
ജോലി സംബന്ധമായ അനേകം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്ന സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമാണ് റെഡ്ഡിറ്റ്. ജോലി സ്ഥലത്തെ ചൂഷണങ്ങളും, ജോലി കിട്ടാനില്ലാത്തതും തുടങ്ങി പല പ്രശ്നങ്ങളും ആളുകള്‍ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
ടെക്കിയായ യുവാവാണ് പോസ്റ്റിട്ടിരിക്കുന്നത്. രണ്ട് വർഷത്തെ എക്സ്പീരിയന്‍സും ഓസ്‌ട്രേലിയയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടും ജോലി കിട്ടാനില്ലാത്തതിന്‍റെ പ്രയാസത്തെ കുറിച്ചാണ് യുവാവ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
250 -ല്‍ അധികം അപേക്ഷകള്‍ താന്‍ അയച്ചിരുന്നു. അപേക്ഷകളയച്ച് തനിക്ക് മടുത്തു. തനിക്ക് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ഇന്ത്യന്‍ കമ്പനിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ട്. പിന്നീടാണ്, ബിരുദാനന്തരബിരുദത്തിന് ഓസ്ട്രേലിയയില്‍ പോകുന്നത്.
ലിങ്ക്ഡ്ഇൻ, നൗക്രി, സീക്ക്, ഇൻഡീഡ്, റഫറലുകൾ, ഇൻ്റേൺഷിപ്പുകൾ, സ്റ്റൈപ്പൻ്റില്ലാത്ത ഇൻ്റേൺഷിപ്പ്, ചെറിയ ശമ്പളം മതി, തുടങ്ങി എല്ലാ വഴികളും താന്‍ പരീക്ഷിച്ചു. അങ്ങനെ അപേക്ഷിച്ച് മടുത്തു, ക്ഷീണിച്ചു. ഇപ്പോള്‍ എനിക്കൊരു ജോലി വേണം എന്നല്ല, ഒരു ഇന്‍റര്‍വ്യൂവിന് എങ്കിലും പങ്കെടുക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാണ് ആഗ്രഹിക്കുന്നത്. ചുറ്റുമുള്ളവര്‍ വിജയിക്കുമ്പോള്‍ എനിക്ക് സന്തോഷമുണ്ട്. കാരണം എല്ലാവരും അത് അര്‍ഹിക്കുന്നുണ്ട്. ചിലപ്പോള്‍ എനിക്ക് അര്‍ഹത ഇല്ലായിരിക്കാം എന്നും പോസ്റ്റില്‍ പറയുന്നു.
ഒരുപാടുപേരാണ് യുവാവിന്‍റെ പോസ്റ്റിന് കമന്‍റുകളുമായി എത്തിയത്. എന്തൊക്കെയാണ് യുവാവിന്‍റെ കഴിവുകള്‍, ഏതിലാണ് ജോലി ചെയ്തത് എന്നെല്ലാം ആളുകള്‍ ചോദിച്ചിട്ടുണ്ട്. അതുപോലെ, റെസ്യൂമെ പരിഷ്കരിക്കുക, നിരന്തരം അപേക്ഷിച്ചു കൊണ്ടിരിക്കുക, അതിനിടയില്‍ കഴിവുകള്‍ പരിഷ്കരിക്കുക എന്നെല്ലാം കമന്‍റുകള്‍ നല്‍കിയവരുണ്ട്. ഇന്ന് ജോലി കിട്ടാന്‍ പ്രയാസമാണ് എന്നും അതിനാല്‍ നന്നായി ശ്രമിക്കണം എന്നും ഉപദേശിച്ചവരും ഉണ്ട്.
'സ്വീഡനിൽ ജീവിക്കുന്നത് ഇഷ്ടമാണ്, പക്ഷേ ഇന്ത്യയാണ് കൂടുതൽ സൗകര്യപ്രദം'; വീഡിയോയുമായി യുവതി