
കാഴ്ചയ്ക്ക് അതൊരു പേനയാണ്. എന്നാല്‍, ആ പേന ഉപയോഗിച്ച് അയാള്‍ ചെയ്തിരുന്നത്, താന്‍ പഠിപ്പിക്കുന്ന പെണ്‍കുട്ടികളുടെ അര്‍ദ്ധ നഗ്‌ന, നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തലാണ്. കുട്ടികളുടെ മാത്രമല്ല, സഹപ്രവര്‍ത്തകരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഇയാള്‍ പകര്‍ത്തി. അതൊരു സാധാരണ പേനയായിരുന്നില്ല. രഹസ്യ ക്യാമറ ഘടിപ്പിച്ച പേനയായിരുന്നു. സ്‌കൂളില്‍ മാത്രമല്ല വീട്ടിനകത്തും ഇയാള്‍ രഹസ്യ ക്യാമറ ഉപയോഗിച്ചിരുന്നു. അതുപക്ഷേ, ക്ലോക്കിലായിരുന്നു ഘടിപ്പിച്ചതെന്ന് മാത്രം. വീട്ടുവേലക്കാരി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്താനാണ് ആ ക്യാമറ അയാള്‍ ഉപയോഗിച്ചത്.
അയാളൊരു അധ്യാപകനായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ബ്രിട്ടനിലെ രണ്ടു സ്‌കൂളുകളിലായി ജോലി ചെയ്തിരുന്ന ഇയാള്‍ ആറു മാസക്കാലത്ത് പകര്‍ത്തിയത് നൂറു കണക്കിന് സ്വകാര്യ ദൃശ്യങ്ങളാണ്. അശ്ലീല വെബ്‌സൈറ്റിലെ കുട്ടികളുടെ ദൃശ്യങ്ങളുടെ ഉറവിടം തേടിയെത്തിയ പൊലീസാണ് ഇയാളെ പിടികൂടിയത്. സ്വന്തം വിദ്യാര്‍ത്ഥിനികളുടെ നഗ്‌ന, അര്‍ദ്ധനഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന് കഴിഞ്ഞ ദിവസം കോടതി ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചു. ലൈംഗിക മനോരോഗ ചികില്‍സയ്ക്ക് ഇയാളെ വിധേയനാക്കാനും കോടതി വിധിച്ചു.
ഇയാളുടെ പേര് ജെഫ്രി വില്‍സണ്‍. വയസ്സ് 31. കേംബ്രിഡ്ജിലെ ഹില്‍സ് റോഡ് സിക്സ്ത് ഫോം കോളജ്, വിസ്ബെക്കിലെ തോമസ് ക്ലാര്‍ക്സണ്‍ അക്കാദമി എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു ഇയാള്‍. ഈ രണ്ട് സ്ഥലങ്ങളിലെയും വിദ്യാര്‍ത്ഥികളുടെ നഗ്‌ന ദൃശ്യങ്ങള്‍ ഇയാളുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ആറു മാസക്കാലത്തിനകം പകര്‍ത്തിയ 50 ഓളം ചിത്രങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. പെന്‍ ക്യാമറ ഉപയോഗിച്ച് കുട്ടികളുടെ സ്‌കര്‍ട്ടിനകത്തുള്ള ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തുകയായിരുന്നു ജെഫ്രി വില്‍സണ്‍. ഇതു മാത്രമല്ല, 53,000ത്തോളം കുട്ടികളുടെ പോണ്‍ വീഡിയോകളും ഫോട്ടോകളും ഇയാളുടെ കമ്പ്യൂട്ടറുകളില്‍നിന്നും പൊലീസ് കണ്ടെത്തി.
ഒരു അശ്ലീല സൈറ്റില്‍ അപ്‌ലോഡ് ചെയ്ത കുട്ടികളുടെ ദൃശ്യങ്ങളെക്കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് ഇയാളിലെത്തിയത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജെഫ്രി വില്‍സന്റെ വീട് പൊലീസ് റെയ്ഡ് ചെയ്യുകയായിരുന്നു. ഇവിടെനിന്നും മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, യുഎസ്ബി സ്റ്റിക്കുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവയില്‍നിന്നാണ് ഇയാള്‍ രഹസ്യമായി പകര്‍ത്തിയ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. വീട്ടിലെ ഒരു ക്ലോക്കില്‍ ഒളിപ്പിച്ചു വെച്ച രഹസ്യക്യാമറ വഴി വീട്ടുവേലക്കാരി വസ്ത്രം മാറുന്ന ദൃശ്യങ്ങളും ജെഫ്രി വില്‍സണ്‍ പകര്‍ത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പീറ്റര്‍ബറോ ക്രൗണ്‍ കോടതിയാണ് ഇയാള്‍ക്ക് 12 മാസം തടവുശിക്ഷ വിധിച്ചത്. ഓഗസ്റ്റ് 30ന് കോടതിയില്‍ ഹാജരായ ജെഫ്രി വില്‍സണ്‍ അശ്ലീലചിത്രങ്ങള്‍ പകര്‍ത്തിയതായി കുറ്റസമ്മതം നടത്തി.