
പുതിയ ഭാഷകളെക്കുറിച്ച് അറിയാനും പഠിക്കാനും നിങ്ങൾ താല്പര്യമുള്ളവരാണോ? ആണെങ്കിൽ, ഒരുപക്ഷേ തമിഴ്നാട്ടിൽ കോയമ്പത്തൂർ ജില്ലയിൽ നിന്നുള്ള 27 കാരിയായ ഈ യുവതി നിങ്ങൾക്ക് പ്രചോദനമായേക്കാം. കിരുഭാഷിണി ജയകുമാർ എന്ന ഈ പെൺകുട്ടിക്ക് വിദേശ ഭാഷകൾ ഉൾപ്പെടെ 15 ഭാഷകൾ അനായസേന വായിക്കാനും സംസാരിക്കാനും എഴുതാനും അറിയാം.
കോയമ്പത്തൂരിലെ രാമനാഥപുരം സ്വദേശിയായ കിരുഭാഷിണി എം എ ബിരുദധാരിണിയാണ്. വിവിധ ഭാഷകളോടുള്ള ഈ പെൺകുട്ടിയുടെ പ്രണയം ആരംഭിച്ചത് എട്ടാം വയസ് മുതലാണ്. നന്നേ ചെറുപ്പത്തിൽ തന്നെ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ അവൾ പ്രാവീണ്യം നേടിയിരുന്നു. ഈ മൂന്നു ഭാഷകളും എഴുതാനും വായിക്കാനും സംസാരിക്കാനും കുട്ടിയായിരുന്നപ്പോൾ തന്നെ കിരുഭാഷിണി പഠിച്ചു. ഭാഷകൾ വേഗത്തിൽ പഠിക്കാനുള്ള മകളുടെ കഴിവ് മനസ്സിലാക്കിയ അവളുടെ മാതാപിതാക്കൾ കൂടുതൽ ഭാഷകൾ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു. തുടര്‍ന്ന് പുതിയ പുതിയ ഭാഷകൾ പഠിക്കാൻ അവൾക്ക് പ്രോത്സാഹനം നൽകി. അങ്ങനെ ഭാഷകളോടുള്ള അവളുടെ പ്രണയം അവർ വളർത്തിയെടുത്തു.
കൂടുതല്‍ വായനയ്ക്ക്; വർക്ക് ഫ്രം ഹോം, ബിറ്റ് കോയിൻ...: തട്ടിപ്പോട് തട്ടിപ്പ്; 49 കാരിയ്ക്ക് നഷ്ടമായത് 10 ലക്ഷം രൂപ
ഒരു ഭാഷ നന്നായി സംസാരിക്കാൻ കഴിയുന്ന രീതിയിൽ പ്രാവീണ്യം നേടുന്നതിന് തനിക്ക് മൂന്ന് മാസം മാത്രമേ വേണ്ടൂവെന്നാണ് കിരുഭാഷിണി പറയുന്നത്. ഭാഷകൾ കൃത്യതയോടെ പഠിക്കുന്നതിനായി അതാത് സംസ്ഥാനങ്ങളിൽ പോയി താമസിച്ച്, ഭാഷകളെ അടുത്തറിയാറുണ്ടെന്ന് ഈ പെൺകുട്ടി പറയുന്നു. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, കന്നഡ, മലയാളം, ബംഗാളി, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, ഇറ്റാലിയൻ, പോർച്ചുഗീസ്, ജാപ്പനീസ്, ടർക്കിഷ്, അറബിക് എന്നീ 15 ഭാഷകളിലാണ് കിരൂഭാഷിണിയ്ക്ക് ഇപ്പോൾ പ്രാവീണ്യമുള്ളത്. തനിക്ക് 30 വയസ്സ് ആകുമ്പോഴേക്കും 20 ഭാഷകൾ അനായാസേന കൈകാര്യം ചെയ്യാനുള്ള അറിവ് നേടി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിക്കുകയാണ് കിരുഭാഷിണിയുടെ ഇപ്പോഴത്തെ ലക്ഷ്യം. കൂടാതെ വിവിധ ഭാഷകൾ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അത് സൗജന്യമായി പഠിപ്പിച്ച് കൊടുക്കാനും താൻ തയ്യാറാണെന്നും ഈ പെൺകുട്ടി പറയുന്നു. ഹിന്ദു എം എ പാസായ കിരുഭാഷിണി ഇപ്പോള്‍ എം എ ഇംഗ്ലീഷ് ചെയ്യുകയാണ്. പഠനത്തോടൊപ്പം കിരുഭ സ്കൂൾ ഓഫ് ലാംഗ്വേജസ് എന്ന ഭാഷാ പഠന കേന്ദ്രവും കിരുഭാഷിണി നടത്തുന്നുണ്ട്.
കൂടുതല്‍ വായനയ്ക്ക്: ചെളിക്കുഴിയിൽ അകപ്പെട്ട അമ്മയുടെ അടുത്ത് നിന്ന് മാറാതെ കുട്ടിയാന; സ്നേഹപ്രകടത്തില്‍ അന്തം വിട്ട് നെറ്റിസണ്‍