മൃഗശാലയില്‍ നിന്നും കുട്ടിക്കുരങ്ങിനെ മോഷ്‍ടിച്ചു, യുവാവിന് 60 ലക്ഷം പിഴ!

Published : May 22, 2019, 03:05 PM ISTUpdated : May 22, 2019, 03:14 PM IST
മൃഗശാലയില്‍ നിന്നും കുട്ടിക്കുരങ്ങിനെ മോഷ്‍ടിച്ചു, യുവാവിന് 60 ലക്ഷം പിഴ!

Synopsis

മോഹം കലശലായപ്പോൾ രാത്രി മൃഗശാലയിലേക്ക് അതിക്രമിച്ചു കേറി, ആരുമറിയാതെ നല്ലൊരെണ്ണത്തിനെ മോഷ്ടിച്ചു. 

അക്വിനാസ് കസ്ബർ എന്ന പത്തൊമ്പതു വയസ്സുകാരൻ ഇന്ന് കാലിഫോർണിയയിലെ ഏറ്റവും കുപ്രസിദ്ധനായ പയ്യനാണ്. അവൻ ആരെയും ഉപദ്രവിച്ചിട്ടില്ല. മർദ്ദിച്ചിട്ടില്ല. ഒരാളുടെയും കയ്യിലെ പണം പിടിച്ചു പറിച്ചിട്ടില്ല. പക്ഷേ, അവൻ ചെയ്ത കുറ്റത്തിന് അമേരിക്കയിലെ നിയമം പ്രകാരം അവന് ഒരു വർഷം വരെ തടവും അറുപതുലക്ഷം രൂപ വരെ പിഴയും കിട്ടിയേക്കും. താൻ ചെയ്ത കുറ്റം അവൻ നിരുപാധികം സമ്മതിച്ചു കഴിഞ്ഞു. പാവം കസ്‌ബറിന് അടങ്ങാത്ത ആഗ്രഹമായിരുന്നു ഒരു ലെമൂറിനെ വീട്ടിൽ വളർത്തണം എന്ന്. ഒരു ദിവസം വീട്ടിനടുത്തുള്ള സാന്റാ അനാമൃഗശാലയിൽ ചെന്നപ്പോൾ അവിടെ ഒരു വലിയ ഇരുമ്പുവേലിയ്ക്കുള്ളിൽ പാർപ്പിച്ചിരുന്ന ഒരു റിങ്ങ് ടെയിൽഡ് ലെമൂറിനോട് അവന് വല്ലാത്ത ഇഷ്ടം തോന്നി. 

ആ ലെമൂർ ചില്ലറക്കാരനായിരുന്നില്ല. മുപ്പത്തിരണ്ട് വയസ്സുപ്രായമുള്ള ഐസാക് എന്ന ആ ലെമൂർ അമേരിക്കയിൽ മൃഗശാലകളിൽ പാർപ്പിച്ചിരിക്കുന്ന ലെമൂറുകളിൽ ഏറ്റവും പ്രായം ചെന്നതായിരുന്നു. മഡഗാസ്കറിലെ വനാന്തരങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരിനം കാട്ടു കുട്ടിക്കുരങ്ങാണ് ലെമൂർ. ലോകത്തിൽ ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന 25  ഇനം മൃഗങ്ങളിൽ ഒരെണ്ണമാണ് ലെമൂറും. നിയമവിരുദ്ധമായ പെറ്റ് ട്രേഡിങ്ങിനായി വേട്ടയാടപ്പെടുന്നതാണ് ഇവയുടെ വംശനാശത്തിന് പ്രധാന കാരണം. 

അങ്ങനെ ആഗ്രഹം മൂത്തു മൂത്ത് കസ്ബർ എന്ത് ചെയ്തെന്നോ ? രാത്രി മൃഗശാലയൊക്കെ അടച്ച് എല്ലാവരും  പോയി, അവിടത്തെ സെക്യൂരിറ്റി സ്റ്റാഫ് മാത്രമായപ്പോൾ അവൻ തിരിച്ചു ചെന്ന്, ആരുമറിയാതെ ആ കോമ്പൗണ്ടിനുള്ളിലേക്ക്  പ്രവേശിച്ചു.   ആ ലെമൂറിനെ പാർപ്പിച്ചിരുന്ന ഇരുമ്പ് വേലി അവൻ ഒരു ബോൾട്ട് കട്ടർ ഉപയോഗിച്ച്മുറിച്ചു മാറ്റി. അവന്റെ ഈ പ്രവൃത്തി മൂലം ആ മൃഗശാലയിൽ പാർപ്പിച്ചിരുന്ന പല മൃഗങ്ങളും അതുവഴി അന്ന് മൃഗശാലയിൽ നിന്നും രക്ഷപ്പെട്ട നഗരത്തിലേക്കിറങ്ങി. ആ മൃഗങ്ങളെയെല്ലാം തിരിച്ചു പിടിക്കാനും, മുറിച്ചു മാറ്റിയ കൂടിനെ പഴയപടിയാക്കാനും അവർക്ക് ആകെ അഞ്ചുലക്ഷത്തിൽ അധികം രൂപ ചെലവായി. 

ഐസക്ക് എന്ന ആ ലെമൂറിനെ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ വെന്റിലേഷന് ഒരു ദ്വാരം പോലും ഇടാതെയാണ് മൃഗശാലയ്ക്ക് വെളിയിലേക്ക് കൊണ്ടുപോയത്. അടുത്ത ദിവസമായപ്പോഴേക്കും അവന് കാര്യത്തിന്റെ ഗൗരവം വെളിപ്പെട്ടു. അവൻ ഐസക്കിനെ അതേ  നെറ്റിയിൽ ന്യൂ പോർട്ട് ബീച്ചിലെ മാരിയറ്റ് ബേ വ്യൂ ഹോട്ടലിനുമുന്നിൽ ഒരു സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പിനോടൊപ്പം ഉപേക്ഷിച്ചു. 


" ഇത് സാന്താ അനാ മൃഗശാലയിലേതാണ്, ഇന്നലെ രാത്രി എടുത്തതാണ്, ഇതിനെ പോലീസിനെ തിരിച്ചേൽപ്പിക്കുമല്ലോ.. "  എന്നായിരുന്നു ആ കുറിപ്പിൽ അവൻ എഴുതിയത്. അതിനു ശേഷം തന്റെ വക്കീലന്മാർ വഴി ഒരു കുറ്റസമ്മതവും അവൻ നടത്തുകയുണ്ടായി. ചിലപ്പോൾ കസ്ബറിന് മാപ്പുകിട്ടിയേക്കാം. വിചാരണ ചെയ്യപ്പെടാനുള്ള സാധ്യതയും കുറവല്ല.

തങ്ങളുടെ സംരക്ഷണയിൽ നിന്നും മോഷണത്തിനിടെ നഷ്ടപ്പെട്ടു പോയ ലെമൂറുകളും കപ്പൂച്ചിൻ കുരങ്ങുകളും മറ്റും സുരക്ഷിതരായി തിരിച്ചെത്തി, എല്ലാവരും ആരോഗ്യത്തോടിരിക്കുന്നു എന്ന് മൃഗശാലക്കാർ പോസ്റ്റും ചെയ്തു. 

 

ലെമൂറുകളെ പൊതുവെ അങ്ങനെ എളുപ്പത്തിൽ പിടിക്കാൻ സാധിക്കാത്തതാണെന്നും, ആരെങ്കിലും വന്നു പിടിക്കാൻ നോക്കിയാൽ അവ കടിച്ചു പറിച്ചു കളയാറുണ്ടെന്നും മൃഗശാലാധികൃതർ പറഞ്ഞു. അവ ഒരിക്കലും വീടുകളിൽ വളർത്തു മൃഗങ്ങൾ എന്നപോലെ വളർത്താൻ പറ്റിയ ഒരിനമല്ല അവ എണ്ണവും മൃഗശാലക്കാർ കസ്ബറിനെ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ട്.  ഈ സംഭവത്തെ എന്തായാലും, ഒരു ഹൈസ്‌കൂൾവിദ്യാർത്ഥിയുടെ വിവേകം വെടിഞ്ഞ പ്രവൃത്തിയായി മാത്രമേ തൽക്കാലം അധികൃതർ കാണുന്നുള്ളൂ. എന്നാൽ നിയമത്തിനു മുന്നിൽ കസ്ബർ ചെയ്ത കുറ്റം അത്ര ചെറുതല്ല. അതിക്രമിച്ചു കയറിയതിനും, മോഷ്ടിച്ചതിനും, വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ തട്ടിക്കൊണ്ടുപോയതിനും ഒക്കെ വകുപ്പുകൾ ചേർത്ത് കസ്ബറിനെ നാട്ടിലെ കോടതി വിചാരണ ചെയ്തെന്നുവരാം. മേല്പറഞ്ഞ പോലെയുള്ള കനത്ത പിഴയും, ജയിൽ വാസവും വരെ ചിലപ്പോൾ അവനെ തേടിയെത്തി എന്നും വരാം .

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്