സമ്പത്തും സിബിഐ ഇൻസ്പെക്ടർ എന്ന ഉന്നത ജോലിയും ഉപേക്ഷിച്ച് നർമ്മദാ തീരത്തെ ഗുഹകളിൽ സന്യാസജീവിതം നയിക്കുന്ന മുൻ ഉദ്യോഗസ്ഥന്റെ കഥയാണിത്. ഔദ്യോഗിക ജീവിതത്തിലെ ശ്വാസംമുട്ടലും ആന്തരിക ശൂന്യതയുമാണ് അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

പ്രൊഫഷണൽ വിജയവും സാമ്പത്തിക ഭദ്രതയും സ്വന്തം വീടും കാറുമൊക്കെയാണ് ജീവിതവിജയത്തിന്‍റെ അടയാളങ്ങളായി പൊതുവെ കണക്കാക്കപ്പെടുന്നത്. എന്നാൽ, രാജ്യത്തെ പ്രമുഖ അന്വേഷണ ഏജൻസിയായ സിബിഐയിൽ ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഒരാൾ, ഈ സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് വനത്തിലെ ഗുഹകളിൽ സന്യാസജീവിതം നയിക്കാൻ തീരുമാനിച്ച കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സോഷ്യൽ മീ‍ഡിയയിൽ പങ്കുവെച്ച വീഡിയോ വളരെ വേ​ഗത്തിലാണ് നെറ്റിസൺസിന്‍റെ ശ്രദ്ധ നേടിയത്.

ഔദ്യോഗിക ജീവിതത്തിലെ ശ്വാസംമുട്ടൽ

തന്‍റെ പേര് വെളിപ്പെടുത്താതെയാണ് മുൻ സിബിഐ ഉദ്യോഗസ്ഥൻ വീഡിയോയിലൂടെ അനുഭവങ്ങൾ പങ്കുവെക്കുന്നത്. ആധുനിക ജീവിതത്തിന്‍റെ തിരക്കുകളിൽ നിന്നും സൗകര്യങ്ങളിൽ നിന്നും മാറി ഗുഹകളിൽ താമസിക്കാൻ തുടങ്ങിയപ്പോഴാണ് ജീവിതത്തിന്‍റെ യഥാർഥ സത്യം തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറയുന്നു.

സിബിഐ ഇൻസ്‌പെക്ടറായി ജോലി ലഭിച്ചപ്പോൾ ജീവിതത്തിൽ എല്ലാം നേടിയെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, അധികം വൈകാതെ ആ സന്തോഷം മങ്ങിത്തുടങ്ങി. ഔദ്യോഗിക സംവിധാനത്തിനുള്ളിൽ ഓരോ നിമിഷവും ശ്വാസംമുട്ടുന്നത് പോലെയാണ് അനുഭവപ്പെട്ടത്. നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായി പലരോടും കഠിനമായി പെരുമാറേണ്ടി വന്നിട്ടുണ്ട്. വീടും കാറും പണവുമെല്ലാം ഉണ്ടായിരുന്നിട്ടും ഉള്ളിൽ അനുഭവപ്പെട്ടിരുന്ന ശൂന്യതയ്ക്ക് ഉത്തരം കണ്ടെത്താനും യഥാർഥ സ്വാതന്ത്ര്യം തേടാനുമാണ് ഒടുവിൽ ജോലി ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Scroll to load tweet…

നർമ്മദാ തീരത്തെ വഴിത്തിരിവ്

ജോലി രാജിവെച്ച ശേഷം നിരവധി സംസ്ഥാനങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ അദ്ദേഹത്തിന്‍റെ യാത്ര ഒടുവിൽ മധ്യപ്രദേശിലെ ഓംകാരേശ്വറിന് സമീപം നർമ്മദാ നദിയുടെ തീരത്തെത്തി. നർമ്മദാ പരിക്രമയുടെ ഭാഗമായി നടത്തിയ യാത്രയാണ് ജീവിതത്തിൽ നിർണായക വഴിത്തിരിവായത്. നർമ്മദാ തീരത്തെത്തിയപ്പോൾ തന്‍റെ എല്ലാ പ്രശ്നങ്ങളും ഒഴിഞ്ഞുപോയത് പോലെ തോന്നി. കാലിൽ ചെരുപ്പോ ഉറങ്ങാൻ പായയോ ഇല്ലാതെ, ആരെങ്കിലും നൽകുന്ന ഭക്ഷണം മാത്രം കഴിച്ചുമായിരുന്നു മുന്നോട്ടുള്ള യാത്ര.

പിന്നീട് ഒരു മലമുകളിൽ ക്ഷേത്രവും സന്യാസിമാരുടെ കൂട്ടായ്മയും കണ്ടെത്തുകയും അവിടെ വർഷങ്ങളോളം താമസിക്കുകയും ചെയ്തു. തുടർന്ന് ഗ്രാമത്തിലെ കുട്ടികളെ പ്രകൃതിയുമായി ഇണങ്ങിച്ചേരാനും പ്രകൃതിയെ അടുത്തറിയാനും പഠിപ്പിക്കാൻ തുടങ്ങി. നിലവിൽ വനങ്ങളിലെ ഗുഹകളിലാണ് അദ്ദേഹം കഴിയുന്നത്. സ്വയം ഭക്ഷണം പാകം ചെയ്തും ധ്യാനത്തിൽ മുഴുകിയും ഓരോ ദിവസവും ചെലവഴിക്കും.

അഴിമതി തുടങ്ങുന്നത് വീടുകളിൽ നിന്ന്

സമൂഹത്തിലെ അഴിമതിയെക്കുറിച്ചും മുൻ സിബിഐ ഉദ്യോഗസ്ഥൻ വീഡിയോയിൽ തന്‍റെ കാഴ്ചപ്പാട് പങ്കുവെക്കുന്നുണ്ട്. അഴിമതിയുടെ തുടക്കം സ്വന്തം വീടുകളിൽ നിന്നാണെന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. അയൽവാസികളുടെ സമ്പത്തും ജീവിതസാഹചര്യങ്ങളും ചൂണ്ടിക്കാട്ടി കുട്ടികളെ താരതമ്യം ചെയ്യുന്നതിലൂടെ മാതാപിതാക്കൾ അവരെ തെറ്റായ വഴിയിലേക്കാണ് നയിക്കുന്നത്. ഇത്തരത്തിൽ വളരുന്ന കുട്ടികൾ പിന്നീട് കലക്ടറോ ഡോക്ടറോ എൻജിനീയറോ ആയാലും സമൂഹത്തെ ചൂഷണം ചെയ്യുന്നവരായി മാറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

കുട്ടികളെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരോ സന്യാസിമാരോ ആക്കുന്നതിന് മുൻപ് നല്ല മനുഷ്യരായി വളർത്താനാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. വസ്ത്രധാരണത്തിൽ മാറ്റം വരുത്തുന്നതുകൊണ്ട് മാത്രം ആരും സന്യാസിയാകുന്നില്ല. ചെയ്യുന്ന ജോലിയോട് പൂർണമായ ആത്മാർഥതയും സത്യസന്ധതയും പുലർത്തുന്നതാണ് യഥാർഥ വിശുദ്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.