
ഭൂമിയിലെ മനോഹരമായ ദൃശ്യങ്ങൾ കണ്ട് ആകാശത്ത് പറന്ന് നടക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. എന്നാൽ അത്തരമൊരു പറക്കൽ മരണത്തെ മുഖാമുഖം കാണുന്ന ഒന്നായി മാറിയാലോ? അത്തരമൊരു അനുഭവത്തിലൂടെ കടന്ന് പോയ അമേരിക്കന്‍ പാരാഗ്ലൈഡറുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. യുഎസിലെ പരിചയസമ്പന്നനായ പാരാഗ്ലൈഡറായ 27 കാരനായ മൈക്കളിന്‍റെ ആകാശപ്പറക്കലാണ് ദുരന്തമായി മാറിയത്.
ഓഫീഷ്യൽ സ്ലാപ്പി കാറ്റ് എന്ന യൂട്യൂബ് പേജിലാണ് മൈക്കിളിന്‍റെ പാരാഗ്ലൈഡിംഗ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ ഏതാണ്ട് 1,500 ഉയരത്തില്‍ പറക്കവെ മൈക്കിളിന്‍റെ പാരാഗ്ലൈഡറിൽ ഒരു ജന്മദിന ബലൂണ്‍ വന്ന് ഉടക്കിയത്. ഇതോടെ അദ്ദേഹത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. വീഡിയോയില്‍ ദൂരെ നിന്നും എന്തോ ഒന്ന് പറന്ന് വരുന്നത് കാണാം. ആ വസ്തു അടുത്തെത്തിയപ്പോൾ മൈക്കിൾ തന്‍റെ കാല് കൊണ്ട് അതിനെ ചവിട്ടിയകറ്റാന്‍ ശ്രമിച്ചു. എന്നാല്‍ അത് അദ്ദേഹത്തിന്‍റെ പാരാഗ്ലൈഡറിന്‍റെ കയറുകളില്‍ കുരുങ്ങി. പിന്നീടാണ് അത് ആറ് വയസുള്ള ഏതോ കുട്ടിയുടെ പിറന്നാളിന് പറത്തിവച്ച് ജന്മദിന ബലൂണാണെന്ന് വ്യക്തമാകുന്നത്.
അദ്ദേഹം ഏറെ നേരം ആ ജന്മദിന ബലൂണിനെ എടുത്തുമാറ്റാന്‍ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ ഏറെ സാഹസപ്പെട്ട് അദ്ദേഹം തന്‍റെ യാത്ര അവസാനിപ്പിച്ച് താഴെയിറങ്ങുന്നു. മൈക്കിൾ ഭൂമിയിലിറങ്ങിയതിന് ശേഷമാണ് ആ ജന്മദിന ബലൂണ്‍ തന്‍റെ പാരാഗ്ലൈഡറില്‍ നിന്നും എടുത്ത് മാറ്റിയത്. പിന്നീട് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ, തന്‍റെ ആറ് വര്‍ഷത്തെ പാരാഗ്ലൈഡിംഗ് അനുഭവത്തില്‍ ഇത്തരമൊരു അനുഭവം ആദ്യത്തെതാണെന്നും ഇത് മാരകമായിരുന്നെന്നും അഭിപ്രായപ്പെട്ടു.
സംഭവത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ നിരവധി കര്‍ഷകര്‍, തങ്ങളുടെ കന്നുകാലികൾക്കും കൃഷിക്കും ഇത്തരത്തില്‍ അശ്രദ്ധമായി പറത്തിവിടുന്ന ഹീലിയം ബലൂണുകൾ ദോഷം ചെയ്യുന്നതായി പരാതിപ്പെട്ടു. ഇത്തരം ഹീലിയം ബലൂണുകൾ പരിസ്ഥിതിക്കും ദോഷം ചെയ്യുന്നതെന്നും അലക്ഷ്യമായി ഇത്തരം ബലൂണുകൾ പറത്തിവിടരുതെന്നും സമൂഹ മാധ്യമ ഉപയോക്താക്കളും എഴുതി. അപകടത്തിന് പിന്നാലെ മൈക്കിളിന് ആശംസകൾ നേര്‍ന്ന് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്.