നദിയില്‍ ചൂണ്ടയിട്ട പതിനഞ്ചുകാരന് കിട്ടിയത് പണപ്പെട്ടി!

By Web TeamFirst Published Apr 26, 2022, 3:35 PM IST
Highlights

ഒട്ടും പ്രതീക്ഷിക്കാതെയാണ് പയ്യന് പായല്‍ പിടിച്ച ആ തകരപ്പെട്ടി കിട്ടിയത്. അതു തുറന്നപ്പോള്‍ അവന്‍ ശരിക്കും ഞെട്ടി. 

22 വര്‍ഷം മുമ്പ് മോഷണം പോയ ആയിരക്കണക്കിന് ഡോളര്‍ അടങ്ങുന്ന പെട്ടി നദിക്കടിയില്‍നിന്നും കണ്ടെടുത്തു. വിചിത്രമായാണ് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം, ഒരു കൗമാരക്കാരന് ആ പെട്ടി കിട്ടിയത്. അവസാനം, ആ പണപ്പെട്ടി അവന്‍ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി കൈമാറുകയും ചെയ്തു. 

അമേരിക്കയിലെ ലിങ്കന്‍ഷെയറിലാണ് സംഭവം. പണം കിട്ടിയത് 15 കാരനായ ജോര്‍ജ് ടിന്‍ഡേലിനാണ്. മാഗ്‌നറ്റ് ഫിഷിംഗ് എന്ന പുതിയ ചൂണ്ടയിടല്‍ പരിപാടിയുടെ ആശാനാണ് ഈ കൊച്ചുപയ്യന്‍.  കാന്തങ്ങള്‍ ഘടിപ്പിച്ച കട്ടിയേറിയ കയറുകള്‍ നദികളിലിട്ട് അടിത്തട്ടില്‍ മറഞ്ഞിരിക്കുന്ന വസ്തുക്കള്‍ കണ്ടെത്തുന്ന പരിപാടിയാണ് മാഗ്‌നറ്റ് ഫിഷിംഗ്. ഇങ്ങനെ വസ്തുക്കള്‍ കണ്ടെത്തുന്നത് ക്യാമറയില്‍ പകര്‍ത്തുന്ന ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട് ഈ 15 -കാരന്‍. 'മാഗ്‌നറ്റിക് ജി' എന്ന ഈ ജനപ്രിയ മാഗ്‌നറ്റ് ഫിഷിംഗ് യൂട്യൂബ് ചാനലിന് ലക്ഷകണക്കിന് ഫോളോവേഴ്‌സാണ് ഉള്ളത്. 

ഈ മാര്‍ഗ്ഗം ഉപയോഗിച്ചാണ് 15 കാരനായ ജോര്‍ജ് ലിങ്കണ്‍ഷെയറിലെ വിഥാം നദിയില്‍ നിന്ന് പണപ്പെട്ടി കണ്ടെത്തിയത്. അവനോടൊപ്പം 52 -കാരനായ പിതാവ് കെവിനുമുണ്ടായിരുന്നു. നദിയില്‍ നിന്ന് പണം കണ്ടെത്തുന്നതിന്റെ വീഡിയോ അവര്‍ ചാനലില്‍ പങ്കുവച്ചിരുന്നു. 

ഒട്ടും പ്രതീക്ഷിക്കാതെയാണ് പയ്യന് പായല്‍ പിടിച്ച ആ തകരപ്പെട്ടി കിട്ടിയത്. അതു തുറന്നപ്പോള്‍ അവന്‍ ശരിക്കും ഞെട്ടി. ഏകദേശം 2,500 ഓസ്ട്രേലിയന്‍ ഡോളറായിരുന്നു (ഒന്നര ലക്ഷം രൂപ) അതിനുള്ളില്‍.  പണത്തോടൊപ്പം 2004-ല്‍ എക്‌സ്പയറായ ക്രെഡിറ്റ് കാര്‍ഡുകളും, ഒരു ഷോട്ട്ഗണ്‍ സര്‍ട്ടിഫിക്കറ്റും അതിനകത്ത് ഉണ്ടായിരുന്നു. ക്രെഡിറ്റ് കാര്‍ഡിലെ അഡ്രസ് ഉപയോഗിച്ചാണ് പെട്ടിയുടെ ഉടമയെ അവര്‍ കണ്ടെത്തിയത്.  

 

 

വിന്‍ക് വര്‍ത്ത് ആന്‍ഡ് മണി ഓപ്ഷന്‍സ് ഗ്രൂപ്പിന്റെ ഉടമയായ റോബ് എവെറെറ്റിന്റെ ഓഫീസില്‍ നിന്ന് 2000-ല്‍ മോഷണം പോയതായിരുന്നു ഈ പെട്ടി. മോഷ്ടാവ് നദിയിലേക്ക് ഇത് വലിച്ചെറിഞ്ഞതാകാമെന്ന് അനുമാനിക്കുന്നു. ഒരു കൗമാരക്കാരനാണ് ഓഫീസില്‍ നിന്ന് സേഫ് മോഷ്ടിച്ചതെന്ന് കരുതുന്നതായി റോബ് പറഞ്ഞു. മോഷ്ടാവിനെ പിന്നീട് പിടികൂടിയിരുന്നു. അവിടെ ഉപേക്ഷിച്ച അയാളുടെ പേര് തുന്നിച്ചേര്‍ത്ത ഒരു തൊപ്പിയില്‍നിന്നാണ് പ്രതിയെ കണ്ടെത്തിയിരുന്നത്. ആളെ കിട്ടിയെങ്കിലും പണവും മറ്റും കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു.  

മോഷ്ടിച്ച പണം തിരികെ നല്‍കാനായി അച്ഛനും മകനും ചേര്‍ന്ന് യഥാര്‍ത്ഥ ഉടമയായ റോബിനെ കണ്ടു. ജോര്‍ജിന്റെ സത്യസന്ധതയ്ക്ക് റോബ് ഒരു ചെറിയ പാരിതോഷികവും നല്‍കി. തന്റെ കമ്പനിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ ഒരവസരവും റോബ് പയ്യന് വാഗ്ദാനം ചെയ്തു. 'ഞാന്‍ ഒരു വെല്‍ത്ത് മാനേജ്മെന്റ് കമ്പനി നടത്തുന്നു. അവന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'- റോബ് പറഞ്ഞു. 

മൂന്ന് വര്‍ഷം മുമ്പാണ് ജോര്‍ജ് മാഗ്‌നറ്റ് ഫിഷിംഗ് ആരംഭിച്ചത്. ഈ ഹോബി അവനെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചെന്ന് അവന്റെ അമ്മ പറയുന്നു. നിധി കണ്ടെത്താന്‍ ആരംഭിച്ച ഒരു ഹോബിയാണ് ഇതെങ്കിലും, നദീ മലിനീകരണത്തെ കുറിച്ചും, വന്യജീവികള്‍ക്ക് അത് ഉണ്ടാക്കുന്ന ദോഷത്തെ കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ തന്റെ വീഡിയോകളിലൂടെ  ജോര്‍ജ്  ശ്രമിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

click me!