
കേള്‍ക്കുമ്പോള്‍ നമുക്ക് വളരെ രസകരമായ തോന്നും. ആറുകോടി മോഷ്ടിച്ച് കടന്നു കളഞ്ഞ കള്ളന്മാരെ പേറ്റിഎം ചതിച്ചു. രക്ഷപ്പെടുന്നതിനിടയില്‍ മടുത്തപ്പോള്‍ ഒരു ചായ കുടിക്കാന്‍ കയറി. ചായ കുടി കഴിഞ്ഞ് ചായ കടക്കാരന് 100 രൂപ പേ ടി എം വഴി അയച്ചതേ തസ്‌കരവീരന്മാര്‍ക്ക് ഓര്‍മ്മയുള്ളൂ. അപ്പോഴേക്കും എത്തി, കൂട്ടിക്കൊണ്ടു പോകാന്‍ പോലീസ് വണ്ടി
കഴിഞ്ഞദിവസമാണ് സംഭവം. ഡല്‍ഹിയിലെ പഹഠ്ഗഞ്ച് മേഖലയില്‍ രണ്ടുപേരെ കൊള്ളയടിച്ച് കടന്നുകളഞ്ഞവരെ പേടിഎം ഇടപാടിന്റെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു. രാജസ്ഥാനില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.
മൂന്നു പേരായിരുന്നു കള്ളന്മാരുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. പണവും സ്വര്‍ണവുമായി വരികയായിരുന്ന രണ്ടുപേരെയാണ് ആക്രമിച്ചത്. കയ്യില്‍ കരുതിയിരുന്ന മുളകുപൊടി കള്ളന്മാര്‍ അവരുടെ മുഖത്തേക്ക് എറിഞ്ഞു. ശേഷം പണവും സ്വര്‍ണവും ഇരുന്ന ബാഗുകള്‍ തട്ടിപ്പറിച്ച് കടന്നു കളഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ആ ദൃശ്യങ്ങളില്‍ ഇങ്ങനെയാണ് കാണുന്നത്. രണ്ട് പുരുഷന്മാര്‍, ഒരാള്‍ പോലീസ് യൂണിഫോമില്‍ ഒരു തെരുവിലൂടെ നടക്കുന്നത് കാണാം. ഒരു ഘട്ടത്തിന് ശേഷം, അവര്‍ രണ്ട് പേരെ തടയുന്നു. അതിനിടയില്‍ രണ്ടുപേര്‍ കൂടി അവരോടൊപ്പം ചേരുന്നു. തുടര്‍ന്ന് കണ്ണില്‍ മുളകുപൊടി എറിഞ്ഞ് പാഴ്‌സലുമായി ഓടി രക്ഷപ്പെടുുന്നു.
ബുധനാഴ്ചയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്.
ചണ്ഡീഗഡിലെ ഒരു പാഴ്‌സല്‍ കമ്പനിയില്‍ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന സോംവീര്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്.
ബുധനാഴ്ച പുലര്‍ച്ചെ 4.15 -ഓടെ അദ്ദേഹം തന്റെ സഹപ്രവര്‍ത്തകന്‍ ജഗ്ദീപ് സൈനിക്കൊപ്പം പഹഠ്ഗഞ്ചിലെ ഓഫീസില്‍ നിന്ന് പാഴ്‌സലുകള്‍ എടുത്ത് ഡിബിജി റോഡിലേക്ക് പോകുകയായിരുന്നു.
മില്ലേനിയം ഹോട്ടലിന് സമീപം എത്തിയപ്പോള്‍ രണ്ട് പേര്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. ഒരാള്‍ പോലീസ് യൂണിഫോമില്‍ ആയിരുന്നു. അയാള്‍ പരിശോധനയ്ക്കായി ബാഗുകള്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞു. ശേഷം അവര്‍ കയ്യില്‍ നിന്ന് ബാഗ് തട്ടിപ്പറിച്ച് ഓടി രക്ഷപ്പെട്ടു. ബാഗില്‍ സ്വര്‍ണ്ണം വെള്ളി ആഭരണങ്ങള്‍ അടങ്ങിയ പാര്‍സലുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്.
സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ, 700-ലധികം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു, കൂടാതെ സ്ഥലത്തിന് സമീപമുള്ള പ്രാദേശിക രഹസ്യാന്വേഷണ വിവരങ്ങളും ശേഖരിച്ചു.
അങ്ങനെയിരിക്കുമ്പോഴാണ് ഒരു സിസിടിവി ദൃശ്യത്തില്‍ കള്ളന്മാര്‍ ചായക്കടയില്‍ നിന്ന് ചായ കുടിക്കുന്നതും ചായ കുടിച്ചു കഴിഞ്ഞപ്പോള്‍ പണം പേടിഎം വഴി ട്രാന്‍സ്ഫര്‍ ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടത്. തുമ്പൊന്നും കിട്ടാതെ വിഷമിച്ചിരുന്ന പോലീസിന് അത് ഒരു പിടിവള്ളിയായി.
അവര്‍ പേടിഎം ഇടപാടുകളുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കി അന്വേഷണം ആരംഭിച്ചു. അങ്ങനെ കള്ളന്മാരെ കയ്യോടെ പൊക്കി.
6,270 ഗ്രാം സ്വര്‍ണം, മൂന്ന് കിലോ വെള്ളി, ഐഐഎഫ്എല്‍ നിക്ഷേപിച്ച 500 ഗ്രാം സ്വര്‍ണം, 106 അസംസ്‌കൃത വജ്രങ്ങള്‍, മറ്റ് വജ്രാഭരണങ്ങള്‍ എന്നിങ്ങനെ 5.5 മുതല്‍ 6 കോടി രൂപ വരെ വിലമതിക്കുന്ന വസ്തുക്കളാണ് ഇവര്‍ മോഷ്ടിച്ചു കൊണ്ടുപോയത്.