ആയിരം ഡോളര്‍ വിലയുടെ ടാമറിന്‍ കുരങ്ങുകളെ കാണാതായി; കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടില്‍ നിന്ന്

By Web TeamFirst Published Feb 3, 2023, 12:27 PM IST
Highlights

ജനുവരി രണ്ടാമത്തെ ആഴ്ച നോവ എന്ന പൂച്ചയെ കാണാതായി. ജനുവരി 21 ന് വംശനാശ ഭീഷണി നേരിടുന്ന 35 വയസുള്ള പിന്‍ എന്ന കഴുകനെ ചത്ത നിലയില്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് ടാമറിന്‍ കുരങ്ങുകളെ കാണാതായത്.


ഴിഞ്ഞ ദിവസം കൊച്ചിയിലെ പെറ്റ് ഷോപ്പില്‍ നിന്നും ഹെല്‍മറ്റില്‍ ഒളിപ്പിച്ച് പട്ടിക്കുട്ടിയെ കടത്തിയ വാര്‍ത്ത ഏറെ ശ്രദ്ധനേടിയിരുന്നു. പട്ടിക്കുട്ടിയെ കടത്തിയ കര്‍ണ്ണാടക സ്വദേശികളായ നിഖിലിനെയും ശ്രേയയേയും പൊലീസ് ഉഡുപ്പി കാര്‍ക്കാലയില്‍ നിന്നാണ് പിടികൂടിയത്. ഇതേ സമയത്ത് തന്നെ സാമാനമായൊരു വാര്‍ത്ത യുഎസിലെ ഡാലസ് മൃഗശാലയില്‍ നിന്നും പുറത്ത് വന്നു. ഡാലസ് മൃഗശാലയില്‍ നിന്നും രണ്ട് ടാമറിന്‍ കുരങ്ങുകളാണ് മോഷണം പോയത്. ഇവയെ പിന്നീട് ടെക്സാസിലെ ലങ്കാസ്റ്ററിലെ ഉപേക്ഷിക്കപ്പെട്ട വീടിന്‍റെ അലമാരയില്‍ നിന്നാണ് കണ്ടെത്തിയത്. എന്നാല്‍, ടാമറിനുകളെ കടത്തിയവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 

കഴിഞ്ഞ കുറച്ച് നാളുകളായി ഡാലസിലെ മൃഗശാലയില്‍ അസ്വാഭാവികമായ ചില കാര്യങ്ങള്‍ നടക്കുകയായിരുന്നു. ജനുവരി രണ്ടാമത്തെ ആഴ്ച നോവ എന്ന പൂച്ചയെ കാണാതായി. ഇതേ തുടര്‍ന്ന് മൃഗശാല ഒരു ദിവസത്തേക്ക് അടച്ചിട്ട് അന്വേഷണം നടത്തി. എന്നാല്‍ നോവയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിന് പിന്നാലെ ജനുവരി 21 ന് വംശനാശ ഭീഷണി നേരിടുന്ന 35 വയസുള്ള പിന്‍ എന്ന കഴുകനെ ചത്ത നിലയില്‍ കണ്ടെത്തി. എന്നാല്‍ പിന്നിന്‍റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു മൃഗശാലാ അധികൃതര്‍ അറിയിച്ചത്. അതോടൊപ്പം മരിച്ച കഴുകനില്‍ മുറിവ് കണ്ടെത്തിയിരുന്നെന്നും മൃഗശാല അധികൃതര്‍ പറയുന്നു. പിന്നിന്‍റെ മരണത്തിന് പിന്നാലെ മൃഗശാലയില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് ടാമറിന്‍ കുരങ്ങുകള്‍ മോഷണം പോയത്. 

മൃഗശാലയില്‍ നിന്നും കാണാതായ ടമറിന്‍ കുരങ്ങുകളുടെ കൂട് മുറിച്ച നിലയിലായിരുന്നു. ഇത് പുറത്ത് നിന്നാരെങ്കിലും ചെയ്തതാണോ അതോ കുരങ്ങുകള്‍ തന്നെ ചെയ്തതാണോ എന്ന അന്വേഷണം നടക്കുകയാണ്. 'മൃഗങ്ങളെയും ജീവനക്കാരെയും സുരക്ഷിതമായി സൂക്ഷിക്കാൻ' സുരക്ഷയും സുരക്ഷാ നടപടികളും ശക്തമാക്കുന്നത് തുടരുമെന്ന് മൃഗശാല പ്രസിഡന്‍റും സിഇഒയുമായ ഗ്രെഗ് ഹഡ്‌സൺ പറഞ്ഞു,  കുരങ്ങുകളെ വിൽക്കാൻ കൊണ്ടുപോയതാണെന്ന് തെളിഞ്ഞാൽ അതില്‍ തനിക്ക് അതിശയം തോന്നില്ലെന്നായിരുന്നു ടെക്‌സാസിലെ കെൻഡലിയയിലെ വൈൽഡ്‌ലൈഫ് റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷന്‍റെ സ്ഥാപകയും പ്രസിഡന്‍റുമായ ലിൻ കുനി പറഞ്ഞത്. വാങ്ങുന്നയാളെ ആശ്രയിച്ച്, അത്തരത്തിലുള്ള ഒരു കുരങ്ങിന് ആയിരക്കണക്കിന് ഡോളര്‍ ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, അനുചിതമായ ഭക്ഷണക്രമം മുതൽ ജലദോഷം പോലും ടമറിനുകളുടെ ജീവനെടുത്തേക്കാമെന്ന് മൃഗശാല അധികൃതരും പറയുന്നു. 

സിംഹങ്ങൾ, കടുവകൾ, ചീറ്റകൾ തുടങ്ങി ആനയും മുതലയുമടക്കമുള്ള വന്യജീവികള്‍ ഈ മൃഗശാലയിലുണ്ട്. അത് കൊണ്ട് തന്നെ മൃഗങ്ങള്‍ രക്ഷപ്പെട്ടെന്ന വാര്‍ത്ത ഏറെ കോളിളക്കമുണ്ടാക്കാന്‍ സാധ്യതയുള്ള ഒന്നാണ്. 2004 ല്‍ ഏതാണ്ട് 154 കിലോ ഭാരമുള്ള ജബാരി എന്ന ഗൊറില്ല മൃഗശാലയില്‍ നിന്ന് രക്ഷപ്പെട്ട് മൂന്ന് പേരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. പൊലീസ് പിന്നീട് ജബാരിയെ വെടിവച്ച് കൊല്ലുകയായിരുന്നു. 

കൂടുതല്‍ വായിക്കാന്‍ : പട്ടിക്കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; എൻജിനീയറിംഗ് വിദ്യാർത്ഥികളായ പ്രതികൾക്ക് ജാമ്യം

 

click me!