
ചെയ്തു കൊണ്ടിരുന്ന ജോലി പെട്ടെന്ന് ഒരുനാൾ ഉപേക്ഷിച്ച് തങ്ങൾക്കിഷ്ടപ്പെട്ട മറ്റൊരു ജോലിയിലേക്ക് തിരിയുന്നവർ ഇന്ന് അനേകമുണ്ട്. മനസിനിഷ്ടപ്പെട്ട ജോലി ചെയ്യുന്നത് നമ്മെ കൂടുതൽ ഊർജ്ജസ്വലരാക്കുകയും ചെറുപ്പമായിരിക്കാൻ സഹായിക്കുകയും ചെയ്യും. അതുപോലെ ഒരു അധ്യാപിക തന്റെ ജോലി ഉപേക്ഷിച്ച് ഡിസ്‍നി പ്രിൻസസ് ആയി മാറി.
ഒരു ഫുൾ ടൈം അധ്യാപികയായിരുന്ന ഒലിവിയ കട്ട്ഫോർത്ത്, ഡിസ്നി പ്രിൻസസ് ആയി മാറുന്നതിന് വേണ്ടി 2021 -ലാണ് തന്റെ ജോലി രാജി വയ്ക്കുന്നത്. ഡിസ്നി പ്രിൻസസ് ആവുക എന്നത് അവളുടെ എക്കാലത്തെയും സ്വപ്നമായിരുന്നു. അങ്ങനെ, ഇപ്പോൾ രണ്ട് വർഷത്തിന് ശേഷം അവൾ തന്റെ സ്വപ്നത്തിലുള്ള ആ ജീവിതം ജീവിക്കുകയാണ്. ഇംഗ്ലണ്ടിലെ പീറ്റർബറോയിൽ നിന്നുള്ള 27 -കാരിയായ ഒലിവിയ ആറ് വർഷം ജോലി ചെയ്തത് വിദ്യാഭ്യാസ മേഖലയിലാണ്. സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുക എന്നൊരു സ്വപ്നവും അവൾക്കുണ്ടായിരുന്നു.
അങ്ങനെയാണ് ഒരു ഡിസ്നി പ്രിൻസസ് ആയി അവൾ മാറുന്നത്. കുട്ടികളുടെ പിറന്നാൾ ആഘോഷങ്ങൾക്കും കോർപറേറ്റ് ഇവന്റുകൾക്കുമെല്ലാം ഡിസ്നി പ്രിൻസസ് ആയി അണിഞ്ഞൊരുങ്ങി ആളുകളെ എന്റർടെയ്‍ൻ ചെയ്യിക്കുക എന്ന തന്റെ ജോലി അവൾ ഏറെ ആസ്വദിക്കുന്നുണ്ട്. കൊവിഡ് കാലത്താണ് ഒലിവിയ കുട്ടികൾക്ക് വേണ്ടിയുള്ള തന്റെ പുതിയ ബിസിനസ് സംരംഭം ആരംഭിക്കുന്നത്. ബിയോണ്ട് എ പ്രിൻസസ് എന്നായിരുന്നു അതിന്റെ പേര്. ഇപ്പോൾ കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ പരിപാടികളിൽ അവരുടെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളായി വേഷമിടുന്ന അനേകം പേരെയും ഒലിവിയയുടെ കമ്പനി നിയമിച്ച് കഴിഞ്ഞു.
തന്റെ സംഘത്തിൽ 8-10 പെൺകുട്ടികൾ ജോലി ചെയ്യുന്നുണ്ട്. എല്ലാവരും നന്നായി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നവരാണ്. അതിനാൽ തന്നെ കുട്ടികൾ ഹാപ്പിയാണ് ഒപ്പം താനും എന്നും ഒലിവിയ പറയുന്നു.