിന്റെ പേരില്‍ കുപ്രസിദ്ധമായിരുന്നു ആ മന്ത്രാലയം. അതേസമയം കമ്മീഷനുകള്‍ പിരിച്ച് വിട്ട തീരുമാനത്തെ തള്ളിയും, പുകഴ്ത്തിയുമുള്ള അഭിപ്രായങ്ങള്‍ രാഷ്ട്രീയ നിരീക്ഷകരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് വരുന്നുണ്ട്. ഇത് നല്ല തീരുമാനമാണെന്ന് താലിബാനെ അനുകൂലിക്കുന്ന ചില വിശകലന വിദഗ്ധര്‍ പറയുമ്പോള്‍, ജനാധ്യപത്യത്തിന്റെ തകര്‍ച്ചയാണിതെന്ന് മറ്റ് ചിലര്‍ വാദിക്കുന്നു.  


 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ