
വേള്‍ഡ് ട്രേഡ് സെന്ററിനെതിരായ ആക്രമണവും അതിനു പിന്നാലെ അഫ്ഗാനിലേക്കുള്ള അമേരിക്കന്‍ അധിനിവേശവും കൂടെ ആയപ്പോള്‍ മുഴുവന്‍ സമയ ചാരനായി മാറി, സാലിഹ്. അഫ്ഗാനിലെത്തിയ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ അഫ്ഗാനിലെ കണ്ണിയായി സാലിഹ്. താലിബാനെ അട്ടിമറിക്കാനുള്ള യുനൈറ്റഡ് ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്റലിജന്‍സ് ഓപ്പറേഷനുകള്‍ ഏകീകരിച്ചത് സാലിഹായിരുന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ സൈന്യവുമായും ഇന്റിലജന്‍സ് ഏജന്‍സികളുമായുള്ള ഈ ബന്ധം സാലിഹിന്റെ ജീവിതമാകെ മാറ്റിമറിച്ചു. താലിബാന്‍ വീണ ശേഷം സര്‍ക്കാറിലെ ഉന്നത പദവികള്‍ സാലിഹിനെ തേടിയെത്തി.
താലിബാനെതിരെ അഫ്ഗാനിസ്താനില്‍ ഉയര്‍ന്ന പുതിയ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ളത് രണ്ടുപേരാണ്. വടക്കന്‍ സഖ്യത്തിന്റെ നേതാവായിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദ്. താലിബാന്റ വിജയം കണ്ടപ്പോള്‍ നാടുവിട്ടോടിയ പ്രസിഡന്റ് അഷറഫ് ഗനിയുടെ ഒന്നാം വൈസ് പ്രസിഡന്റ് അംറുല്ലാ സാലിഹ്.
കടന്നുവന്ന വഴികള്‍ വ്യത്യസ്തമെങ്കിലും ഇരുവരും തമ്മില്‍ പല തരത്തിലുള്ള ബന്ധങ്ങളുണ്ട്. താലിബാനെതിരെ എക്കാലവും പെരുതിക്കൊണ്ടിരിക്കുന്നവരാണ് ഇരുവരും. ഒരു അധിനിവേശ ശക്തിക്കും പിടികൊടുക്കാത്ത പഞ്ച് ശീര്‍ താഴ്‌വരക്കാരാണ് ഇരുവരും. താലിബാന്റെ പ്രഖ്യാപിത ശത്രു അഹമദ് ഷാ മസൂദിന്റെ മകനാണ് അഹമ്മദ് മസൂദ് എങ്കില്‍, അഹമദ് ഷാ മസൂദിന്റെ പ്രിയപ്പെട്ട ശിഷ്യനാണ് അംറുല്ലാ സാലിഹ്. പിതാവിനെ ചതിയില്‍ വധിച്ച താലിബാനെതിരായ രോഷമാണ് അഹമ്മദ് മസൂദിനെ പോര്‍വഴിയില്‍ നയിക്കുന്നത് എങ്കില്‍, സാലിഹിനെ നയിക്കുന്നത്, താലിബാന്‍ ഭീകരര്‍ കൊടുംപീഡനങ്ങള്‍ക്കിരയാക്കി കൊന്നുകളഞ്ഞ സ്വന്തം സഹോദരിയുടെ ഓര്‍മ്മകളാണ്.
'ഞാനാണിപ്പോള്‍ പ്രസിഡന്റ്'
അഫ്ഗാന്‍ ഭരണകൂടത്തില്‍ ഏറ്റവും ശക്തനായിരുന്ന നേതാവായിരുന്നു അംറുല്ലാ സാലിഹ്. പ്രസിഡന്റ് അഷറഫ് ഗനി കഴിഞ്ഞാല്‍, ഏറ്റവും ശക്തന്‍. രാജ്യത്തിന്റെ ഇന്റലിജന്‍സ് ഏജന്‍സിയുടെ തലവനായിരുന്ന സാലിഹ് അമേരിക്കയുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നു. താലിബാന്‍ മുന്നേറ്റം കണ്ട് വിരണ്ട് ഗനി രായ്ക്കുരാമാനം നാടുവിട്ടോടിയപ്പോള്‍ ഭരണകൂടം ഇല്ലാതായെങ്കിലും, താനാണിപ്പോള്‍ പ്രസിഡന്റ് എന്നാണ് സാലിഹ് അവകാശപ്പെടുന്നത്. അഫ്ഗാന്‍ ഭരണഘടന പ്രകാരം പ്രസിഡന്റിന്റെ അഭാവത്തില്‍ ഒന്നാം വൈസ് പ്രസിഡന്റിനായിരിക്കും ചുമതല എന്നും ആ നിലയ്ക്ക് തനിക്കാണിപ്പോള്‍ അഫ്ഗാന്‍ പ്രസിഡന്റ് എന്നുമാണ് സാലിഹ് പ്രസ്താവനയില്‍ പറയുന്നത്.
രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍, താലിബാനെ എതിര്‍ക്കുന്ന എല്ലാ ശക്തികളെയും ഒന്നിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ സാലിഹ്. അതിന്റെ ഭാഗമായാണ്, താലിബാന് ഇതുവരെ അടുക്കാന്‍ പറ്റാത്ത, തന്റെ പഴയ നാട്ടിലേക്ക്-പഞ്ച്ഷീറിലേക്ക് -സാലിഹ് കടന്നുചെന്നത്. താലിബാനെ എതിര്‍ക്കുന്ന എല്ലാവരെയും വടക്കന്‍ സഖ്യത്തിന്റെ പഴയ യോദ്ധാക്കള്‍ക്കൊപ്പം ഒന്നിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. വടക്കന്‍ സഖ്യത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന് യുദ്ധപരിചയവും നയതന്ത്ര പരിചയവും രാഷ്ട്രീയ അനുഭവങ്ങളും ഇറലിജന്‍സ് അനുഭവങ്ങളും വേണ്ടുവോളമുണ്ട്. ഈ കഴിവുകളെല്ലാം ഉപയോഗിച്ച് താലിബാനെതിരെ കിട്ടാവുന്ന ശക്തി മുഴുവന്‍ സംഭരിക്കാനാണ് സാലിഹിന്റെ ശ്രമം.
ചെറുപ്പത്തിലേ ആയുധമേന്തി
1972-ല്‍ പഞ്ച്ഷീര്‍ താഴ്‌വരയില്‍ താജിക് കുടുംബത്തിലാണ് സാലിഹിന്റെ ജനനം. ചെറുപ്പത്തിലേ അനാഥനാവേണ്ടി വന്ന സാലിഹിനെ വളര്‍ത്തിയത് അഫ്ഗാന്‍ പ്രതിരോധത്തിന്റെ മുന്‍നിരയില്‍ നിന്നിരുന്ന അഹമ്മദ് ഷാ മസൂദ് ആയിരുന്നു. ചെറുപ്പത്തിലേ അദ്ദേഹം മസൂദിനൊപ്പം പോര്‍ഭൂമിയിലേക്കിറങ്ങി.
താലിബാന്‍ 1996-ല്‍ സഹോദരിയെ പീഡിപ്പിച്ച് കൊന്നതോടെയാണ് സാലിഹ് കറകളഞ്ഞ താലിബാന്‍ വിരുദ്ധനായത്. ''ആ സംഭവമാണ് താലിബാനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് എന്നേക്കുമായി മാറ്റിയത്.''-സാലിഹ് പിന്നീട് ടൈം മാസികയില്‍ എഴുതി.
താലിബാനെതിരായി മസൂദും വടക്കന്‍ സഖ്യവും നടത്തിയ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എത്തിയ സാലിഹിനെ മസൂദ് പിന്നീട് മറ്റൊരു ജോലി ഏല്‍പ്പിച്ചു. താജിക്കിസ്താനിലെ അഫ്ഗാന്‍ എംബസിയിലെ ലയിസണ്‍ ഓഫീസര്‍. സന്നദ്ധ സംഘടനകളുടെ സഹായങ്ങള്‍ ഏകോപിപ്പിക്കുകയാണ് പ്രാഥമിക ചുമതല. അതോടൊപ്പം മറ്റൊരു ജോലി കൂടി പതിയെ വന്നു ചേര്‍ന്നു. അതയാളുടെ ജീവിതം തന്നെ മാറ്റി. വിദേശ രഹസ്യാന്വേഷണ ഏജന്‍സികളുടെ ലയിസണ്‍ ഓഫീസര്‍ എന്നതായിരുന്നു ആ ചുമതല. ലോകമെങ്ങുമുള്ള ചാരസംഘടനകളുമായി ഇതോടെ സാലിഹിന് നേരിട്ടുള്ള ബന്ധമുണ്ടായി.
ചാരനാവുന്നു!
ഇതോടെ സാലിഹിന്റെ മേഖല തന്നെ മാറി. വേള്‍ഡ് ട്രേഡ് സെന്ററിനെതിരായ ആക്രമണവും അതിനു പിന്നാലെ അഫ്ഗാനിലേക്കുള്ള അമേരിക്കന്‍ അധിനിവേശവും കൂടെ ആയപ്പോള്‍ മുഴുവന്‍ സമയ ചാരനായി മാറി, സാലിഹ്. അഫ്ഗാനിലെത്തിയ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ അഫ്ഗാനിലെ കണ്ണിയായി സാലിഹ്. താലിബാനെ അട്ടിമറിക്കാനുള്ള യുനൈറ്റഡ് ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇന്റലിജന്‍സ് ഓപ്പറേഷനുകള്‍ ഏകീകരിച്ചത് സാലിഹായിരുന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ സൈന്യവുമായും ഇന്റിലജന്‍സ് ഏജന്‍സികളുമായുള്ള ഈ ബന്ധം സാലിഹിന്റെ ജീവിതമാകെ മാറ്റിമറിച്ചു. താലിബാന്‍ വീണ ശേഷം സര്‍ക്കാറിലെ ഉന്നത പദവികള്‍ സാലിഹിനെ തേടിയെത്തി.
2004-ല്‍ പുതുതായി രൂപവല്‍കരിച്ച അഫ്ഗാന്‍ ഉന്റലിജന്‍സ് ഏജന്‍സിയുടെ മേധാവിയായി, സാലിഹ്. രാജ്യത്തുടനീളം രഹസ്യാന്വേഷണ ശൃംഖല കെട്ടിപ്പടുക്കാന്‍ സാലിഹ് ഈ നാളുകള്‍ ഉപയോഗിച്ചു. താലിബാനെതിരെയും രാജ്യത്തിനകത്തും പാക്കിസ്താനിലും നിന്ന് അവരെ സഹായിക്കുന്ന ഭീകര സംഘടനകള്‍ക്കെതിരെയും രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിന് സാലിഹ് ചാരന്‍മാരെ നിയോഗിച്ചു.
അഫ്ഗാനിലെ അനേകം ഭീകരസംഘടനകെള സഹായിക്കുന്നതില്‍ പാക് സൈന്യത്തിനുള്ള പങ്ക് തിരിച്ചറിഞ്ഞതോടെ സാലിഹിന്റെ പാക് വിരോധം വര്‍ദ്ധിച്ചു. പാക്കിസ്താനുമായി പല വട്ടം സംഘര്‍ഷം നിറഞ്ഞ അനുഭവങ്ങള്‍ ഉണ്ടായി. ജനറല്‍ പര്‍വേസ് മുശര്‍റഫ് പാക് പ്രസിഡന്റായിരിക്കെ നടന്ന ഒരു സംഭവം കേള്‍ക്കുക. മുശര്‍റഫുമായുള്ള ഒരു യോഗത്തിനിടയില്‍, സാലിഹ് അദ്ദേഹത്തോട് ഒരു കാര്യം പറഞ്ഞു. ഉസാമ ബിന്‍ ലാദന്‍ പാക്കിസ്താനില്‍ ഒളിവില്‍ പാര്‍ക്കുകയാണ് എന്ന് ഇന്റലിജന്‍സ് വിവരങ്ങള്‍ ഉണ്ടെന്നായിരുന്നു അത്. അതു കേട്ടതും, മുശര്‍റഫ് യോഗത്തില്‍നിന്നിറങ്ങിപ്പോയി.
താലിബാനകത്തും അദ്ദേഹത്തിന് ചാരന്‍മാരുണ്ടായിരുന്നു!
അഫ്ഗാനിസ്താന്റെ രഹസ്യാന്വേഷണ ശൃംഖലയെ ശക്തിപ്പെടുത്തി എന്നതാണ് സാലിഹ് വഹിച്ച പ്രധാന ദൗത്യം. സുസംഘടിതമായ ഒരു വ്യവസ്ഥയാക്കി അതിനെ അദ്ദേഹം മാറ്റി. താലിബാന്റെ അകത്തേക്ക് നുഴഞ്ഞു കയറിയ ചാരന്‍മാര്‍ വിലപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. താലിബാനെ അടിച്ചമര്‍ത്തുന്നതില്‍ ഈ വിവരങ്ങള്‍ ഗുണകരമായിരുന്നുവെങ്കിലും അതിര്‍ത്തിക്കപ്പുറത്തുനിന്നും ലഭിക്കുന്ന സഹായം താലിബാന്‍ വിരുദ്ധ മുന്നേറ്റത്തിന് പലപ്പോഴും തടസ്സമായി.
ദേശീയ സുരക്ഷാ ജനറല്‍ ഡയരക്ടര്‍ ആയി ഉയര്‍ന്ന അദ്ദേഹം 2010-ല്‍അന്നത്തെ പ്രസിഡന്റ് കര്‍സായിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ചു. നാഷനല്‍ പീസ് ജിര്‍ഗയിലേക്ക് താലിബാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നായിരുന്നു അത്.
കര്‍സായി താലിബാനുമായി ചര്‍ച്ചയ്ക്ക് സന്നദ്ധനാവുന്ന സമയമായിരുന്നു അത്. താലിബാനാണ് ഇതിനു മുന്നോട്ടു വന്നത്. ഇതൊരു കെണിയാണ് എന്നും ഒരിക്കലും ചര്‍ച്ചയ്ക്ക് നില്‍ക്കരുതെന്നും സാലിഹ് ഉപദേശിച്ചുവെങ്കിലും കര്‍സായി ചര്‍ച്ചയുമായി മുന്നോട്ടുപോയി. ഇതായിരുന്നു സാലിഹിന്റെ രാജിക്ക് പ്രധാന കാരണമായതായി പറയുന്നു.
അടുത്ത വര്‍ഷം ആവുമ്പോഴേക്കും സാലിഹ് കര്‍സായിക്കെതിരെ പ്രചാരണവുമായി മുന്നോട്ടുവന്നു. കര്‍സായിയുടെ നയങ്ങള്‍ താലിബാന് അനുകൂലമായി മാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കര്‍സായി അഴിമതിക്കാരനാണ് എന്നും സാലിഹ് വിമര്‍ശനമുയര്‍ത്തി.
പുതിയ വഴി
സാലിഹ് പുതിയ വഴിയിലേക്ക് തിരിയുകയായിരുന്നു-രാഷ്ട്രീയം. ബസീജെ മില്ലി എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയ സാലിഹ്, പിന്നീട് പ്രസിഡന്റായി മാറിയ അഷ്‌റഫ് ഗനിയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ചു. 2014-ല്‍ ഗനി പ്രസിഡന്റായപ്പോള്‍ സാലിഹ് ആഭ്യന്തര മന്ത്രിയായി. 2019-ല്‍ ഗനി വീണ്ടും പ്രസിഡന്റായപ്പോള്‍ സാലിഹ് വൈസ് പ്രസിഡന്റായി മാറി.
അതിനിടയിലാണ് താലിബാന്റെ രണ്ടാം വരവ്. താന്‍ എവിടെനിന്നു തുടങ്ങിയയോ അവിടെ തന്നെ സാലിഹ് ചെന്നു നില്‍ക്കുകയാണിപ്പോള്‍. പഞ്ച്ഷീറിലെ പഴയ സഖാക്കള്‍ക്കൊപ്പം താലിബാന്‍ വിരുദ്ധ മുന്നണിയെ നയിക്കുമ്പോള്‍ സാലിഹ് പക്ഷേ പഴയ ആളല്ല. താലിബാനെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ നന്നായറിയാവുന്ന, രാഷ്ട്രീയത്തിലും അഫ്ഗാന്‍ ഭരണത്തിലും പരിചയസമ്പന്നനായ, സിഐ എ അടക്കമുള്ള ഏജന്‍സികളുടെ സ്വന്തക്കാരനായ, പരിചയസമ്പന്നനായ ഒരാളാണിപ്പോള്‍ സാലിഹ്. താലിബാനുമായുള്ള ഈ പോരാട്ടത്തില്‍ അതിനാല്‍ തന്നെ ശ്രദ്ധേയമായ പങ്ക്‌വഹിക്കാനാവും സാലിഹിന്.