Asianet News MalayalamAsianet News Malayalam

ചെളിക്കുഴിയിൽ അകപ്പെട്ട അമ്മയുടെ അടുത്ത് നിന്ന് മാറാതെ കുട്ടിയാന; സ്നേഹപ്രകടത്തില്‍ അന്തം വിട്ട് നെറ്റിസണ്‍

ഓരോ തവണ കരയ്ക്ക് കയറ്റുമ്പോഴും കുട്ടിയാന വീണ്ടും അമ്മയ്ക്കരികിലേക്ക് ഓടിപ്പോയി കൊണ്ടേയിരുന്നു. ഇത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചതോടെ ഇഞ്ചക്ഷൻ നൽകി കുട്ടിയാനയെ മയക്കിയതിന് ശേഷം അമ്മയെ കരക്ക് കയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 

elephant cub does not move away from her mother who is stuck in a mud pit bkg
Author
First Published Feb 18, 2023, 2:58 PM IST | Last Updated Feb 18, 2023, 3:02 PM IST

ഓരോ നിമിഷവും ആയിരക്കണക്കിന് വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്. അവയിൽ ചിലതെങ്കിലും ഏറെ ഹൃദയസ്പർശിയും നമ്മെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതുമായിരിക്കും. അത്തരത്തിൽ കാഴ്ചക്കാരന്‍റെ ഹൃദയത്തെ ഏറെ സ്പർശിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഐഎഫ്എസ് ഓഫീസറായ സുശാന്ത് നന്ദ പങ്കുവെച്ച ഈ വീഡിയോയിലെ കഥാപാത്രങ്ങൾ ഒരു ആനക്കുട്ടിയും അവന്‍റെ അമ്മയുമാണ്. 

ചെളിയിൽ വീണുപോയ ഇരുവരും രക്ഷപ്പെടാനായി നടത്തുന്ന പരാക്രമങ്ങളും ഒടുവിൽ രക്ഷപ്പെട്ട കുട്ടിയാന അമ്മയെ ഉപേക്ഷിച്ച് പോകാൻ മനസ്സ് വരാതെ നടത്തുന്ന സ്നേഹ പ്രകടനങ്ങളുമൊക്കെയാണ് വീഡിയോയിൽ. വീഡിയോ പോസ്റ്റ് ചെയ്ത മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

ഷെൽഡ്രിക്ക് വൈൽഡ് ലൈഫ് ട്രസ്റ്റും വീ ലവ് ആനിമൽസും ചേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സുശാന്ത് നന്ദ വീണ്ടും ഷെയർ ചെയ്തത്. ചെളികുണ്ടിൽ വീണ് കിടക്കുന്ന അമ്മയാനയും കുട്ടിയാനയും രക്ഷപ്പെടാനായി നടത്തുന്ന പരാക്രമത്തിലാണ് വീഡിയോ ആരംഭിക്കുന്നത്. പക്ഷേ പലതവണ ശ്രമിച്ചിട്ടും കൂടുതൽ കൂടുതൽ ചെളിയിലേക്ക് താഴ്ന്നു പോയതല്ലാതെ അവര്‍ക്ക് രക്ഷപ്പെടാനായില്ല. തുടർന്ന് ആനകളെ രക്ഷിക്കാനായി ഷെൽഡ്രിക്ക് വൈൽഡ് ലൈഫ് ട്രസ്റ്റ് ടീമംഗങ്ങൾ എത്തുന്നു. അമ്മയാനയെ ഇഞ്ചക്ഷൻ നൽകി മയക്കിയതിന് ശേഷം കുട്ടിയാനയെ രക്ഷാപ്രവർത്തകർ ചെളിയിൽ നിന്നും കരയ്ക്ക് കയറ്റുന്നു. 

കൂടുതല്‍ വായനയ്ക്ക്: രാവിലെ വാര്‍ത്ത കണ്ടില്ലെങ്കില്‍ അക്രമാസക്തയാകുന്ന 'ബിന്ദി'; വളര്‍ത്തുനായയുടെ വിചിത്ര സ്വഭാവം പങ്കുവച്ച് ഉടമ

പിന്നീടായിരുന്നു കുട്ടിയാനയുടെ യഥാര്‍ത്ഥ സ്നേഹ പ്രകടനം. ഓരോ തവണ കരയ്ക്ക് കയറ്റുമ്പോഴും കുട്ടിയാന വീണ്ടും അമ്മയ്ക്കരികിലേക്ക് ഓടിപ്പോയി കൊണ്ടേയിരുന്നു. ഇത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചതോടെ ഇഞ്ചക്ഷൻ നൽകി കുട്ടിയാനയെ മയക്കിയതിന് ശേഷം അമ്മയെ കരക്ക് കയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഒടുവിൽ ഏറെ പണിപ്പെട്ട് ട്രക്കുകളുടെ സഹായത്തോടെ ആനയെ വലിച്ച് കരയ്ക്ക് കയറ്റുന്നു. ശേഷം രണ്ട് ആനകളെയും മയക്കത്തിൽ നിന്ന് ഉണർത്താൻ രക്ഷാപ്രവർത്തകർ തീരുമാനിച്ചു. 

കൂടുതല്‍ വായനയ്ക്ക്; വർക്ക് ഫ്രം ഹോം, ബിറ്റ് കോയിൻ...:  തട്ടിപ്പോട് തട്ടിപ്പ്; 49 കാരിയ്ക്ക് നഷ്ടമായത് 10 ലക്ഷം രൂപ
 

ആദ്യം ഉണർത്തിയത് കുട്ടിയാനയെ ആയിരുന്നു. ഉറക്കത്തിൽ നിന്ന് ഉണർന്നതും ആനക്കുട്ടി പരതിയായത് തന്‍റെ അമ്മയെ. സമീപത്തായി മയങ്ങിക്കിടക്കുന്ന അമ്മയെ കണ്ടതും അവൾക്ക് അരികിലേക്ക് നീങ്ങിയ കുട്ടിയാന അമ്മയെ ഉണർത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നു. ഇതിനിടയിൽ രക്ഷാപ്രവർത്തകർ അമ്മയാനയെയും മയക്കത്തിൽ നിന്നും ഉണർത്താനുള്ള ഇഞ്ചക്ഷൻ നൽകി. മയക്കത്തിൽ നിന്നും ഉണർന്നതും അമ്മയും കുഞ്ഞും  പരസ്പരം തുമ്പിക്കൈ കൊണ്ട് തലോടി സ്നേഹം പ്രകടിപ്പിച്ചു. ശേഷം തങ്ങളെ രക്ഷിച്ചവർക്ക് ചെവികൾ വീശി നന്ദി പ്രകടിപ്പിച്ച് അവ നടന്നു നീങ്ങി. ആനകളെ രക്ഷിച്ചതും അവയുടെ മാതൃസ്നേഹവും മറ്റും കാണിക്കുന്ന വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്. 

കൂടുതല്‍ വായനയ്ക്ക്:  ഒറ്റയാത്ര, ലിസ ഫത്തോഫറിന് ലോക റെക്കോര്‍ഡ് ഒന്നും രണ്ടുമല്ല പത്ത്!
 

 

Latest Videos
Follow Us:
Download App:
  • android
  • ios