
അവസാനമായി ഒരിക്കൽ കൂടി കൂട്ടുകാർക്കൊപ്പം ക്ലാസിലിരുന്ന് പഠിക്കണമെന്ന 18 വയസ്സുകാരിയുടെ ആഗ്രഹം ആശുപത്രിയിൽ പ്രത്യേക ക്ലാസ് ഒരുക്കി സാധിച്ച് നൽകി അധ്യാപകരും സുഹൃത്തുക്കളും. രക്താർബുദം ബാധിച്ച് ചികിത്സയിലായിരുന്ന യാവോ യിങ്‌ബെയ് എന്ന ബെയ്‌ബെയാണ് മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് ഇത്തരത്തിലൊരു ആഗ്രഹം പങ്കുവെച്ചത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലുള്ള സോങ്ജിയാങ് സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ബെയ്‌ബെ. ആരോഗ്യപ്രശ്നങ്ങൾ കാരണം പഠനം പലതവണ മുടങ്ങിയതിനാലാണ് 18-ാം വയസ്സിലും ഒൻപതാം ക്ലാസിൽ അവൾക്ക് തുടരേണ്ടിവന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
അഞ്ച് വർഷം മുമ്പാണ് ബെയ്‌ബെയ്ക്ക് രക്താർബുദം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയ്ക്കായി പഠനത്തിൽനിന്ന് ഇടവേളയെടുക്കേണ്ടി വന്നു. സ്റ്റെം സെൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനിലയിൽ പുരോഗതിയുണ്ടായപ്പോൾ അവൾ സ്കൂളിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ, മൂന്ന് മാസം മുമ്പ് രോഗം വീണ്ടും രൂക്ഷമായി. വിവിധ സ്ഥലങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗമുക്തിക്കുള്ള സാധ്യത കുറഞ്ഞതോടെ ബെയ്‌ബെയെ ജന്മനാട്ടിലെ ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവന്നു. ചികിത്സയിലായിരുന്ന സമയത്തും അധ്യാപകരും സഹപാഠികളും അവൾക്ക് കൂട്ടിരിക്കാനും ആശ്വാസം പകരാനുമായി ദിവസവും മാറിമാറി ആശുപത്രിയിലെത്തിയിരുന്നു.
മരണത്തിന് തൊട്ടുമുമ്പുള്ള അവസാന ആഴ്ചയിലാണ് സഹപാഠികൾക്കൊപ്പം ഒരു ക്ലാസിൽ കൂടി പങ്കെടുക്കണമെന്ന ആഗ്രഹം ബെയ്‌ബെ അധ്യാപികയോട് പങ്കുവെച്ചത്. തുടർന്ന് സ്കൂൾ മേധാവിയും അധ്യാപകരും ചേർന്ന് ചില സഹപാഠികളെ ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചു. ആശുപത്രിയിലെ ഒരു ഭാഗം താൽക്കാലിക ക്ലാസ് മുറിയാക്കി മാറ്റി. ടെഡി ബിയറുകളും ബലൂണുകളും കൊണ്ട് മുറി അലങ്കരിച്ചു. ഇംഗ്ലീഷ് അധ്യാപികയുടെ നേതൃത്വത്തിൽ നടന്ന ക്ലാസിൽ പുരാവസ്തു ഗവേഷണത്തെക്കുറിച്ചും സാൻഷിങ്‌ദുയി മ്യൂസിയത്തെക്കുറിച്ചുമുള്ള ലേഖനമാണ് പഠിപ്പിച്ചത്.
സാധാരണ ക്ലാസിലെന്നപോലെ പെരുമാറാൻ അധ്യാപകർ വിദ്യാർഥികളോട് നിർദേശിച്ചിരുന്നു. പതിവായുള്ള മൂക്കിൽനിന്നുള്ള രക്തസ്രാവവും കഠിനമായ അസ്ഥിവേദനയും ഉയർന്ന പനിയും അലട്ടിയിരുന്നെങ്കിലും ബെയ്‌ബെ ക്ലാസിൽ സന്തോഷവതിയായിരുന്നെന്ന് റിപ്പോർട്ടുകൾ. പാഠഭാഗങ്ങൾ അവൾ ആവർത്തിച്ചു പഠിച്ചു. പ്രത്യേക ക്ലാസ് നടന്ന് രണ്ട് ദിവസത്തിനുശേഷം, നവംബർ 7 -ന് ബെയ്‌ബെ മരണത്തിന് കീഴടങ്ങി.