
ഗുഡ്ഗാവിൽ നിന്നുള്ള ഒരു കോളേജ് വിദ്യാർത്ഥി തന്‍റെ റെഡ്ഡിറ്റ് അക്കൗണ്ടിലെഴുതിയ കുറിപ്പോടെ ഗുഡ്ഗാവിലെ ഒരു ടാക്സി ഡ്രൈവർ സമൂഹ മാധ്യമങ്ങളില്‍ താരമായി. വിദ്യാര്‍ത്ഥി ഒരു യാത്രയ്ക്കിടെ ടാക്സിയില്‍ തന്‍റെ രണ്ട് ലക്ഷം വിലയുള്ള മാക്ബുക്ക് മറന്നുവച്ചു. എന്നാല്‍, പിന്നീട് ആ ടാക്സിക്കാരന്‍ തന്നെ കണ്ടെത്തി മാക്ബുക്ക് തിരികെ തന്നെന്ന കുറിപ്പാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെട്ടതും പിന്നാലെ വൈറലായതും.
@RAOUGRA എന്ന റെഡ്ഡിറ്റ് അക്കൗണ്ടിൽ നിന്നാണ് കുറിപ്പ് പങ്കുവയ്ക്കപ്പെട്ടത്. തന്‍റെ കൈവശം രണ്ട് ബാഗുകൾ ഉണ്ടായിരുന്നെന്നും അതില്‍ ഒന്ന് പേഴ്സണല്‍ ബാഗും മറ്റേത് യാത്രയ്ക്ക് വേണ്ടി സുഹൃത്തിൽ നിന്നും കടം വാങ്ങിയ ലാപ്പ്ടോപ്പ് ബാഗുമായിരുന്നു. അതില്‍ പഠനാവശ്യത്തിനായി ഒരാഴ്ച മുമ്പ് സുഹൃത്തിനോട് വാങ്ങിയ മാക്ബുക്കും ഉണ്ടായിരുന്നു. രാവിലെ കോളേജിലേക്ക് പോകുന്നതിനായി ഒരു ക്യാബ് വിളിച്ചു. യാത്രയ്ക്കിടെ ലാപ്പ്ടോപ്പ് ബാഗും മാക്ബുക്കും ക്യാബിൽ മറന്നുവച്ചു. കോളേജിൽ ഇറങ്ങ ക്ലാസിലേക്ക് നടക്കുന്നതിനിടെയാണ് സുഹൃത്ത് മാക്ബുക്കിനെ കുറിച്ച് ചോദിച്ചത്. അപ്പോഴാണ് താന്‍ അത് ക്യാബില്‍ വച്ച് മറന്ന കാര്യം ഒർത്തതെന്നും അദ്ദേഹം എഴുതി. പിന്നാലെ ക്യാബ് ഡ്രൈവറെ പലവട്ടം വിളിച്ചു. പക്ഷേ, അദ്ദേഹം ഫോണ്‍ എടുത്തില്ല. അത് നഷ്ടപ്പെട്ടതായി ഏതാണ്ട് തീരുമാനമായി.
ഏങ്കിലും സുഹൃത്തിനൊപ്പം കോളേജ് ഗേയ്റ്റിനടുത്ത് നടന്നപ്പോൾ അവിടെ മാക്ബുക്കുമായി സെക്യൂരിറ്റി ഉദ്യോഗസ്ഥനോട് സംസാരിക്കുന്ന ക്യാബ് ഡ്രൈവറെയാണ് കണ്ടത്. അദ്ദേഹം തന്നെ കണ്ട ഉടനെ മാക്ബുക്ക് തിരിച്ചേല്‍പ്പിച്ചു. മാക്ബുക്കുമായി സെക്യൂരിറ്റികാരന് അടുത്തേക്ക് പോയപ്പോൾ ഫോണ്‍ ക്യാബില്‍ മറന്ന് വച്ചതായി ഡ്രൈവർ പറഞ്ഞു. അദ്ദേഹത്തിന്‍റെ സത്യസന്ധതയ്ക്ക് പകരമായി താന്‍ കൈയിലുണ്ടായിരുന്ന 500 രൂപ നീട്ടി, പക്ഷേ അദ്ദേഹം അത് നിരസിച്ചു. ഏറെ നിര്‍ബന്ധിച്ചപ്പോൾ, താന്‍ അദ്ദേഹത്തിന് മകനെ പോലെയാണെന്ന് പറഞ്ഞ് അദ്ദേഹം തിരികെ പോയെന്നും യുവാവ് എഴുതി. ഇന്ന് ചിരിക്കുന്ന മുഖവുമായി തനിക്ക് ഇരിക്കാന്‍ കഴിയുന്നത് ആ മഹാനായ മനുഷ്യന്‍ കാരണമാണെന്നും മനുഷ്യത്വം മരിച്ചിട്ടില്ലെന്നും യുവാവ് എഴുതി. കുറിപ്പ് പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. നിരവധി പേര്‍ ക്യാബ് ഡ്രൈവറുടെ സത്യസന്ധതയെ പുകഴ്ത്തി.