പരന്ന നെഞ്ചാണ്, വിവാഹം നടക്കില്ല, വനിതാ ഫുട്ബോള്‍ കളിക്കാരെ അപമാനിച്ച് ടാൻസാനിയൻ പ്രസിഡണ്ട്, വിവാദപരാമര്‍ശം

Published : Aug 25, 2021, 10:59 AM ISTUpdated : Aug 25, 2021, 03:40 PM IST
പരന്ന നെഞ്ചാണ്, വിവാഹം നടക്കില്ല, വനിതാ ഫുട്ബോള്‍ കളിക്കാരെ അപമാനിച്ച്  ടാൻസാനിയൻ പ്രസിഡണ്ട്, വിവാദപരാമര്‍ശം

Synopsis

'വിവാഹജീവിതം അവര്‍ക്ക് വെറുമൊരു സ്വപ്നം മാത്രമായിരിക്കും. കാരണം, അവരിലൊരാളെ നിങ്ങള്‍ വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ നിങ്ങളുടെ അമ്മ നിങ്ങളോട് ചോദിക്കും, നീ വിവാഹം കഴിച്ചിരിക്കുന്നത് ഒരു സ്ത്രീയെ തന്നെയാണോ അതോ ഒരു പുരുഷസുഹൃത്തിനെയാണോ' എന്നും സുലുഹു പ‌റഞ്ഞു.

ലോകം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞിട്ടും കാര്യമില്ല. സ്ത്രീകളുടെ ശരീരത്തില്‍ ആര്‍ക്കും കേറി അഭിപ്രായം പറയാം എന്നാണ് ഇന്നും പലരും വിശ്വസിക്കുന്നത്. അത് ഉത്തരവാദിത്തപ്പെട്ട ഒരിടത്തിരിക്കുന്ന ഒരു സ്ത്രീ തന്നെയായാല്‍ എന്ത് ചെയ്യും? ടാന്‍സാനിയയുടെ പ്രസിഡണ്ട് സാമിയ സുലുഹു ഹസ്സനാണ് ഇപ്പോള്‍ അവസാനമായി അത്തരം വിവാദപരമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. വനിതാ ഫുട്ബോള്‍ കളിക്കാരെ കുറിച്ചായിരുന്നു പരാമര്‍ശം. വനിതാ ഫുട്ബോള്‍ കളിക്കാര്‍ക്ക് വിരിഞ്ഞ നെഞ്ചാണ്, അതിനാല്‍ അവര്‍ വിവാഹത്തിന് യോജിച്ചവരല്ല എന്നായിരുന്നു പ്രസിഡണ്ട് സുലുഹുവിന്‍റെ പരാമര്‍ശം. 

പ്രാദേശിക ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഒരു ദേശീയ പുരുഷ ടീമിന്റെ വിജയം ആഘോഷിക്കാൻ ഞായറാഴ്ച നടന്ന ചടങ്ങിലാണ് സുലുഹു പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയത്. വിരോധാഭാസമെന്നു പറയട്ടെ, വനിതാ കായിക വിനോദങ്ങൾക്ക് മികച്ച ഫണ്ട് നൽകണമെന്നും അവർ ആവശ്യപ്പെട്ടു. 

"പരന്ന നെഞ്ചുള്ളവർ, അവർ പുരുഷന്മാരാണെന്നും സ്ത്രീകളല്ലെന്നും നിങ്ങൾക്ക് തോന്നിയേക്കാം. അവരുടെ മുഖത്തേക്ക് നോക്കിയാൽ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം... കാരണം നിങ്ങൾക്ക് വിവാഹം കഴിക്കണമെങ്കിൽ ആകർഷകമായ ഒരാളെ വേണം, നിങ്ങൾ ആഗ്രഹിക്കുന്ന ഗുണങ്ങളുള്ള ഒരു സ്ത്രീയെ വേണം. വനിതാ ഫുട്ബോൾ കളിക്കാരില്‍ ആ ഗുണങ്ങൾ അപ്രത്യക്ഷമായിട്ടുണ്ടാകും'' എന്ന് അവർ പറഞ്ഞു.

എത്യോപ്യയുടെ പ്രസിഡന്റ് സഹ്ലെ-വർക്ക് സ്യൂഡെയ്ക്കൊപ്പം ആഫ്രിക്കയിലെ ഒരേയൊരു വനിതാ രാഷ്ട്രത്തലവനാണ് സുലുഹു, പക്ഷേ അവരുടെ പങ്ക് പ്രധാനമായും ആചാരപരമായതാണ്. "ഇന്ന് അവർ രാജ്യത്തിന് ട്രോഫികൾ കൊണ്ടുവരുമ്പോൾ ഒരു രാഷ്ട്രമെന്ന നിലയിൽ അവർ നമ്മെ അഭിമാനിതരാക്കുന്നു. പക്ഷേ, ഭാവിയിൽ അവരുടെ ജീവിതം നോക്കിയാൽ, കാലുകൾ കളിച്ച് ക്ഷീണിക്കുമ്പോൾ, അവർക്ക് കളിക്കാൻ ആരോഗ്യമില്ലാത്തവരാകുമ്പോൾ, എന്ത് ജീവിതമായിരിക്കും അവർ ജീവിക്കുക?" എന്നും അവര്‍ പറഞ്ഞു.

'വിവാഹജീവിതം അവര്‍ക്ക് വെറുമൊരു സ്വപ്നം മാത്രമായിരിക്കും. കാരണം, അവരിലൊരാളെ നിങ്ങള്‍ വിവാഹം കഴിച്ച് വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ നിങ്ങളുടെ അമ്മ നിങ്ങളോട് ചോദിക്കും, നീ വിവാഹം കഴിച്ചിരിക്കുന്നത് ഒരു സ്ത്രീയെ തന്നെയാണോ അതോ ഒരു പുരുഷസുഹൃത്തിനെയാണോ' എന്നും സുലുഹു പ‌റഞ്ഞു. 

എന്നാല്‍, ഇത് മറ്റുള്ളവര്‍ക്ക് ഉചിതമായി തോന്നിയില്ല. 'വനിതാ ഫുട്ബോള്‍ കളിക്കാരെ കുറിച്ചുള്ള സുലുഹുവിന്‍റെ പരാമര്‍ശം എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണ്' എന്നാണ് പ്രതിപക്ഷ പാര്‍ട്ടി അംഗവും മുന്‍ എംപിയുമായ കാതറിന്‍ റൂഗ് പറഞ്ഞത്. 

ടാൻസാനിയയിലെ സിവിൽ സൊസൈറ്റി ഗ്രൂപ്പിന്റെ സ്ഥാപകയായ മരിയ സരുംഗി സെഹായ് ട്വീറ്റ് ചെയ്തത്: 'അതിനാൽ ഒരു വനിതാ പ്രസിഡൻസിയെ ആഹ്ലാദിക്കുന്ന എല്ലാവരോടും, സ്ത്രീ ഫുട്ബോൾ കളിക്കാരെ 'പരന്ന നെഞ്ചുകൾ' ഉള്ളവരാണെന്നും അതിനാൽ വിവാഹത്തിന് ആവശ്യമായ ആകർഷകമായ സവിശേഷതകൾ ഇല്ലെന്നും അപമാനിക്കുന്നതിലും നിങ്ങൾ അഭിമാനിക്കണം' എന്നാണ്.

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്