മണിപ്പൂർ സ്വദേശിയായ വർച്ചിഹാൻ സിങ്ഖായ് എന്ന യുവാവ് ലാപ്ടോപ്പ് വാങ്ങാനായി മാറ്റിവെച്ച പണം ഉപയോഗിച്ച് ഫിഫ ലോകകപ്പ് കാണാൻ അമേരിക്കയിലേക്ക്. കുടുംബത്തിന്റെ പിന്തുണയോടെ 30 വർഷത്തെ സ്വപ്നമാണ് ഇപ്പോള്‍ സഫലമാകുന്നത്.

കുട്ടിക്കാലം മുതലുള്ള ഫുട്ബോൾ സ്വപ്നം സഫലമാക്കാൻ രണ്ട് ലക്ഷത്തിലധികം രൂപയുടെ ലാപ്ടോപ്പ് വേണ്ടെന്നുവെച്ച് മണിപ്പൂരുകാരൻ. ആ പണവുമായാണ് മണിപ്പൂർ ഉഖ്റുൽ സ്വദേശിയായ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ വർച്ചിഹാൻ സിങ്ഖായ് (40) അമേരിക്കയിൽ നടക്കുന്ന ഫിഫ ലോകകപ്പ് കാണാൻ ഒരുങ്ങുന്നത്. ബിസിനസ് ഇൻസൈഡറിലെഴുതിയ ലേഖനത്തിലാണ് സിങ്ഖായ് തന്റെ അപൂർവ ഫുട്ബോൾ പ്രണയം പങ്കുവെച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വളരെ സാധാരണക്കാരായ ആളുകൾ താമസിക്കുന്ന തന്റെ ഗ്രാമത്തിൽ നിന്ന് ലോകകപ്പ് വേദിയായ അറ്റ്ലാന്റയിലേക്കുള്ള യാത്ര അത്ര എളുപ്പമല്ലെന്ന് സിങ്ഖായ് പറയുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,600 അടി ഉയരത്തിലുള്ള ഗ്രാമത്തിൽ നിന്നും 6 മണിക്കൂർ റോഡ് മാർഗം യാത്ര ചെയ്ത് ഇംഫാലിലെത്തിയ ശേഷമാണ് വിമാനയാത്ര. ന്യൂഡൽഹി, ലണ്ടൻ, വാഷിംഗ്ടൺ ഡിസി വഴി നാല് കണക്റ്റിങ് ഫ്ലൈറ്റുകളിലായി 27 മണിക്കൂറോളം ആകാശത്ത് ചിലവഴിച്ചുവേണം ഇദ്ദേഹത്തിന് ലക്ഷ്യസ്ഥാനത്തെത്താൻ. യൂട്യൂബ്, ഇൻസ്റ്റാഗ്രാം വീഡിയോകൾക്കായി 2.3 ലക്ഷത്തോളം രൂപയുടെ ലാപ്ടോപ്പ് വാങ്ങാനാണ് സിങ്ഖായ് ആദ്യം പണം മാറ്റിവെച്ചത്. എന്നാൽ, ലോകകപ്പ് മോഹം തലയ്ക്കുപിടിച്ചതോടെ ലാപ്ടോപ്പ് വേണ്ടെന്നുവെച്ചു. വിമാന ടിക്കറ്റ് നിരക്കിൽ വലിയൊരു പങ്ക് നൽകി അമ്മായിയപ്പനും, താമസസൗകര്യമൊരുക്കി അമേരിക്കയിലെ ബന്ധുക്കളും കൂടെനിന്നതോടെയാണ് യാത്ര യാഥാർത്ഥ്യമായത്.

ആദ്യഘട്ടത്തിൽ ബജറ്റ് കൂടിയതിനാൽ പോർച്ചുഗലിന്റെ ടിക്കറ്റ് നഷ്ടമായെങ്കിലും, ഏപ്രിലിൽ നടന്ന അടുത്ത സെയിലിൽ 140 ഡോളർ (ഏകദേശം ₹11,700) വീതം നൽകി ചെക്ക് റിപ്പബ്ലിക് - ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ രണ്ട് ടിക്കറ്റുകൾ സിങ്ഖായ് സ്വന്തമാക്കി. തനിക്കും യാത്രയിൽ ഒപ്പം കൂട്ടുന്ന അമ്മായിയപ്പനും വേണ്ടിയാണ് ടിക്കറ്റെടുത്തത്.

അതേസമയം, യഥാർത്ഥ ആരാധകരെ ചൂഷണം ചെയ്യുന്ന ടിക്കറ്റ് ബ്ലാക്ക് മാർക്കറ്റിനെതിരെയും സിങ്ഖായ് പ്രതികരിച്ചു. താൻ 140 ഡോളറിന് വാങ്ങിയ ടിക്കറ്റിന് തൊട്ടടുത്തുള്ള സീറ്റുകൾ 560 ഡോളറിനാണ് (നാലിരട്ടി വിലയ്ക്ക്) റീസെല്ലർമാർ മറിച്ചുവിൽക്കുന്നത്. ചിലർ കച്ചവടം ചെയ്യാൻ മാത്രമായി ടിക്കറ്റുകൾ മൊത്തമായി വാങ്ങുന്നത് സാധാരണക്കാരായ ആരാധകരുടെ സ്വപ്നങ്ങൾക്ക് കരിനിഴലാകുന്നുണ്ടെന്നും ഈ മണിപ്പൂരുകാരൻ പറയുന്നു. എങ്കിലും 30 വർഷത്തെ കാത്തിരിപ്പ് ഒടുവിൽ സഫലമാകുന്നതിന്റെ ആവേശത്തിലാണ് ഈ നാൽപ്പതുകാരൻ.