
ടാറ്റൂ ചെയ്യുക എന്നത് ഇന്ന് ഒരു പുതുമ ഉള്ള കാര്യം ഒന്നുമല്ല. പല പ്രായത്തിലുള്ള ആളുകളും ഇന്ന് ടാറ്റൂ ചെയ്യുന്നുണ്ട്. അതിന്റെ പേരിൽ വിമർശിക്കപ്പെടുന്നവരും പരിഹസിക്കപ്പെടുന്നവരും കുറവല്ല. അതുപോലെ ഒരു മുത്തശ്ശി ടിക്ടോക്കിൽ വൈറലായി. ശരീരം നിറയെ ടാറ്റൂ ചെയ്തിരിക്കയാണ് മുത്തശ്ശി. അത് കാണിക്കാനും മുത്തശ്ശിക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ മിക്കവാറും കഴുത്തിറക്കമുള്ള വസ്ത്രങ്ങളും ധരിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. അതിന്റെ പേരിൽ ഒരുപാട് പേർ മുത്തശ്ശിയെ പരിഹസിക്കുകയും ചെയ്യുന്നു.
ഓസ്ട്രേലിയയിൽ നിന്നുമുള്ളതാണ് ഈ മുത്തശ്ശി. തന്നെ നേരിട്ടും സോഷ്യൽ മീഡിയയിലും കാണുന്നവർ തന്റെ വസ്ത്രത്തെ ചൊല്ലിയും ദേഹം നിറയെ ടാറ്റൂ ചെയ്യുന്നതിനെ ചൊല്ലിയും തന്നെ പരിഹസിക്കുന്നത് പതിവാണ് എന്ന് ഇവർ പറയുന്നു. @sweetheartnan66 ഇതാണ് ഇവരുടെ ടിക്ടോക്ക് യൂസർ നെയിം. അതിലൂടെ അവർ തനിക്ക് നേരിടേണ്ടി വരുന്ന പരിഹാസങ്ങളെ കുറിച്ചും മറ്റും പറയാറുണ്ട്. ഒരു ദിവസം തന്നോട് ഒരു സ്ത്രീ വളരെ മോശമായി പെരുമാറി എന്ന് അവർ പറയുന്നു.
'നിങ്ങൾക്ക് നിങ്ങളെക്കുറിച്ചോർത്ത് അപമാനം തോന്നണം' എന്നായിരുന്നു സ്ത്രീ പറഞ്ഞത്. എന്നാൽ, മുത്തശ്ശി ചോദിക്കുന്നത് താൻ തന്റെ ദേഹം മൊത്തം ടാറ്റൂ ചെയ്തതിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം എന്നാണ്. നിങ്ങളിനിയും വളരാനുണ്ട് എന്നാണ് ഇത്തരക്കാരോട് ഇവർ പറയുന്നത്. തന്റെ ശരീരത്തെ കുറിച്ചും പ്രത്യേകിച്ചും സ്തനങ്ങളെ കുറിച്ചും ആളുകൾ കമന്റ് പറയാറുണ്ട്. അത് ശരിക്കും നിരാശാജനകമാണ് എന്നും മുത്തശ്ശി പറയുന്നു.
താൻ എങ്ങനെയാണോ ഇരിക്കുന്നത് അത് താനിഷ്ടപ്പെടുന്നു. തന്റെ വസ്ത്രരീതിയും ടാറ്റൂവും എല്ലാം താൻ ഇഷ്ടപ്പെടുന്നു. അതിൽ മറ്റുള്ളവർക്ക് എന്തിനാണ് അനാവശ്യമായ താല്പര്യം എന്നാണ് ഇവരുടെ ചോദ്യം. ഏതായാലും ഇവരെ വിമർശിച്ചും പിന്തുണച്ചും ഒത്തിരിപ്പേർ എത്താറുണ്ട്.