വാഷിം​ഗ്ടൺ പോസ്റ്റ് നാന്നൂറോളം ജീവനക്കാരെ പിരിച്ചുവിടാനെടുത്ത തീരുമാനം വാർത്താമേഖലയെ ഞെട്ടിച്ചു. ഇത് സാധാരണ ഒരു സ്ഥാപനപരിഷ്കാരം മാത്രമല്ല; അമേരിക്കൻ പത്രപ്രവർത്തനത്തിന്റെ ചരിത്രത്തിലും ഭാവിയിലും ഒരേസമയം പ്രതിധ്വനിക്കുന്ന ഒരു സംഭവമാണ്.

അമേരിക്കൻ മാധ്യമലോകത്ത് ഒരു കാലഘട്ടത്തിന്റെ ചിഹ്നമായി നിന്ന The Washington Post (ദി വാഷിം​ഗ്ടൺ പോസ്റ്റ്) ഇന്ന് ഒരു വേദനാജനകമായ വഴിത്തിരിവിലൂടെ കടന്നുപോകുകയാണ്. ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, പോസ്റ്റ് 30 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന നിർണായക തീരുമാനം പ്രഖ്യാപിച്ചു. നിലവിലെ സങ്കീർണമായ സാമ്പത്തിക, സാങ്കേതിക സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് മുന്നോട്ട് പോകണമെങ്കിൽ, ഒരു ദിശാമാറ്റം ആവശ്യമാണെന്നാണ് എക്സിക്യൂട്ടീവ് എഡിറ്റർ മാറ്റ് മറേ ജീവനക്കാർക്ക് നൽകിയ സന്ദേശം.

നാന്നൂറോളം ജീവനക്കാരെ പിരിച്ചുവിടാനെടുത്ത തീരുമാനം വാർത്താമേഖലയെ ഞെട്ടിച്ചു. ഇത് സാധാരണ ഒരു സ്ഥാപനപരിഷ്കാരം മാത്രമല്ല; അമേരിക്കൻ പത്രപ്രവർത്തനത്തിന്റെ ചരിത്രത്തിലും ഭാവിയിലും ഒരേസമയം പ്രതിധ്വനിക്കുന്ന ഒരു സംഭവമാണ്.

ഈ സംഭവത്തെ കൂടുതൽ ഗൗരവത്തോടെ കാണാൻ കാരണമുണ്ട്. 1877 -ൽ ആരംഭിച്ച പോസ്റ്റ്, ഒരു സാധാരണ പത്രമല്ല. വാട്ടർഗേറ്റ് അന്വേഷണത്തിലൂടെ അധികാരത്തെ ചോദ്യം ചെയ്ത അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ പ്രതീകമായി മാറിയ സ്ഥാപനം. 76 പുലിറ്റ്സർ പുരസ്കാരങ്ങൾ സ്വന്തമാക്കിയ പത്രം. ശക്തമായ എഡിറ്റിംഗ്, ഗ്രൗണ്ട് റിപ്പോർട്ടിംഗ്, വിദേശ ബ്യൂറോകൾ, ലോക്കൽ ന്യൂസിന്റെ ശക്തമായ നെറ്റ്‌വർക്ക്—ഇവയൊക്കെ ചേർന്നാണ് പോസ്റ്റിന്റെ വിശ്വാസ്യത രൂപപ്പെട്ടത്. ഇന്ന് ആ ഘടകങ്ങളിൽ വെട്ടിക്കുറയ്ക്കൽ നടക്കുമ്പോൾ, അത് ജോലി നഷ്ടപ്പെടലിനെക്കാൾ വലുതാണ്; വാർത്തയുടെ വീതി ചുരുങ്ങുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം, ഈ വെട്ടിക്കുറയ്ക്കൽ പോസ്റ്റിന്റെ വിവിധ പ്രധാന വിഭാഗങ്ങളെ ബാധിച്ചു. വർഷങ്ങളായി വായനക്കാരുടെ സ്നേഹമേറ്റിരുന്ന സ്പോർട്സ് വിഭാഗം നിലവിലെ രൂപത്തിൽ പിരിച്ചുവിടപ്പെട്ടു. പുസ്തക നിരൂപണങ്ങൾക്കും സാഹിത്യ ലോകത്തിനും വേദിയായിരുന്ന Book World (ബുക്ക് വേൾഡ്) കവറേജ് അവസാനിപ്പിക്കപ്പെട്ടു. ദിവസേന വിശകലനാത്മക വാർത്തകൾ നൽകിയിരുന്ന Post Reports (പോസ്റ്റ് റിപ്പോർട്സ്) പോഡ്കാസ്റ്റും അവസാനിച്ചു. അതിനൊപ്പം വാഷിംഗ്ടൺ ഡി.സി. മേഖലയെ ആഴത്തിൽ പിന്തുടർന്നിരുന്ന മെട്രോ ലോക്കൽ കവറേജിലും, വിദേശ ബ്യൂറോകൾ വഴിയുള്ള ഇന്റർനാഷണൽ റിപ്പോർട്ടിംഗിലും വെട്ടിക്കുറയ്ക്കലുകൾ നടന്നു. ഇനി 12 ഇന്റർനാഷണൽ ബ്യൂറോകൾ മാത്രം - യുക്രൈൻ ബ്യൂറോ ചീഫിനെയും, മിഡിൽ ഈസ്റ്റ് ബ്യൂറോയെയും ഒഴിവാക്കി.

കഴിഞ്ഞ വർഷം 100 ബില്യൺ ഡോളറിന്റെ നഷ്ടക്കണക്കാണ്‌ പോസ്റ്റിന് പറയാനുള്ളത്. 2013 -ൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ഏറ്റെടുത്ത പത്രം, ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കമല ഹാരിസിനെ പിന്തുണച്ച് കൊണ്ടെഴുതിയ മുഖപ്രസംഗം ബെസോസിന്റെ ഇടപെടലിൽ പിൻവലിച്ചു. ഇത് ആയിരക്കണക്കിന് ഡിജിറ്റൽ വരിക്കാരെ നഷ്ടപ്പെടുത്തിയ ആഘാതത്തിൽ നിന്ന് കരകയറാനായില്ല.

പോസ്റ്റ് നേതൃത്വം ഇതിനെ സ്ട്രാറ്റജിക് റീസെറ്റ് (strategic reset) എന്നാണ് വിശേഷിപ്പിക്കുന്നത്. വരുമാനത്തിലെ ഇടിവ്, ഡിജിറ്റൽ വായനശീലങ്ങളിലെ മാറ്റം, സബ്സ്ക്രിപ്ഷൻ വളർച്ചയുടെ മന്ദഗതി, കൂടാതെ വാർത്താ നിർമ്മാണത്തിലെ പഴയ ചെലവേറിയ ഘടനകൾ ഇവയെല്ലാം ചേർന്നാണ് ഈ തീരുമാനം. 'എല്ലാ മേഖലകളിലും ഉണ്ടാകാനാകില്ല; ശക്തമായിടത്ത് മാത്രം നിലനിൽക്കാം' എന്ന ആശയത്തിലേക്കാണ് പോസ്റ്റ് ഇപ്പോൾ നീങ്ങുന്നത്. ഫെഡറൽ രാഷ്ട്രീയം, ദേശീയ സുരക്ഷ, സർക്കാർ പ്രവർത്തനം പോലുള്ള മേഖലകളിൽ കൂടുതൽ ഊന്നൽ കൊടുക്കാനാണ് അവർ ഉദ്ദേശിക്കുന്നത്.

എന്നാൽ, വിമർശകർ ചോദിക്കുന്ന ചോദ്യം വേറെയാണ്. ഒരു പത്രത്തിന്റെ ആത്മാവ് അതിന്റെ 'കോർ കവറേജ്' മാത്രമാണോ? സമൂഹത്തിന്റെ സംസ്കാരവും, കായികരംഗവും, പുസ്തക ലോകവും, പ്രാദേശിക ജീവിതവും ചേർന്നാണ് ഒരു പത്രം ഒരു സമൂഹത്തിന്റെ ദിനചര്യയെ പ്രതിഫലിപ്പിക്കുന്നത്. ആ ഭാഗങ്ങൾ ഒതുക്കിയാൽ, ഒരു ബ്രാൻഡിന്റെ വീതി ചുരുങ്ങുന്നില്ലേയെന്ന് അവർ ചോദിക്കുന്നു.

ഇത് പോസ്റ്റിന്റെ മാത്രം കഥയല്ല. ലോകമാധ്യമങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധിയുടെ പ്രതിഫലനമാണ്. പരസ്യവരുമാനം കുറഞ്ഞു, സബ്സ്ക്രിപ്ഷൻ മോഡൽ സമ്മർദ്ദത്തിലായി, ടെക് പ്ലാറ്റ്‌ഫോമുകളുടെ അൽഗരിതങ്ങൾ ട്രാഫിക് മാതൃക മാറ്റി, AI കാലത്ത് വാർത്തയുടെ വിതരണവും ഉപഭോഗവും മാറി. ചെലവ് കുറച്ച് 'മെയിൻ കവറേജ്' നിലനിർത്താനുള്ള പ്രവണത പല സ്ഥാപനങ്ങളിലും ഉയരുകയാണ്.

പരമ്പരാഗത പത്ര വ്യവസായം നേരിടുന്ന നേരിടുന്ന പ്രതിസന്ധിയുടെ ഒരു ചൂണ്ടുപലകയാണ് വാഷിംഗ്ടൺ പോസ്റ്റിന്റെ സ്ഥിതി. ഇനി ചോദ്യം ഇതാണ്: ചുരുക്കി രക്ഷപ്പെടാമോ? പോസ്റ്റ് മാനേജ്‌മെന്റ് വിശ്വസിക്കുന്നത്, ഇത് പുതിയ അടിത്തറ പണിയാനുള്ള വേദിയാണെന്നാണ്. വിമർശകർ പറയുന്നത്, ഇത് ഒരു ലെജൻഡറി പത്രത്തെ പത്രമാക്കുന്ന ഘടകങ്ങളെ തന്നെ മുറിച്ചുമാറ്റലാണെന്ന്.

വരും മാസങ്ങൾ നിർണായകമാണ്. വായനക്കാരുടെ വിശ്വാസവും പിന്തുണയും പോസ്റ്റിന് തിരിച്ചുകിട്ടുമോ, അതോ ചരിത്രപാരമ്പര്യം മാത്രം ശേഷിക്കുന്ന ഒരു 'ലീൻ' ബ്രാൻഡായി മാറുമോ എന്ന്. എന്നാൽ ഒരു കാര്യം ഉറപ്പ്: ഈ ലേയോഫ് വാർത്ത അമേരിക്കൻ മാധ്യമചരിത്രത്തിൽ ഒരു വഴിത്തിരിവായി രേഖപ്പെടുത്തപ്പെടും.